Monday, 18 June 2018

മരിച്ചാൽ പോലും വെറുതേ വിടാത്തവർ



മരിച്ചാൽ പോലും വെറുതേ വിടാത്തവർ!
1902 മാർച്ച് 10. ഓസ്ട്രേലിയയിലെ ഫ്രെമാന്റിൽ ഹാർബറിന്റെ തെക്കുഭാഗത്ത് ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് തള്ളിനിൽക്കുന്ന റോബ് ജെട്ടിയിൽ ഒരു വെടിയൊച്ച മുഴങ്ങി. ഉടൻ പാഞ്ഞടുത്ത തദ്ദേശീയർ കണ്ടത്, കടിഞ്ഞാൺ നഷ്ടപ്പെട്ട കുതിരപ്പുറത്ത് കയ്യിലൊരു തോക്കും രക്തം വാർന്നൊലിക്കുന്ന ശിരസ്സുമായി അലച്ചു കിടക്കുന്ന ഒരു മദ്ധ്യവയസ്കനെയാണ്. കടലിന്റെ അഗാധവർണരാജിയിലേയ്ക്ക് അയാളും കുതിരയും നിമിഷങ്ങൾക്കകം വിലയം പ്രാപിച്ചു.
ലോകത്ത് എവിടെ നോക്കിയാലും, ദരിദ്രനഗരങ്ങളിലും ഗ്രാമങ്ങളിലും ഏറ്റവും മാനവവിഭശേഷി ചിലവഴിക്കേണ്ടി വരുന്നത് ശുദ്ധജലസംഭരണത്തിനാണ്. ഇന്ത്യ, പാക്കിസ്ഥാൻ, ബാംഗ്ലദേശ് തുടങ്ങി നമുക്കേറ്റവും പരിചിതമായ രാജ്യങ്ങൾ പ്രത്യക്ഷോദാഹരണങ്ങളാണ്. വേനൽക്കാലത്ത് കിലോമീറ്ററുകൾ ദൂരെ നിന്നും വെള്ളം എടുക്കാൻ സ്ത്രീകളും പുരുഷന്മാരും പോകുന്ന കാഴ്ച ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ സുപരിചിതമാണ്. എന്റെ അമ്മ ദിവസേന വെള്ളമെടുക്കാൻ 300 മീറ്ററോളം ദൂരെ സ്ഥാപിച്ച KWA ടാപ്പിംഗ് പോയിന്റിലേക്ക് നാലോ അഞ്ചോ തവണ പോയിരുന്നു. വെള്ളം പിടിക്കുന്ന ദൂരം വർദ്ധിക്കുന്നതിലൂടെ അതിനു ചിലവാക്കുന്ന മനുഷ്യവിഭവശേഷി കൂടി പതിന്മടങ്ങാകും. ഇതെല്ലാം, ജീവിത നിലവാരം മെച്ചപ്പെടുത്തുവാൻ ഉപയോഗപ്പെടേണ്ടിയിരുന്ന വിഭവമാണ്. ഒരു ഗ്രാമത്തിനോ, രണ്ട് ഗ്രാമങ്ങൾക്കോ ചേർന്ന് ഒരു ബോർ വെൽ മാത്രമുള്ള പ്രദേശങ്ങൾ ഞാൻ കണ്ടിട്ടുണ്ട്.
മനുഷ്യവിഭവശേഷി, രാജ്യം നൽകേണ്ടുന്ന സേവനങ്ങൾക്കായി അധികചെലവാകുന്നതാണ് ദാരിദ്ര്യത്തിന്റെ മൂലകാരണം. ഇങ്ങനെ അധികചെലവാകുന്ന വിഭവങ്ങൾ പരോക്ഷമായി ചിലവാക്കപ്പെടുന്നത് നഗരങ്ങളിലെ എലീറ്റ് ക്ലാസിനു വേണ്ടി മാത്രമാണ്. ഗ്രാമങ്ങളുടെ വികസനത്തിന് ചിലവഴിക്കപ്പെടേണ്ട തുക നഗരങ്ങളിലേക്ക് പമ്പ് ചെയ്യപ്പെടുമ്പോളാണ് ഗ്രാമങ്ങൾ അതിദരിദ്രമാവുകയും നഗരങ്ങൾ അതിസമ്പന്നമാവുകയും ചെയ്യുന്നത്.
സ്വർണഖനികളുടെ പറുദീസയാണ് ഓസ്ത്രേലിയ. 1890 കളിലാണ് പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ സ്വർണഖനികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നത്. അഫ്ഗാനിസ്ഥാനിൽ നിന്നും മറ്റുമുള്ള തൊഴിലാളികളുടെ കുത്തൊഴുക്ക് കൂൽഗാഡിയിലേയും കാൽഗൂർലിയിലേയും ജലത്തിന്റെ ആവശ്യകത വലിയ തോതിൽ വർദ്ധിപ്പിച്ചു. മരുഭൂമിയിൽ വല്ലപ്പോഴും പെയ്യുന്ന മഴയോ, റെയില്വേ ഡാമുകളിൽ വെള്ളമുണ്ടെങ്കിൽ മാത്രം അതിലൂടെ വെള്ളമെത്തിക്കുന്ന വോട്ടർ ട്രെയിനുകളോ ആയിരുന്നു ഒരിറ്റുവെള്ളം ലഭിക്കുന്നതിനുള്ള മാർഗ്ഗം. തൊഴിലാളികളുടെ എണ്ണവും ഖനനവും വർദ്ധിച്ചതോടെ ജലവിനിയോഗം വർദ്ധിക്കുകയും ജനങ്ങൾ ദാഹത്താൽ വലയാനും തുടങ്ങി.
ജലപ്രശ്നം എവിടെയുണ്ടായാലും സ്വാഭാവികമായും അതിന് ഒരു എഞ്ചിനീയറിങ് സൊലൂഷൻ അനിവാര്യമായിരുന്നു. ഓസ്ട്രേലിയയിലെ പുകൾ പെറ്റ എഞ്ചിനീയർ ആയിരുന്ന ചാൾസ് യെവർടൻ ഒ'കോണർ (സി.വൈ ഒ'കോണർ) ഇതിനൊരു പ്രതിവിധി നിർദ്ദേശിച്ചു. 590 കിലോമീറ്റർ ദൂരെയുള്ള പെർഥിലെ ഹെലേന നദിയിൽ നിന്നും പടിഞ്ഞാറൻ ഓസ്ത്രേലിയയിലേക്ക് ഒരു പൈപ്പ്ലൈൻ സ്ഥാപിക്കുക! ക്രോസ്കണ്ട്രി പൈപ്പ്ലൈനുകളെ പറ്റി കേട്ടുകേൾവി പോലുമില്ലാത്ത കാലത്ത്, കോണറിന്റെ നിർദ്ദേശൻ ഉൾക്കൊള്ളാൻ ആർക്കുമായില്ല. പക്ഷേ, ഇതല്ലാതെ മറ്റൊരു മാർഗ്ഗവും ഇല്ലെന്ന് ഡിസൈൻ ഉൾപ്പടെ തയ്യാറാക്കി വിശദീകരിച്ചതോടെ വെസ്റ്റേൺ ഓസ്ട്രേലിയൻ പാർലിമെന്റ് ഈ നിർദ്ദേശത്തോടനുബന്ധിച്ച് ബിൽ പാസ് ആക്കി.
പക്ഷേ അവിടെയും ഉണ്ടായിരുന്നു മാസ് കമ്മ്യൂണിക്കേഷനോ ജേണലിസമോ മാത്രം പഠിച്ച്, പത്രസ്ഥാപനങ്ങളിരുന്ന് സൂര്യനുകീഴിലുള്ള സകലതിനും വേണ്ടി പേനയുന്തുന്ന കുറേ മാദ്ധ്യമ സിംഹങ്ങൾ. അവരെല്ലാം പറഞ്ഞു, ലോകത്തെങ്ങും ഇതുവരെ ആരും ചെയ്യാത്ത കാര്യം, ഒരു ശുദ്ധ മണ്ടത്തരമാണ് മിസ്റ്റർ. കോണർ നിങ്ങൾ ചെയ്യുന്നത്. നികുതിദായകരുടെ പണമുപയോഗിച്ച് നടത്തുന്ന കോണറിന്റെ അഴിമതി ആണിത്. സണ്ഡേ റ്റൈംസിന്റെ എഡിറ്ററും രാഷ്ട്രീയക്കാരനുമായിരുന്ന ഫ്രഡറിക് വോസ്പർ കോണറിനെതിരെ ശക്തമായ വ്യക്തിഹത്യ നടത്തിക്കൊണ്ടിരുന്നു. എങ്കിലും അക്കാലത്തെ പ്രവിശ്യാ സർവേയർ ജനറൽ ആയിരുന്ന സർ ജോൺ ഫോറസ്റ്റ്, എഞ്ചിനീയറും കോണറിനെ ശക്തമായി പിന്തുണച്ചവരിൽ ഒരാളും ആയിരുന്നു. 1902 ആയപ്പോഴേക്കും പദ്ധതിയുടെ 95 ശതമാനത്തിലധികവും എക്സിക്യൂഷൻ തീർന്നിരുന്നു. പക്ഷേ അപ്പോഴേക്കും ഫോറസ്റ്റ് ദേശീയരാഷ്ട്രീയത്തിലേക്ക് ശ്രദ്ധ തിരിച്ചു. ഫോറസ്റ്റിന്റെ പിന്തുടർച്ചക്കാരനായി വന്ന ജോർജ് ലീക് ആകട്ടെ, ഗോൾഡ്ഫീൽഡ്സ് വോട്ടർ സപ്ലൈ സ്കീമിന്റെ കടുത്ത വിമർശകനും. അതോടെ പത്രങ്ങൾ പൂർവ്വാധികം ശക്തമായി കോണറെ വിമർശിച്ചു. സർക്കാർ തലത്തിൽ ഈ വോട്ടർ സപ്ലൈ പ്രൊജക്ടിലെ അഴിമതി അന്വേഷിക്കണമെന്ന ആവശ്യം ശക്തമായി.
സണ്ഡേ റ്റൈംസ് ദിനപത്രം കോണറെ പറ്റി ഇങ്ങനെ എഴുതി,
"And apart from any distinct charge of corruption this man has exhibited such gross blundering or something worse, in his management of great public works it is no exaggeration to say that he has robbed the taxpayer of this state of many millions of money...This crocodile imposter has been backed up in all his reckless extravagant juggling with public funds, in all his nefarious machinations behind the scenes by the kindred-souled editor of The West Australian"
ആരോപണങ്ങൾ ശക്തമായതിൽ മനം നൊന്ത് ആ മഹാനായ എഞ്ചിനീയർ താൻ തന്നെ ഡിസൈൻ ചെയ്ത ഒരു എഞ്ചിനീയറിംഗ് അത്ഭുതത്തെ (ഫ്രെമാന്റിൽ ഹാർബർ) തന്റെ സ്മാരകമാക്കി മാറ്റി. റോബ് ജെട്ടിയിലേക്ക് തന്റെ കുതിരയെ പായിച്ച് വിട്ട്, സ്വശിരസ്സിലേക്ക് വെടിവച്ചു.
ശേഷം നടന്ന സർക്കാർ അന്വേഷണങ്ങളിൽ, കോണർ ഒരു ഡോളറിന്റെ അഴിമതി പോലും നടത്തിയിട്ടില്ലെന്ന് തെളിഞ്ഞു. 1903 ൽ പ്രൊജക്റ്റ് കമ്മീഷൻ ചെയ്തു. 115 ആമത്തെ വർഷവും ആ പൈപ്പ്ലൈനിലൂടെ ഗോൾഡ്ഫീൽഡിലെ മനുഷ്യർക്ക് വെള്ളം എത്തുന്നു! മാദ്ധ്യമസ്ഥാപനങ്ങളുടെ കെടുകാര്യസ്ഥത മൂലം ഓസ്ട്രേലിയയ്ക്കും ലോകത്തിനും നഷ്ടമായത് ലോകം കണ്ടതിൽ വച്ചേറ്റം മികച്ച സിവിൽ എഞ്ചിനീയർമാരിൽ ഒരാളെയാണ്. തങ്ങളുടെ വാദം ശരിയാണെന്ന് തെളിയിക്കാൻ ആ മഹാമനീഷി ബൈപോളാർ ഡിസോഡർ ബാധിച്ച ആളായിരുന്നു എന്ന് മീഡിയാ കാമ്പെയ്നിംഗ് തുടങ്ങി. മരിച്ചാൽ പോലും വെറുതേ വിടാത്തവർ.
ലൈക്ക്കൂടുതൽ പ്രതികരണങ്ങൾ കാണിക്കുക

No comments:

Post a Comment