Wednesday 17 June 2020

മാക്കരംകോട്ട് ഇല്ലം, കാഞ്ഞങ്ങാട്.

മാക്കരംകോട്ട് ഇല്ലം, കാഞ്ഞങ്ങാട്.
Makkaramkottu Illam, Kanjagad..
======================================
തുളുനാടൻ വാസ്തു ശൈലിയിൽ നിർമ്മിച്ച മനോഹരമായൊരു നാലുകെട്ടാണ് കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടിനടുത്തുള്ള മാക്കരംകോട്ട് ഇല്ലം. ഏകദേശം ഇരുനൂറ്, ഇരുന്നൂറ്റമ്പത് വർഷത്തെ പഴക്കം കണക്കാക്കപ്പെടുന്ന ഇല്ലം ഒരു നടുമിറ്റം മാത്രമുള്ള നാലുകെട്ടാണെങ്കിലും, ഒരു പക്ഷെ വിസ്തൃതിയിൽ എട്ടുകെട്ടിനോടോ പതിനാറുകെട്ടിനോടോ സമാനതയുള്ളതായി തോന്നിയേക്കാം.
തീർത്തും വെട്ടുകല്ലിലും, മരത്തിലും പണിത ഇല്ലത്തിനകത്ത് പ്രവേശിച്ചാൽ നട്ടുച്ചക്ക് പോലും നല്ല കുളിർമ്മയാണ് അനുഭവപ്പെടുക. സാധാരണ മുൻവശങ്ങളിൽ കണ്ടുവരാറുള്ള ബാൽക്കണി, ഇവിടെ മനയുടെ പുറകുവശത്താണെന്നതും ഏറെ ശ്രദ്ധേയമാണ്, ഈ ബാൽക്കണിയിൽ നിന്ന് മനയ്ക്ക് അകത്തേക്കും, മനയുടെ പുറത്തേക്കും യഥേഷ്ടം കടക്കാവുന്നതാണ്. അതിനാൽ തന്നെ ബാൽക്കണിയിലൂടെ താഴത്തെ നിലയും, മുകളിലത്തെ നിലയുമായുള്ള ബന്ധം ആവശ്യമെങ്കിൽ അടക്കാവുന്നതുമാണ്.. മുകളിൽ മാത്രമായി അഞ്ചെട്ട് മുറികളും, വലിയ ഹാളും, ബാൽക്കണിയും,
താഴെ നടുമുറ്റവും, മുറികളും, വിശാലമായ അടുക്കളയും, അതിനോട് ചേർന്നു തന്നെ മനയ്ക്ക് ഉള്ളിലായി വലിയൊരു കിണറും അടങ്ങിയിരിക്കുന്നു. ചുറ്റും വലിയ വരാന്തയും, വെട്ടുകല്ലിലും, മരത്തിലും തീർത്ത തൂണുകളും മനക്ക് പുറം കാഴ്ച്ചയിൽ ഏറെ അഴകേകുന്നു.വാസ്തുവിദ്യയുടെയും, കഥകളിയുടേയും, സംഗീതത്തിന്റെയുമൊക്കെ, പാരമ്പര്യം ഇല്ലത്തിനുണ്ട്. തട്ടിൻ മുകളിലെ കളിക്കോപ്പുകളും, ഉപകരണങ്ങളും തങ്ങളുടെ ചരിത്രം പറയാൻ അവസരവും നോക്കി ചിലന്തിവലകൾക്കുള്ളിൽ ശ്വാസംമുട്ടി കാത്തുകിടക്കുന്നതായി കാണാം.
മനയുടെ ചുറ്റുവട്ടവും കാഴ്ചകളുടെ മറ്റൊരു ലോകമാണ്, മുൻവശത്ത് തണലേകി നിൽക്കുന്ന മുത്തശ്ശൻ മാവും, ചുവട്ടിൽവീണു കിടക്കുന്ന കണ്ണിമാങ്ങ പെറുക്കാൻ വരുന്ന കുസൃതിക്കുരുന്നുകളും, ഒപ്പം അവരുടെ കുസൃതികൾ വീക്ഷിച്ചു തണലിൽ മേയുന്ന പൂവാലിപ്പശുവും, കുറച്ചു മാറി പടികൾ കയറി ചെല്ലുന്ന കുടുംബക്ഷേത്രവുമെല്ലാം ഗൃഹാതുരതയുടെ വലിയൊരുലോകം തന്നെ സമ്മാനിക്കും. വെട്ടുകല്ലിൽ തീർത്ത ചുറ്റും പടികളുള്ള ചെറിയ കുളവും, മനയുടെ പുറകുവശത്തുകൂടെ ഒഴുകുന്ന ചെറിയ കൈ തോടും, അതിലേക്ക് ഇറങ്ങി ചെല്ലുന്ന പടവുകളും, കുളപ്പുരയുമൊക്കെ മറ്റൊരു ആകർഷണമാണ്. തോട് മുറിച്ചപ്പുറത്തെത്തിയാൽ പിന്നെ പാവലും, വെണ്ടയും, വാഴയും, തെങ്ങുമൊക്കെ കൃഷി ചെയ്യുന്ന മനോഹരമായ കൃഷിയിടങ്ങളുമായി.
കേശവ കുണ്ടലിയാർ, വാസുദേവ കുണ്ടലിയാർ, സൂര്യ നാരായണ കണ്ടലിയാർ എന്നിവരാണ് മനയുടെ നാല്പത്തി ഒന്ന് അവകാശികളിൽ പ്രാധനസ്ഥാനീയർ. വർത്തമാനകാലത്തിലെ ഏതൊരു മനയുടെ അവസ്ഥയുംപോലെത്തന്നെ ഉപേക്ഷിക്കപ്പെട്ട മന, ആറു മാസത്തോളമായി ചെറിയ രീതിയിൽ ഹെറിട്ടേജ് ഹോംസ്റ്റേയായും, പകൽ സമയങ്ങളിൽ യോഗ, സംഗീത പഠനക്ലാസുകൾക്കും മറ്റുമായി വിനിയോഗിച്ച് വരുന്നു. അത്തരം ഒരു മഹത്തായ കാര്യത്തിന് മുൻകൈയ്യെടുത്ത് നടത്തി കൊണ്ടുപോവുന്ന ശ്രീ. രാമചന്ദ്രൻ എന്ന എൻസൈക്ലോപീഡിയാ വ്യക്തിത്വത്തിന് ഒരായിരം അഭിനന്ദനങ്ങൾ അർപ്പിക്കാതെ വയ്യാ..!
ഏച്ചിക്കാനം മന, ആനന്ദാശ്രമം, തെയ്യക്കോലങ്ങൾ കെട്ടിയാടുന്ന ധാരാളം ക്ഷേത്രങ്ങൾ , തുടങ്ങി ഒട്ടനവധി ആകർഷകമായ, സ്ഥലങ്ങളും അടുത്തായുണ്ട്. കേവലം ഇരുപത് കി.മീറ്റർ സഞ്ചരിച്ചാൽ കൈരളിയുടെ ഏറ്റവും വലിയ കോട്ടയായ ,ബേക്കൽ കോട്ടയിലുമെത്താവുന്നതാണ്.

മലയാള നാടിന് അഭിമാനമായി കോന്നനാത്ത്‌ തറവാട്‌




















മലയാള നാടിന് അഭിമാനമായി കോന്നനാത്ത്‌ തറവാട്‌  കോതക്കുറുശ്ശി

നിളയുടെ തീരത്തെ മനോഹരമായ ഗ്രാമമായ പൈങ്കുളത്താണ്‌ കേരളത്തിലെ സുപ്രസിദ്ധ നായർ / മേനോൻ പരമ്പര തറവാടായ കോന്നനാത്ത്‌ തറവാട്‌ സ്ഥിതി ചെയ്യുന്നത്‌. ഒരുപാട്‌ കഥകൾ ഉറങ്ങിക്കിടക്കുന്ന ഈ തറവാടിന്റെ ഇടനാഴികളിലൂടെ നമുക്കൊന്ന് സഞ്ചരിക്കാം .
കോന്നനാത്ത്‌ തറവാട്ടുകാരുടെ പൂർവ്വികം വള്ളുവനാടൻ ഗ്രാമമായ കോതക്കുറുശ്ശിയാണെന്ന് കരുതുന്നു. അത്‌ കൊണ്ടാകാം ഇവരെ കോതക്കുറുശ്ശി കോന്നനാത്ത്‌ എന്ന പേരിൽ കൂടി അറിയപ്പെടുന്നുണ്ട്‌ . എന്തായാലും നൂറ്റാണ്ടുകൾക്ക്‌ മുന്നെ അവിടെ നിന്ന് വന്നവർ ചെറുതുരുത്തിയിൽ നിളയുടെ തീരത്ത്‌ വന്ന് വസിക്കുകയും, 1750 കാലഘട്ടം ആയപ്പോഴേക്കും അവർ ചെറുതുരുത്തി ദേശത്തെ പേരുകേട്ട ഒരു വലിയ കുടുംബമായി മാറി എന്നും രേഖകൾ പറയുന്നു. അന്ന് കോന്നനാത്ത്‌ വീട്ടിൽ അംഗങ്ങൾ വർദ്ധിച്ച്‌ വന്നതിനാൽ , സൗഹാർദ്ദത്തോടെയും , കൂട്ടായ തീരുമാനത്തോടെയും നാല്‌ ശാഖകളായി മാറി താമസിക്കാൻ തീരുമാനിച്ചു . തെക്കെലെ,കിഴക്കെലെ, പടിഞ്ഞാറെലെ , വടക്കെലെ എന്നിവയായിരുന്നു ആ നാല്‌ ശാഖകൾ . മാറി താമസിച്ചു എങ്കിലും അവർ മനസ്സ്‌ കൊണ്ടും , പ്രവർത്തി കൊണ്ടും ഒന്ന് തന്നെയായിരുന്നു. അവരുടെ ഐക്യവും സൗഹാർദ്ദവും ഒരു മാതൃക തന്നെയായിരുന്നു. ആ കാലത്ത്‌ കവളപ്പാറ മൂപ്പിൽ നായർ ആയിരുന്ന കൃഷ്ണനുണ്ണി അദ്ദേഹത്തിന്‌ വിവാഹം കഴിയാതെ അദ്ദേഹത്തിന്റെ അമ്മയായ നേത്യാർ കാര്യസ്ഥനായ രാമയ്യനെ വിളിച്ച്‌ മകന്‌ പറ്റിയ ഒരു വധുവിനെ നോക്കാൻ പറഞ്ഞേൽപ്പിച്ചു. രാമയ്യൻ മൂപ്പിൽ നായർക്ക്‌ വേണ്ടി വധുവിനെ തിരഞ്ഞ്‌ വരികയും ചെറുതുരുത്തി നിളയുടെ തീരത്ത്‌ വച്ച്‌ വടക്കെലെ കോന്നനാത്തെ സുന്ദരിയായ തത്തോമ്മ എന്ന യുവതിയെ കാണുകയും ചെയ്തു. രാമയ്യൻ ഉടനെ കൊട്ടാരത്തിൽ ചെന്ന് നേത്യാരമ്മയെ വിവരം ധരിപ്പിക്കുകയും , വടക്കെലെ കോന്നനാത്തേക്ക്‌ നേത്യാരമ്മയുടെ ദൂതൻ വരികയും, കാര്യങ്ങൾ ധരിപ്പിക്കുകയും ചെയ്തു. അന്നത്തെ കാലത്ത്‌ പെണ്ണും ചെക്കനും കാണുന്ന പതിവൊന്നും ഉണ്ടായിരുന്നില്ലാ . പക്ഷെ രാമയ്യൻ എന്ന കൗശലക്കാരൻ മുഖേന അവർ രണ്ടുപേരും കാണുകയും പരസ്പരം ഇഷ്ടമാവുകയും ചെയ്തു. അങ്ങനെ കവളപ്പാറ മൂപ്പിൽ നായരും തത്തോമ്മയും തമ്മിൽ ഉള്ള വിവാഹം 1752ഇൽ മഹോത്സവമായി നടന്നു. തത്തോമ്മ നേത്യാർ ഒരു മഹാറാണിയെ പോലെ തന്നെ കൊട്ടാരത്തിൽ ഉള്ളവരുടെ സ്നേഹം നേടി സുഖായി വാണു . ഗർഭ കാലം ആയപ്പോൾ തത്തോമ്മ സ്വന്തം വീട്ടിലേക്ക്‌ വരികയും 1753 ഇടവമാസത്തിൽ ഒരു പെൺകുഞ്ഞിന്‌ ജന്മം നൽകി തത്തോമ്മ. ലക്ഷ്മി എന്ന് പേർ നൽകി ആ കുഞ്ഞിന്‌.1760 ഇൽ രണ്ടാമത്‌ തത്തോമ്മ ഗർഭിണിയായ സമയത്ത്‌ അവരെ ചെറുതുരുത്തിയിലെ തറവാട്ടിലേക്ക്‌ പ്രസവത്തിന്‌ അയയ്ക്കാൻ മൂപ്പിൽ നായർക്ക്‌ തോന്നിയില്ലാ . അവർക്ക്‌ സ്വന്തമായി ഒരു വീടും , ചിലവിന്‌ വേണ്ടുന്ന നെല്ല് വരുമാനമുണ്ടാകുന്ന കൃഷിയും വേഗം ഏർപ്പാടാക്കണം എന്നും അദ്ദേഹത്തിന്‌ തോന്നി . അങ്ങനെ ഇരിക്കുന്ന കാലത്ത്‌ നിളയുടെ തെക്ക്‌ ഭാഗത്തെ , കൊച്ചി ശീമയിൽപ്പെടുന്ന ദേശത്തെ ജന്മിയായ കൂടലാറ്റുപ്പുറം മനയ്ക്കലെ കാരണവർ നമ്പൂതിരിപ്പാട്‌ മൂപ്പിൽ നായരെ കാണാൻ കൊട്ടാരത്തിലേക്ക്‌ വരികയും, ആ സമയത്ത്‌ തന്റെ മനസ്സിൽ ഉള്ള ഇംഗിതം അദ്ദേഹം നമ്പൂതിരിപ്പാടിനോട്‌ വെളിപ്പെടുത്തുകയും ചെയ്തു. അത്‌ അനുസരിച്ച്‌ അദ്ദേഹം പൈങ്കുളം ദേശത്ത്‌ ഒരു വലിയ കുടിയാറിച്ച പറമ്പും , ചമയങ്ങളും, 129 പറ വിത്ത്‌ ഇറക്കാവുന്ന നിലംവഹകളും,അതിനനുസരിച്ചു പറമ്പുകളും പള്ള്യാലുകളും തത്തോമ്മയുടെ പേരിൽ കാണം ചാർത്തിക്കൊടുക്കുകയും , മൂപ്പിൽ നായർ ആ ഭൂമിയിൽ
കവളപ്പാറ നേത്യാരമ്മയുടെ അന്തസ്സിനും ആഭിജാത്യത്തിനും ചേർന്ന ഒരു നാലുകെട്ട്‌ ഭവനം പണിയുകയും , ആ പുതിയ വീട്ടിൽ വച്ച്‌ തന്നെ 1761 ചിങ്ങമാസം ഉത്രം നാളിൽ ഒരു പെൺകുഞ്ഞിന്‌ കൂടി ജന്മം നൽകുകയും ചെയ്തു. ആ കുട്ടിക്ക്‌ പാർവ്വതി എന്ന് പേരു ഇടുകയും ചെയ്തു. അങ്ങനെ തത്തോമ്മയും കുട്ടികളും , കുടുംബാംഗങ്ങളും , പരിചാരകരും ആ തറവാട്ടിൽ സുഖായി വാണു. ആ തറവാടിന്‌ ചുറ്റുമായി മറ്റ്‌ കോന്നനാത്ത്‌ വീട്ടിലെ ബന്ധുജനങ്ങളും താമസം ഉണ്ടായിരുന്നതിനാൽ അടുത്ത്‌ തന്നെ ബന്ധു ജന സമ്പർക്കവും അവർക്ക്‌ ലഭിച്ചു .അവർ എല്ലാം സ്നേഹത്തോടെയും ഒരുമയോടെ യും ജീവിച്ചു പോന്നു. കവളപ്പാറ തത്തോമ്മ നേത്യാരമ്മ എന്ന മുതുമുത്തശ്ശിയുടെ സന്തതി പരമ്പരകളാണ്‌ പൈങ്കുളം കോന്നനാത്ത്‌ തറവാട്ടിൽ ഉള്ളത്.
കഴിവും, സത്യസന്ധതയും, കൈമുതലായുള്ള ധാരാളം കാരണവന്മാരുടെ നേതൃപാടവത്താൽ കോന്നനാത്ത്‌ പരമ്പര എല്ലാം കൊണ്ടും പടർന്ന് പന്തലിച്ചു എന്ന് തന്നെ പറയാം .തറവാട്ടിൽ ഒരു കാലത്ത്‌ അറുപതും എഴുപതും പേർ താമസിച്ചിരുന്നുവത്രെ. ആലോചിച്ചു നോക്കൂ ആ കാലത്ത്‌ കുടുംബ ജീവിതത്തെ കുറിച്ച്‌. ഞാൻ ഇത്രയും എഴുതി തീർന്നപ്പോഴേക്കും മനസ്സിൽ ഒരു സിനിമ കണ്ടു കൊണ്ട്‌ എഴുതുന്ന പോലെയാണ്‌ തോന്നിയത്‌. പൈങ്കുളം മൂലസ്ഥാനത്തിൽ നിന്ന് അവർ പതിനെട്ടര ദേശങ്ങളിലെ പതിനെട്ടര കളങ്ങളായി മാറി . അവിടെ എല്ലാം പതിനെട്ടര കോന്നനാത്ത്‌ ശാഖകളും താമസമാക്കി. കളങ്ങൾ എല്ലാം കൃഷിയെ ആധാരമാക്കി ഉള്ളതാണല്ലോ. ആ ദേശങ്ങളിൽ എല്ലാം അവർക്ക്‌ ധാരാളം ഭൂസ്വത്തുക്കളും കൃഷിഭൂമിയും ഉണ്ടായിരുന്നു . അതെല്ലാം നോക്കി അവർ സസുഖം വാണൂ.നാട്യൻചിറ കളം, കുന്നമ്പിള്ളിക്കളം, പാമ്പാടിക്കളം ,,തോന്നൂർക്കര കളം , ,കൂമ്പഴക്കളം, തൃത്താല കോന്നനാത്ത്‌, ചെറുതുരുത്തി കോന്നനാത്ത്‌ , ഇങ്ങനെ പതിനെട്ടരക്കളങ്ങളാണ്‌ ഉണ്ടായിരുന്നത്‌. മറ്റ്‌ കളങ്ങളുടെ പേര്‌ വിവരങ്ങൾ കിട്ടിയിട്ടില്ലാ ക്ഷമിക്കുമല്ലൊ. ജന്മി പരമ്പരയായിരുന്ന കോന്നനാത്ത്‌ തറവാട്ടുകാർക്ക്‌ ഒരു കാലത്ത്‌ എഴുപതിനായിരം പറ പാട്ടം ഉണ്ടായിരുന്നുവത്രെ . പൈങ്കുളം ചെറുതുരുത്തി,തുടങ്ങി അനവധി സ്ഥലങ്ങളിൽ ഇവർക്ക്‌ ഭൂമി ഉണ്ടായിരുന്നു .
. സകല ലക്ഷണവും ഒത്തിണങ്ങിയ അസ്സൽ നായർ തറവാട്‌ അതാണ്‌ കോന്നനാത്ത്‌ തറവാട്. നാലേക്കറിൽ വരുന്ന ഭൂമിയിലാണ്‌ തറവാട്‌ സ്ഥിതി ചെയ്യുന്നത്‌ . 1761 ഇൽ നാലുകെട്ടായി നിർമ്മിച്ച ഈ ഭവനം‌ 1855ഇൽ എട്ടുകെട്ടാക്കി മാറ്റി. എന്തായാലും ഈ തറവാടിന്റെ പഴക്കം നമുക്ക്‌ 260 വർഷമായി എന്ന് തന്നെ പറയാം . മൂന്ന് നിലയുള്ള തറവാടാണിത്‌. പഴമയുടെ ഭംഗി ആവോളം ഉണ്ട് ഇവിടെ. നടന്ന് വരുമ്പോൾ അങ്ങ്‌ ദൂരെ നിന്ന് തന്നെ തറവാടിന്റെ ദൃശ്യം കാണാം . ആ കാഴ്ച്ചയ്ക്ക്‌ ഒരു പ്രത്യേക ഫീൽ ആണ്‌ . കരിങ്കൽ പടികൾ കയറി വീട്ടിലേക്ക്‌ ചെല്ലുമ്പോൾ നമ്മെ സ്വീകരിക്കാനായി എന്ന പോലെ വിരിഞ്ഞു നിൽക്കുന്ന ചെമ്പരത്തി സുന്ദരിമാർ . വീടിന്‌ ഐശ്വര്യം എന്ന പോലെ തുളസിത്തറയും കാണാം നമുക്ക്‌ .വീടിന്‌ ചുറ്റുമുള്ള വരാന്തയും , ചാരി ഇരിക്കാനുള്ള ചാരുപടിയും കാണുമ്പോൾ അവിടെ കുറച്ച്‌ നേരം വിശ്രമിക്കാൻ തോന്നും . മനോഹരമായ പ്രധാന വാതിലും, ധാരാളം വലിയ തൂണുകൾ ഉള്ള ചെറിയ നടുമുറ്റവും വലിയ നടുമുറ്റവും, തെക്കിനി, തൂണുകൾ ഉള്ള വടിക്കിനിയിലെ തറ , എന്നിവയെല്ലാം തറവാടിന്‌ മിഴിവേകുന്നു. നടുമുറ്റത്തിന്‌ ചുറ്റും ഇത്രയും ഭംഗിയും, എണ്ണവും ഉള്ള തൂണുകൾ നിറഞ്ഞ നായർ തറവാട്‌ ഞാൻ ആദ്യായാണ്‌ കാണുന്നത്‌. തട്ടുകൾ നിറഞ്ഞ ഈ സ്വർഗ്ഗത്തിന്റെ ഉള്ളിലേക്ക്‌ കടന്ന് ചെല്ലുമ്പോൾ തന്നെ ഒരു കുളിർമ്മയാണ്‌ . രണ്ട്‌ നിലയിലായി 22 ഓളം മുറികളും, വലിയ തളങ്ങളും, ഉണ്ടിവിടെ . മുകളിൽ കയറിയാൽ ഒരു ഭാഗത്ത്‌ നിന്ന് വിപരീത ദിശയിലേക്കുള്ള ഭാഗത്തിലേക്ക്‌ ചെല്ലാൻ താഴെ ഇറങ്ങി കോണി കയറി തന്നെ പോണം . അന്നത്തെ കാലത്ത്‌ ഈ വീട്‌ നിർമ്മിച്ചവരും , അതിന്‌ നേതൃത്വം കൊടുത്തവരും സ്വകാര്യതയ്ക്ക്‌ വിലകൊടുത്തിരുന്നു എന്നർത്ഥം.ഇവിടുത്തെ ഗോവണികളുടെ നിർമ്മാണവും വിത്യസ്തമാണ്‌ . പഴയ കാലത്തെ വാസ്തുവിദഗ്ദ്ധരെ നിങ്ങൾക്ക്‌ എന്റെ കൂപ്പുകൈ. എത്ര മനോഹരമായിയാണ്‌ ഈ ഒരു സൗധം നിർമ്മിച്ചിരിക്കുന്നത്‌. പണ്ട്‌ തറവാടിനോട്‌ ചേർന്ന് ഒരു പത്തായപ്പുരയും പടിഞ്ഞാറ്‌ ഭാഗത്ത്‌ പടിപ്പുര മാളികയും ഉണ്ടായിരുന്നു . പഴമയോതുന്ന അടുക്കള കാണാം നമുക്കിവിടെ ചെന്നാൽ. അടുക്കളയോട്‌ ചേർന്ന് ഒരു കിണറും കുളവും ഉണ്ട്‌. ഈ സ്വർഗ്ഗത്തെ നിർമ്മിച്ചവർക്കും അതിന്‌ നേതൃത്വം കൊടുത്തവർക്കും ഇന്നും തറവാട്‌ കാത്തുസംരക്ഷിക്കുന്നവർക്കും എന്റെ പ്രണാമം..
കിള്ളിക്കാവ്‌ ഭഗവതിയാണ്‌ ഇവരുടെ കുടുംബ പരദേവത .മച്ചിലും തെക്കിനിയിലും ഈശ്വര സാന്നിധ്യം ഉള്ളതിനാൽ നിത്യേന വിളക്ക്‌ വയ്ക്കും. തറവാട്ടിൽ സർപ്പക്കാവ്‌ ഉണ്ട്‌ . എല്ലാവർഷവും സർപ്പകാവിൽ പാതിരിക്കുന്നത്ത്‌ മനയിൽ നിന്ന് നമ്പൂതിരി വന്ന് പൂജ പതിവുണ്ട്‌.ഞാൻ സർപ്പക്കാവിന്റെ അടുത്ത്‌ ചെന്നതും എന്നെ മുഖം കാണിക്കാൻ മൂപ്പർ ഇഴഞ്ഞ്‌ വന്നു . മനസ്സ്‌ കൊണ്ട്‌ ഒന്ന് തൊഴുതു വണങ്ങി ഞാൻ . കുളത്തിന്റെ അടുത്തുള്ള മണ്ഡപപ്പുരയിലും സർപ്പ, ദേവി സാന്നിധ്യം ഉണ്ട്‌. സർപ്പക്കാവിൽ പൂജ നടക്കുമ്പോൾ ഇവിടെ പൂജ ഉണ്ടാകാറുണ്ട്‌. കുട്ടിച്ചാത്തന്മാർക്കും പ്രതിഷ്ഠ ഉണ്ട്‌. ഒരുകാലത്ത്‌ ഇവിടെ കുട്ടിച്ചാത്തനു മുടിക്കെട്ട്‌ ഉത്സവം നടത്തിയിരുന്നു . ഇപ്പോ കൊല്ലത്തിലൊരിക്കൽ ഇവിടെ പൂജയുണ്ട്‌. തൊടിയിൽ തന്നെ ബ്രഹ്മരക്ഷസ്സ്‌ പ്രതിഷ്ഠയും ഉണ്ട്‌. ചെറുതുരുത്തി പങ്ങാവ് ശിവക്ഷേത്രത്തിന്റെ ഊരാളന്മാരാണിവർ.
ഒരുപാട്‌ മഹാരഥന്മാർക്കും , മഹത്‌ വ്യക്തിത്വങ്ങൾക്കും ജന്മം കൊടുത്ത തറവാടാണ്‌ കോന്നനാത്ത്‌ തറവാട്‌ . കാരണവന്മാരുടെ സൽക്കർമ്മഫലമാണ്‌ ഇന്നും തറവാടിനുള്ള സൽപ്പേര്‌ . ഇന്നൊരു പഴയ തറവാട്‌ ഇന്നും നിലനിൽക്കുന്നുണ്ട്‌ എങ്കിൽ അതിന്‌ കാരണം പൂർവ്വികർ ചെയ്ത സൽക്കർമ്മങ്ങൾ ആണ്‌ . അവർ വിതച്ചത്‌ നമ്മൾ ഉണ്ണുന്നു. തത്തോമ്മ നേത്യാർ മുതൽ അനവധി നേതൃപാടവം ഉള്ള സ്ത്രീരത്നങ്ങൾക്ക്‌ ജന്മം നൽകിയ പരമ്പരയാണിത്‌ .അവരെ ഒന്നും ഒരിക്കലും വിസ്മരിക്കുന്നില്ലാ. ദേശത്തിന്റെ സാമൂഹികമായ ഒരുപാട്‌ പുരോഗതികൾക്കും , മറ്റും കോന്നനാത്തെ കാരണവന്മാർ കാരണഭൂതരായിട്ടുണ്ട്‌.കാലങ്ങൾക്ക്‌ മുന്നെ തന്നെ വിദ്യാഭ്യാസത്തിന്‌ പ്രാധാന്യം കൊടുത്തവരായിരുന്നു ഇവിടുത്തെ പൂർവ്വികർ . നമുക്ക്‌ കോന്നനാത്ത്‌ തറവാട്ടിലെ കുറച്ച്‌ മഹത്‌ വ്യക്തിത്വങ്ങളെ പരിചയപ്പെടാം തറവാട്ട്‌ കാരണവരായിരുന്ന ശ്രീ കൃഷ്ണമേനോൻ ( 1797 -1867) സത്യസന്ധതയ്ക്കും കാര്യപ്രാപ്തിക്കും പേരുകേട്ട വ്യക്തിത്വം ആയിരുന്നു . ദേശത്ത്‌ തണ്ണീർ പന്തലുകളും, ധാരാളം അത്താണികളും ,പൊതുജനങ്ങൾക്കായി ധാരാളം ജലസംഭരണികളും അദ്ദേഹം നിർമ്മിച്ചു നൽകിയിരുന്നു.ധർമ്മസ്ഥാപനങ്ങളുടെ നടത്തിപ്പിനു നേതൃത്വവും കൊടുത്തിരുന്നു. ഇദ്ദേഹത്തിന്റെ അനുജനായ ശ്രീ കുഞ്ഞമേനോൻ കാര്യക്കാർ(1800-1852) അദ്ദേഹം വളരെ ചെറിയ കാലത്ത്‌ തന്നെ കൊച്ചി കോവിലകത്ത്‌ സേവനമനുഷ്ഠിക്കുകയും , തന്റെ സത്യസന്ധതയാലും, കാര്യപ്രാപ്തിയാലും രാജാവിന്റെ പ്രീതിനേടി ഒടുവിൽ കൊച്ചി തമ്പുരാന്റെ കാര്യക്കാർ പദവി വരെ അലങ്കരിച്ച വ്യക്തിത്വമായിരുന്നു. ഇവരുടെ മറ്റൊരു സഹോദരനായ ശ്രീ ശങ്കുണ്ണി മേനോൻ ഗണിത, തച്ചുശാസ്ത്ര വിദഗ്ദ്ധനായിരുന്നു. ജ്യോതിഷ പണ്ഡിതനും,തച്ചുശാസ്ത്രവിദഗ്ദ്ധനുമായിരുന്ന ശ്രീ വലിയ കുഞ്ഞികൃഷ്ണ മേനോൻ ( 1835 —1920) ആദ്യകാലത്ത്‌ തന്നെ ഇംഗ്ലീഷ്‌ വിദ്യാഭ്യാസം സ്വായത്തമാക്കുകയും, നിയമം പഠിച്ച്‌ മഞ്ചേരി മുൻസിഫ്‌ ആയി സേവനമനുഷ്ഠിക്കുകയും ഒടുവിൽ തിരുവിതാംകൂർ ജഡ്ജിയായി വിരമിക്കുകയും ചെയ്ത, നീതിന്യായത്തിന്‌ പേരുകേട്ട , ആയില്യം തിരുനാൾ മഹാരാജാവുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന , സദർ അമീൻ മേനോൻ എന്ന വിശേഷണം ഉണ്ടായിരുന്ന , റാവുബഹദൂർ പട്ടം ലഭിച്ച ശ്രീ കുഞ്ഞമേനോൻ ( 1840-1889) ലെജിസ്ലേറ്റീവ്‌ കൗൺസിൽ മെംബർ ആയിരുന്ന ശ്രീ കോന്നനാത്ത്‌ കുഞ്ഞിരാമ മേനോൻ , സ്വതന്ത്ര ഇന്ത്യയിൽ ഫിനാൻസ്‌ സെക്രട്ടറി പദവി വഹിക്കുകയും , ഇന്ത്യയിലെ ആദ്യത്തെ ഒരു രൂപ നോട്ടുകളിൽ ( 1949-50) ഒപ്പിടുകയും ചെയ്ത , അനവധി ഉയർന്ന പദവികളും, മറ്റും ലഭിച്ചിട്ടുള്ള ശ്രീ കോന്നനാത്ത്‌ രാമകൃഷ്ണ മേനോൻ (KRK Menon)ഇദ്ദേഹത്തിന്റെ അനുജനും ഇന്ത്യൻ ആർമ്മിയിൽ കേണലും ആയിരുന്ന ശ്രീ കോന്നനാത്ത്‌ ശിവരാമ മേനോൻ, എന്നിവരും തറവാട്ടിലെ പ്രമുഖരാണ്‌ .ഇവരെ കൂടാതെ കോന്നനാത്ത്‌ തറവാട്ടിലെ ഒരു ഇതിഹാസത്തെ കൂടി പരിചയപ്പെടുത്താം .
ഡോ. കെ ബി മേനോൻ( ശ്രീ കോന്നനാത്ത്‌ ബാലകൃഷ്ണ മേനോൻ 1897-1967) . സ്വാതന്ത്ര്യ സമരസേനാനിയും,ധീരതയുടെ പര്യായവും , സോഷ്യലിസ്റ്റ്‌ നേതാവും ,കീഴരിയൂർ ബോംബ്‌ കേസിലെ ധീര നായകനായ, ബ്രിട്ടീഷുകാർക്ക്‌ എതിരെ പോരാടിയ ഈ വീര നായകനെ മറക്കാൻ പറ്റുമൊ. ബോംബെ സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടി, കാലിഫോർണിയ സർവകലാശാലയിൽ നിന്ന് പീ എച്‌ ഡി നേടി,ഹാർവ്വഡ്‌ സർവകലാശാലയിൽ അധ്യാപകനായി സേവനമനുഷ്ഠിക്കുകയും , അവിടെ വച്ച്‌ ജയപ്രകാശ്‌ നാരായണനെ പരിചയപ്പെടുകയും , സോഷ്യലിസ്റ്റ്‌ ആശയങ്ങളിൽ ആകൃഷ്ടനാവുകയും , ജോലി രാജിവച്ച്‌ ഇന്ത്യയിൽ വന്ന് ബ്രിട്ടീഷുകാർക്ക്‌ എതിരെ പോരാടുകയും ചെയ്ത ധീരനാണിദ്ദേഹം. ക്വിറ്റ്‌ ഇന്ത്യ സമരത്തിന്‌ കേരളത്തിൽ ചൂട്‌ പിടിപ്പിച്ചത്‌ ഇദ്ദേഹമാണ്‌ . ഇന്ത്യ ഒട്ടാകെ കോളിളക്കം സൃഷ്ടിച്ച കീഴരിയൂർ ബോംബ്‌ കേസിന്റെ സൂത്രധാരൻ മേനോൻ ആയിരുന്നു. ബ്രിട്ടീഷ്‌ കോടതി അതിന്‌ ജയിൽ ശിക്ഷ നൽകുകയും, ചെയ്തു. സ്വാതന്ത്യം കിട്ടിയതിന്‌ ശേഷം 1952 ഇൽ നിന്ന് മദ്രാസ്‌ അസംബ്ലിയിലേക്ക്‌ മത്സരിച്ച്‌ ജയിച്ചു ശ്രീ കെ ബി മേനോൻ.1957 ഇൽ വടകരയിൽ നിന്ന് പാർലമന്റ്‌ ഇലക്ഷനും ജയിച്ചു ഇദ്ദേഹം . സോഷ്യലിസ്റ്റ്‌ പാർട്ടിയുടെ പേരിൽ തന്നെയാണ്‌ അദ്ദേഹം മത്സരിച്ചത്‌. ലാളിത്യത്തിന്റെ മുഖമുദ്രയായ ശ്രീ കെ ബി മേനോന്റെ കഠിന പ്രയത്നം കൊണ്ടാണ്‌ തൃത്താല ഹൈസ്കൂൾ സ്ഥാപിതമായത്‌ . ആ സ്കൂളിന്റെ പേരും ഡോ കെ ബി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ എന്നാണ്‌ . ഈ ധീരദേശാഭിമാനി അന്ത്യവിശ്രമം കൊള്ളുന്നതും ഈ സ്കൂൾ വളപ്പിലാണ്‌ . ഇത്രയും വിദ്യാഭ്യാസവും, ധൈര്യവും , രാജ്യ സ്നേഹവും ഉള്ള വിരലിൽ എണ്ണാവുന്ന വിപ്ലവകാരികളെ നമുക്കുള്ളൂ . അതിൽ ഒരാളാണ്‌ ശ്രീ കെ ബി മേനോൻ . ഓരോ ഭാരതീയനും മലയാളിക്കും , കോന്നനാത്തുകാർക്കും എന്നും അഭിമാനിക്കാവുന്ന വ്യക്തിത്വം.. പ്രണാമം ധീരനെ.............
ഇനിയും ഒരുപാട്‌ പ്രമുഖരുടെ പേരുകൾ , പ്രത്യേകിച്ച്‌ ഈ തലമുറയിലെ എല്ലാം എഴുതാൻ ഉണ്ട്‌ . പക്ഷെ എഴുത്തിന്‌ നീളം കൂടുന്നു എന്നതിനാൽ പൂർവ്വികരെ സ്മരിച്ച്‌ കൊണ്ടു ഇവിടെ നിർത്തുന്നു.
കോന്നനാത്ത്‌ തറവാട്ടിൽ ഒരുപാട്‌ സിനിമകളും ഷൂട്ട്‌ ചെയ്തിട്ടുണ്ട്‌ . ആ സിനിമകളിൽ ഈ തറവാടിന്‌ പ്രാധാന്യവും ഉണ്ടായിരുന്നു . ഈ പുഴയും കടന്ന് സിനിമയിലെ മഞ്ജുവാര്യർ ടെ വീട്‌ ഇതായിരുന്നു . ചില്ലറ പൈസയുടെ ജീവിത ഭാരം തീർക്കാൻ ഉള്ള ഓട്ടവും , മുത്തശ്ശിയുടെ വാത്സല്യവും , സുകുമാരന്റെ അനിയൻ ഗോപീടെ പ്രണയവും എല്ലാം ഈ തറവാട്ടിലൂടെ ചിത്രീകരിച്ചപ്പോൾ കൂടിയാണ്‌ അതിന്‌ കൂടുതൽ ഭംഗി വന്നത്‌. വധു ഡോക്ടർ ആണ്‌ സിനിമയിലെ ജയറാമിന്റെ വീടും ഇതന്നെ . നമ്മുടെ ഇന്ദ്രൻസ്‌ ഓടിന്റെ മുകളിൽ കയറുന്നതും , ജഗതിയുടെ ഉറക്കവും മനസ്സിലേക്ക്‌ ഓടി വരുന്നു. ആധാരം, ആകാശത്തിലെ പറവകൾ എന്നീ സിനിമകളിലും ഈ തറവാട്‌ കാണാം . പക്ഷെ ഈ തറവാടിനുള്ളിൽ നടക്കുമ്പോൾ എന്റെ മനസ്സിലേക്ക്‌ ഓടി വന്നത്‌ എല്ലാം ചില്ലറ പൈസയും ആ മുത്തശ്ശിയും ഒക്കെ ആണ്‌ .
കോന്നനാത്ത്‌ പരമ്പരയിൽ എങ്ങനെ പോയാലും ആയിരത്തിലധികം അംഗങ്ങൾ ഉണ്ടാകും . കാരണം പതിനെട്ടര കളങ്ങളിലെ അംഗങ്ങളെയും കൂട്ടണം അല്ലോ . അതിനാൽ ഇപ്പോ തറവാട്ടിലെ ഏറ്റവും വയസ്സിന്‌ മൂത്ത ഒരാളെ പറയുക എന്നാൽ തന്നെ പ്രയാസമാണ്‌ . കുന്നമ്പിള്ളി കളത്തിലെ ഉണ്ണി അങ്കിൾ കഴിഞ്ഞ കുറച്ച്‌ കൊല്ലങ്ങളായി കുടുംബ സംഗമം നടത്താൻ നേതൃത്വം കൊടുക്കുന്നുണ്ട്‌ എന്നും മറ്റും അറിഞ്ഞു. എന്തായാലും ഇനി വരുന്ന കുടുംബ സംഗമത്തിലൂടെ ഈ പരമ്പരയിലെ എല്ലാ അംഗങ്ങളും ഒത്തുകൂടട്ടെ എന്നാശംസിക്കുന്നു . അങ്ങനെ പൂർവ്വികരുടെ മനസ്സ്‌ നിറയട്ടെ.ഓരോ തറവാടും ഒരുപാട്‌ പേരുടെ അധ്വാനഫലമാണ്‌ . പൂർവ്വീകരുടെ സ്നേഹമാണത്‌. അങ്ങനെയുള്ള തറവാട്‌ നന്നായി നിലനിർത്തുക, കാത്തുസംരക്ഷിക്കുക എന്നത്‌ അതാത്‌ വീട്ടുകാരുടെ ധർമ്മവും , പൂർവ്വികരോട്‌ കാണിക്കുന്ന ആദരവും കൂടിയാണ്‌ . എന്തായാലും ആചാരങ്ങൾ പാലിച്ചും തറവാട്‌ കാത്തുസംരക്ഷിച്ചും കോന്നനാത്ത്‌ തറവാട്ടുകാർ തങ്ങളുടെ പൂർവ്വികരോടുള്ള ആദരവ്‌ കാണിക്കുന്നുണ്ട്‌ .ലെജിസ്ലേറ്റിവ്‌ കൗൺസിൽ മെംബറും ദീർഘ കാലം പാഞ്ഞാൾ പഞ്ചായത്ത്‌ പ്രസിഡണ്ടുമായിരുന്ന ശ്രീ കോന്നനാത്ത്‌ കുഞ്ഞിരാമമേനൊന്റെ സഹോദരിയായ ലക്ഷ്മികുട്ടിയമ്മയുടെ പേരക്കുട്ടികൾ ആണ്‌ ഇപ്പോൾ തറവാട്‌ നോക്കി നടത്തുന്നത്‌.
കോന്നനാത്ത്‌ തറവാട്ടിൽ ചെന്ന എന്നെ സ്വീകരിച്ച അവിടുത്തെ അംഗങ്ങളായ സന്ദീപ്‌ ഏട്ടനും, അമ്മയ്ക്കും എന്റെ നന്ദി രേഖപ്പെടുത്തുന്നു. സന്ദീപ്‌ ഏട്ടന്റെ അമ്മയാണ്‌ തറവാട്‌ എല്ലാം കാണിച്ചു തന്നത്‌ .അത്‌ പോലെ തറവാടിന്റെ ചരിത്ര വിഷയങ്ങൾ പങ്കുവെച്ച കോന്നനാത്ത്‌ ഉണ്ണി അങ്കിളിനും , രവി അങ്കിളിനും ഞാൻ നന്ദി പറയുന്നു. കോന്നനാത്ത്‌ തറവാട്ടിലേക്ക്‌ എന്നെ എത്താൻ സഹായിച്ച കൃഷ്ണദാസ്‌ ജിക്കും, എന്നെ മോഹിപ്പിച്ച ഈ തറവാടിനെക്കുറിച്ച്‌ എനിക്ക്‌ പറഞ്ഞു തന്ന ജെ.പി ഏട്ടനോടും ഞാൻ എന്റെ സ്നേഹം അറിയിക്കുന്നു.

കടപ്പാട് 
വള്ളുവനാടൻ