\
Courtesy : wiki
ഈസ്റ്റർ ദ്വീപിലെ മൊവായികൾ.....
ചിലിയൻ പോളിനേഷ്യൻ ദ്വീപുകളുടെ ഭാഗമായ ഈസ്റ്റർ ദ്വീപിൽ കാണപ്പെടുന്ന ഭീമാകാരന്മാരായ ഏകശിലാ പ്രതിമകളാണ് മൊവായികൾ (Moai). ദ്വീപ് നിവാസികളായിരുന്ന റാപാ നുയ് വിഭാഗക്കാർ എ ഡി 1200 നും 1500 നും മധ്യെ നിർമ്മിച്ചവയായിരുന്നു ഈ പ്രതിമകൾ. സവിശേഷമായ രൂപഘടനയുള്ള ശിൽപ്പങ്ങളാണ് മൊവായികൾ. വലിയ ശിരസ്സും കാതുകളുമുള്ള ഈ ശിൽപ്പങ്ങൾ നന്നേ ഭാരമേറിയവയായിരുന്നു. ആകെ വലിപ്പത്തിന്റെ എട്ടിൽ മൂന്നു ഭാഗം ശിരസ്സായിരുന്നു. ദ്വീപിൽ ഉള്ള പാറമടകളിൽ നിന്നും കൊത്തിയെടുക്കുന്ന ശിൽപ്പങ്ങൾ തീരത്തോട് ചേർന്നുള്ള പ്രതിഷ്ഠാ പീഠങ്ങളിലേക്ക് എങ്ങനെ എത്തിച്ചിരുന്നു എന്ന് ഇന്നും ഗവേഷകരെ കുഴക്കുന്ന ചോദ്യമാണ്. പൂർത്തീകരിച്ച മൊവായികളിൽ ഏറ്റവും ഉയരംകൂടിയ മൊവായിയായ 'പറൊ'യ്ക്ക് പത്ത് മീറ്റർ ഉയരവും (33 അടി) 82 ടൺ ഭാരവും ഉണ്ട്.
പരേതരോടുള്ള ആദരവ് സൂചിപ്പിക്കാനോ, ദേവപ്രീതിയ്ക്കോ, ഗോത്രങ്ങൾ തമ്മിലുള്ള ബലാബലത്തിൽ അഭിമാനചിഹ്നങ്ങളായോ മറ്റോ ഉപയോഗിക്കാനായിരുന്നിരിക്കണം മൊവായികൾ നിർമ്മിച്ചത്.
ഇവ ദ്വീപിന്റെ തീരങ്ങളിലേക്ക് എത്തിക്കാൻ ഉപയോഗിച്ചിരുന്ന രീതിയെപ്പറ്റി നിരവധി വാദങ്ങളും വിശ്വാസങ്ങളും നിലവിലുണ്ട്. മാന്ത്രികവിദ്യ ഉപയോഗിച്ചും അഭൗമശക്തികളുടെ സഹായത്താലുമൊക്കെ ഇവ സ്ഥാപിച്ചതാകാമെന്നുമാണ് പരമ്പരാഗത വിശ്വാസം. എന്നാൽ മരത്തടികളും കയറും മറ്റും ഉപയോഗിച്ച്, കുന്നിൻ ചെരിവിലൂടെ നിർമ്മിച്ച പ്രത്യേക പാതയിലൂടെ ഇവ സാവധാനം നീക്കിക്കൊണ്ടുവന്നു എന്നാണ് ഗവേഷകർ അനുമാനിക്കുന്നത്.
കടുത്ത വനനശീകരണവും ഗോത്രങ്ങൾ തമ്മിലുള്ള കലാപങ്ങളും കാരണം ദ്വീപുനിവാസികളിൽ ഭൂരിപക്ഷത്തിനും അതിജീവനം അസാധ്യമായതോടെ എ.ഡി 1600 ആയപ്പോഴേക്കും ദ്വീപ് ഏറെക്കുറെ ഉപേക്ഷിക്കപ്പെട്ടു. ഇന്ന് യുനസ്കൊയുടെ ലോക പൈതൃക പട്ടികയിലുള്ള സംരക്ഷിത സ്മാരകമാണ് ഈസ്റ്റർ ദ്വീപും മൊവായികളും.
Courtesy : wiki

No comments:
Post a Comment