Tuesday, 19 June 2018

കൊച്ചിയിലെ ജൂതൻമാർ



കൊച്ചിയിലെ ജൂതൻമാർ 

കൊച്ചിയിലെ ജൂതൻമാർ എന്ന് എല്ലാവരും കേട്ടിട്ടുണ്ടാകാമെങ്കിലും വിശദ്ധമായ വിവരങ്ങൾ കേട്ടു കാണാൻ വഴിയില്ല. കൊച്ചിയിൽ ഉണ്ടായിരുന്നത് രണ്ടു വിഭാഗത്തിൽ പെട്ട ജൂതരായിരുന്നു - കറുത്ത ജൂതർ എന്നറിയപ്പെട്ടിരുന്ന ഭൂരിപക്ഷം വരുന്ന ഒരു വിഭാഗം - അവർ പ്രധാനമായും, കൊച്ചി, പറവൂർ, മാള എന്നീ പ്രദേശങ്ങളിലായി അധിവസിച്ചിരുന്നു. ഇന്ന് കൊച്ചിയിൽ അവശേഷിക്കുന്ന ഏതാനും ജൂതരിൽ കൂടുതലും ഇവരാണ്. പാരമ്പര്യം അനുസരിച്ച് യൂദയായില്‍ നിന്നും ബിസി അഞ്ചാം നൂറ്റാണ്ടിലും എഡി ഒന്നാം നൂറ്റാണ്ടിലുമായി ജൂതന്മാര്‍ കേരളത്തിലേക്ക്‌ കുടിയേറി എന്നാണ്‌. മലബാറി ജൂതന്മാര്‍ അഥവാ കറുത്ത ജൂതന്മാര്‍(Black Jews) എന്നറിയപ്പെട്ട ഈ വിഭാഗമാണ് ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ജൂതസമൂഹം - ജൂതരിലെ തന്നെ Mizrahi വിഭാഗത്തിലാണ് ഇവര്‍ പെടുന്നത് (ജൂതൻമാരെ പ്രധാനമായും തരം തിരിച്ചിരിക്കുന്നത്, Mizrahi, Sephardic, Azhkenanzi എന്നൊക്കെയാണ്. ഇതിൽ Mizrahi ജൂതൻമാർ പ്രധാനമായും മിഡിൽ ഈസ്റ്റ്, വടക്കൻ ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നും ഉള്ളവരാണ്. Sephardic ആകട്ടെ തെക്കുപടിഞ്ഞാറൻ യൂറോപ്പിൽ നിന്നുള്ള വരും, Azhkenanzi കൾ മദ്ധ്യ/ കി ഴക്കൻ യൂറോപ്യൻ ജൂതന്മാരുമാകുന്നു) കറുത്ത ജൂതര്‍ കൂടാതെ രണ്ടാമത്തെ വിഭാഗമെന്നത് വെളുത്ത ജൂതർ അഥവ പരദേശി ജൂതരാണ്. മട്ടാഞ്ചേരിയിലെ പ്രസിദ്ധമായ സിനഗോഗ് ഇവര്‍ നിര്‍മ്മിച്ചതാണ് - ഇവരാണ് കേരളത്തിലെ Sephardic sect ൽ പെട്ട ജൂതൻമാർ.
കറുത്ത ജൂതർ:
എഡി 70 ൽ റോമാക്കാരും 587 ൽ പേർഷ്യൻമാരും ജറുസലേം കീഴടക്കിയ അവസരത്തിൽ ഒരു കൂട്ടം ജൂതൻമാർ കേരളത്തിലേക്ക് പലായനം ചെയ്തതായി ചരിത്രകാരൻമാർ അഭിപ്രായപ്പെടുന്നു. അവർ കൊടുങ്ങല്ലൂരിൽ വാസമുറപ്പിക്കുകയും പ്രാദേശിക നാടുവാഴിളുമായി മികച്ച ബന്ധം സ്ഥാപിക്കുക വഴി പ്രത്യേക അവകാശങ്ങളും (സ്വതന്ത്രമായി ചുങ്കം പിരിക്കാനുള്ളതും, സിനഗോഗുകൾ സ്ഥാപിക്കും വാനും ഉള്ളതുമായ അവകാശങ്ങൾ ജൂത പ്രമാണിയായിരുന്ന യോ സെഫ് റബ്ബാന് ശാസനമായി ചേര ചക്രവർത്തി നൽകി- കൂടാതെ അദ്ദേഹത്തെ ഉയർന്ന രാജകുടുംബാംഗത്തിനു തത്തുല്യമായ പദവികളോടെയുള്ള ജൂതരുടെ പ്രധിനിധിയായും സ്ഥാനം നൽകി -AD 379 ) സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനവും കരസ്ഥമാക്കി ഇവിടുത്തെ പ്രമുഖരായ കച്ചവടസമുദായമായി മാറുകയുണ്ടായി.
1341 ൽ ഉണ്ടായ മഹപ്രളയത്തിൽ കൊടുങ്ങല്ലൂർ തുറമുഖം തകർന്നതോടെ വ്യാപാരം മുഴുവനും തെക്കുഭാഗത്തുള്ള കൊച്ചിയിലേക്ക് മാറ്റപ്പെട്ടു. സ്വാഭാവികമായും കൊടുങ്ങല്ലൂരിലെ ജൂതർ കൂറേ പേർ കൊച്ചിയിലേക്കും കുടിയേറി. പിന്നീട് കുരുമുളക് വ്യാപാരത്തിന്റെ കുഞ്ഞക ലക്ഷ്യമിട്ട് മലബാറിൽ നിന്നുമുള്ള മുസ്ലീം വ്യാപാരികൾ കോഴിക്കോട് രാജാവിന്റെ പിന്തുണയോടെ കൊടുങ്ങല്ലൂരിലെ ജൂതരെ ആക്രമിക്കാൻ ശ്രമിച്ചതോടെ അവർ കൊച്ചി രാജകുടുംബത്തോട് അഭയം ചോദിക്കുകയും കൊച്ചി രാജാവ് അഭയവും വിശേഷ അവകാശങ്ങളോടെ വ്യാപാരത്തിനായുള്ള അനുമതിയും നൽകി. പറവൂർ, മാള, ചേന്ദമംഗലം സിനഗോഗുകൾ നിർമ്മിച്ചത് ഇവരാണ്. പതിനാറ്, പതിനേഴ് നൂറ്റാണ്ടുകളോടെ സ്പെയിനില്‍ നിന്നും പരദേശി ജൂതന്മാര്‍ എത്തും വരെ കേരളത്തിലെ ഏക യഹൂദസമുദായം ഇവരായിരുന്നു. അവരുടെ വരവോടെ, കാഴ്ചയില്‍ അല്പം ഇരുണ്ടനിരമുണ്ടായിരുന്ന തദ്ദേശീയ ജൂതന്മാര്‍ അങ്ങനെ കറുത്തജൂതന്മാര്‍ എന്നും, പുതുതായെത്തിയ സ്പാനിഷ് ജൂതന്മാര്‍ പരദേശി ജൂതന്മാര്‍ അഥവാ വെളുത്ത ജൂതന്മാര്‍ എന്നും അറിയപ്പെടുവാന്‍ തുടങ്ങി.
പരദേശി ജൂതൻമാർ:
1492 ല്‍ അവസാനത്തെ ഇസ്ലാമിക ഭരണാധികാരിയെയും തൂത്തെറിഞ്ഞുകൊണ്ട് കത്തോലിക്കാ രാജാക്കന്മാരുടെ കീഴില്‍ സ്പെയിന്‍ സമ്പൂര്‍ണ്ണമായി ക്രൈസ്തവവല്ക്കരിക്കപ്പെടുകയും(Reconqista) തുടര്‍ന്ന്‍ അൽഹമ്പ്ര ശാസനയോടെ(Alhambra Decree – സ്പെയിനില്‍ അവശേഷിക്കുന്ന മുസ്ലിംങ്ങളെയും ജൂതരെയും ബലമായി മതം മാറ്റുന്നതിനും, വിസമ്മതിക്കുന്നവരെ കൊല്ലുന്നതിനുമാനായുള്ള കല്പന) അവിടുത്തെ തദ്ദേശീയരായ ജൂതരുടെ ഭാവി തുലാസിലായി. തുടര്‍ന്ന് സ്പെയിൻ, പോർച്ചുഗൽ എന്നിവിടങ്ങളിൽ നിന്നും ഒരു കൂട്ടം ജൂതർമാർ ഡച്ച് പ്രദേശങ്ങളിലേക്കും, ഒട്ടോമൻ സാമ്രാജ്യത്തിലേക്കും, ഒരു ചെറുവിഭാഗം അറേബ്യ വഴി കൊച്ചിയിലേക്കും ഗോവയിലേക്കും പാലായനം ചെയ്തു. കൊച്ചിയിലെത്തിയ ഈ വിഭാഗമാണ് പിന്നീട് വെളുത്ത ജൂതൻമാർ എന്ന പേരിൽ അറിയപ്പെട്ടത്. ഇന്ന് മട്ടാഞ്ചേരിയിലുള്ള പ്രസിദ്ധമായ ജൂതതെരിവും പരദേശി സിനഗോഗും നിര്‍മ്മിച്ചത്‌ ഇവരാണ്. യൂറോപ്യൻ മാരുമായും, അറബികളുമായുമുണ്ടായിരുന്ന വ്യാപാര ബന്ധങ്ങൾ ഉപയോഗിച്ച് അവർ പെട്ടന്നു തന്നെ കൊച്ചിയിൽ പ്രബലരായെങ്കിലും പിന്നീട് പോർട്ടുഗീസുകാരുടെ വരവോടെ അവർക്ക് വിവേചനങ്ങൾ നേരിട്ടു. ഗോവ പോര്‍ച്ചുഗീസുകാരുടെ കീഴിലായത്തോടെ അവര്‍ അവിടെയും ജൂതര്‍ക്ക് നേരെ തിരിയുകയും കത്തോലിക്കാവിശ്വാസത്തിലേക്ക് ബലമായി മതം മാറ്റുകയും (Goa Inquisition) വിസമ്മതിച്ചവരെ കൊല്ലുകയും ചെയ്തു. എങ്കിലും പോർച്ചുഗീസുകാരുടെ മിത്രമായിരുന്ന കൊച്ചി രാജാവുമായി രമ്യതയിലായിരുന്നതിനാൽ മാത്രം പോർച്ചുഗീസുകാരിൽ നിന്നും കൊച്ചിയിലെ ജൂതന്മാര്‍ വലിയ പരിക്കുകളേൽക്കാതെ രക്ഷപ്പെട്ടു. പിന്നാലെയെത്തിയ പ്രോട്ടസ്റ്റന്റ് ഡച്ചുകാര്‍ ജൂതരോട് താരതമ്യേന ഉദാരമായ നിലപാടുകള്‍ ഉള്ളവരായിരുന്നു. സ്പെയിനില്‍ നിന്നും കത്തോലിക്കരാല്‍ ആട്ടിപ്പായിക്കപ്പെട്ട അവര്‍ക്ക്‌ ഡച്ചുകാര്‍ ഹോളണ്ടില്‍ അഭയവും നല്‍കിയിരുന്നു. ഒപ്പം പ്രോട്ടസ്റ്റന്റ് ഡച്ചുകാര്‍ കത്തോലിക്കാ പോര്‍ട്ടുഗീസുകാരുടെ ആജന്മ ശത്രുക്കളും കച്ചവട എതിരാളികളും ആയിരുന്നതിനാല്‍ കൊച്ചിയിലെ ജൂതന്മാര്‍ പോർട്ടുഗീസുകാർക്കെതിരെ ഡച്ചുകക്കനുകൂലമായി നിന്നു. ഡച്ചുകാർ പോർട്ടുഗീസുകാരെയും കൊച്ചി രാജാവിനേയും വകവരുത്തി കൊച്ചി കീഴടക്കിയപ്പോൾ(Siege of Cochin - 1662) പരദേശികൾക്ക് നേരേയുണ്ടായിരുന്ന ഭീഷണികളെല്ലാം അവസാനിച്ചു.
പരദേശി ജൂതരുടെ ഉപവിഭാഗമായിരുന്നു Meshuchrarim എന്നറിയപ്പെട്ടിരുന്ന അടിമവർഗം. വെളുത്ത ജൂതൻമാര്‍ സ്പെയിനിൽ നിന്നും പലായനം ചെയ്ത കൂട്ടത്തില്‍ ഉണ്ടായിരുന്ന ആഫ്രിക്കൻ - യൂറോപ്യൻ സങ്കരവംശമായ ഭൃത്യന്മാരായിരുന്നു അവര്‍ ( ഇവരുടെ മേൽപറഞ്ഞ Ethnicity ഒരു തര്‍ക്ക-വിഷയമാണ്. വിക്കി പീഡിയയിൽ ഈ വിഭാഗത്തെ കുറിച്ച് ഇങ്ങനെ വിശദീകരണം നൽകിയിട്ടുണ്ടെങ്കിലും ഇത് പണ്ഡിത വിഭാഗത്തിന് സ്വീകാര്യമല്ല. ഈ വിശദീകരണം മറ്റെവിടെയും പൊതുവായ ചരിത്രമെന്ന നിലയില കാണാൻ സാധികില്ല ഉണ്ടെങ്കിൽ തന്നെ വിരളവും. ഈ വിഭാഗത്തിന്റെ ഉത്ഭവത്തെ പറ്റി ഈ വിഭാഗത്തിൽപെട്ട റൂബി ഡാനിയേൽ, തന്റെ പുസ്തകത്തിൽ പറയുന്നുണ്ട്. വളരെ കാലം മുന്നേ കദൂരീ എന്ന കുടുംബപെരുള്ള (ഒരു പക്ഷെ ബാഗ്ദാദിൽ നിന്നും വന്നു പാർത്ത ഒരു കുടുംബം ആകും) ഒരു സ്ത്രീയുടെ മകളായ ഹന്നയും, പരദേശി യഹൂദരുടെ മുതലിയാരുടെ മകനും തമ്മിൽ കാരണവരുടെ സമ്മതം കൂടാതെ വിവാഹം കഴിച്ചു ജീവിച്ചു, അവരിൽ ഉണ്ടായ സന്തതിപരമ്പരയാണ് ആ മൂന്നാമത്തെ വിഭാഗമായ മേശുഹരാരിം എന്നറിയപെടുന്നത്. ഇവരെ ബ്രൌണ്‍ ജ്യു, എന്നും വിളിക്കാറുണ്ട്.)
കൊച്ചിയിൽ വെളുത്ത വരുടെ കീഴാളരായി കഴിയുവാനായിരുന്നു അവരുടെ വിധി. പരദേശികളിൽ നിന്നും നൂറ്റാണ്ടുകളോളം കടുത്ത വിവേചനം നേരിട്ട അവർക്ക് അവസാനം തണലായത്, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വിവേചനങ്ങൾക്കെതിരേ പോരാടിയ എബ്രഹാം ബാറക്ക് സലേം എന്ന ഇതേ വംശപാരമ്പര്യമുള്ള ജൂതനായ അഭിഭാഷകനാണ് . അദ്ദേഹത്തിന്റെ സത്യാഗ്രഹമുറയിലൂന്നിയ പ്രവർത്തനങ്ങളും മറ്റും നിമിത്തം 1930 കളോടെ Meshuchrarim കൾക്കെതിരായ വിവേചനക്കൾക്ക് അറുതി വന്നു.
ഇന്ത്യൻ സ്വാതന്ത്യാനന്തരം രണ്ടു വിഭാഗങ്ങളിലും പെട്ട ജൂതൻമാർ ഇവിടം വിട്ടു; അൻപതുകളുടെ പകുതിയോടെ ഏതാണ്ടെല്ലാ ജൂതൻമാരും കപ്പലുകയറി. മലബാറി ജൂതൻമാർ പ്രധാനമായും ഇസ്രായേലിലേക്കും, പരദേശികൾ ഇസ്രായേലിനു പുറമേ ആസ്ത്രേലിയ, ഇംഗ്ലണ്ട്, എന്നിവിടങ്ങളിലേക്കും കൂടിയേറി. സിനഗോഗുകള്‍ പലതും വില്‍ക്കപ്പെട്ടു, ചിലത് ചരിത്രസ്മാരകങ്ങളും മ്യൂസിയങ്ങലുമായും സംരക്ഷിക്കപ്പെടുന്നു.
കൊച്ചിയിലെ അവസാന പരദേശി ജൂതർ
- - - - - - - - - - - - - - - - - - -
കൊച്ചിയിൽ ഇനി അവശേഷിക്കുന്നത് ഏതാനും പരദേശി ജൂതൻമാരാണ്. അവരിൽ ഒരാൾ 1973 ൽ ജനിച്ച Yaheh Hallegua എന്ന സ്ത്രീയാണ്. കൊച്ചിയിലെ പരദേശി ജൂതരിലെ ഏറ്റവും പ്രായം കുറഞയാൾ.
കൊച്ചിയിലെ പരദേശി സിനഗോഗ് സന്ദര്‍ശിചിട്ടുള്ളവര്‍ ഒരുപക്ഷെ അവിടുത്തെ ടിക്കറ്റ്‌ കൌണ്ടറില്‍ ഇവരെ കണ്ടിട്ടുണ്ടാകണം. താൻ വിവാഹം കഴിക്കില്ല എന്ന തീരുമാനം നിമിത്തം ഇവരുടെ കാലം കഴിഞ്ഞാല്‍ ഏതാണ്ട് അഞ്ഞൂറ് വര്‍ഷത്തെ ഒരു ചരിത്രത്തിന് അവസാനമാകുമെന്ന് കരുതപ്പെടുന്നു. ഇവരിലൂടെ തുടരേണ്ടതായിരുന്ന ആ വംശപാരമ്പര്യം ഇതോടെ അന്യം നിന്നുപോകും.
( ഇവരുടെ മറ്റു കുടുംബാംഗങ്ങളെല്ലാം തന്നെ നേരത്തേ ആസ്ട്രേലിയയിലേക്ക് കൂടിയേറിയിരുന്നു.) അവിവാഹിതയായി തുടരുന്ന ഇവർ ഇപ്പോൾ മട്ടാഞ്ചേരി സിനഗോഗിലെ ടിക്കറ്റ് കൗണ്ടറിൽ സേവനമനുഷ്ടിക്കുന്നു( as of 2015).

No comments:

Post a Comment