Tuesday, 19 June 2018

ഭാരതീയ നാവിക സൈന്യത്തിന്റെ ചരിത്രം



നാവിക ചരിതം..
മനുഷ്യൻ അന്വേഷണ കുതുകി ആണ്. ദൂരങ്ങൾ താണ്ടാൻ കൊതിക്കുന്നവനും. ചരിത്ര പര്യവേക്ഷണങ്ങളിൽ നിന്ന് ഏതാണ്ട് അയ്യായിരം വർഷങ്ങൾക്ക് മുമ്പ് തന്നെ ഭാരതം സമുദ്ര തല സഞ്ചാരങ്ങളിൽ വ്യാപൃതരായിരുന്നു എന്ന് പറയപ്പെടുന്നു. ലോകത്തിൽ തന്നെ ഒരു പക്ഷേ ആദ്യത്തെ ഡോക്ക് യാർഡ് ബിസി 3700കളിൽ സൃഷ്ടിക്കപ്പെട്ടു എന്ന് പറയപ്പെടുന്ന ഗുജറാത്തിലെ ലോത്തൽ ആയിരിക്കും. ബിസി 1700 കളിൽ എഴുതപ്പെട്ട വേദങ്ങളിലും നാവിക പര്യവേക്ഷണങ്ങളെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്. എ ഡി ആയിരങ്ങളിൽ ഭരിച്ചിരുന്ന chola dynasty മ്യാൻമാർ, ഭൂട്ടാൻ, ചൈന, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ തങ്ങളുടെ നാവിക സാന്നിദ്ധ്യം അറിയിച്ചിരുന്നു.
ഭാരതീയ നാവിക സൈന്യത്തിന്റെ ചരിത്രം പറയുമ്പോൾ ആദ്യം തന്നെ നാവിലോടി വരുന്നത് കുഞ്ഞു നാളിൽ നമ്മൾ സ്കൂൾ ക്ളാസ്സുകളിൽ കേട്ട് പഠിച്ച കോഴിക്കോടിന്റെ വീരപുത്രനായ കുഞ്ഞാലി മരയ്ക്കാറാണ്. 1503 ൽ മാനവ വിക്രമ സാമൂതിരി രാജ കച്ചവടങ്ങളിൽ പോർച്ച് ഗീസു കാരെ അകറ്റി നിർത്താൻ മുഹമ്മദ് കുഞ്ഞാലി (ആ ഓർമ്മയ്ക്ക് ഇന്ന് മുംബൈയിലെ മ്യൂസിഷൻ ട്രെയ്നിംഗ് സ്കൂളിന് കുഞ്ഞാലി എന്നാണ് പേര്)എന്ന ആദ്യ മരയ്ക്കാറെ (Admiral) നിയമിക്കുകയും ഭാരതത്തിലെ തന്നെ ഏക സുശക്തമായ ആ സൈനിക വ്യൂഹം കൊണ്ട് ദശാബ്ദങ്ങളോളം പോർച്ചുഗീസുകാരെ അറബിക്കടലിൽ ഭയപ്പെടുത്തി നിർത്തുകയും ചെയ്തിരുന്നു. നാല് തലമുറകളിലായി നാല് കുഞ്ഞാലി മരയ്ക്കാർമാർ ഇന്നത്തെ കേരള / കർണ്ണാടകത്തിന്റെ കടൽ തീരങ്ങളെ സംരക്ഷിക്കുകയും അവസാനം സാമൂതിരിമാരുടെ അധികാര മോഹത്താലും ചതിയിനാലും പോർച്ചുഗീസുകാരോട് 1600 ൽ പരാജയപ്പെടുകയും ചെയ്തു. അവസാനം ഇതേ പോർച്ചുഗീസുകാരെ തുരത്താൻ സാമൂതിരിക്ക് ഡച്ചുകാരെ ആശ്രയിക്കേണ്ടി വന്നതും സാമൂതിരി രാജ്യം ഇല്ലാതായതും ചരിത്രം.
1674ൽ ചത്രപതി ശിവജി മറാത്താ സാമ്രാജ്യത്തോടൊപ്പം മറാത്താ നാവിക സേന രൂപീകരിക്കുകയും അഡ്മിറൽ: കനോജി ആംഗ്രേയെ (പേര് ഓർമ്മിക്കപ്പെടാൻ സ്വാതന്ത്ര്യാനന്തരം മുംബൈയിലെ ബേസ് ഡിപ്പോയ്ക്ക് ആ പേരിട്ടു.) തന്റെ ഫ്ളീറ്റിന്റ കപ്പിത്താനായി നിയമിക്കുകയും 1729 ൽ ആംഗ്രേ മരിക്കും വരെ പോർച്ചു ഗീസ്, ബ്രിട്ടീഷ് ഭരണകൂടങ്ങളെ മറാത്താ വാട്ടറിൽ നിന്ന് അകറ്റി നിർത്തുകയും ചെയ്തു. ടിപ്പു മിസൈൽ ടെക്നോളജി കണ്ടെത്തി എങ്കിൽ ആംഗ്രേയുടേത് കപ്പൽ വേധ പീരങ്കികളായിരുന്നു. ജംജീര പ്രവിശ്യ ഒഴികെ മറാത്താ കോസ്റ്റൽ ലൈൻ മുഴുവൻ ആംഗ്രേയുടെ നിയന്ത്രണത്തിൽ ആയിരുന്നു..
1600 ൽ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിച്ച ബ്രിട്ടീഷുകാർ 1612 ൽ സ്വളിയിലെ യുദ്ധത്തിൽ പോർച്ചുഗീസുകാരെ തോൽപ്പിക്കുകയും ഗുജറാത്തിലെ സൂറത്തിൽ ഹോണറബിൾ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ മറൈൻ എന്ന പേരിൽ ആദ്യത്തെ ചെറിയ നേവൽ ബേസ് സ്ഥാപിച്ചു. 1612 സെപ്റ്റംബർ അഞ്ചാം തീയതി ആദ്യ യുദ്ധ കപ്പൽ ഇന്ത്യയിലെത്തി. ഇവിടെ തുടങ്ങുന്നു ഇന്നത്തെ ഇന്ത്യൻ നേവിയുടെ ചരിത്രം. തങ്ങളുടെ കച്ചവടങ്ങൾ സംരക്ഷിക്കാനും മറാത്താ നേവിയിൽ നിന്നും രക്ഷ നേടാനുമായിരുന്നു ഇത്. സിന്ധികളും മറാത്തകളുമായി നിരന്തര സംഘർഷങ്ങൾക്കിടയിലും 1686 ൽ കൂടുതൽ വാണിജ്യ സംരഭങ്ങൾ മുംബൈയിലേക്ക് വന്നപ്പോൾ അവർ ധൃതഗതിയിൽ അവരുടെ സൈനിക വ്യൂഹം വർദ്ധിപ്പിച്ചു. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ മറൈൻ ബോംബൈ മറൈൻ എന്ന് പേര് മാറ്റി.തദ്ദേശീയരായ ഭാരതീയരെ ലസ്കർ എന്ന പേരിൽ തൊഴിലിനെടുത്തെങ്കിലും ഓഫീസർമാരായി ഭാരതീയരെ 1928 വരെ നിയമിച്ചിട്ടില്ല.
1830 ൽ ബോംബെ മറൈൻ Her Majesty's ഇന്ത്യൻ നേവി (HMIN)എന്ന് നാമകരണം ചെയ്യപ്പെടുകയും ബ്രിട്ടന്റെ ഏദൻ അധിനിവേശത്തോടെ കൂടുതൽ ഉത്തരവാദിത്വങ്ങൾ വന്ന് ചേരുകയും ചെയ്തു. ഇത് ഇൻഡസ് ഫ്ളോട്ടില്ല എന്ന പേരിൽ ഒരു Single commanded Fleet ന് രൂപം നൽകുകയും അവർ 1840 ൽ ചൈനയുമായി യുദ്ധം ചെയ്യുകയും ചെയ്തു. ഈ ഇൻഡസ് ഫ്ളോട്ടില്ല ആണ് ഇന്നത്തെ ഇന്ത്യൻ ഫ്ളീറ്റുകളുടെ (ഫ്ളീറ്റ് എന്താന്ന് വഴിയെ പറയാം) ആദിമ രൂപം. 1877 ൽ HMIN രണ്ട് ഡിവിഷനായി തിരിയുകയും ഒന്ന് മുംബൈയിലും മറ്റൊന്ന് കൽക്കത്തയിലും മാറ്റി സ്ഥാപിക്കപ്പെട്ടു ( ഇവയാണ് ഇന്നത്തെ നാല് കമാൻഡുകളുടെ പൂർവ്വിക രൂപം). 1892 ൽ HMIN റോയൽ ഇന്ത്യൻ മറൈൻ ആകുമ്പോൾ അതിന് 50 കപ്പലുകളുടെ പ്രഹര ശക്തി ഉണ്ടായിരുന്നു..
റോയൽ ഇന്ത്യൻ മറൈൻ ഒന്നാം ലോക മഹായുദ്ധത്തിൽ
'..................................................................................................
ഒന്നാം ലോക മഹായുദ്ധത്തിൽ റോയൽ ആർമിയെ മെസപ്പെട്ടോമിയ, ഫ്രാൻസ്, ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് കൊണ്ട് പോകുക എന്നത് മാത്രമായിരുന്നു റോയൽ ഇന്ത്യൻ മറൈൻറെ ദൗത്യം. യുദ്ധം പ്രഖ്യാപിച്ച് ആദ്യ മൂന്നാഴ്ച്ചക്കകം തന്നെ 25 Aug 1914 ന് ഫ്രാൻസിലേക്ക് ഇന്ത്യൻ ആർമിയുടെ ആദ്യ സൈനിക വിഭാഗത്തെയും വഹിച്ച് റോയൽ മറൈൻ യാത്ര തിരിച്ചു. യുദ്ധ സമയത്ത് സഖ്യകക്ഷികളുടെ ഒരു പാട് കപ്പലുകൾ ബോംബെയിലും കൽക്കത്തയിലും റിപ്പയർ ചെയ്യുകയും പുതിയ ആയുധങ്ങൾ ഫിറ്റ് ചെയ്യുകയും ചെയ്തു. ( നേവൽ ഡോക് യാർഡുകളെ കുറിച്ച് സ്പിൻ ഓഫ് ആയി പിന്നീട് എഴുതാം). ഏദനിലെയും മുംബൈയിലെയും ഹാർബർ ചാലുകൾ കച്ചവട കപ്പലുകൾക്കായും മറ്റും റോയൽ മറൈൻ മൈൻ സ്വീപ്പ് ചെയ്ത് സുരക്ഷിതമാക്കി.
ആർമിയെ സപ്ളൈ ചെയ്യുന്ന വലിയ കപ്പലുകൾക്ക് സുരക്ഷിത വഴിയൊരുക്കി ചെറിയ കപ്പലുകൾ പട്രോൾ നടത്തുകയും റോയൽ മറൈന്റെ ആശുപത്രി കപ്പൽ യുദ്ധത്തിൽ പരിക്കേൽക്കുന്നവർക്ക് ചികിത്സ നൽകുകയും ചെയ്തു. റോയൽ മറൈൻ 13 ലക്ഷത്തിൽ പരം പട്ടാളക്കാരെയും ഒരു ലക്ഷത്തി എഴുപത്തി അയ്യായിരത്തോളം മൃഗങ്ങളെയും 37 ലക്ഷം ടൺ സ്റ്റോർ സപ്ളൈസും അക്കാലയളവിൽ കടൽ കടത്തി.
റോയൽ ഇന്ത്യൻ മറൈനിലെ ഇന്ത്യാ വംശജനായ ആദ്യ ഓഫീസറായി സബ് ലെഫ്റ്റനന്റ് DN മുഖർജി 1928 ൽ കമ്മീഷൻ ചെയ്യപ്പെട്ടു. അദ്ദേഹം എഞ്ചിനീയർ ഓഫീസറായിരുന്നു.
റോയൽ ഇന്ത്യൻ നേവിയും രണ്ടാം ലോക മഹായുദ്ധവും
..........................................................................................
1934ൽ റോയൽ ഇന്ത്യ മറൈൻ റോയൽ ഇന്ത്യൻ നേവിയായി (RIN)നാമകരണം ചെയ്യപ്പെട്ടു. കപ്പലുകളുടെ പേരിന് മുന്നിൽ ബ്രിട്ടീഷ് രാജ്ഞിയോടുള്ള വിധേയത്തിന്റെ ഭാഗമായി HMIS എന്ന് preffix ആയി ഉപയോഗിക്കാൻ തുടങ്ങി. രണ്ടാം ലോക മഹായുദ്ധത്തിന്റെ തുടക്കത്തിൽ RIN 8 യുദ്ധ കപ്പലുകൾ മാത്രമുള്ള വളരെ ചെറിയ സൈനിക വ്യൂഹമായിരുന്നു. യുദ്ധത്തിന്റെ തീവ്രത RIN നെ വലിയ തോതിലുള്ള എക്സ്പാൻഷന് ഇടയാക്കി.
1943 ൽ ഓപ്പറേഷൻ ഹസ്കിയിൽ നാസി സഖ്യത്തിൽ നിന്ന് സിസിലി ദ്വീപുകൾ പിടിച്ചെടുക്കുന്നതിൽ യുദ്ധം കണ്ട ഏറ്റവും വലിയ Ambhibious ഓപ്പറേഷൻ നടത്തിയത് HMIS സത്ലജും HMIS ജമുനയുമാണ് ( *ഇവ ഇന്ന് ''പുനർ ജൻമ"മെടുത്ത് INS Jamuna യും INS Sutlejഉമായി കൊച്ചിയിലുണ്ട്.ഇന്ത്യൻ നേവിയുടെ ഒരു കപ്പലും മരിക്കുന്നില്ല. അവ സർവീസിൽ നിന്ന് Deinduct ചെയ്യപ്പെടുമ്പോൾ പുതിയ കപ്പലുണ്ടാക്കുമ്പോൾ അവയ്ക്ക് ഈ പേരിടുന്നു)
1944 ആഗസ്റ്റ് 12 ന് സീഷെൽസിന് സമീപം HMIS ഗോദാവരി ജർമ്മൻറെ അതി പ്രഹര ശേഷിയുള്ള അന്തർവാഹിനിയെ നശിപ്പിച്ചത് എടുത്തു പറയേണ്ട ഒന്നാണ്. രണ്ടാം ലോക മഹായുദ്ധത്തിൽ ജർമ്മനിയെ ഇന്ത്യൻ പെനിൻസുലയിൽ നിന്ന് അകറ്റി നിർത്തുന്നതിൽ ഈ ഓപ്പറേഷനും ഒരു പങ്ക് വഹിച്ചു.(HMIS ഗോദാവരി പിന്നീട് PNS സിൻഡ് എന്ന പേരിൽ പാക്കിസ്ഥാൻറെ ഭാഗമായി. ഇന്ത്യ സ്വാതന്ത്ര്യാനന്തരം INS ഗോദാവരി എന്ന യുദ്ധ കപ്പൽ സ്വന്തമാക്കുകയും ഇന്ത്യയിൽ നിർമ്മിച്ച അവസാന ഗോദാവരി സമീപകാലത്ത് താൽക്കാലിക വിരമിക്കൽ നേടുകയും (De -induct)ചെയ്തു. വരും കാലങ്ങളിൽ അത്യാധുനിക ആയുധങ്ങളുമായി ആ ധീര വനിത ((പുതിയ കപ്പലായി))ഇന്ത്യൻ സമുദ്ര തലങ്ങളെ ഭരിക്കുമെന്ന് പ്രതീക്ഷിക്കാം. (സോറി. കപ്പൽ നാവികർക്ക് She ആണ്. അതു കൊണ്ട് കപ്പലിനെ പരാമർശിക്കുമ്പോൾ സ്ത്രീ ലിംഗം ഉപയോഗിക്കുന്നു)).
റോയൽ ഇന്ത്യൻ നേവൽ മ്യൂട്ടിനി
.........................................................................
രണ്ടാം ലോക മഹായുദ്ധം ഇന്ത്യൻ സൈനിക വ്യൂഹത്തെ വല്ലാണ്ടങ്ങ് വികസിപ്പിച്ചു. 1939 ലെക്കാളും പത്ത് മടങ്ങായിരുന്നു യുദ്ധാനന്തരം റോയൽ ഇന്ത്യൻ നേവിയുടെ സൈനിക ശക്തി. യുദ്ധത്തിൽ പടയാളികളുടെ ആധിക്യം അവശ്യ ഘടകമായി വന്നതിനാൽ കായിക ശേഷി പോലും അധികം പരിഗണിക്കാതെ സമൂഹത്തിന്റെ നാനാഭാഗത്ത് നിന്നും യുവാക്കളെ സൈന്യങ്ങളിലേക്ക് നിർബന്ധിത റിക്രൂട്ട്മെന്റ് നടത്താൻ തുടങ്ങി. നാസി ജർമ്മനിയെ തകർക്കാൻ ബ്രിട്ടീഷുകാരുമായുള്ള ധാരണ പ്രകാരം കമ്യൂണിസ്റ്റ് പാർട്ടിയും തങ്ങളുടെ പ്രവർത്തകരെ സൈന്യത്തിൽ കയറ്റി. യുദ്ധാനന്തരം 1946 ൽ ഐഎൻ എ യുടെ മൂന്ന് പടയാളികളെ വിചാരണ ചെയ്തതും 1946ൽ ഡൽഹിയിൽ നടന്ന ഇന്ത്യൻ എയർഫോഴ്സ് മ്യൂടിനിയും നേവൽ മ്യൂട്ടിനിക്ക് വഴി തെളിച്ചു. 1946 ഫെബ്രുവരി 18 മുതൽ 23 വരെ വെറും ആറ് ദിവസം നീണ്ടുനിന്ന നേവൽ മ്യൂട്ടിനിയിൽ രാജ്യമൊട്ടാകെ 66 നേവൽ യൂണിറ്റുകളിൽ നിന്നായി പതിനായിരത്തിലധികം സെയ്ലേഴ്സ് പങ്കെടുത്തു.
1946 ജനുവരി 16 ന് ഇന്നത്തെ താനെയിലെ ട്രെയ്നിംഗ് ബേസ് ആയിരുന്ന HMIS അക്ബറിൽ നിന്നും 67 നാവികർ മുംബൈയിലെ കാസിൽ ബാരക്കിലെത്തി. അന്നേ ദിവസം വൈകുന്നേരം തങ്ങൾക്ക് ലഭിച്ച ഭക്ഷണത്തിന്റെ പരിതാപകരമായ അവസ്ഥയെ കുറിച്ച് അവരിലൊരാളായ സെയ്യദ് മഖ്സൂദ് ബുഖാരി പരാതി പറയുകയുണ്ടായി. എന്നിട്ടും ഭക്ഷണത്തിന്റെ നിലവാരം മെച്ചപ്പെടാത്തതിനാൽ പ്രതിഷേധ സൂചകമായി അതിൽ 50 പേർ പുറത്ത് പോയി ഭക്ഷണം കഴിച്ചു. ഇത് DisContent ആയി വിലയിരുത്തുകയും അവർക്കെതിരെ നടപടികൾ സ്വീകരിക്കുകയും ചെയ്തു. അതേ സമയം INA ക്ക് എതിരെയുള്ള ട്രയലുകളും എയർ ഫോഴ്സ് മ്യൂട്ടിനിയും വയർ ലെസ് സെറ്റുകളിലൂടെ അറിഞ്ഞ് ബോധവാൻമാരായ ഇന്നത്തെ കൊളാബയിലെ HMIS തൽവാറിലെ കമ്യൂണിക്കേഷൻ സെയ്ലേഴ്സ് നിരാഹാര സമരത്തിലേക്ക് കടന്നു. പതിയെ കറാച്ചിയിലെ HMIS ഹിന്ദുസ്ഥാനിലും കലാപം പൊട്ടി പുറപ്പെട്ടു. രാജ്യവ്യാപകമായ കലാപങ്ങളെ ഏകീകരിക്കാൻ 1946 ഫെബ്രുവരി 19ന് MS ഖാൻറെയും മദൻ സിംഗിന്റെയും നേതൃത്വത്തിൽ ഒരു സമിതി രൂപീകരിച്ചു.. ഇവർ വയർലെസ് സെറ്റുകളിലൂടെ കലാപത്തെ ഏകീകരിച്ചിരുന്നു. തൊട്ടടുത്ത ദിവസം HMISതൽവാറിലെ സൈനികർക്ക് നേരെ ബ്രിട്ടീഷുകാർ വെടി ഉതിർത്തു എന്ന വ്യാജ വാർത്തക്ക് പിറകെ കലാപം അക്രമാ സക്തമാകുകയും കലാപകാരികൾ കൈകളിൽ ലെനിന്റെയും ബോസിന്റെയും ചിത്രങ്ങളുമായി ലോറികളിൽ നിരത്ത് കയ്യടക്കുകയും കലാപവുമായി സഹകരിക്കാത്ത ഇന്ത്യൻ ഓഫീസർമാരെ വെള്ളത്തിലെറിയുകയും ചെയ്തു. കലാപകാരികൾ ബ്രിട്ടീഷ് ഓഫീസേഴ്സിനെ കയ്യിൽ കിട്ടിയത് വച്ച് ആക്രമിച്ചു. ജയ് ഹിന്ദ് മുഴക്കി കൊണ്ടവർ ബ്രിട്ടീഷ് താവളങ്ങൾ ആക്രമിക്കുകയും ബ്രിട്ടീഷുകാരുടെ ആയുധ സംഭരണ ശാലയായ ബച്ചർ ദ്വീപ് കയ്യടക്കുകയും ചെയ്തു.
.ഫെബ്രുവരി 19ന് ത്രിവർണ്ണ പതാക ഇന്ത്യയൊട്ടാകം നേവൽ യൂണിറ്റുകളിൽ പാറിച്ച അവർ പതിനായിരക്കണക്കിന് INA പടയാളികളെ അവർ ജയിലിൽ നിന്ന് മോചിതരാക്കി. പ്രശ്നത്തിന്റെ സങ്കീർണ്ണാവസ്ഥ മനസിലാക്കിയ ബ്രിട്ടീഷ് ഭരണ കൂടം ശ്രീലങ്കയ്ക്ക് താഴെ കടലിൽ ഉണ്ടായിരുന്ന Destroyers നെ മുംബൈയിലേക്ക് അയച്ചു. അതേ സമയം മുംബൈ ഡോക്ക്യാർഡിലുണ്ടായിരുന്ന എല്ലാ കപ്പലിലും കലാപകാരികൾ ആധിപത്യം സ്ഥാപിച്ചിരുന്നു. മറു വശത്ത് ഈ കലാപത്തിന് ഒരു രാഷ്ട്രീയ മുഖവും വന്ന് ചേരുകയായിരുന്നു.( രാഷ്ട്രീയം വേണ്ട എന്നുള്ളതിനാൽ അത് ഒഴിവാക്കുന്നു). ഇതിനിടയിൽ കലാപകാരികളോട് കീഴടങ്ങാൻ ഭരണ കൂടം പല തവണ ആവശ്യപ്പെട്ടിരുന്നു.
അന്ന് തന്നെ ആശയ കുഴപ്പത്തിന്റെ മുകളിൽ കലാപ സംയോജിത സമിതി എടുത്ത തീരുമാനത്തിൻ പ്രകാരം HMIS കുമയോൺ കലാപകാരികളാൽ ഓഫീസർമാരില്ലാതെ സെയിൽ ഔട്ട് ചെയ്യുകയും അറബിക്കടലിൽ നങ്കൂരമിട്ടിരുന്ന കലാപകാരികളുടെ നിയന്ത്രണത്തിലുള്ള HMIS കത്തിയവാറിന് ഒപ്പം ചേരാൻ യാത്ര തുടങ്ങുകയും ചെയ്തു. പക്ഷേ തീരുമാനം മാറ്റിയതിന്റെ പേരിൽ രണ്ട് മണിക്കൂറുകൾക്ക് ശേഷം തിരികെ എത്തുകയും ചെയ്തു.
മൂന്നാം ദിവസം സ്ഥിതി ഗതികൾ കൂടുതൽ രൂക്ഷമായി. റോയൽ ഇന്ത്യൻ എയർ ഫോഴ്സിന്റെ വാണിംഗ് Sortieയും ശ്രീലങ്കയിൽ നിന്നുള്ള ഡിസ്ട്രോയേഴ്സിന്റെ വരവിന്റെ സൂചനയും ഇരുഭാഗത്തും സമ്മർദ്ദങ്ങളുണ്ടാക്കി. ഇതേ സമയം ബ്രിട്ടീഷ് സൈനികരുടെ സഹായത്തോടെ ബ്രിട്ടൻ കറാച്ചി നേവൽ ബേസും HMIS ഹിന്ദുസ്ഥാനും തിരികെ പിടിച്ചു. ഇടയ്ക്കിടയ്ക്ക് കുറച്ച് ഗൺ ഷോട്ടുകൾക്ക് ശേഷം നാലാം ദിവസം ഡിസ്ട്രോയേഴ്സ് എത്തിയപ്പോഴേക്കും കലാപകാരികൾ ഉപാധികളോടെ കീഴടങ്ങാൻ തയ്യാറായി. അവർ മുന്നോട്ട് വച്ച എല്ലാ ഉപാധികളും സ്വീകരിക്കപ്പെട്ടു. ഭക്ഷണത്തിന്റെ ഗുണനിലവാരം മെച്ചപ്പെട്ടു. രാഷ്ട്രീയ നേതാക്കളുടെ ഇടപെടലുകൾ ഉണ്ടായിരുന്നെങ്കിലും കലാപകാരികൾക്ക് നേരെ ശിക്ഷാ നടപടികളിൽ ദാക്ഷിണ്യം ഉണ്ടായിരുന്നില്ല. ആകെ 7 സെയ്ലേഴ്സും ഒരു ബ്രിട്ടീഷ് ഓഫീസറും കൊല്ലപ്പെട്ടു. നൂറോളം സൈനികർക്ക് പരിക്കേറ്റു.476 നാവികർ സർവീസിൽ നിന്ന് പുറത്താക്കപ്പെട്ടു. അവർക്ക് സ്വാതന്ത്ര്യാനന്തരവും ഇന്ത്യയിലോ പാക്കിസ്ഥാനിലോ ജോലി ലഭിച്ചില്ല. തുടർ അന്വേഷണങ്ങളിൽ കലാപം തുടങ്ങി വച്ച 38 പേർ ഇടതു ചിന്താഗതികൾ ഉണ്ടായിരുന്നവരാണെന്ന് കണ്ടെത്തി.
1947 ൽ സ്വാതന്ത്ര്യം കിട്ടിയിട്ടും റോയൽ ഇന്ത്യൻ നേവി എന്ന പേരുണ്ടായിരുന്നു. 1950 ൽ ഇന്ത്യ റിപബ്ളിക് ആയപ്പോൾ ഇന്ത്യൻ നേവി എന്ന പേര് സ്വീകരിച്ചു..
സ്വാതന്ത്ര്യാനന്തര ഭാരതീയ നാവിക സേനയെ കുറിച്ച് നാളെ....

No comments:

Post a Comment