Tuesday 19 June 2018

വടക്കുംകൂര്‍ പെരുമ





വടക്കുംകൂര്‍ പെരുമ
***********************
വടക്കുംകൂര്‍ നാട്ടുരാജ്യം ഉള്‍പ്പെട്ട മൂവാറ്റുപുഴ പ്രദേശം തിരുവിതാംകൂറിന്റെ ഭാഗമാകുന്നത് മാര്‍ത്താണ്ഡവര്‍മ്മ കീഴടക്കുന്നതോടെയാണല്ലോ. രാമയ്യന്‍ ദളവയുടെ സഹായത്തോടെ ആറ്റിങ്ങല്‍, കൊട്ടാരക്കര, കൊല്ലം, കായംകുളം, അമ്പലപ്പുഴ, തെക്കുംകൂര്‍, വടക്കുംകൂര്‍ എന്നീ നാട്ടുരാജ്യങ്ങളെ 1750കളില്‍ മാര്‍ത്താണ്ഡവര്‍മ്മ തിരുവിതാംകൂറിനോട് ചേര്‍ത്തു. ഇതില്‍ വടക്കുംകൂറിന്റെ ഭാഗമായിരുന്നു മൂവാറ്റുപുഴ. വടക്കുംകൂറിന്റെ അധികാരികളായിരുന്ന സഹോദരന്മാരില്‍ ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ പലായനം ചെയ്യുകയും ചെയ്യുന്നതോടെയാണ് വടക്കുംകൂര്‍ തിരുവിതാംകൂറിന് കീഴ്പ്പെടുന്നത്. കൂത്താട്ടുകുളത്ത് തമ്പടിച്ച് രാമയ്യന്‍ ദളവ നടത്തിയ നീക്കങ്ങളുടെ ഒടുവില്‍ വടക്കുംകൂര്‍ രാജാവ് സ്വന്തം സഹോദരനാല്‍ വധിക്കപ്പെടുകയായിരുന്നു. മൂവാറ്റുപുഴ ഉള്‍പ്പെട്ടിരുന്ന വടക്കുംകൂര്‍ എന്ന നാട്ടുരാജ്യത്തെക്കുറിച്ചുള്ള ചില വിശേഷങ്ങളാണ് ഇക്കുറി മൂവാറ്റുപുഴയുടെ നഗരപുരാവൃത്തങ്ങള്‍ എന്ന ഈ ലേഖന പരമ്പരയില്‍ ഞാന്‍ കുറിക്കുന്നത്.
സംസ്കൃതലിഖിതങ്ങളില്‍ ബിംബലിദേശം എന്ന് പരാമര്‍ശിക്കപ്പെടുന്ന വെമ്പൊലിനാട് വിഭജിച്ച് ഉണ്ടായതാണ് തെക്കുംകൂര്‍, വടക്കുംകൂര്‍ എന്നീ നാട്ടുരാജ്യങ്ങള്‍. ബിംബലിദേശം ഭരിച്ചിരുന്നവര്‍ ബിംബലീശര്‍ എന്നറിയപ്പെട്ടു. പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ബിംബലീശര്‍ ഇവിടം ഭരിച്ചിരുന്നത്. വെമ്പൊലിനാട് വടക്കുംകൂറും തെക്കുംകൂറുമായി പന്ത്രണ്ടാം നൂറ്റാണ്ടിലാണ് സ്വയംഭരണ സ്വഭാവത്തോടെ പിരിയുന്നതെങ്കിലും കൂറുവാഴ്ച അതിന് മുമ്പുതന്നെ നിലനിന്നിരുന്നു. വെമ്പൊലിനാടിന്റെ വിപുലീകരണത്തോടെ രാജ്യഭരണം ദുഷ്കരമായി. അതോടെ മൂത്തകൂര്‍, ഇളംകൂര്‍ കുടുംബങ്ങള്‍ രണ്ടു രാജ്യങ്ങളായി പിരിഞ്ഞു. അതായത് വെമ്പൊലിനാടിന്റെ ഭരണപരമായ സൗകര്യത്തിനായി രാജ്യത്തെ തെക്കുംകൂറെന്നും വടക്കുംകൂറെന്നും രണ്ടായി വിഭജിച്ചുവെന്നര്‍ത്ഥം. വെമ്പൊലിനാടിന്റെ അതിര്‍ത്തി വലിയപെരുമ്പുഴ മുതല്‍ ഉരുപ്പുഴ വരെയായിരുന്നുവെന്ന് ചില പഠനങ്ങളില്‍ കാണുന്നു. ഉരുപ്പുഴ എന്നത് മൂവാറ്റുപുഴയാറിന്റെ പഴയ പേരാണ്. രണ്ടായി പിരിഞ്ഞതില്‍ തെക്കുംകൂര്‍ സ്വതന്ത്ര നാട്ടുരാജ്യമായി നിന്നപ്പോള്‍ വടക്കുംകൂര്‍ കൊച്ചി രാജ്യത്തിന്റെ സാമന്തന്മാരായി. കൊച്ചി രാജവംശത്തിലേയ്ക്ക് ഇവിടെ നിന്നും വിവാഹബന്ധം തടസ്സമില്ലാതെ നടന്നിരുന്നു. വിവാഹം കൊണ്ട് കൊച്ചിയുമായി ബന്ധിപ്പിക്കപ്പെട്ട രാജ്യമെന്നാണ് വടക്കുംകൂറിനെ സര്‍ദാര്‍ കെ. എം. പണിക്കര്‍ വിശേഷിപ്പിക്കുന്നത്.
വിദേശരാജ്യങ്ങളുമായുള്ള അന്നത്തെ നാട്ടുരാജ്യങ്ങളുടെ വ്യാപാരബന്ധം ഏറെ പൗരാണികവും പ്രശസ്തവുമാണ്. നമ്മുടെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ വലിയ തോതില്‍ വിളഞ്ഞിരുന്ന കുരുമുളക് ഉള്‍പ്പെടെയുള്ള മലഞ്ചരക്കായിരുന്നു വിദേശികളെ അന്ന് പ്രധാനമായി ആകര്‍ഷിച്ചത്. പോര്‍ച്ചുഗീസ് കച്ചവടക്കാര്‍ക്ക് ഏറ്റവുമധികം കുരുമുളക് നല്‍കിയിരുന്ന നാട്ടുരാജ്യങ്ങളില്‍ പ്രമുഖസ്ഥാനമായിരുന്നു നമ്മുടെ വടക്കുംകൂറിന് ഉണ്ടായിരുന്നത്. ഏറ്റുമാനൂര്‍, വൈക്കം പ്രദേശങ്ങളും മീനച്ചില്‍ താലൂക്കിന്റെ ഒരു ഭാഗവുമുള്‍പ്പെട്ടതായിരുന്നു വടക്കുകൂര്‍. പിന്നീട് 1600ല്‍ മൂവാറ്റുപുഴ, തൊടുപുഴ പ്രദേശങ്ങള്‍ ഉള്‍പ്പെട്ട കീഴ്മലൈനാട് എന്ന നാട്ടുരാജ്യം വടക്കുംകൂറില്‍ ലയിച്ചു. കടുത്തുരുത്തിയായിരുന്നു വടക്കുംകൂറിന്റെ ആദ്യത്തെ ആസ്ഥാനം. കടുത്തുരുത്തി തളിയുടെ വടക്കുകിഴക്കേഭാഗത്തായി കൊട്ടാരമിരുന്ന പുരയിടം ഇന്നും കാണാം. മാത്രമല്ല കടുത്തുരുത്തി അന്നത്തെ ഒരു പ്രധാന വാണിജ്യ കേന്ദ്രവും കൂടിയായിരുന്നു. കടുത്തുരുത്തിയില്‍ നിന്ന് തൊട്ടു പടിഞ്ഞാറുള്ള മാന്നാര്‍ എന്ന സ്ഥലത്തേയ്ക്ക് ഇടക്കാലത്ത് തലസ്ഥാനം മാറ്റിയിരുന്നു. അതിന് ശേഷം വടുതലയും വൈക്കവും ആസ്ഥാനമായിരുന്നു. തൊടുപുഴയ്ക്ക് സമീപത്തുള്ള കാരിക്കോടും വടക്കുംകൂറിന് ഒരു ആസ്ഥാനമുണ്ടായിരുന്നു. കൈപ്പുഴ, വെള്ളിലാപ്പള്ളി, കടനാട് എന്നിവിടങ്ങളിലും വടക്കുകൂറിന് ആസ്ഥാനങ്ങളുണ്ടായിരുന്നു. കടനാട് ഇപ്പോഴും രാജകുടുംബം താമസിച്ചു വരുന്നുണ്ട്.
കുമരകത്ത് നിന്ന് തുടങ്ങി കൈപ്പുഴ വരെയുള്ള കൈപ്പുഴയാര്‍. തുടര്‍ന്ന് കൈപ്പുഴ, അതിരമ്പുഴ, കാണക്കാരി, കടപ്പൂര്‍, കിടങ്ങൂര്‍, ളാലം, കൊണ്ടൂര്‍ വരെ നീളുന്ന മണ്‍കോട്ട. ഇതായിരുന്നു വടക്കുംകൂർ തെക്കുംകൂർ അതിർത്തി.
ഉണ്ണുനീലി സന്ദേശത്തിലെ വടക്കുംകൂര്‍
*********************************************
മലയാളത്തിലെ ആദ്യത്തെ സന്ദേശകാവ്യമായ ഉണ്ണുനീലിസന്ദേശത്തിലെ നായികയായ ഉണ്ണുനീലി താമസിച്ചിരുന്നത് കടുത്തുരുത്തിയിലാണ്. അവളുടെ പ്രിയതമന്‍ തിരുവനന്തപുരത്ത് നിന്നും തന്റെ പ്രണയിനിയ്ക്ക് അയയ്കുന്ന സന്ദേശമാണ് ഉണ്ണുനീലീസന്ദേശത്തിന്റെ ഇതിവൃത്തം തന്നെ. 1350-1400 കളിലാണ് ഈ കാവ്യം രചിക്കപ്പെട്ടത്.
"വില്‍ക്കുവാന്‍ കൊണ്ടുചെല്ലുകയാണെങ്കില്‍ ഈ മൂന്ന് ലോകത്തേയും വിലയ്ക്കെടുക്കുവാന്‍ തക്ക വിധം ധനം സമ്പാദിച്ചുവെച്ചിട്ടുള്ളവരും, മാഘനെപ്പോലെ (കവി) ഭംഗിയായി സംസാരിക്കുന്നവരുമായ വൈശ്യപ്രധാനികളുടെ, പലതരം രത്നങ്ങളോടുകൂടിയ അങ്ങാടികളില്‍ അളകയ്ക്ക് കൂടി നാണം തോന്നത്തക്കവിധം ലക്ഷ്മീദേവി വിഹരിക്കുന്നുണ്ട്" എന്നാണ് കടുത്തുരുത്തിയെക്കുറിച്ച് ഉണ്ണുനീലിസന്ദേശത്തില്‍ പറഞ്ഞിരിക്കുന്നത്. അതായത് ലക്ഷ്മീദേവിയുടെ അളകയേക്കാള്‍ ഐശ്വര്യസമൃദ്ധമാണ് കടുത്തുരുത്തി എന്നര്‍ത്ഥം. കടുത്തുരുത്തി ആസ്ഥാനമായ വടക്കുംകൂറിന്റെ സമ്പല്‍സമൃദ്ധിയെക്കുറിച്ച് കൂടുതല്‍ പറയേണ്ടതില്ലല്ലോ. മറ്റൊരിടത്ത് പറയുന്നത് ഇങ്ങനെ. "ഓരോ ദ്വീപുകളില്‍ നിന്നും കടലിന്റെ അതിര്‍ത്തി വരെ കപ്പലില്‍ കൊണ്ടുവന്നിട്ടുള്ള സാമഗ്രികള്‍, അടയ്ക്കയും കുരുമുളകും മറ്റ് സാമഗ്രികളും കൊണ്ടുപോയി കൊടുത്ത് പകരം താന്താങ്ങളുടെ തോണികളില്‍ നിറയെ സ്വീകരിച്ചും, ഒന്നിനൊന്ന് പിന്നിലായി വന്ന് കരപറ്റി നില്‍ക്കുന്ന ദിക്കാണിത്." കാവ്യരചനയില്‍ അതിശയോക്തി കലര്‍ന്നിട്ടുണ്ടാവാം. എങ്കിലും യാഥാര്‍ത്ഥ്യവുമായി കുറേയെങ്കിലും സമരസപ്പെടാത്ത ഉപമകള്‍ കവി ചേര്‍ക്കുവാന്‍ സാധ്യതയില്ല എന്നുവേണം നിരീക്ഷിക്കാന്‍.
പോര്‍ച്ചുഗീസുകാര്‍ക്ക് വേണ്ടിയിരുന്നത് കുരുമുളക്
**********************************************************
1500കളില്‍ തന്നെ പോര്‍ച്ചുഗീസുകാര്‍ അവര്‍ക്ക് ആവശ്യമുള്ളത്രയും അളവ് കുരുമുളക് ഇടനിലക്കാരെ ഒഴിവാക്കി ഉള്‍നാടന്‍ ഗ്രാമങ്ങളിലെ ഉത്പാദന കേന്ദ്രങ്ങളില്‍ നിന്ന് നേരിട്ട് സംഭരിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. വെടിക്കോപ്പുകളും പീരങ്കിയും മറ്റും പകരം നല്‍കിയാണ് വടക്കുംകൂറില്‍ നിന്നും മറ്റ് സമീപ നാട്ടുരാജ്യങ്ങളില്‍ നിന്നും വലിയ അളവില്‍ അവര്‍ കുരുമുളക് സംഭരിച്ചിരുന്നത്. നാട്ടുരാജാക്കന്മാര്‍ക്ക് പണവും സമ്മാനങ്ങളും നല്‍കി പറങ്കികള്‍ വലിയ അളവില്‍ മലഞ്ചരക്ക് സംഭരിച്ച് ലിസ്ബണിലേയ്ക്ക് കൊണ്ടുപോയി. മുടക്കം കൂടാതെ കുരുമുളക് പോര്‍ച്ചുഗീസുകാര്‍ക്ക് ലഭിക്കുന്നതിന് വേണ്ടി 1554 മുതല്‍ വടക്കുംകൂര്‍ രാജാവിന് 72000 റീസ് (നാണയം) പ്രതിവര്‍ഷം പോര്‍ച്ചുഗീസുകാര്‍ നല്‍കിപ്പോന്നു എന്നത് നമ്മുടെ ഉത്പന്നത്തിന്റെ പകരം വയ്ക്കാനില്ലാത്ത ഉയര്‍ന്ന ആവശ്യകതയെതന്നെയാണ് സൂചിപ്പിക്കുന്നത്. സമീപത്തെ നാട്ടുരാജ്യങ്ങള്‍ക്കും ഇത്തരത്തില്‍ ആനുപാതീകമായ തുക പോര്‍ച്ചുഗീസുകാര്‍ നല്‍കിയിരുന്നു.
ഇക്കാലത്ത് കുടുതല്‍ വില നല്‍കി കുരുമുളക് വാങ്ങാന്‍ സന്നദ്ധരായിരുന്ന തമിഴ്നാട്ടില്‍ നിന്നുള്ള കച്ചവടക്കാര്‍ക്ക് കോറമാന്‍ഡല്‍ തീരം വഴിയുള്ള കച്ചവടം ലാഭം നേടിക്കൊടുത്തു. ഇവിടെ നിന്നും മലമ്പാത വഴി വിജയനഗരത്തിലെത്തിച്ച് അവിടെ നിന്നായിരുന്നു മറ്റ് തുറമുഖങ്ങളിലേയ്ക്ക് കൊണ്ടുപോയിരുന്നതത്രെ. അരിയും തുണിത്തരങ്ങളുമായി കുമളി, മൂന്നാര്‍ ചുരം കടന്ന് എത്തുന്ന ഈ തമിഴ് കച്ചവടക്കാര്‍ തിരികെ കൊണ്ടുപോയത് കുരുമുളകും മറ്റ് സുഗന്ധദ്രവ്യങ്ങളുമാണ്. പക്ഷേ മലമ്പാതകളിലൂടെ കോറമാന്‍ഡല്‍ തീരത്ത് കുരുമുളക് എത്തിച്ച് അവിടെ നിന്നും കപ്പല്‍ കയറ്റുന്ന രീതിയ്ക്ക് പകരം കൊച്ചി തുറമുഖം വഴി ലിസ്ബണിലേയ്ക്ക് ചരക്ക് നീക്കം സുഗമമാക്കുന്നതിന് പറങ്കികള്‍ നാടുവാഴികളെ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നു. അതിനായാണ് അവര്‍ക്ക് പണവും ഉപഹാരങ്ങളും നല്‍കിയതും.
വടുതല യുദ്ധം
****************
വെവ്വേറെ നാട്ടുരാജ്യങ്ങളായിരുന്ന വടക്കുംകൂറും കൊച്ചിയും തമ്മില്‍ ഉണ്ടായ തര്‍ക്കം ഇവിടെ നിന്നുള്ള സുഗന്ധദ്രവ്യങ്ങളുള്‍പ്പെട്ട ചരക്ക് നീക്കത്തേയും രാജ്യാന്തര വ്യാപാര ബന്ധങ്ങളേയും ഗുരുതരമായി ബാധിച്ചു. 1548ല്‍ തുടങ്ങി 1552 വരെയുള്ള നീണ്ട ഒരു യുദ്ധമായി ഈ തര്‍ക്കം പരിണമിക്കുകയായിരുന്നു. കൊച്ചി രാജാവ് തന്റെ രാജ്യാതിര്‍ത്തി വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി വടുതലയിലെ ഒരു ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഉന്നയിച്ച തര്‍ക്കമാണ് നാല് വര്‍ഷം നീണ്ട യുദ്ധത്തിലേയ്ക്ക് നയിച്ചത്. കൊച്ചി രാജാവ് വടുതല ക്ഷേത്രത്തിലെ പണം എടുക്കാനാരംഭിച്ചതോടെ തര്‍ക്കം യുദ്ധമായി മാറി. അന്നത്തെ വടക്കുകൂറിന്റെ ഭാഗമായിരുന്ന വടുതലയിലും ചെമ്പിലും കേന്ദ്രീകരിച്ച് ശക്തമായ യുദ്ധം നടന്നു. വടുതല യുദ്ധം എന്നാണ് ഈ യുദ്ധം പിന്നീട് അറിയപ്പെട്ടത്.
സഖ്യ സമവാക്യങ്ങള്‍ മാറി മറിഞ്ഞ യുദ്ധമായിരുന്നു വടുതല യുദ്ധം. കൊച്ചി രാജാവിനെ പോര്‍ച്ചുഗീസുകാര്‍ സഹായിച്ചപ്പോള്‍ വടക്കുംകൂറിനൊപ്പം കോഴിക്കോട് സാമൂതിരിയും താനൂര്‍ രാജാവും സഖ്യത്തിലായി. കോഴിക്കോട് സാമൂതിരി പോര്‍ച്ചുഗീസുകാരുമായി മുന്‍പേ ഉണ്ടാക്കിയ ഉടമ്പടി പ്രകാരം കൊച്ചി രാജ്യവുമായോ പോര്‍ച്ചുഗീസുകാരുമായോ നേരിട്ട് യുദ്ധത്തിന് തയ്യാറായിരുന്നില്ല. പക്ഷേ, വടക്കുംകൂര്‍ രാജാവ് മുന്നില്‍ നിന്ന് യുദ്ധമാരംഭിച്ചതോടെ നേരത്തേയുള്ള ഉടമ്പടിയില്‍ പഴുത് കണ്ടെത്തി വടക്കുംകൂറിനൊപ്പം ചേരുകയായിരുന്നു സാമൂതിരി ചെയ്തത്. മുപ്പതിനായിരം തദ്ദേശീയരായ സൈനികരും അറുന്നൂറ് പോര്‍ച്ചുഗീസ് പടയാളികളും കൊച്ചി രാജാവിന് വേണ്ടി യുദ്ധത്തില്‍ പടപൊരുതി. കരയിലും വെള്ളത്തിലുമായി സൈനികര്‍ തക്കം പാര്‍ത്തിരുന്ന് പോരാടി. ദൗര്‍ഭാഗ്യവശാല്‍ യുദ്ധത്തിനിടെ വടക്കുംകൂര്‍ രാജാവ് കൊല്ലപ്പെട്ടു. സ്വന്തം രാജാവിനെ വധിച്ചതില്‍ പ്രതികാരദാഹികളായി മാറിയ വടക്കുംകൂര്‍ സൈന്യം ചാവേറുകളായി മാറി. സ്വന്തം ജീവന്‍ ത്യജിച്ചും പകരം വീട്ടാന്‍‍ തയ്യാറായി വന്ന വടക്കുംകൂറിന്റെ പോരാളികള്‍ കൊച്ചി നഗരത്തില്‍ പ്രവേശിച്ച് കണ്ണില്‍ കണ്ടതെല്ലാം തീയിട്ടും തല്ലി തകര്‍ത്തും വാശി തീര്‍ത്തു.
യുദ്ധത്തിന്റെ അനന്തര ഫലങ്ങള്‍ അന്നത്തെ സ്ഥിതിയില്‍ പ്രവചനാതീതമായിരുന്നു. വടുതല യുദ്ധം നടക്കുന്ന കാലത്തോ അതിന് ശേഷമോ കൊച്ചി തുറമുഖത്തു നിന്നും പോര്‍ച്ചുഗീസ് കപ്പലുകളിലേയ്ക്ക് ചരക്കുകള്‍ നീങ്ങിയില്ല. മറിച്ച് ഉള്‍നാടന്‍ പാതകളിലൂടെ തമിഴ്നാടിലേയ്ക്ക് ചരക്ക് നീക്കം സുഗമമാവുകയും ചെയ്തു. കുരുമുളക് ധാരാളമായി ഉത്പാദിപ്പിക്കുന്ന വടക്കുംകൂര്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ നിന്നു വേണമായിരുന്നല്ലോ കൊച്ചിയിലേയ്ക്ക് ചരക്ക് എത്താന്‍. പ്രതിസന്ധി മറികടക്കുന്നതിനായി പ്രതിവര്‍ഷം 72000 റീസ് ഇവിടുത്തെ നാടുവാഴികള്‍ക്ക് പ്രതിഫലമായി നല്‍കാന്‍ പോര്‍ച്ചുഗീസ് നിശ്ചയിച്ചു. വടക്കുംകൂര്‍ രാജാവിനെക്കൂടാതെ തെക്കുംകൂര്‍, പറവൂര്‍, പുറക്കാട്, ഉദയംപേരൂര്‍, ആലങ്ങാട് എന്നീ നാട്ടുരാജ്യങ്ങള്‍ക്കും അതേ പ്രതിഫലം നിശ്ചയിക്കപ്പെട്ടു. കൊച്ചി രാജാവിന് 640 ക്രൂസഡോസും ആലുവാ കര്‍ത്താക്കള്‍ക്ക് 42000 റീസും തൊടുപുഴ രാജാവിന് 72000 റീസും പ്രതിവര്‍ഷം പ്രതിഫലമായി നല്‍കാന്‍ തീരുമാനമായി. കുരുമുളകിന്റെ തടസ്സമില്ലാത്ത ലഭ്യത ഉറപ്പുവരുത്തുന്നതിനായി പോര്‍ച്ചുഗീസുകാര്‍ക്ക് മറ്റ് മാര്‍ഗങ്ങളില്ലായിരുന്നു. രാജ്യാതിര്‍ത്തി സംബന്ധിച്ച് രണ്ട് നാട്ടുരാജ്യങ്ങള്‍ തമ്മില്‍ ഉടലെടുത്ത ഒരു ചെറിയ തര്‍ക്കം വിദേശരാജ്യങ്ങളുമായുള്ള വ്യാപാരത്തെ വരെ ബാധിക്കുന്ന തരത്തിലേയ്ക്ക് വളര്‍ന്നുവെന്ന് ചുരുക്കം. ഉള്‍നാടന്‍ ജല-വന പാതകളിലൂടെ മലഞ്ചരക്കിന്റെ കള്ളക്കടത്തിലേയ്ക്ക് വരെ നയിക്കുന്ന തരത്തില്‍ കാര്യങ്ങള്‍ ഇക്കാലത്ത് എത്തിയിരുന്നുവത്രെ. എന്തായാലും വടുതല യുദ്ധം തീവ്രമായ അനുഭവം എന്ന നിലയില്‍ തന്നെ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ഇവിടെ നിന്നും കൊച്ചി തുറമുഖത്തേയ്ക്ക് കൊണ്ടുപോകുന്ന ചരക്കുകളുടെ നികുതി പിരിക്കുന്നതിനായി രണ്ടിടങ്ങളില്‍ ചൗക്കകള്‍ അഥവാ നികുതി പിരിവ് കേന്ദ്രങ്ങള്‍ സ്ഥാപിച്ചിരുന്നു. അതിലൊന്ന് മൂവാറ്റുപുഴയാറിലും മറ്റൊന്ന് വേമ്പനാട്ട് കായലിലുമായിരുന്നു.
രസകരങ്ങളായ ഒന്നു രണ്ട് കാര്യങ്ങള്‍ ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്ന്, വര്‍ഷങ്ങള്‍ക്ക് ശേഷം 1754ല്‍ മാര്‍ത്താണ്ഡവര്‍മ്മ വടക്കുംകൂര്‍ രാജ്യം കീഴടക്കി തിരുവിതാംകൂറിനോട് ചേര്‍ത്തപ്പോഴും വടക്കുംകൂര്‍ രാജാവ് അഭയം തേടിയത് വടുതല യുദ്ധത്തില്‍ തന്നെ സഹായിച്ച കോഴിക്കോട് സാമൂതിരിയുടെ പക്കല്‍ തന്നെയായിരുന്നു എന്നതാണ്. പരാജിതനായി കോഴിക്കോട്ടേയ്ക്ക് പലായനം ചെയ്ത വടക്കുംകൂര്‍ കുടുംബാംഗങ്ങളെ രാജാ എന്ന് പേരിനൊപ്പം സ്ഥാനപ്പേരായി ചേര്‍ക്കാന്‍ അനുവദിക്കുകയും അടുത്തൂണ്‍ - പെന്‍ഷന്‍ - നല്‍കി അവരുടെ തന്നെ തട്ടകമായ വൈക്കത്ത് കൊണ്ടുവന്ന് താമസിപ്പിക്കുകയുമാണ് മാര്‍ത്താണ്ഡവര്‍മ്മ പിന്നീട് ചെയ്തത്. പന്തീരായിരം പറ നെല്ലായിരുന്നു പെന്‍ഷനായി ആദ്യം അനുവദിച്ചതെങ്കിലും പില്‍ക്കാലത്ത് ആനുപാതീകമായ തുകയാണ് നല്‍കിപ്പോന്നത്. 1949വരെ ഈ അടുത്തൂണ്‍ സമ്പ്രദായം തുടര്‍ന്നിരുന്നു.
മറ്റൊന്ന്, താനൂര്‍ രാജാവിന്റെ ഇടപെടലാണ്. താനൂര്‍ രാജാവ് ക്രിസ്തുമത വിശ്വാസത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടയാളായിരുന്നു. മറ്റ് ഇടപ്രഭുക്കന്മാരോടും നാടുവാഴികളോടുമെല്ലാം യുദ്ധത്തില്‍ സഹായം അഭ്യര്‍ത്ഥിച്ച താനൂര്‍ രാജാവിന്റെ പ്രവൃത്തികളും മധ്യസ്ഥ ശ്രമങ്ങളും തുടക്കം മുതലേ സംശയകരമായിരുന്നുവെന്ന് മാത്രമല്ല, അദ്ദേഹത്തിന്റെ മതപരിവര്‍ത്തനം സാമൂതിരിയുമായുള്ള ചില അതിര്‍ത്തി തര്‍ക്കങ്ങളുടെ വിലപേശല്‍ തന്ത്രമായാണ് വിലയിരുത്തപ്പെട്ടത്.
പെപ്പര്‍ കിംഗ്ഡം അഥവാ കിംഗ്ഡം ഓഫ് പിമെന്റോ
***************************************************************
വലിയ അളവില്‍ കുരുമുളക് കൃഷി ചെയ്തിരുന്ന വടക്കുംകൂറിനെ പെപ്പര്‍ കിംഗ്ഡം അഥവാ കിംഗ്ഡം ഓഫ് പിമെന്റാ (Reino De Pimenta) എന്നാണ് വിളിച്ചിരുന്നതെന്നും വടക്കുംകൂര്‍ രാജാവിനെ കിംഗ് ഓഫ് പിമെന്റോ എന്ന് വിശേഷിപ്പിച്ചിരുന്നതായും പോര്‍ച്ചുഗീസ് രേഖകളില്‍ കാണുന്നുണ്ട്. വടക്കുംകൂര്‍ റാണിയെ ക്വീന്‍ ഓഫ് പിമെന്റോ എന്നും പരാമര്‍ശിച്ചുകാണുന്നു. പിമെന്റോ എന്നാല്‍ കുരുമുളക് എന്നര്‍ത്ഥം. നൂറ്റാണ്ടുകള്‍ക്കപ്പുറം കുരുമുളകിന്റെ പേരില്‍ ലോകമറിഞ്ഞ നാട്ടുരാജ്യമായിരുന്നു വടക്കുംകൂര്‍ എന്ന് പുതു തലമുറ മനസ്സിലാക്കണം. ഓരോ പ്രദേശത്തിന്റെയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ക്കനുസരിച്ച് നടത്തിയ കൃഷി-വാണിജ്യ-വ്യവസായ ക്രമങ്ങള്‍ ആ വ്യവസ്ഥിതിയ്ക്ക് നല്‍കിയ ഊര്‍ജ്ജം എന്തായിരുന്നുവെന്ന് തിരിച്ചറിയാനെങ്കിലും ഇത് സഹായകമാകും. റബറിന് വേണ്ടി തെങ്ങിനെ കടപുഴക്കിയ തലമുറയ്ക്ക് ഈ അറിവ് ഏത് തരത്തിലും ഉപയോഗപ്പെടുത്താം.
വെമ്പൊലി രാജാക്കന്മാര്‍ക്കും പില്‍ക്കാലത്ത് വടക്കുംകൂര്‍, തെക്കുംകൂര്‍ രാജാക്കന്മാര്‍ക്കും കുലനാമമായ മണികണ്ഠന്‍ എന്നതായിരുന്നു മാറാപ്പേര്. സൂര്യന്റെ പര്യായമായ ഇരവി, മാര്‍ത്താണ്ഡന്‍, ഉദയമാര്‍ത്താണ്ഡന്‍, കോത, കേരളന്‍, ശ്രീകണ്ഠന്‍ തുടങ്ങിയ പേരുകളിലാണ് ഈ രാജാക്കന്മാര്‍ അറിയപ്പെട്ടിരുത്. കൂടാതെ തിരുവല്ല ശാസനത്തില്‍ പരാമര്‍ശിക്കുന്ന ഇരവി ചിരുകണ്ഠന്‍ പ്രശസ്തനായിരുന്നുവെന്നും തെക്കുംകൂറിനെക്കുറിച്ച് പഠനം നടത്തുന്ന രാജീവ് പള്ളിക്കോണം നിരീക്ഷിക്കുന്നു.
മൂവാറ്റുപുഴ വടക്കുംകൂറില്‍
****************************
1750കളില്‍ വടക്കുംകൂര്‍ രാജാവ് വൈക്കം മുതല്‍ കോതമംഗലത്തിനപ്പുറം വരെ നീണ്ട നെടുങ്കോട്ട നിര്‍മ്മിച്ചു. കോട്ടയുടെ പല ഭാഗങ്ങളിലും കൊത്തളങ്ങളും നിര്‍മ്മിച്ചിരുന്നു. മൂവാറ്റുപുഴയില്‍ ശിവന്‍കുന്നിന് സമീപത്തായിരുന്നു വടക്കുംകൂറിന്റെ സൈനീക ക്യാമ്പ് സ്ഥിതി ചെയ്തിരുന്നത്. അവിടെ ഒരു കൊട്ടാരവും ഉണ്ടായിരുന്നു. ഈ കോട്ടയെ വട്ടക്കോട്ട എന്നാണത്രെ വിളിച്ചിരുന്നത്. ഇന്ന് വാട്ടര്‍ അതോറിട്ടി ഓഫീസിന് സമീപത്തായിരുന്നു ഈ കൊട്ടാരം. ഈ കൊട്ടാരത്തോട് അനുബന്ധിച്ച് ഉള്ളതാണ് ഇവിടെ കാണുന്ന ശിവക്ഷേത്രം എന്നും പറയപ്പെടുന്നു. ഭരണം വടക്കുംകൂര്‍ രാജാവിന്റേതാണെങ്കിലും തച്ചേത്ത് മൂന്നാംകൂര്‍ കൈയ്മള്‍ എന്ന ഇടപ്രഭുവിന്റെ ഭരണത്തിന്‍ കീഴിലായിരുന്നു മൂവാറ്റുപുഴ ഉള്‍പ്പെട്ട പ്രദേശം. ഇളമ്പ്രയിലായിരുന്നത്രെ ഇദ്ദേഹത്തിന്റെ ആസ്ഥാനം. മുളവൂര്‍ പ്രദേശവും തൃക്കളത്തൂരിന്റെ ഭാഗവും മൂവാറ്റുപുഴ അമ്പലക്കുന്ന് ഉള്‍പ്പെട്ട പ്രദേശവും വരെ വ്യാപിച്ചതായിരുന്നു തച്ചേത്ത് മൂന്നാംകൂര്‍ കൈയ്മളിന്റെ ഉള്‍ഭരണം. തൃക്കളത്തൂരിന്റെ മറ്റ് ഭാഗങ്ങള്‍ വടവൂര്‍ രാജാവിന്റെ കീഴിലായിരുന്നു. മൂവാറ്റുപുഴ അമ്പലക്കുന്നിന് തെക്കോട്ട് ചാലാശ്ശേരി പണിക്കര്‍ എന്ന സ്ഥാനിയുടെയും വടക്കന്‍ മേഖല മൂത്തേടം എന്ന നമ്പൂതിരി ജന്മിയുടേയും ഭരണത്തിലായിരുന്നു. വെള്ളൂര്‍ക്കുന്നം കര ദേവസ്വം വകയും. മൂത്തേടത്ത് നമ്പൂതിരിയുടെ അവകാശങ്ങള്‍ തെങ്കോടത്തില്ലത്തിനും കിഴക്കഞ്ചേരി എന്ന നമ്പൂതിരി ഇല്ലത്തിന്റെ അവകാശം മരുത്താശ്ശേരിയ്ക്കും പില്‍ക്കാലത്ത് ലഭിച്ചു.
വള്ളിക്കട പണിക്കരും മാളിയേക്കല്‍ തരകനും
******************************************************
വടക്കുംകൂറിന്റെ സമ്പത്തിനേയും സൈന്യത്തേയും പറ്റി പറയുമ്പോള്‍ പ്രത്യേകമായി പരാമര്‍ശിക്കേണ്ട പേരുകളാണ് വള്ളിക്കട പണിക്കരുടേതും മാളിയേക്കല്‍ തരകന്റേതും. മൂവാറ്റുപുഴയ്ക്കടുത്ത് ആരക്കുഴയ്ക്ക് സമീപമായിരുന്നു വള്ളിക്കട പണിക്കരുടെ കേന്ദ്രം. വടക്കുംകൂറിന്റെ സൈന്യാധിപനായിരുന്നു വള്ളിക്കട പണിക്കര്‍. മാര്‍ത്താണ്ഡവര്‍മ്മയുമായുള്ള യുദ്ധത്തിലുള്‍പ്പടെ പട നയിച്ചത് വള്ളിക്കട പണിക്കരാണ്. വടക്കുംകൂറില്‍ ആയോധനമുറ പരിശീലിപ്പിക്കുന്ന ധാരാളം കളരികള്‍ നിലനിന്നിരുന്നു. ഇതിന്റെയെല്ലാം നിയന്ത്രണവും പണിക്കര്‍ക്ക് ഉണ്ടായിരുന്നു. തിരുവിതാംകൂര്‍ വടക്കുംകൂറിനെ കീഴടക്കിയ ശേഷം മാര്‍ത്താണ്ഡവര്‍മ്മ ഇവിടുത്തെ കളരികളെ നിരോധിച്ചു. കളരികള്‍ നിരോധിച്ചതോടെ പണിക്കര്‍ കുടുംബാംഗങ്ങള്‍ മറ്റിടങ്ങളിലേയ്ക്ക് കുടിയേറി.
രാജ്യകാര്യങ്ങളിലും വ്യാപാരത്തിലും ഉത്തമസഹായികളായി പ്രവര്‍ത്തിച്ചിരുന്നവര്‍ക്ക് വടക്കുംകൂര്‍ രാജാവ് തരകന്‍ എന്നത് സ്ഥാനപ്പേരായി നല്‍കിയിരുന്നു. വടക്കുംകൂര്‍ രാജാവ് വധിക്കപ്പെടുന്ന വടുതല യുദ്ധകാലത്ത് മാളിയേക്കല്‍ തരകന്മാര്‍ രാജ്യത്ത് പ്രമുഖസ്ഥാനം വഹിച്ചിരുന്നു. കൊച്ചി രാജ്യത്തിന് വലിയ നാശനഷ്ടങ്ങള്‍ വരുത്തിയ ഈ യുദ്ധത്തിന് ശേഷം മാളിയേക്കല്‍ തരകന്റെ രണ്ട് പുത്രന്മാര്‍ രാജ്യത്തിന്റെ സൈനീകവ്യൂഹത്തിന്റെ തലവന്മാരായി നിയോഗിക്കപ്പെട്ടിരുന്നു. രാജാവിനെ തെറ്റിദ്ധരിപ്പിച്ചതിനെ തുടര്‍ന്ന് ഇവര്‍ രാജ്യം വിട്ട് പോയതായും പറയപ്പെടുന്നു.
വടക്കുംകൂര്‍ പെരുമ ഇവിടം കൊണ്ടവസാനിക്കുന്നില്ല. കൂടുതല്‍ പുരാവൃത്തങ്ങളുമായി മറ്റൊരു ലക്കത്തില്‍ എത്താം...
മൂവാറ്റുപുഴയുടെ നഗരപുരാവൃത്തങ്ങള്‍ - ലേഖന പരമ്പര - വടക്കുംകൂര്‍ പെരുമ. പഠനം, എഴുത്ത് - Mohandas Suryanarayanan, 9447112449 (സ്വന്തം അന്വേഷണപഠനങ്ങള്‍ ആധാരമാക്കി എഴുതിയ കുറിപ്പാണിത്. പഴയകാല വിവരങ്ങള്‍ പറഞ്ഞുതന്നവരോട് നന്ദി രേഖപ്പെടുത്തുന്നു. ചരിത്രാന്വേഷിയെന്ന നിലയില്‍ എനിക്ക് കിട്ടുന്ന വിവരങ്ങള്‍ ഇവിടെ പങ്കു വയ്ക്കുകയാണ് ഞാന്‍ ചെയ്യുന്നത്. തെറ്റുകളോ, വസ്തുതാവിരുദ്ധമായ പരാമര്‍ശങ്ങളോ ഉണ്ടെങ്കില്‍, ആയത് ബോധ്യപ്പെടുത്തിയാല്‍ തിരുത്തുന്നതിന് സന്തോഷമേയുള്ളൂ)
-

കൂടുതൽ പ്രതികരണങ്ങൾ കാണിക്കുക

No comments:

Post a Comment