മത്തവിലാസ പ്രഹസനം
(പ്രാചീന ഭാരതീയ കൃതികള്‍ -7)
സി ഇ ഏഴാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട പ്രസിദ്ധ സംസ്കൃത സാഹിത്യകൃതിയാണ് മത്തവിലാസം. പല്ലവ രാജാവായിരുന്ന മഹേന്ദ്രവര്‍മ്മന്‍ ഒന്നാമന്‍ (സി ഇ 571- 630) ആണ് ഇതിന്റെ രചയിതാവ്. സംസ്കൃതസാഹിത്യങ്ങളിലെ പ്രഹസനം എന്ന വിഭാഗത്തിൽ പെടുത്തുന്ന ഒരു കൃതിയാണ് "മത്തവിലാസം” (കുടിച്ചു കൂത്താടല്‍). ഹാസ്യരസപ്രധാനമായ ഏകാങ്കനാടകങ്ങളെയാണ് പ്രഹസനങ്ങള്‍ എന്നു പറയുന്നത്. കഥാപാത്രങ്ങള്‍ ദൈവിക പരിവേഷമില്ലാത്ത സാധാരണക്കാരായിരിക്കും. പുരാണങ്ങളില്‍ നിന്നല്ല, മറിച്ച് സാമൂഹിക ജീവിതത്തില്‍ നിന്നുള്ളതായിരിക്കും കഥാസന്ദര്‍ഭങ്ങള്‍. ഏഴാം നൂറ്റാണ്ടിലെ സാമൂഹിക ജീവിതത്തിലേക്ക് മത്തവിലാസ പ്രഹസനം വെളിച്ചം വീശുന്നുണ്ട്.
കാഞ്ചീപുരം ഭരിച്ചിരുന്ന ഒരു പ്രാദേശിക രാജവംശമായിരുന്ന പല്ലവന്മാരെ ദക്ഷിണേന്ത്യയിലെ പ്രമുഖ രാഷ്ട്രീയശക്തിയാക്കി വളര്‍ത്തിയെടുക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചയാളാണ് മഹേന്ദ്രവര്‍മ്മന്‍ ഒന്നാമന്‍. അദ്ദേഹം സംസ്കൃത-തമിഴ് സംസ്കാരങ്ങളുടെ മധ്യസ്ഥനും അഭ്യുദയകാംക്ഷിയുമായിരുന്നു. ചാലൂക്യ ഭരണാധികാരി പുലികേശി രണ്ടാമന്റെയും താനേസറിലെ ഹര്‍ഷന്റെയും സമകാലികനുമായിരുന്നു. ഹര്‍ഷനെപ്പോലെ മഹേന്ദ്രവര്‍മ്മന്‍ ഒരുവിധം നല്ല നാടകകൃത്തും കവിയുമായിരുന്നു. രാജാക്കന്മാരെ സാഹിത്യപരമായ കഴിവുകളുമായി ബന്ധപ്പെടുത്തുന്നത് സംസ്കൃതപാണ്ഡിത്യത്തിന്റെ ഒരു മാനദണ്ഡമായി അക്കാലത്ത് മാറിയിരുന്നു. പ്രത്യേകിച്ച് രാജസഭ സംസ്കാരത്തെ പ്രതിഫലിപിക്കുമ്പോള്‍. മഹാബലിപുരത്തെ (മാമല്ലപുരം) അടക്കം ഏറ്റവും മികച്ച ഗുഹാക്ഷേത്രങ്ങളില്‍ ചിലത് അദ്ദേഹത്തിന്റെ കാലത്താണ് നിര്‍മ്മിക്കപ്പെട്ടത്. മഹേന്ദ്രവര്‍മ്മന്‍ ഒരു ജൈനനായിട്ടാണത്രെ ജീവിതമാരംഭിച്ചത്. അപ്പറിന്റെ (തിരുനാവുക്കരശ്) പ്രേരണയാല്‍ പിന്നീട് അദ്ദേഹം ശൈവനായി മാറി. ഈ മതപരിവര്‍ത്തനത്തോടെ തമിഴ്നാട്ടില്‍ ജൈനധര്‍മ്മത്തിന് ലഭിച്ചിരുന്ന അഭ്യുദയകാംക്ഷിത്വം കുറഞ്ഞു.
മഹേന്ദ്രവര്‍മ്മന്റെ മാമണ്ടൂർ ശാസനത്തിൽ മത്തവിലാസപ്രഹസനത്തേയും ഭഗവദജ്ജുകം പ്രഹസനത്തേയും പരമാർശിച്ചു കാണുന്നുണ്ട്. മത്തവിലാസത്തിന്റെ രചയിതാവിന്റെ പേരായി മഹേന്ദ്രവിക്രമ വർമ്മനെ സൂചിപ്പിച്ചിട്ടുണ്ട്. ഭഗവദജ്ജുകത്തിൽ എവിടേയും രചയിതാവിന്റെ പേരില്ല. ഭഗവദജ്ജുകം കുറെക്കൂടി പ്രാചീനകൃതിയാണെന്നും അതിന്റെ കര്‍ത്താവ് ബോധായനന്‍ ആണെന്നും ചരിത്രപണ്ഡിതര്‍ അഭിപ്രായപ്പെടുന്നു.
ബൗദ്ധം, ജൈനം, കാപാലികം, പാശുപതം തുടങ്ങി അക്കാലത്തെ പല ദര്‍ശനങ്ങളേയും വിമര്‍ശിക്കുന്ന രീതിയിലാണ് മത്തവിലാസത്തിന്റെ ഇതിവൃത്തം. പ്രാകൃത മാര്‍ഗത്തില്‍ ശിവനെ ആരാധിക്കുന്നവരാണ് കാപാലികര്‍. കപാലവും (തലയോട്), ത്രിശ്ശൂലദണ്ഡും മുദ്രയായി സ്വീകരിച്ച് ഭിക്ഷാടനം നടത്തുന്നവരാണ് കാപാലികര്‍. ചുടലയില്‍ ജീവിക്കുക, ചുടലഭസ്മം പൂശുക, നൃത്തമാടുക, മദ്യം, മാംസം, മത്സ്യം, മൈഥുനം, മുദ്ര എന്നീ പഞ്ചമകാരങ്ങള്‍ ചേര്‍ത്തുകൊണ്ടുള്ള പൂജാരീതികള്‍ മുതലായവ അവരുടെ 12 വര്‍ഷം നീളുന്ന മഹാവൃതത്തിന്റെ ഭാഗമാണ്. പാശുപതര്‍ കുറെക്കൂടെ പരിഷ്കൃതരായ ശിവാരാധകരാണ്. പാശുപത ശൈവിസം ഭക്തിയില്‍ അധിഷ്ടിതമാണ്.
കഥയുടെ ചുരുക്കം:
സത്യസോമ എന്ന കാപാലിക സന്ന്യാസി (കപാലി), അയാളുടെ സഖി ദേവസോമ, നാഗസേനന്‍ എന്ന ബുദ്ധഭിക്ഷു, പാശുപതന്‍, ഒരു ഭാന്ത്രന്‍ എന്നിവരാണ് ഇതിലെ കഥാപാത്രങ്ങള്‍. കുടിച്ചു ലക്കുകെട്ട കപാലിയുടെ കൈയില്‍നിന്നും ഭിക്ഷാപത്രം നഷ്ടപ്പെടുന്നു. ദേവസോമയുടെ നിര്‍ദേശപ്രകാരം മദ്യശാലയില്‍ പോയി പരിശോധിച്ചിട്ടും അതവിടെ ഉണ്ടായിരുന്നില്ല. തന്റെ ഭിക്ഷാപത്രം കളവുപോയതിനു പിന്നില്‍ ബുദ്ധഭിക്ഷു ആണെന്നു കപാലി ആരോപിക്കുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ ഒരു വാക്പയറ്റ് നടക്കുന്നു. നിഷിദ്ധ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതിനു ബുദ്ധഭിക്ഷുക്കളെ മാത്രമല്ല, വേദാന്തത്തില്‍ നിന്നു ആശയങ്ങള്‍ മോഷ്ടിച്ചതിന് ബുദ്ധദര്‍ശനത്തെ തന്നെയും കപാലി പരിഹസിക്കുന്നു. ശേഷം കപാലിയുടെ പരിചയക്കാരന്‍ പാശുപതന്‍ കടന്നു വന്ന് തര്‍ക്കത്തിനു മധ്യസ്ഥത വഹിക്കുന്നു. പിന്നീട് ഒരു ഭ്രാന്തന്‍ കൈയില്‍ കപാലവുമായി അരങ്ങത്ത് വരുന്നു. കപാലം ഒരു നായ കൊണ്ടുപോയതാണെന്നും നായയുടെ പക്കല്‍നിന്ന് ഭ്രാന്തന്‍ വീണ്ടെടുത്തതാണെന്നും മനസ്സിലാവുന്നു. കപാലം തിരിച്ചു കിട്ടിയ സന്തോഷത്തില്‍ കപാലിയും തന്റെ നിരപരാധിത്വം തെളിഞ്ഞ സന്തോഷത്തില്‍ ബുദ്ധഭിക്ഷുവും സ്നേഹത്തോടെ പിരിയുന്നു.
മത്തവിലാസം കൂത്ത്:
കേരളത്തില്‍ മമ്മിയൂര്‍, കരിവള്ളൂര്‍, കൊട്ടിയൂര്‍ തുടങ്ങിയ അപൂര്‍വം ചില ശിവക്ഷേത്രങ്ങളില്‍ മത്തവിലാസം കൂത്തായി നടത്താറുണ്ട്. മൂലകൃതിയില്‍നിന്ന് കാര്യമായ പാഠമാറ്റം മത്തവിലാസം കൂത്തായി അവതരിപ്പിക്കുമ്പോള്‍ ദൃശ്യമാണ്. തികച്ചും ഹാസ്യാത്മകമായ കഥ കൂത്താകുമ്പോള്‍ ഭക്തിരസപ്രധാനമായി മാറുന്നു. ക്ഷേത്രങ്ങള്‍ക്കുള്ളിലെ കൂത്തമ്പലത്തില്‍ വെച്ച് നടത്തുന്നതിന് ഉചിതമെന്നോണമായിരിക്കാം ഈ പാഠമാറ്റം.
കപാലിയുടെ നൃത്തമാണ് മത്തവിലാസം കൂത്തിലെ പ്രത്യേകത. ഭ്രാന്തൻ, ബുദ്ധഭിക്ഷു എന്നിവര്‍ കൂത്തില്‍ രംഗത്ത് വരുന്നില്ല. മൂന്നുദിവസമായാണ് കൂത്ത് അവതരിപ്പിയ്ക്കുന്നത്. ആദ്യദിവസം പുറപ്പാട്, രണ്ടാം ദിവസം നിർവഹണം, മൂന്നാം ദിവസം കപാലി എന്നിങ്ങനെ ആണ് അവതരണ രീതി. ഒന്നാം ദിവസം രംഗക്രിയകൾ കഴിഞ്ഞ് സൂത്രധാരൻ രംഗത്ത് വന്ന് സ്ഥാപനയിലെ “ഭാഷാവേഷവപു..” എന്ന് തുടങ്ങുന്ന ശ്ലോകം ചൊല്ലി അവതരിപ്പിയ്ക്കാൻ പോകുന്ന കഥയെ പറ്റി പറയുന്നു. പിന്നീട് കൂടിയാട്ടം ചടങ്ങുകൾക്കനുസരിച്ചുള്ള നൃത്തവും മറ്റുമാണ്.
രണ്ടാം ദിവസം നിർവഹണത്തിൽ ചാക്യാർ അനുക്രമമായും സംക്ഷേപമായും കഥ പറയുന്നു. അനുക്രമം എന്നത് ഇന്നത്തെ അവസ്ഥ പറയുന്നതാണ്. അതായത് സത്യസോമനും ദേവസോമയും എങ്ങനെ കപാലികളായി തീർത്ഥാടനം ചെയ്യുന്നു എന്നത്. സംക്ഷേപമായി പറയുന്നത് പൂർവ കഥയാണ്. സത്യസോമൻ എങ്ങനെ കപാലി ആയിത്തീർന്നു എന്ന പൂർവകഥ വിവരിയ്ക്കുന്നു. ഇവിടെ ഈ കഥ സംവിധായകൻ കൂട്ടിച്ചേർത്തതാവണം. സത്യസോമനും ദേവസോമയും സുഖമായി വാഴുന്ന കാലത്ത് സത്യസോമൻ ശിവക്ഷേത്ര ദർശനം നടത്തുന്ന സമയം ബ്രാഹ്മണകുട്ടികൾ പ്ലാശിന്റെ കൊമ്പ് മുറിയ്ക്കുന്നത് കാണുകയും അവരെ സഹായിക്കാനായി സത്യസോമൻ മരത്തിൽ കയറി കൊമ്പു മുറിയ്ക്കാൻ തുടങ്ങുകയും ഇടയ്ക്ക് മഴുവീണ് താഴെ നിൽക്കുന്ന ഒരു ബ്രാഹ്മണകുട്ടി മരിയ്ക്കുന്നതും ആണ് കഥ. സത്യസോമൻ പ്രായശ്ചിത്തം ചെയ്യാൻ തെരഞ്ഞെടുത്ത വഴി കപാലിയുടെ വഴി ആയിരുന്നു. ഇത്രയും കഥകൾ വാചികം ഇല്ലാതെ മുദ്രകളിലൂടെ ചാക്യാർ അരങ്ങത്ത് അവതരിപ്പിക്കുന്നു. മഹാവ്രതം നോൽക്കുന്ന കപാലി ശിവന്റെ പ്രതിപുരുഷൻ എന്നാണ് സങ്കൽപ്പം.
ബ്രഹ്മഹത്യാപാപം തീർക്കാൻ ശിവനെ തപസ്സുചെയ്യുന്ന സത്യസോമനെന്ന ബ്രാഹ്മണൻ ശിവന്റെ നിർദ്ദേശാനുസരണം കപാലിവേഷത്തിൽ നൃത്തം ചെയ്യുന്നുവെന്നാണ് സങ്കല്പം. കപാലിയുടെ നൃത്തം കണ്ട് അനുഗ്രഹം തേടുന്നവർക്ക് അഭീഷ്ടകാര്യങ്ങൾ സാധിക്കുമെന്നാണ് വിശ്വാസം. സന്താനലബ്ധിക്കുള്ള വഴിപാടായാണ് ഭൂരിഭാഗം മത്തവിലാസം കൂത്തുകളും കഴിപ്പിക്കുന്നത്.
മത്തവിലാസം കഥകളി:
മത്തവിലാസപ്രഹസനം ആധാരമാക്കി ആട്ടക്കഥ രചിച്ചത് സജനീവ് ഇത്തിത്താനം ആണ്. ആദ്യ അവതരണം 2012 സെപ്തംബര്‍ 6 ന് തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തില്‍ നടന്നു. കൂത്തിലെ രീതിയാണ് കഥകളിയിലും പിന്തുടര്‍ന്നത്. കഥകളിയ്ക്ക് വഴങ്ങുന്ന രീതിയില്‍ മൂലകഥയിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കി, ചാക്യാന്മാരുടെ നിര്‍വഹണ ഭാഗങ്ങളും കൂടി ഉള്‍പ്പെടുത്തിയാണ് ഈ ആട്ടക്കഥ രചിച്ചിട്ടുള്ളത്.
ആട്ടക്കഥ സംഗ്രഹം
മൂലകൃതിയുടെ മലയാള പരിഭാഷ (കടപ്പാട്: സുനില്‍ കുമാര്‍ മുതുകുറിശ്ശി മന)
http://mattavilasam.blogspot.in/2016/03/1.html
http://mattavilasam.blogspot.in/2016/03/1.html
ചിത്രം 1: മത്തവിലാസം കൂത്ത്, മമ്മിയൂർ ശിവക്ഷേത്രം
ചിത്രം 2: മത്തവിലാസം കഥകളി, തിരുവല്ല ശ്രീവല്ലഭക്ഷേത്രം
ചിത്രം 2: മത്തവിലാസം കഥകളി, തിരുവല്ല ശ്രീവല്ലഭക്ഷേത്രം


No comments:
Post a Comment