Tuesday, 19 June 2018

ചെലിയാ - ഒരു ചെറിയ 'വലിയ' സമുദായം



ചെലിയാ - ഒരു ചെറിയ 'വലിയ' സമുദായം 
അധികമാരും പറഞ്ഞിട്ടില്ലാത്ത ചരിത്ര സംഭവങ്ങൾ, ചരിത്ര താളുകളിൽ തങ്കലിപികളാൽ എഴുതപ്പെടാത്ത വ്യക്തിത്വങ്ങൾ, ജിജ്ഞാസയുണർത്തുന്ന കൊച്ചു അറിവുകൾ, എന്നെ സ്വാധീനിച്ച ചില ഭക്ഷണ രുചികൾ, രുചിയുടെ ചരിത്രങ്ങളെ പറ്റിയുമൊക്കെയാണ് ഞാൻ എഴുതിയിട്ടുള്ള വിഷയങ്ങളിലധികവും. നാനാത്വത്തിൽ ഏകത്വം എന്ന ആപത്‌വാക്യം നെഞ്ചോട് ചേർത്ത‌ നമ്മൾ ഇന്ത്യക്കാരിലെ വിവിധ ഭാഷാ, മത, സാമൂഹിക, ഗോത്രങ്ങളിലൂടെ ജീവിക്കുന്നവരെ പറ്റി പഠിക്കാനും വായിക്കാനും അറിഞ്ഞ കൊച്ചു കൊച്ചു കാര്യങ്ങൾ എഴുതിവെച്ച്‌ നിങ്ങളിൽ എത്തിക്കാനും ശ്രമിക്കാറുണ്ട്‌. ഇത്തരത്തിൽ ഞാൻ മുംബൈയിൽ വെച്ച്‌ ശ്രദ്ധിക്കാനിടയായ ഒരു ഗുജറാത്തി സമുദായത്തെ പറ്റി നിങ്ങളോട്‌ പങ്ക്‌ വെക്കട്ടെ.
തൊള്ളൂറുകളുടെ അവസാനം ഞാൻ ജീവിച്ചിരുന്ന സൗത്ത്‌ മുംബൈയിലെ മിക്ക നാല്ക്കവലകളിലും ഏതാണ്ട്‌ ഒരേ രീതിയിൽ വേഷവിധാനത്തിലുള്ള ജോലിക്കാരുള്ള, ഏകദേശം ഒരേ തരം രുചി വിളമ്പുന്ന കുറെ റെസ്റ്റോറന്റുകൾ ശ്രദ്ധിച്ചിട്ടുണ്ട്‌. ഞാൻ അന്ന് കണ്ട ഇവരുടെ മിക്ക റെസ്റ്റോറന്റുകളും ഓരോ വലിയ ജംക്ഷനിലെ കോർണർ കെട്ടിടങ്ങളിലാണ്. വലിയ നാല്കവലകളിലെ നാല് മൂലകളിലും വരെ ഇത്തരം ഓരോ ഹോട്ടലുകൾ കണ്ടിട്ടുണ്ട്‌. മലയാളികളിൽ ചിലർ ഇത്തരം ഗുജറാത്തി മുസ്ലീങ്ങൾ നടത്തുന്ന റെസ്റ്റോറന്റുകളെ 'ചെല്ല്യാറെ ഹോട്ടൽ' എന്ന് പറയുന്നത്‌ കേട്ടിട്ടുണ്ട്‌. തുച്ഛമായ വില ഈടാക്കി വളരെ മൃദുവായ ചപ്പാത്തിയും ദാൽ ഫ്രൈയും ദാൽ ഘോഷും മുതൽ മിക്ക മുഗളായി രുചികളും ഇത്തരം ചെല്ല്യാറെ ഹോട്ടലുകളിൽ നിന്ന് ഞാൻ കഴിച്ചിട്ടുണ്ട്‌.
ഹോട്ടലുകളുടെ പേരുകൾ പലതുമാണെങ്കിൽ കൂടി ഇവരുടെ റെസ്റ്റോറന്റുകളിലെ രുചി എല്ലായിടത്തും ഏതാണ്ട്‌ ഒരു പോലെയെന്ന് അന്ന് തോന്നിയിരുന്നു. ഹോട്ടലുകളുടെ സ്ഥാനവും വലിപ്പവും തുല്ല്യത പുലർത്തിയിരുന്നതോടൊപ്പം മരത്തിൽ നിർമ്മിച്ച കസേരകളും മരത്തിന്റെ ഫ്രേമിൽ നിർമ്മിച്ച ടേബിളിന്റെ മുകൾ ഭാഗം മാർബിൾ കല്ലുകൾ പാകിയിരുന്നു. സിറാമിക്‌ കോപ്പകളിൽ തന്നിരുന്ന ചായയ്ക്ക്‌ പോലും ഒരേ രുചി. വെള്ളവും ഭക്ഷണ വിഭവങ്ങളെല്ലാം സ്റ്റീൽ പാത്രങ്ങളിലുമായിരുന്നു. ‌ഹോട്ടൽ മുതലാളിയും ജീവനക്കാരുമൊക്കെ വെളുത്ത കുർത്താ പൈജാമ ധരിക്കുന്നവരുമായിരുന്നു. നിരയൊക്കാത്ത താടിമീശയുള്ളവരും തലയിലൊരു തൊപ്പിയും ഇറക്കം കുറഞ്ഞ പൈജാമയും കാരണം 'ചെല്ല്യാർ' എന്നിൽ കൗതുകമുണർത്തിയിട്ടുണ്ട്‌. രുചികരമായ വിഭവങ്ങൾ അതിലും വൃത്തിയായ അന്തരീക്ഷത്തിൽ തുച്ഛമായ വിലയ്ക്ക്‌ നൽകാനാവുന്നു എന്നതാണ് ഇത്തരം ഗുജറാത്തി ഹോട്ടലുകളുടെ മേന്മ. ചെലിയാ സമൂഹത്തിന്റെ ഹോട്ടലുകളിൽ പലവട്ടം കേറിയിറങ്ങിയിട്ടുണ്ടെങ്കിലും ഈ സമൂഹത്തെ പറ്റി കൂടുതൽ അറിയുന്നത്‌ ഈ അടുത്ത കാലത്ത്‌ ദുബൈയിൽ വെച്ച്‌ പരിചയപ്പെട്ട ഒരു ചെലിയ (Cheliya) സമുദായത്തിലെ വ്യക്തിയെ പരിചയപ്പെട്ടതോടെയാണ്.
പതിനാലാം നൂറ്റാണ്ടിൽ ഇന്നത്തെ ഗുജറാത്തിൽ പെടുന്ന പാലൻപൂരിലെ അധഃസ്ഥിതരായ കുറച്ച്‌ ഹിന്ദു മതവിശ്വാസികൾ കൂട്ടമായി മുസ്ലീം മതത്തിലേക്ക്‌ ആകർഷിക്കപ്പെട്ടതോടെയാണ് ഞങ്ങളുടെ സമുദായത്തിന്റെ ആരംഭമെന്ന് സുഹൃത്ത്‌ പറഞ്ഞ്‌ തന്നു. സമൂഹത്തിൽ അവർ അന്ന് നേരിട്ട്‌ കൊണ്ടിരുന്ന വിവേചനത്തിനും ദ്രോഹങ്ങൾക്കും കാരണം തങ്ങളുടെ മതമാണെന്ന് കരുതിയ അവർ മതം ഉപേക്ഷിച്ചാൽ സംരക്ഷിക്കപ്പെടുമെന്ന് വിശ്വസിച്ചിരിക്കാം. ചരിത്രമെന്തായാലും ഇന്ന് ഗുജറാത്തിലും മഹാരാഷ്ട്രയിലുമായി ചെലിയ സമൂഹം ഉയർന്ന സാമൂഹ്യചുറ്റുപ്പാടിൽ ജീവിച്ച്‌ വരുന്നു എന്നതിന്റെ ഉദാഹരണമാണ് ഈ സമൂഹം അഥിതിസൽക്കാര വ്യാപാരരംഗത്ത്‌ വെന്നിക്കൊടി പാറിച്ചത്‌. ജനസംഖ്യയിൽ അഞ്ച്‌ ലക്ഷത്തോളം പേർ മാത്രമുള്ള ഇവർക്ക്‌ ഗുജറാത്തിലും മഹാരാഷ്ട്രയിലുമായി 1500 ലധികം റെസ്റ്റോറന്റുകൾ പ്രവർത്തിക്കുന്നുണ്ട്‌. പൊതുജനങ്ങൾക്ക്‌ വേണ്ടി കൊള്ളലാഭമില്ലാതെ ഭക്ഷണം നൽകി വരുന്ന ഇവർ, സ്വന്തം സമൂഹത്തിലെ ഒരു ലക്ഷം പേർക്ക്‌ നേരിട്ട്‌ തൊഴിൽ നൽകുക കൂടി ചെയ്യുന്നുണ്ട്‌.
പരമ്പരാഗതാമായി ചെലിയ സമുദായം തങ്ങളുടെ പാചക മികവിൽ പ്രശസ്തരല്ലായിരുന്നിട്ട്‌ പോലും ആത്മ പരിശ്രമത്തിലൂടെയും ഇച്ഛാശക്തിയിലൂടെയും മാത്രം നേടിയെടുത്തതാണ് ഹോട്ടൽ വ്യവസായ രംഗത്തെ ഇവരുടെ വിജയം. സ്വാതന്ത്ര്യലബ്ധിക്ക് തൊട്ട്‌‌ മുമ്പ്‌ വരെ ഗുജറാത്തിലെ പാലൻപൂരിൽ കൃഷിയുമായി കഴിഞ്ഞിരുന്ന സമൂഹം, ഉയർന്ന് വരുന്ന ചെറിയ നഗരങ്ങളിലേക്ക്‌ തൊഴിലന്വേഷിച്ച്‌ യാത്രയാവുകയുണ്ടായി. കൂടുതൽ പേർ എത്തിച്ചേർന്നത്‌ ബോംബെ നഗരത്തിലായിരുന്നു. ആദ്യകാലങ്ങളിൽ ടാക്സിയോടിച്ച്‌ ജീവിതം മുന്നോട്ട്‌ കൊണ്ട്‌ പോയ ചെലിയർ തങ്ങളുടെ കൊച്ചു സമ്പാദ്യങ്ങൾ ഭക്ഷണശാല ആരംഭിക്കാനായി നിക്ഷേപിക്കുകയാണുണ്ടായത്‌. ഒന്നിൽ നിന്ന് തുടങ്ങി ഇന്ന് 1500 ലധികം റെസ്റ്റോറന്റുകൾ ചെലിയക്കാരുടേതായി പ്രവർത്തിച്ച്‌ വരുന്നു.
ഒരു കമ്പനിയുടേയോ സൊസൈറ്റി സംഘടനകളുടെയോ പിൻബലമില്ലാതെ, ശാഖകളില്ലാത്ത സ്വാകര്യ വ്യക്തികളുടെ സ്ഥാപനങ്ങളാണ് മിക്കവയും. സസ്യഹാരം മാത്രം വിളമ്പുന്ന ഹോട്ടലുകളും സസ്യ-സസ്യേതര വിഭവങ്ങൾ വിളമ്പുന്ന ഹോട്ടലുകളുമുണ്ട്‌. ഗുജറാത്തിൽ പ്രവർത്തിക്കുന്ന വെജി റെസ്റ്റോറന്റുകളായ 'നവ്‌ജീവൻ', 'സർവ്വോദയ', 'സർവ്വോത്തം' തുടങ്ങിയ ചില ചെലിയർ റെസ്റ്റോറന്റുകൾ ബ്രാഞ്ചുകളുമുണ്ട്‌. മുംബൈ മുതൽ മൗണ്ട്‌ അബു വരെ നീളുന്ന ഹൈവേയിലൂടെ സഞ്ചരിക്കുമ്പോൾ ഇത്തരം ഒരു പാട്‌ ഹോട്ടലുകൾ നിങ്ങൾക്ക്‌ കാണാനാവും.
വലിയ കമ്പനിയോ ഫ്രാഞ്ചൈസി സിസ്റ്റമോ ഇല്ലാതെ ഒരു വ്യക്തി ഹോട്ടൽ ആരംഭിക്കാൻ മുന്നിട്ട്‌ വന്നാൽ അയാൾക്ക്‌ വേണ്ട ധനസഹായം സ്വന്തം സമുദായ അംഗങ്ങളിൽ നിന്ന് സ്വരൂപിക്കുകയും അവർ കച്ചവടത്തിൽ പങ്കാളിയാവുകയും ചെയ്യുന്ന രീതിയാണ് ചെലിയാർ പിന്തുടരുന്നത്‌. ഒന്നിൽ നിന്ന് തുടങ്ങി ആയിരത്തിയഞ്ഞൂറിൽ എത്തിയിരിക്കുന്ന ഈ വിജയഗാഥയുടെ രഹസ്യം തേടി പല സംഘടനകൾ ചെലിയ സമൂഹത്തെ സമീപിച്ചിട്ടുണ്ടത്രെ. വേഷവിധാനത്തിൽ ഹോട്ടൽ ഉടമസ്ഥനെയും ജീവനക്കാരെയും തിരിച്ചറിയാൻ ബുദ്ധിമുട്ടുന്ന, രുചികരമായ ഭക്ഷണം മിതമായ നിരക്കിൽ വിളമ്പുന്ന ചെലിയരുടെ ജോലിയിലുള്ള ആത്മസമർപ്പണവും വിജയവും നമുക്കും ഒരു പാഠമാണ്.

ചിത്രം - സൗത്ത്‌ മുംബൈയിൽ ഞാൻ സ്ഥിരമായി ഭക്ഷിച്ചിരുന്ന ഒരു ചെലിയ റെസ്റ്റോറന്റ്‌.

No comments:

Post a Comment