മാനവചരിതം യുദ്ധങ്ങളുടേയും ചരിതമാണ്
മണ്ണിനോ പെണ്ണിനോ സ്ഥാനത്തിനോ അഭിമാനത്തിനോ അധികാരത്തിനോ വിഭവങ്ങൾക്കോ സമ്പത്തിനോ വേണ്ടിയായിരുന്നു എല്ലാ യുദ്ധങ്ങളും
ജേതാക്കൾ ചരിത്രമെഴുതി. അല്ലെങ്കിൽ അവരുടേതായിരുന്നു ചരിത്രം.
ജയിച്ചവർ വീരരും തോറ്റവർ എന്നും ഹീനരും ആയി തരംതിരിക്കപ്പെട്ടു
ചില അപൂർവസന്ദർഭങ്ങളിൽ മാത്രം തോറ്റവർ നക്ഷത്രങ്ങളെപ്പോലെ തിളങ്ങിക്കണ്ടു.
പല യുദ്ധങ്ങളിലും ജയവും തോൽവിയും നിശ്ചയിക്കുന്നത് ആയുധബലമോ ആൾബലമോ അല്ല, യുദ്ധതന്ത്രങ്ങളാണ് താരങ്ങൾ.
പോർ നയിക്കുന്ന ആളിന്റെ തീരുമാനങ്ങളാണ് ജയപരാജയങ്ങൾ നിർണ്ണയിക്കുന്നത്.
ആ തീരുമാനങ്ങളെടുക്കാൻ ചിലപ്പോൾ ദിവസങ്ങളുടെ സമയം ലഭിച്ചേക്കാം. ചിലപ്പോൾ മണിക്കൂറുകളോ മിനിറ്റുകളോ മാത്രവും ലഭിക്കുന്നു.
മറ്റുചിലപ്പോൾ സെക്കൻഡുകൾക്കകം തീരുമാനമെടുത്ത് പടയാളികളെ നയിക്കേണ്ടിവരുന്നു.
അങ്ങോട്ട് പോകേണ്ടതിനു പകരം ഇങ്ങോട്ട് എന്ന അരനിമിഷത്തെ തീരുമാനമായിരിക്കാം ഒരു ബറ്റാലിയൻ മുഴുവനും യുദ്ധഭൂമിയിൽ പിടഞ്ഞുതീരാൻ ഇടയാകുന്നത്.
പട്ടാളക്കാരും മനുഷ്യരാണ്. അവർക്കും വേദനകളും ഭയങ്ങളും മറ്റെല്ലാ മനുഷ്യരെപ്പോലെ തന്നെ അനുഭവപ്പെടും.
അവർക്ക് മുറിവ് പറ്റിയാലും വേദനിക്കും. അവരും സ്വന്തജീവൻ രക്ഷിക്കാൻ തന്നെയാണ് നോക്കാറുള്ളത്. നിങ്ങൾ ആദ്യം ശത്രുവിനെ കൊന്നില്ലെങ്കിൽ ശത്രു നിങ്ങളെ കൊല്ലും എന്നതാണ് യുദ്ധതന്ത്രത്തിന്റെ ആദ്യപാഠം.
മുന്നണിയിൽ പോരാടുന്ന ഏത് ജവാന്റെയും ജീവന്റെ ഉത്തരവാദിത്വം അതിന്റെനായകനു തന്നെയാണ്. നായകന്റെ തീരുമാനങ്ങളിൽ വലിയോരളവോളം ജയപരാജയങ്ങൾ എഴുതപ്പെട്ടിരിക്കുന്നു.
ഇൻഡ്യ ഒരു ഫുൾസ്കെയിൽ യുദ്ധത്തിൽ ഏർപ്പെട്ടിട്ട് ഇത് 45 വർഷം കഴിഞ്ഞിരിക്കുന്നു. 50 വയസ്സെങ്കിലും ഇല്ലാത്ത ഒരാളിന് യുദ്ധത്തിന്റെ ഓർമ്മകളോ അനുഭവങ്ങളോ ഉണ്ടായിരിക്കാൻ സാദ്ധ്യതയില്ല.
അതുകൊണ്ട് ആ യുദ്ധകാലത്തെപ്പറ്റി എഴുതുന്നത് ചരിത്രാന്വേഷികളിൽ അധികപ്പറ്റ് ആകുകയില്ലെന്ന് കരുതുന്നു. കാരണം ഇത് നമ്മുടെ രാജ്യത്തിന്റെ യുദ്ധചരിത്രത്തിന്റെ ഏടുകളാണ്. നിങ്ങളിൽ പലരും കേട്ടിട്ട് പോലും ഇല്ലാത്ത യുദ്ധകഥകൾ.
1971 ഇൻഡോ-പാക് യുദ്ധത്തിൽ നാവികസേന വലിയൊരളവിൽ ഭാഗമായിരുന്നു. അത്ര വിപുലമായതോതിൽ നാവികസേന ഉൾപ്പെട്ടിട്ടും കടലിൽ നമ്മുടെ നഷ്ടം വളരെ വിരളമായിരുന്നു.
ഐ എൻ എസ് ഖുക്രി എന്ന യുദ്ധക്കപ്പൽ തകർക്കപ്പെടുന്നതുവരെ.
യുദ്ധത്തിൽ ഇൻഡ്യയ്ക്ക് നഷ്ടപ്പെടുന്ന ആദ്യത്തേതും അവസാനത്തേതുമായ പോർക്കപ്പൽ.
കടലിൽ മുങ്ങിത്താഴുന്ന കപ്പലിനോടൊപ്പം ഋഷിതുല്യമായ ശാന്തതയോടെ അറബിക്കടലിന്റെ തണുപ്പിലേക്ക് ആഴ്ന്നുപോയ ക്യാപ്റ്റൻ മഹേന്ദ്രനാഥ് മുല്ല.
രക്ഷാകവചവുമായെത്തിയ സെക്കൻഡ് ഓഫിസറോട്
"നിങ്ങൾ കഴിയുന്നതും വേഗം രക്ഷപ്പെടൂ" എന്ന് അവസാനത്തെ ഓർഡർ നൽകിയിട്ട്, കപ്പലിനോടൊപ്പം ക്യാപ്റ്റനും മുങ്ങുക എന്ന കടലിലെ പഴയ ഒരു ആചാരം പാലിച്ചു.
"നിങ്ങൾ കഴിയുന്നതും വേഗം രക്ഷപ്പെടൂ" എന്ന് അവസാനത്തെ ഓർഡർ നൽകിയിട്ട്, കപ്പലിനോടൊപ്പം ക്യാപ്റ്റനും മുങ്ങുക എന്ന കടലിലെ പഴയ ഒരു ആചാരം പാലിച്ചു.
ഒരു ക്യാപ്റ്റന് തന്റെ കപ്പൽ നഷ്ടപ്പെടുക എന്നാൽ ഒരു രാജാവിന് തന്റെ രാജ്യം നഷ്ടപ്പെടുന്ന വൈകാരികസംഘട്ടനം തന്നെ ആയിരുന്നിരിക്കാം. തന്റെ യുദ്ധത്തിൽ താൻ പരാജയപ്പെട്ടു എന്ന ബോധ്യത്തോടെ ജീവിക്കുന്നതിലും ഭേദം, തന്റെ തീരുമാനങ്ങളാൽ 196 ജീവിതങ്ങൾ കടലിൽ പൊലിഞ്ഞു എന്ന ബോധ്യത്തോടെ ജീവിക്കുന്നതിലും ഭേദം മരണമാണഭികാമ്യം എന്ന് അദ്ദേഹം ചിന്തിച്ചിട്ടുണ്ടാവാം.
എന്തായാലും നമ്മുടെ യുദ്ധചരിതത്തിലെ നഷ്ടത്തിലും തിളങ്ങുന്ന നക്ഷത്രമാണ് ക്യാപ്റ്റൻ മഹേന്ദ്രനാഥ് മുല്ല
യുദ്ധത്തിന്റെ അലയൊലികളും കണക്കെടുപ്പുകളും ഇനിയും അടങ്ങിയിട്ടില്ലാത്ത എൺപതുകളുടെ പ്രാരംഭത്തിലാണ് വിശാഖപട്ടണം നേവൽ ബേസിൽ അപ്രന്റിസ് ആയി എത്തുന്നത്.
ആ വലിയ കെട്ടിടങ്ങളുടെ ചരിഞ്ഞ മേല്‍ക്കൂരയില്‍ പലയിടത്തും യുദ്ധതന്ത്രങ്ങളെപ്പറ്റിയും ദേശാഭിമാനത്തെയും പറ്റിയുമൊക്കെ മുദ്രാവാക്യങ്ങൾ എഴുതിവച്ചിട്ടുണ്ട്. ഞങ്ങളുടെ ബിൽഡിംഗിന്റെ മേൽക്കൂരയിൽ എഴുതിയിരിക്കുന്ന വാക്കുകള്‍ വളരെ ദൂരെ നിന്ന് തന്നെ വായിക്കാം. If you want peace, prepare for war ! എന്നാണ് അവിടെ എഴുതിയിരിക്കുന്നത്. അതിന്റെ അര്‍ഥത്തിന്റെയൊരു ഗരിമ അറിയാതെ തന്നെ ആരുടെയും ശ്രദ്ധ കവരും.
സ്കൂളിലും കോളെജിലും ഐ റ്റി ഐയിലുമൊക്കെ സാധുക്കളായി പഠിച്ചിറങ്ങിയ ഞങ്ങള്‍ക്ക് നാവികസേനയുടെ ടെക്നിക്കല്‍ സ്കൂളിലേയ്ക്ക് പെട്ടെന്നൊരു വാതില്‍ തുറന്നപ്പോള്‍ കാണുന്നതെല്ലാം അദ്ഭുതമായിരുന്നു. സ്വപ്നത്തില്‍ പോലും കണ്ടിട്ടില്ലാത്ത പടക്കപ്പലുകള്‍, സാധാരണക്കാര്‍ക്ക് ഒരിക്കലും കാണാന്‍ കഴിയാത്ത മുങ്ങിക്കപ്പലുകളും പടക്കോപ്പുകളും, വെട്ടിത്തിളങ്ങുന്ന തൂവെള്ള യൂണിഫോം അണിഞ്ഞ ഓഫീസര്‍മാരുടെ സെറിമോണിയല്‍ പരേഡിന്റെ അരികുകളിലൂടെ ഉള്ള യാത്രകള്‍, “സമുദ്രിക“ എന്ന നേവല്‍ തിയേറ്ററിലെ ക്ലാസിക് സിനിമകളുടെ ഫ്രീ കാഴ്ച്ചകള്‍. യുദ്ധസജ്ജമായ ടാങ്കുകളുടെയും വലിയ പീരങ്കികളുടെയും ഇടയിലൂടെയൊക്കെയുള്ള നുഴഞ്ഞുകയറല്‍. ഉച്ചവരെയുള്ള തിയറി ക്ലാസ്, അതുകഴിഞ്ഞ് ഷിപ് യാര്‍ഡിലെ വര്‍ക് ഷോപ്പുകളിലും ഷിപ്പുകളിലുമുള്ള പ്രാക്റ്റിക്കല്‍ ക്ലാസ്സുകള്‍. ഇന്‍ഡ്യയുടെ പരിച്ഛേദമായ ഹോസ്റ്റലിലെ താമസം. രാവിലെ മടിച്ച് മടിച്ച് ഉള്ള പി.റ്റി. ഇതെല്ലാം പുതിയതരത്തിലുള്ള അനുഭവങ്ങളായിരുന്നു. വിശാഖപട്ടണം നേവല്‍ ഡോക്ക് യാര്‍ഡിൽ ഞങ്ങൾ ഒരു പുതുജീവിതശൈലി പഠിക്കുകയായിരുന്നു
ആ രണ്ടു വര്‍ഷം ഇന്‍ഡ്യന്‍ നേവിയുടെ സിവിലിയന്‍ ലൈഫ് പരിശീലനം ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത അനേക പാഠങ്ങളാണ് പഠിപ്പിച്ചത്. അനുസരണത്തിന്റെ ഏറ്റവും ഉയര്‍ന്ന രൂപം രണ്ടിടത്താണേറ്റമധികം ദൃശ്യമാവുന്നതെന്ന് ചിലപ്പോള്‍ തോന്നും. ഒന്ന് നമ്മുടെ വളര്‍ത്തുനായയിലാണ്. പിന്നെ ഡിഫന്‍സ് ഫോര്‍സിലും. ആദ്യം അനുസരിക്കുക, പിന്നെ പരാതിയുണ്ടെങ്കില്‍ പറയുക എന്നതാണ് പ്രതിരോധസേനയിലെ വഴക്കം. ഓഫിസര്‍ നിന്നോട് കിണറ്റില്‍ ചാടാന്‍ പറഞ്ഞാല്‍ ഉടന്‍ ചാടുക, കയറിവരാന്‍ ഭാഗ്യമുണ്ടെങ്കില്‍ വന്ന് എന്തിനാണ് കിണറ്റില്‍ ചാടാന്‍ പറഞ്ഞതെന്ന് ചോദിക്കുക. ഇത്തരത്തിലുള്ള അനുസരണം തീര്‍ച്ചയായും വേണം. അല്ലെങ്കില്‍ എന്ത് അരാജകത്വം ആയിരിക്കും അല്ലേ?
അവിടത്തെ നീണ്ട ഇടനാഴികളിൽ പല യുദ്ധവീരന്മാരുടെയും ചരിതങ്ങൾ എഴുതി ചില്ലിട്ട് വച്ചിട്ടുണ്ടായിരുന്നു. അതിൽ ഒരു ബോർഡിൽ നിന്നാണ് ഐ എൻ എസ് ഖുക്രിയെപ്പറ്റി ആദ്യം വായിക്കുന്നത്. അത് പൂർണ്ണമായും വായിച്ചു, പിന്നെ സീനിയർമാരോട് ചോദിച്ചു. അങ്ങനെ ഖുക്രിയേയും മുല്ലയെയും പറ്റി പഠിച്ചു. പിന്നെ പലപ്പോഴും കപ്പലുകളിലൂടെ കയറിയിറങ്ങി നടക്കുമ്പോൾ “ഖുക്രി“യെയും ഓര്‍മ്മിച്ചു.ഖുക്രിയുടെ ബ്രിഡ്ജില്‍ കമാന്‍ഡ് സീറ്റില്‍ ഇരുന്ന് ശാന്തതയോടെ അറബിക്കടലിന്റെ ആഴങ്ങളിലേയ്ക്ക് പോയ ക്യാപ്റ്റന്‍ മഹേന്ദ്ര നാഥ് മുല്ലയെ ഓര്‍ത്തു. മുല്ലയോടൊപ്പം അറേബ്യന്‍ കടലിന്റെ തണുത്ത ആഴങ്ങളില്‍ അന്ത്യനിദ്ര പൂകിയ 196 നാവികരെ ഓര്‍ത്തു. നീണ്ട നാല്പത്തൊന്ന് വര്‍ഷമായി അഗാധതയിലുറങ്ങുന്ന, നിഗൂഢത ചൂഴുന്ന ഒരു യുദ്ധക്കപ്പലും 197 ആത്മാക്കളും. ഇന്‍ഡ്യയ്ക്ക് ആദ്യമായും അവസാനമായും നഷ്ടപ്പെട്ട ഒരേയൊരു യുദ്ധക്കപ്പല്‍.
വടക്കന്‍ പാട്ടിലെ വീരകഥകള്‍ പാടിപാടി നടക്കുന്ന പാണന്മാരെപ്പോലെ ഖുക്രിയുടെയും എം എന്‍ മുല്ലയുടെയും വീരചരിതം ഒരുതവണയെങ്കിലും ആരെങ്കിലും ആരോടെങ്കിലും പറയാതെ സിന്ധ്യയിലെ ഹോസ്റ്റലില്‍ എന്നെങ്കിലും രാവുറങ്ങിയിട്ടുണ്ടാവുമോ? സംശയമാണ്. അത് 1981 അവസാനമായിരുന്നു. വെറും പത്തുവര്‍ഷങ്ങള്‍ മാത്രമേ കഴിഞ്ഞിട്ടുള്ളു ഖുക്രി മുങ്ങിപ്പോയിട്ട്. ഈ കുറിപ്പ് വായിക്കുന്നവരില്‍ എത്ര പേര്‍ എഴുപത്തൊന്നിലെ യുദ്ധത്തെപ്പറ്റി ഓര്‍മ്മയുള്ളവര്‍ കാണുമെന്നറിയില്ല. എന്നാല്‍ എന്നും രാവിലെ സ്കൂള്‍ അസംബ്ലിയില്‍ “ ഇന്ന് നമ്മള്‍ ശത്രുവിന്റെ രണ്ട് ടാങ്കുകള്‍ തകര്‍ത്തു” അല്ലെങ്കില്‍ “ഇന്ന് ഒരു വിമാനം വെടിവച്ചിട്ടു” എന്നൊക്കെയുള്ള പത്രവാര്‍ത്തകള്‍ വായിച്ച് കേട്ട് ജയ് ഹിന്ദ് പറഞ്ഞ് ക്ലാസ് മുറികളിലേയ്ക്ക് നടന്നതൊക്കെ ഓര്‍മ്മയില്‍ മങ്ങാതെ നില്‍ക്കുന്നു.
നാവികസേനയുടെ വെസ്റ്റേണ്‍ ഫ്ലീറ്റിലെ പതിനാലാം ഫ്രിഗെറ്റ് സ്ക്വാഡ്രനില്‍ മൂന്ന് കപ്പലുകളാണുണ്ടായിരുന്നത്. ഖുക്രി, ക്രിപാണ്‍, കുത്താര്‍. മൂന്നും ഓരോ തരത്തിലുള്ള കത്തികളുടെ പേരാണ്. ക്രിപാണ്‍ സിക്കുകാര്‍ മതചിഹ്നം ആയി ധരിക്കുന്ന കത്തിയാണെന്നറിയാമല്ലോ. അതില്‍ ഫ്ലാഗ് ഷിപ് ഖുക്രി ആയിരുന്നു. ക്യാപ്റ്റന്‍ എം എന്‍ മുല്ലയും. എഴുപത്തൊന്നിലെ യുദ്ധത്തില്‍ വെസ്റ്റേണ്‍ ഫ്ലീറ്റിന് വലിയ ചുമതലകളും കടമകളും നിര്‍വഹിക്കാനുണ്ടായിരുന്നു. കച്ച് മുതല്‍ കൊച്ചി വരെ തീരവും കടലും സംരക്ഷിക്കുന്നത് ഇതിന്റെ കടമ ആയിരുന്നു. അതു മാത്രമല്ല പാക്കിസ്ഥാന്‍ തീരങ്ങളും തുറമുഖങ്ങളും ആക്രമിക്കുന്നതും പാക്കിസ്ഥാന്റെ എവ്വിധമുള്ള കടല്‍യാത്രകളും തടയുന്നതും ഡ്യൂട്ടിയില്‍ പെടും.
നവംബര്‍ മാസമദ്ധ്യത്തില്‍ തന്നെ യുദ്ധത്തിന്റെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടിത്തുടങ്ങിയിരുന്നു. ഡിസംബര്‍ രണ്ടാം തീയതി ഖുക്രി, ക്രിപാണ്‍, കുത്താര്‍ ത്രയം കറാച്ചി ലക്ഷ്യമാക്കി പുറപ്പെട്ടു. നാല് ഒസാ മിസൈല്‍ ബോട്ടുകളും രണ്ട് പേറ്റ്യാ യുദ്ധക്കപ്പലുകളും അടങ്ങുന്നതായിരുന്നു കമാന്‍ഡ്. നാലാം തീയതി കുതാറിന്റെ ബോയിലറിലുണ്ടായ ഒരു പൊട്ടിത്തെറി മൂലം പ്രവര്‍ത്തനരഹിതമായി. ക്രിപാണ്‍ അവളെ കെട്ടിവലിച്ച് ബോംബേ ലക്ഷ്യമാക്കി യാത്ര പുറപ്പെട്ടു. ഒപ്പം ഖുക്രിയും മറ്റു കപ്പലുകളും മടങ്ങി. അഞ്ചാം തീയതി ഖുക്രിയുടെ സൊണാര്‍ സമുദ്രാന്തര്‍ഭാഗത്തുനിന്ന് സിഗ്നലുകള്‍ പിടിച്ചെടുത്തു. മുങ്ങിക്കപ്പലിന്റെ സാന്നിദ്ധ്യം മനസ്സിലായ അവര്‍ ഹെഡ് ക്വാര്‍ട്ടെര്‍സിനെ വിവരം അറിയിച്ചു. ആറാം തീയതി അവര്‍ ബോംബെയിലെത്തി.
(ഇവിടെ സൊണാർ എന്ന ഉപകരണത്തെപ്പറ്റി പറയേണ്ടത് അത്യാവശ്യമാണ്. Sound Navigation And Ranging എന്നതിന്റെ ചുരുക്കെഴുത്ത് ആണ് സൊണാർ. രണ്ടുതരം സൊനാർ ഉണ്ട്. ആക്റ്റിവ് സൊണാർ, പാസിവ് സൊണാർ. ആക്റ്റിവ് സൊണാർ ശബ്ദതരംഗങ്ങളെ പുറപ്പെടുവിക്കുന്നു. അത് ചെന്ന് ഏതെങ്കിലും ഒബ്ജക്റ്റിൽ തട്ടിയിട്ട് തിരിച്ച് റസീവറിൽ എത്തുന്നു. തിരിച്ചെത്തുന്ന തരംഗങ്ങലുടെ സ്വഭാവം വച്ച് അന്യവസ്തുവിന്റെ രൂപം, ദൂരം, സ്ഥാനം ഒക്കെ കണ്ടുപിടിക്കുന്നു. പാസിവ് സൊണാർ തരംഗങ്ങളെ അയക്കുന്നില്ല, എന്നാൽ കടലിൽ മറ്റെവിടെയെങ്കിലും ശബ്ദങ്ങളുണ്ടെങ്കിൽ അവ പിടിച്ചെടുത്ത് അറിവ് കൊടുക്കുന്നു. രണ്ടിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്, വിസ്താരഭയം കൊണ്ട് ഒതുക്കുന്നു)
കടലിൽ ഏറ്റവും ഭയക്കേണ്ടത് മുങ്ങിക്കപ്പലിനെയാണ്. മുങ്ങിക്കപ്പലിനെ കണ്ടുപിടിക്കുക അത്ര എളുപ്പമായ കാര്യമല്ല. അവർക്ക് പൊങ്ങിക്കപ്പലിനെ കണ്ടുപിടിക്കുന്നതും എളുപ്പമല്ലെങ്കിലും രണ്ടും താരതമ്യപ്പെടുത്തിയാൽ മേൽക്കൈ മുങ്ങിക്കപ്പലിനുതന്നെ. ഒരു വൈക്കോൽക്കൂനയിൽ ഒളിപ്പിച്ചിട്ടുള്ള സൂചി കണ്ടുപിടിക്കുന്നതുപോലെ തന്നെ വിഷമകരമാണ് ഒളിഞ്ഞിരിക്കുന്ന മുങ്ങിക്കപ്പലിനെ കണ്ടുപിടിക്കുന്നതും.
തൊട്ടടുത്ത് ആണെങ്കിൽ പോലും മുങ്ങിയാൽ പിന്നെ കണ്ടുപിടിക്കാനാവില്ല. ഒരേയൊരു മാർഗം സൊണാർ മാത്രം. വെള്ളത്തിൽ പത്തുമീറ്റർ ദൂരെയുള്ള വസ്തുവിനെ നോക്കുന്നതും ചുവരിന്റെ അപ്പുറത്തും ഇപ്പുറത്തും നിന്ന് നോക്കുന്നതും ഒരുപോലെ തന്നെ. ഒന്നും കാണുകയില്ല.
സൊണാർ പോലും പലവിധ ബാഹ്യഘടകങ്ങൾക്ക് വിധേയമാണ്. വലിയ ഒരു മീൻകൂട്ടം നീന്തിപ്പോകുന്നതോ, വെള്ളത്തിന്റെ മർദ്ദവ്യത്യാസങ്ങളാലുണ്ടാകുന്ന അടിയൊഴുക്കുകളോ ഒക്കെ സൊണാറിനെയും അതുവഴി ക്യാപ്റ്റന്റെ തീരുമാനങ്ങളെയും ബാധിച്ചേക്കാം.
എന്നാല്‍ തന്ത്രപ്രധാനമായ ഡിയു ഏരിയയില്‍ ശത്രുവിന്റെ ഒരു മുങ്ങിക്കപ്പല്‍ എന്നത് ഏറ്റവും അപകടകരമായ കാര്യം തന്നെയായിരുന്നു. അതുകൊണ്ട് എട്ടാം തീയതി ക്രിപാണും ഖുക്രിയും സബ് മറൈന്‍ വേട്ടയ്ക്കായി പുറപ്പെട്ടു. അവര്‍ ഡിയുതുറമുഖവും പുറങ്കടലും അരിച്ചുപെറുക്കിക്കൊണ്ടിരുന്നു. ഒമ്പതാം തീയതി രാത്രി എട്ടു മണിയ്ക്ക് കടലിന്റെ ആഴങ്ങളില്‍ നിന്ന് ഹുംകാരത്തോടെ പാഞ്ഞുവന്ന ഒരു ടോര്‍പിഡോ ക്രിപാണിനെ തൊട്ടു തൊട്ടില്ല എന്നപോലെ പാഞ്ഞുപോയി. അവള്‍ പെട്ടെന്ന് തെന്നെ വെട്ടിത്തിരിഞ്ഞ് അപകടം ഒഴിവാക്കി.
എന്നാല്‍ ഒളിഞ്ഞിരിക്കുന്ന മുങ്ങിക്കപ്പലിന് ഖുക്രി നല്ലയൊരു ടാര്‍ഗറ്റ് ആയിരുന്നു. സബ്മറൈന്‍ കടല്‍ യുദ്ധതന്ത്രങ്ങളില്‍ പ്രധാനപ്പെട്ട ഒരു കാര്യമാണ് നേര്‍ രേഖയില്‍ സഞ്ചരിക്കരുതെന്നതും ബ്രോഡ് സൈഡ് ഒരേ ദിശയില്‍ അധികനേരം പ്രദര്‍ശിപ്പിക്കരുതെന്നതും. മാത്രമല്ല, പുതിയ സൊണാര്‍ സംവിധാനം ഫിറ്റ് ചെയ്തിരുന്നതിനാല്‍ അത് പരീക്ഷിക്കുന്നതിനും കൂടുതല്‍ മികവുള്ള ശബ്ദതരംഗങ്ങള്‍ പിടിച്ചെടുക്കുന്നതിനും ഖുക്രി ശാന്തസമയങ്ങളിലെന്നപോലെ മെല്ലെയാണ് യാത്ര ചെയ്തിരുന്നതും.
അടുത്ത ടോര്‍പിഡോ അവളുടെ ഫ്യൂവല്‍ ടാങ്കിന്റെ പരിസരങ്ങളിലാണ് പതിച്ചത്. വലിയ സ്ഫോടനം നടന്നു. ഉടനെ തന്നെ കപ്പല്‍ മുങ്ങുമെന്നറിഞ്ഞ ക്യാപ്റ്റന്‍ ലൈഫ് ബോട്ടുകളും റാഫ്റ്റുകളും ഇറക്കാന്‍ കല്പന കൊടുത്തു. സ്ഫോടനത്തില്‍ തന്നെ വളരെയധികം നാവികര്‍ കൊല്ലപ്പെട്ടിരുന്നു. അവശേഷിച്ചവരോട് എത്രയും വേഗം ലൈഫ് ജാക്കറ്റ് ധരിച്ച് കടലിലേയ്ക്ക് ചാടി രക്ഷപ്പെടുവാന്‍ ക്യാപ്റ്റന്‍ നിര്‍ദേശിച്ചു.
ഒരു സൈനികന്‍ ക്യാപ്റ്റന്റെ ലൈഫ് ജാക്കറ്റുമായി അരികിലേയ്ക്ക് വന്നു. സല്യൂട്ട് ചെയ്തിട്ട് അവസാന ബോട്ട് പുറപ്പെടാന്‍ തയ്യാറായിരിക്കുന്നുവെന്നും പെട്ടെന്ന് ബ്രിഡ്ജ് വിട്ട് വരാനും ക്യാപ്റ്റനോട് അപേക്ഷിച്ചു. പ്രശാന്തമായ മുഖഭാവത്തോടെ മുല്ല പറഞ്ഞു: ലഫ്റ്റനന്റ്, നീ എന്നെക്കുറിച്ചോര്‍ത്ത് വിഷമിക്കേണ്ട, നീ കഴിയുന്നതും വേഗം പുറത്തുകടന്ന് രക്ഷപ്പെട്ടുകൊള്‍ക. രക്ഷപ്പെട്ട് നീന്തുന്നതിനിടയില്‍ ചിലര്‍ തിരിഞ്ഞു നോക്കിയപ്പോള്‍ ക്യാപ്റ്റന്‍ തന്റെ കസേരയില്‍ ശാന്തനായി സിഗരറ്റും പുകച്ചുകൊണ്ട് ഇരിക്കുന്നതാണ് കണ്ടത്. ഇഞ്ചിഞ്ചായി മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലില്‍ രക്ഷപ്പെടാന്‍ എല്ലാ വഴിയും തുറന്നുകിടക്കെ മരണത്തെ സ്വയം വരിച്ച ഒരു ധീരന്‍.
കടലിലെ പ്രൌഢമായ ഒരാചാരമാണ് ക്യാപ്റ്റന്‍ മുങ്ങുന്ന കപ്പലിനോടൊപ്പം പോവുക എന്നത്. ജപ്പാനിലെ ഹര-കിരി പോലെയെന്ന് പറയാം. സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളില്‍ കാണുന്നത് അവസാനസമയത്ത് തന്റെ രണ്ടാമനായ ലഫ്റ്റനന്റ് കമാണ്ടര്‍ ജോഗിന്ദര്‍ കിഷന്‍ സൂരിയും ക്യാപ്റ്റന് പിന്തുണ കൊടുത്തുകൊണ്ട് ബ്രിഡ്ജിലുണ്ടായിരുന്നു എന്നാണ്. 18 ഓഫിസര്‍മാരും 179 നാവികരും അന്ത്യശ്വാസം വലിച്ച നൌകയില്‍ അവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് അറബിക്കടലിന്റെ അഗാധതയിലേയ്ക്ക് ഋഷിതുല്യമായ ശാന്തതയോടെ കടന്നുപോയ ആ നാല്പത്തഞ്ചുവയസ്സുകാരന്റെ മനസ്സില്‍ കൂടി കടന്നുപോയ ചിന്തകളെന്തായിരിക്കാം?
മുങ്ങുന്ന ഖുക്രിയുടെ സഖിയായ ക്രിപാണിന് ഒരു വിഷമവൈതരണിയായിരുന്നു പിന്നെയുള്ള നിമിഷങ്ങള്‍. ശത്രുവിന്റെ മിസൈലിനെ വകവയ്ക്കാതെ കടലില്‍ അകപ്പെട്ടുപോയ നാവികരെ രക്ഷപ്പെടുത്തുകയോ കഴിയുന്നതും വേഗം രക്ഷാമാര്‍ഗം തേടുകയോ? ക്രിപാണ്‍ എന്തായാലും രണ്ടാമത്തെ മാര്‍ഗം തെരഞ്ഞെടുത്തു. പില്‍ക്കാലത്ത് ആ തീരുമാനം വളരെയധികം വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയെന്നത് വേറെ വിഷയം. ആറ് ഓഫിസര്‍മാരും അറുപത്തൊന്ന് നാവികരുമായിരുന്നു ഖുക്രിയില്‍ നിന്ന് രക്ഷപ്പെട്ടത്. ക്രിപാണ്‍ റിസ്ക് എടുത്തിരുന്നെങ്കില്‍ കൂടുതല്‍ പേര്‍ രക്ഷപ്പെടുമായിരുന്നു എന്നതാണ് വിമര്‍ശകരുടെ വാദം. ആര്‍ക്കറിയാം? ചിലപ്പോള്‍ ഇതൊന്നും പറഞ്ഞുതരാന്‍ ആരുമില്ലാതെ രണ്ടുകപ്പലിലെയും നാവികര്‍ പൂര്‍ണ്ണമായും കടലില്‍ മുങ്ങിയേനെ ക്രിപാണ്‍ അവിടെ രക്ഷാപ്രവര്‍ത്തനത്തിനായി നിന്നുവെങ്കില്‍.
പിറ്റെ ദിവസം കൂടുതല്‍ ഫോഴ്സുമായി ക്രിപാണ്‍ വന്നാണ് കടലില്‍ ജീവനോടെ അവശേഷിച്ച എല്ലാവരെയും രക്ഷപ്പെടുത്തിയത്.
എന്തായാലും ഇന്‍ഡ്യന്‍ നേവിയുടെ ഹൃദയത്തിലെ ഉണങ്ങാത്ത മുറിവായിത്തന്നെ ഖുക്രിയും മഹേന്ദ്ര നാഥ് മുല്ലയും തുടരും. ഇപ്പോള്‍ നേവല്‍ ഇടനാഴികളില്‍ ഈ വീരകഥ ഏതെങ്കിലും പാണന്മാര്‍ പാടുന്നുണ്ടാവുമോ? വിശാഖപട്ടണത്തെ നേവല്‍ മന്ദിരങ്ങളില്‍ ഒരു ഫോട്ടോയുടെ മുമ്പില്‍ നിന്ന് ആരെങ്കിലും നെഞ്ചില്‍ നിറയുന്ന ദേശഭക്തിയോടെ ജയ് ഹിന്ദ് എന്ന് മനസ്സില്‍ പറയുന്നുണ്ടാകുമോ? എന്നിട്ട് പുതുതായി വരുന്ന ഒരാളിന് ഇതാണ് ഖുക്രിയുടെ ക്യാപ്റ്റന്‍ എന്ന് തുടങ്ങി ആ വീരചരിതം ഓര്‍ത്തെടുത്ത് പറഞ്ഞുകൊടുക്കുന്നുണ്ടാവുമോ?
യുദ്ധതന്ത്രങ്ങളില്‍ വിജയിച്ചവര്‍ മാത്രമല്ല ജനഹൃദയങ്ങളില്‍ ഇടം പിടിക്കുന്നത്. തോറ്റവരും ചിലപ്പോള്‍ ഇടം പിടിക്കുമെന്ന് ഈ ക്യാപ്റ്റന്‍ നമ്മെ പറയാതെ പറഞ്ഞുമനസ്സിലാക്കുന്നു.
യുദ്ധം കഴിഞ്ഞ് മഹേന്ദ്ര നാഥ് മുല്ലയ്ക്ക് സര്‍ക്കാര്‍ മഹാവീര്‍ ചക്ര മരണാനന്തരബഹുമതിയായിട്ട് കൊടുത്തു. എന്നാല്‍ ഖുക്രി മുങ്ങിയ കൃത്യമായ സ്ഥലം ഇന്നുവരെ വെളിപ്പെടുത്തപ്പെട്ടിട്ടില്ല. സ്വകാര്യവ്യക്തികള്‍ ഡൈവ് ചെയ്ത് കപ്പലില്‍ ഒരു തരത്തിലുമുള്ള ഗവേഷണം നടത്തരുത് എന്നാണ് പ്രതിരോധമന്ത്രാലയത്തിന്റെ വാദം. എന്നാല്‍ കൃത്യമായ സ്ഥലം വെളിപ്പെടുത്തണമെന്ന് അന്ന് കുറെപ്പേര്‍ വാദിച്ചിരുന്നു. മരിച്ചവരുടെ എന്തെങ്കിലും അവശിഷ്ടങ്ങള്‍ ലഭിക്കയാണെങ്കില്‍ യഥാവിധി ഒരു സംസ്കാരം നടത്താമല്ലോ എന്നായിരുന്നു അവരുടെ പക്ഷം. കടലില്‍ സമാധിയായവരെ സ്വൈര്യമായി അവിടെ ഉറങ്ങാന്‍ അനുവദിക്കണമെന്ന് മറുപക്ഷവും.
ബാരന്റ്സ് കടലില്‍ റഷ്യയുടെ “കര്‍സ്ക്” മുങ്ങിയപ്പോള്‍ നോര്‍വീജിയന്‍ സാല്‍വേഷന്‍ ടീം അത് പൊക്കിയെടുത്ത സമയത്ത് ഖുക്രിയും ഉയര്‍ത്തിയെടുക്കണമെന്ന് കുറെപ്പേര്‍ വാദിച്ചിരുന്നു. യുദ്ധക്കപ്പലുകളുടെ നിര്‍മാണം മറ്റു കപ്പലുകള്‍ പോലെയല്ല. പല അറകളായിട്ടാണ് അവ. ഒരു അറ പൊളിഞ്ഞ് വെള്ളം കയറിയാലും പിന്നെയും അനേക അറകളുണ്ട്, അവയൊക്കെ തകര്‍ത്ത് എങ്ങിനെയാണ് ഖുക്രി ഇത്ര പെട്ടെന്ന് മുങ്ങിയതെന്നതില്‍ ഗവേഷണം നടത്തണമെന്നതാണവരുടെ ആവശ്യം. എന്തായാലും പ്രതിരോധമന്ത്രാലയം ഈ വക ആവശ്യങ്ങള്‍ക്കൊന്നും ചെവികൊടുക്കുന്നില്ല.
ഖുക്രി അപകടം വളരെയേറെ വിവാദങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. ഒന്നാമത്തെ വിവാദം ഖുക്രി ക്രിപാണ്‍ കുത്താര്‍ ത്രയങ്ങള്‍ ഹണ്ടര്‍-കില്ലര്‍ ഓപറേഷന് അനുയോജ്യമല്ലാതിരുന്നിട്ടും അതിനായി നിയോഗിച്ചു എന്നതാണ്. പിന്നെ പുതിയ സൊണാര്‍ പരീക്ഷിച്ചുനോക്കാന്‍ നിര്‍ദേശിച്ചു എന്നത്. ഒടുവിലായി കപ്പലിന്റെ പ്രയാണം യുദ്ധമുഖത്ത് ഒട്ടും അനുയോജ്യമല്ലാത്ത രീതിയില്‍ ആയിരുന്നുവെന്നതാണ്. അപകടം അതിജീവിച്ച ഒരു സൈനികന്‍ പിന്നെ മിലിട്ടറി ട്രൈബ്യൂണലില്‍ കേസ് ഫയല്‍ ചെയ്യുക പോലുമുണ്ടായി ധീരതയ്ക്കുള്ള മെഡലുകള്‍ എല്ലാം തിരിയെ വാങ്ങണമെന്നും വിശദമായ ഒരു അന്വേഷണം നടത്തണമെന്നും. എന്നാല്‍ വിധി എഴുതിയത് എഴുതിയത് തന്നെ എന്നാണ് നേവല്‍ ഹെഡ് ക്വാര്‍ട്ടേര്‍സിന്റെ അഭിപ്രായം.
അന്ന് അറബിക്കടലിന്റെ ആഴങ്ങളില്‍ നിന്ന് ഒരു ഇന്‍ഡ്യന്‍ കപ്പലിനെ മുക്കിയതിലൂടെ ചരിത്രത്തില്‍ ഇടം നേടിയ ആ പാക്കിസ്ഥാന്‍ മുങ്ങിക്കപ്പലിന്റെ പേര്‍ “ഹാങ്ങോര്‍” എന്നായിരുന്നു. വളരെ പ്രതികൂലസാഹചര്യങ്ങളില്‍ ബുദ്ധിയോടെ അവളെ നിയന്ത്രിച്ചത് കമാണ്ടര്‍ അഹമ്മദ് തസ്നീം പിന്നെ പടിപടിയായി ഉയര്‍ന്ന് വൈസ് അഡ്മിറല്‍ ആയി. വളരെ വീരോചിതമായ സ്വീകരണമാണ് അദ്ദേഹത്തിന് ലഭിച്ചത്. വീര്യപ്രവൃത്തികള്‍ ചെയ്യുന്നത് ശത്രുനിരയില്‍ പെട്ടവരാണെങ്കില്‍ പോലും അംഗീകരിക്കുന്നതാണ് ധര്‍മയുദ്ധത്തിന്റെ രീതി. ധര്‍മയുദ്ധത്തിന്റെ ഉപജ്ഞാതാവാണ് ഭാരതാംബ. അതുകൊണ്ട് ഈ അവസരത്തില്‍ കമാണ്ടര്‍ അഹമ്മദ് തസ്നീമിനെയും സ്മരിക്കുന്നു. ഇന്‍ഡ്യയുടെ സര്‍വശക്തിയും എടുത്ത് നടത്തിയ തെരച്ചിലിലും കണ്ണില്‍ പെടാതെ നാലുദിവസം ഇന്‍ഡ്യന്‍ കടലതിര്‍ത്തിയില്‍ കഴിഞ്ഞ ഹാങ്ങോര്‍ മെല്ലെ നീങ്ങി കറാച്ചിയിലെത്തി.
നമ്മുടെ സുരക്ഷിതമായ ജീവിതത്തിനായും ദേശത്തിന്റെ രക്ഷയ്ക്കായും ജീവന്‍ ഹോമിച്ച അനേക ധീരജവാന്‍മാരെ നമുക്ക് നന്ദിയോടെ ഓര്‍ക്കാം. അവര്‍ ജീവന്‍ കൊടുത്ത് സംരക്ഷിച്ചതാണ് ഈ സ്വാതന്ത്ര്യം. കടലിലും കാട്ടിലും മലയിലും മഞ്ഞിലും മരുഭൂമിയിലും പക്ഷികള്‍ പോലും പറന്നുചെല്ലാന്‍ മടിക്കുന്ന ഗിരിനിരകളിലും ഹിമാലയസാനുക്കളിലും അഹോരാത്രം കാവല്‍ ചെയ്യുന്ന സാധാരണജവാന്മാരെ ഓര്‍ക്കാം. അതില്‍ എത്രപേര്‍ ദേശത്തിനുവേണ്ടി ജീവന്‍ ബലി കൊടുത്തിരിക്കുന്നു. അവരുടെ ധീരസ്മരണകള്‍ക്ക് മുമ്പില്‍ കൃതജ്ഞതയോടെ ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു.
യുദ്ധം ആരും ജയിക്കുന്നില്ല. ജയിക്കുന്നവരും തോല്‍ക്കുക തന്നെയാണ് ഒരര്‍ത്ഥത്തില്‍. ഇനിയും ലോകത്തില്‍ ഒരു യുദ്ധവും നടക്കാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം അല്ലേ?
കടപ്പാട്: വിശാഖപട്ടണം ഓര്‍മ്മകള്‍, ഗൂഗിള്‍, വിക്കിപീഡിയ. ഫോട്ടോകള്‍ എല്ലാം ഗൂഗിള്‍ തന്നത്.




No comments:
Post a Comment