Tuesday, 19 June 2018

കമുകറ പുരുഷോത്തമന്‍

കമുകറ പുരുഷോത്തമന്‍റെ ഒാര്‍മ്മകള്‍ക്കിന്ന് ഇരുപത്തിമൂന്ന് വര്‍ഷം.


വേറിട്ട ശബ്ദംകൊണ്ട് മലയാളികളുടെ മനം കവര്‍ന്ന കമുകറ പുരുഷോത്തമന്‍റെ ഒാര്‍മ്മകള്‍ക്കിന്ന് ഇരുപത്തിമൂന്ന് വര്‍ഷം.
1930 ഡിസംബര്‍ 4 -നു കന്യാകുമാരി ജില്ലയിലെ തിരുവട്ടാറില്‍ അധ്യാപക ദമ്പതിമാരായ പരമേശ്വരക്കുറുപ്പിന്റെയും ലക്ഷ്മിക്കുട്ടി അമ്മയുടെയും മകനാണ് കമുകറ പുരുഷോത്തമജനിച്ചത്‌.ശാസ്ത്രീയ സംഗീതത്തിലും നാടന്‍ സംഗീതത്തിലും നല്ല പ്രാവീണ്യമുണ്ടായിരുന്നു മാതാപിതാക്കള്‍ക്ക്. വളരെ ചെറിയ പ്രായം മുതല്‍ പുരുഷോത്തമനും ശാസ്ത്രീയ സംഗീതത്തില്‍ പരിശീലനം നേടി.
പതിമൂന്നാം വയസ്സില്‍ തിരുവട്ടാറിലെ ആദികേശവ ക്ഷേത്രത്തില്‍ കമുകറ അരങ്ങേറ്റം നടത്തി. പതിനഞ്ചാം വയസ്സില്‍ അന്നത്തെ തിരുവിതാംകൂര്‍ പ്രക്ഷേപണ നിലയത്തില്‍ കര്‍ണാടക സംഗീതം പാടിക്കൊണ്ട് തന്റെ ഗായക ജീവിതത്തിനു തുടക്കം കുറിച്ചു. കര്‍ണാടക സംഗീതത്തിലായിരുന്നു കൂടുതല്‍ താല്പര്യം എങ്കിലും 1950 -ല്‍ ആകാശവാണി രൂപീകരിക്കപ്പെട്ടപ്പോള്‍ അദ്ദേഹം അനേക ലളിത ഗാനങ്ങള്‍ നിലയത്തിന് വേണ്ടി ആലപിച്ചു. അദ്ദേഹം സിനിമാ രംഗത്ത് നാന്ദി കുറിച്ചത് 1953 യില്‍ പൊന്‍ കതിര്‍ എന്ന ചിത്രത്തിന് വേണ്ടി തിരുനയിനാര്‍ക്കുറിച്ചി മാധവന്‍ നായര്‍ രചിച്ചു ബ്രദര്‍ ലക്ഷ്മണ്‍ സംഗീതം നല്‍കിയ നാലു വരി പാടിക്കൊണ്ടായിരുന്നു.
"ആശങ്കാതിമിരം പടര്‍ന്നൊരിടിമേഘം
പോയ്മറഞ്ഞംബരേ
ആശാചന്ദ്രനുയര്‍ന്നു മണ്ണിടമതില്‍
വീശുന്നിതാ പൊന്‍ കതിര്‍....."
അതിനു ശേഷം മലയാള ഗാനങ്ങളില്‍ പോങ്കതിര്‍ വീശിക്കൊണ്ട് അനേകമനേകം അനശ്വര ഗാനങ്ങള്‍ അദ്ദേഹം ആലപിച്ചു.
ഹരിശ്ചന്ദ്ര എന്ന സിനിമയ്ക്കുവേണ്ടി പാടിയ "ആരുണ്ട്‌ ചൊല്ലാന്‍", "ആത്മവിദ്യാലയമേ" തുടങ്ങിയ മിക്ക ഗാനങ്ങളും അന്നത്തെ സൂപ്പര്‍ ഹിറ്റുകളായിരുന്നു. പാടിയ ഒട്ടുമിക്ക ഗാനങ്ങളും അന്നത്തെയും ഇന്നത്തെയും കേരളീയര്‍ക്ക് പ്രിയങ്കരങ്ങളായി. "സംഗീതമീ ജീവിതം" , "വെള്ളി നിലാവത്ത്" (ജയില്‍പ്പുള്ളി); "മായമീ ലോകം മായുമീ ശോകം" (മറിയക്കുട്ടി); "നാളെയാണ് കല്യാണം", "തുമ്പപ്പൂ പെയ്യണ പൂനിലാവേ" (രണ്ടിടങ്ങഴി); "ഈശ്വരചിന്തയിതൊന്നേ" , നാളെ നാളെയെന്നായിട്ടു" (ഭക്തകുചേല); "ഏകാന്തതയുടെ അപാര തീരം" (ഭാര്‍ഗ്ഗവീ നിലയം); "മറ്റൊരു സീതയെ കാട്ടിലേക്കയയ്ക്കുന്നു" (തറവാട്ടമ്മ); "മധുരിക്കും ഓര്‍മ്മകളേ" (ലേഡി ഡോക്ടര്‍) "അധ്യാപിക" യുടെ ഹൃദയസ്പര്‍ശിയായ അവസാന രംഗത്തിനു പശ്ചാത്തലമായി പാടിയ "മന്നിടം പഴയൊരു മണ്‍ വിളക്കാണതില്‍ " ...എന്ന് തുടങ്ങി നിരവധി മറക്കാനാവാത്ത ഗാനങ്ങള്‍ മലയാളത്തിനു വേണ്ടി അദ്ദേഹം ആലപിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ കിളിവാതില്‍ (1993)എന്ന ചിത്രത്തിന് വേണ്ടി യൂസഫലി എഴുതി മോഹന്‍ സിതാര സംഗീതം നല്‍കിയ "കാഷെ നീയാണ് ദൈവം" എന്ന ഗാനമാണ് പാടിയത്.
1995 മേയ് 26 -നു അദ്ദേഹം തന്‍റെ അനേകം ആരാധകരെ കണ്ണീരിലാഴ്ത്തിക്കൊണ്ട് ഈ ലോകത്തുനിന്ന് യാത്രയായി.ഓര്‍മ്മകള്‍ക്ക് മുമ്പില്‍ പ്രണാമം.
കടപ്പാട്

No comments:

Post a Comment