Tuesday, 19 June 2018

ടിപ്പുവിന്റെ ജനനം





ടിപ്പുവിന്റെ ജനനം
.

ടിപ്പുസുൽത്താൻ - 3..
ഹൈദറലിയുടെ ആദ്യ ഭാര്യ സയ്യിദ് ഷഹബാസിന്റെ (സിറയിലെ പിർ സാദ-ഷാ മിയാൻ സാഹബ് ) പുത്രി ആദ്യമായി ഒരു പെൺകുഞ്ഞിന് ജൻമം നൽകിയതോടെ അവർ വാതരോഗത്തിന് അടിമപ്പെട്ടു. പിന്നീട് ഹൈദർ ഗുഡപ്പ കോട്ടയിലെ ഗവർണറായിരുന്ന മിർ മൊയീനുദ്ധീന്റെ പുത്രി ഫാത്തിമ (ഫക്രുന്നിസ )യെ വിവാഹം ചെയ്തു.( ഹൈദറിന്റെ ഭരണത്തിൽ സുപ്രധാനിയായ, പിന്നീട് 1781 ൽ പോർട്ട നോവയുദ്ധത്തിൽ കൊല്ലപ്പെട്ട മിർ അലി റാസാ ഖാന്റെ സഹോദരിയാണിവർ). 1749 ൽ മൈസൂർ ദേവനഹള്ളി കീഴക്കിയതു മുതൽ ഹൈദർ കുടുംബത്തെ അവിടെ താമസിപ്പിച്ചു .ടിപ്പുവിനെ ഗർഭം ധരിച്ച വേളയിൽ ഫക്രുന്നിസ സുഖപ്രസവത്തിനായി ഭർത്താവുമൊത്ത് ആർക്കോട്ടിലുള്ള ടിപ്പു മസ്താൻ ഓലിയയുടെ ശവകുടീരം സന്ദർശിച്ച് പ്രാർത്ഥന നടത്തുകയുണ്ടായി .ഹിജ്റ വർഷം 1163 ൽ ദുൽഹജ്ജ് മാസം 20-ന് വെള്ളിയാഴ്ച ( നവമ്പർ 20 1750) അവർക്കൊരു ആൺകുട്ടി പിറക്കുകയും അവന് ടിപ്പു സുൽത്താൻ എന്ന് നാമകരണം നൽകുകയും ചെയ്തു. മുത്തച്ചന്റെ പേർ കൂട്ടി ടിപ്പു സുൽത്താൻ ഫാത്ത് അലി ഖാൻ എന്ന് വിളിക്കപ്പെട്ടു.
ടിപ്പുവിന് പത്ത് വയസുള്ളപ്പോഴാണ് ഹൈദറിനെതിരായ കാണ്ഡേറാവുവിന്റെ ഗൂഡാലോചന നടക്കുന്നത് ( 1760). ഉപജാപങ്ങളെ തുടർന്ന് ജീവന് ഭീഷണി നേരിട്ട ഘട്ടത്തിൽ ഹൈദർ കുംടുംബത്തെ ശ്രീരംഗപട്ടണം കോട്ടക്കുള്ളിൽ വിട്ട് 1760 ആഗസ്റ്റ് 12 രാത്രിയിൽ തലസ്ഥാനം വിട്ടു.കാണ്ഡേറാവു ടിപ്പുവിനെയും കുടുംബത്തെയും ശ്രീരംഗപട്ടണത്തെ മസ്ജിദിന് സമീപമുള്ള ഒരു വീട്ടിൽ പാർപ്പിച്ച് പുറത്ത് കാവൽ ഏർപ്പെടുത്തി. എങ്കിലും മാന്യമായ പരിചരണമാണ് അവർക്ക് നൽകപ്പെട്ടത്. താമസിയാതെ ഹൈദർ ശക്തനായി തിരിച്ചെത്തി ശ്രീരംഗപട്ടണം കീഴടക്കുകയും തന്റെ കുടുംബത്തെ കൂടുതൽ സുരക്ഷിതമായ ബാംഗ്ലൂരിലേക്ക് മാറ്റുകയും ചെയ്തു.1763 ൽ ബദനൂർ കീഴsക്കി ടിപ്പുവിനെ അവിടേക്ക് അയച്ചു.
വിദ്യഭ്യാസം
....................
നിരക്ഷരാനായിരുന്ന ഹൈദർ പക്ഷേ, തന്റെ മകന് ഒരു രാജകുമാരന് ഇണങ്ങുന്ന രീതിയിലുള്ള വിദ്യാഭ്യാസമാണ് നൽകിയത് .കുതിരയോട്ടത്തിലും തോക്ക് ഉപയോഗിക്കുന്നതിലും വാൾ പയറ്റിലുമെല്ലാം ടിപ്പുവിന് പരിശീലനം നൽകപ്പെട്ടു. ഹൈദറിന്റെ യൂറോപ്യൻ യുദ്ധതന്ത്രജ്ഞതയെ കുറിച്ചുള്ള ചർച്ചകളിൽ ടിപ്പുവിനെയും പങ്കെടുപ്പിച്ചു.ഇത് യുദ്ധ കലയെയും മിലിറ്ററിഡിസിപ്ലിനെ കുറിച്ചുമുള്ള പ്രാഥമിക അവബോധം ടിപ്പുവിൽ വളർത്തി. ടിപ്പുവിന്റെ സൈനിക ഗുരുവായി ഖാസി ഖാൻ എന്ന മികച്ച പേർഷ്യൻ ഓഫീസർ നിയമിക്കപ്പെട്ടു.ഉറുദു, പേർഷ്യൻ, അറബിക്, കന്നഡ, ഖുർആൻ, ഫിഖ്ഹ്, ഉപനിഷത് ഇവയിലെല്ലാം ടിപ്പുവിന് വിദ്യഭ്യാസം നൽകി.
ആദ്യ യുദ്ധ പരിചയം
....................................
1766 ൽ ഹൈദറിന്റെ ബലാം ആക്രമണം ടിപ്പുവിന് യുദ്ധത്തെ കുറിച്ചുള്ള യഥാർത്തമായ അനുഭവങ്ങൾ നൽകി. യുദ്ധരംഗത്ത് സുൽത്താൻ പിതാവിനെ അനുഗമിച്ചു. മൈസൂറിന്റെ ആധിപത്യം ഒരിക്കലും അംഗീകരിക്കാൻ കൂട്ടാക്കാതെ നിലകൊണ്ടവരായിരുന്നു കർണ്ണാടകയിലെ കൂർഗി ( കുടക് ) ലെ നാടുവാഴികളും ജൻമിമാരും. എപ്പോഴെല്ലാം അവർ മൈസൂറിന് കീഴൊതുങ്ങിക്കഴിയേണ്ടിവന്നിട്ടുണ്ടോ അപ്പോഴെല്ലാം ബലപ്രയോഗത്തിലൂടെ മാത്രമാണത് സാധ്യമായത് . കുടകിന്റെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന 'ബലാം ' എന്ന മലമ്പ്രദേശ പട്ടണമായിരുന്നു യുദ്ധരംഗം
മറാത്തരുടെയും, ഇംഗ്ലീഷുകാരുടെയും ആക്രമണങ്ങൾക്ക് വിധേയമാവേണ്ടി വന്ന സന്ദർഭങ്ങളിലെല്ലാം മൈസൂറിനെതിരെ അവരെ സഹായിക്കുന്ന നിലപാടാണ് ഈ നാടുവാഴികൾ സ്വീകരിച്ച് പോന്നിരുന്നത്.അതിനാൽ തന്നെ ഈ വലിയ ആക്രമണങ്ങളൊക്കെ മൈസൂർ പരാജയപ്പെടുത്തിയ സന്ദർഭങ്ങളിലെല്ലാം കൂർഗിനെതിരെയും നടപടി കൈക്കൊള്ളേണ്ടിവന്നിരുന്നു. ഇങ്ങനെയുള്ള ഒരു സന്ദർഭമാണ് ഹൈദറിന്റെ ബാലാമിനെതിരെയുള്ള ആക്രമണം. അതിന്റെ ഭരണാധികാരി ശ്രീരംഗപട്ടണത്തിന്റെ അതിർത്തി പ്രദേശങ്ങൾ ആക്രമിച്ച് കീഴടക്കിക്കൊണ്ട് മൈസൂരിനെ വെല്ലുവിളിച്ച് നിന്ന സന്ദർഭത്തിൽ ഹൈദർ ടിപ്പുവുമൊത്ത് തന്റെ സേനയെ ബലാമിനെതിരെ നയിച്ചു.. അന്ന് ടിപ്പുവിന്റെ പ്രായം 15 വയസ്സ് മാത്രമായിരുന്നു....
വൻ മരങ്ങൾ നിറഞ്ഞ കാട്ടുപ്രദേശത്തായിരുന്നു ഏറ്റുമുട്ടൽ നടന്നത്. ടിപ്പുവിനെയുദ്ദമുന്നണിയിലേക്ക് വിടാൻ ഹൈദർ തയ്യാറായിരുന്നില്ല .സുൽത്താന്റെ സംരക്ഷണം ഗാസി ഖാന്റെ കീഴിൽ രണ്ടായിരം സൈനികരെയേൽപ്പിച്ച് അദ്ദേഹം മുന്നണിയിലേക്ക് പോയി. യുദ്ദ തന്ത്രങ്ങൾ കണ്ട് മനസിലാക്കാനായിരുന്നു ടിപ്പുവിനോട് നിർദ്ദേശിക്കപ്പെട്ടത്. യുദ്ധത്തിന്റെ ഗതിവിഗതികൾ സമയാസമയം ദൂതൻമാർ മുഖേന സുൽത്താനെ അറിയിക്കാമെന്നും പറയപ്പെട്ടു.
ഹൈദറിന്റെ കൊടി വൻമരങ്ങൾക്കിടയിൽ അപ്രത്യക്ഷമായി. നാഴികകളേറെ കഴിഞ്ഞിട്ടും ഒരു വിവരവും അറിയാൻ കഴിയാതിരുന്ന ടിപ്പു ആശങ്കാകുലനായി. തന്റെ സംരക്ഷണ ചുമതലയേൽപ്പിക്കപ്പെട്ട ഗാസിഖാനോട് പിതാവിന് വല്ല അപകടവും പിണഞ്ഞിരിക്കുമെന്ന ആശങ്കയിൽ അദ്ദേഹത്തെ സഹായിക്കുവാനായി പോകുവാൻ ടിപ്പു നിർദ്ദേശിച്ചു . സഹായത്തിനായി നിലകൊണ്ട രണ്ടായിരത്തോളം ഭടൻമാരിൽ 500 പേരൊഴികെ എല്ലാവരെയും ഗാസി ഖാനൊപ്പം വിട്ടു.ശേഷം പിതാവിന്റെ കൽപനക്ക് വിപരീതമായി തന്റെ സംഘത്തെ അർധ വൃത്താകൃതിയിൽ അണിനിരത്തി കാട്ടിനുള്ളിലേക്ക് കയറി...
ഉൾവനത്തിൽ ശത്രുവിന്റെ ക്യാമ്പാണെന്ന് കരുതിയ സ്ഥലം ടിപ്പുവിന്റെ സേന വളഞ്ഞു .കുടുംബാഗംങ്ങളെ സുരക്ഷിതമാക്കിയ ബലാം രാജാവിന്റെ അന്തപുര കൂടാരമായിരുന്നു അത് .തങ്ങളെ വലയം ചെയ്യപ്പെട്ടിരിക്കുന്നത് ഹൈദറിന്റെ പ്രധാന സേനയാണെന്ന് ധരിച്ച കാവൽ പട ചെറുത്ത് നിൽക്കാതെ കീഴടങ്ങി .കൂടാരത്തിനകത്ത് കയറിയ ടിപ്പുവിന് കാണാൻ കഴിഞ്ഞത് രാജാവിന്റെ പത്നിയെയും, അവരുടെ അഞ്ച് വയസ്സായ മകനെയും കുടുംബാംഗങ്ങളായ കുറച്ച് സ്ത്രീകളെയുമാണ്.രാജാവിനോട് കീഴടങ്ങാൻ പറയണമെന്നും അവരുടെ സുരക്ഷിതത്വവും അന്തസ്സും മാനിക്കപ്പെടുമെന്നും അദ്ദേഹം രാജപത്നിക്ക് ഉറപ്പ് കൊടുത്തു.
ഈ സമയം നാഴികകൾക്കകലെ ഹൈദറിനും സൈന്യത്തിനും മുന്നേറാൻ കഴിയാത്ത വിധം ശക്തമായ ചെറുത്ത് നിൽപാണ് ബാലാം രാജാവിന്റെ സൈന്യത്തിൽ നിന്നും നേരിടേണ്ടി വന്നത് .. പൊടുന്നനെ ബലാം സൈന്യത്തിൽ നിന്നും യുദ്ധ വിരാമത്തിന്റെ ;കീഴടങ്ങലിന്റെ സന്ദേശം അറിയിച്ചുള്ള വെളുത്ത കൊടി ഉയർത്തപ്പെട്ടു .ഇത് കണ്ട് ഹൈദറിന്റെ സേനാനായകർ ആശ്ചര്യപ്പെട്ടു. കാര്യങ്ങൾ അവർക്ക് ഒട്ടും അനുകൂലമായിരുന്നില്ല., പക്ഷേ തങ്ങൾ തടങ്കലിലാണെന്നുള്ള റാണിയുടെ സന്ദേശം ലഭിച്ച ബലാം രാജാവ് ഹൈദറിന് കീഴടങ്ങി .
ആശ്ചര്യജനകമായ അടിയറവിന്റെ പൊരുളറിയാനിറങ്ങിയ ഹൈദറിന്റെ സേനാനായകനായ മഖ്ബൂൽ ഖാന്റെ നേതൃത്വത്തിലുള്ള സംഗത്തിന് കാണാൻ കഴിഞ്ഞത് ടിപ്പുവിനാൽ ഉപരോധിക്കപ്പെട്ട രാജകുടുംബത്തെയായിരുന്നു .സുൽത്താനെ വണങ്ങിയ മഖ്ബൂലും സൈനികരും കൂടാരത്തിനുളളിൽ കയറി രാജപത്നിയടക്കമുള്ളവരെ ഉപദ്രവിക്കുവാൻ ശ്രമിച്ചു .ആ സ്ത്രീകളെ സ്വതന്ത്രരാക്കുവാനുള്ള ബാലനായ ടിപ്പുവിന്റെ ആവർത്തിച്ചുള്ള ആജ്ഞ ഒരു സേനാനായകന്റെ നിസ്സാര ഭാവത്തിൽ അവഗണിച്ച അയാൾക്ക് അവരെ വലിച്ചിഴച്ച് ഹൈദറിന്റെ മുൻപിൽ എത്തിക്കാനും പ്രശംസയും പാരിതോഷികങ്ങളും ഏറ്റുവാങ്ങുവാനുമുള്ള തിടുക്കമായിരുന്നിരിക്കണം; പക്ഷേ,ടിപ്പുവിന്റെ തോക്കിൽ നിന്നുതിർന്ന വെടിയുണ്ട മഖ്ബുൽഖാന്റെ ശിരസ്സ് തുളച്ചു. അമ്പരന്നു പോയ സൈനികർ പിൻമാറി. തന്റെ ആജ്ഞയും ,ഉറപ്പും പരസ്യമായി ലംഘിക്കപ്പെട്ടതാവാം സുൽത്താനെ ഇതിന് പ്രേരിപ്പിച്ചത്.
മഖ്ബൂൽ ഖാന്റെ വിധിയിൽ ഖേദമുണ്ടായിരുന്നെങ്കിലും കാര്യങ്ങൾ ഗ്രഹിച്ച ഹൈദർ ടിപ്പുവിനെ കുറ്റപ്പെടുത്തിയില്ല .സർവോപരി യുദ്ദത്തിന്റെ ഗതി പൊടുന്നനെ മാറിയത് ടിപ്പുവിന്റെ ഇടപെടലാണെന്ന് അദ്ദേഹം മനസ്സിലാക്കി. രാജകുടുംബത്തിന്റെ മോചനദ്രവ്യം നിശ്ചയിക്കേണ്ടതിനുള്ള അധികാരം ടിപ്പുവിന് നൽകപ്പെട്ടു. പക്ഷേ തന്റെ വാഗ്ദാനം പാലിച്ചു സുൽത്താൻ അവരെ സ്വതന്ത്രരാക്കുകയാണുണ്ടായത് .പിൽക്കാലങ്ങളിൽ ഒട്ടേറെയുദ്ദങ്ങളിൽ നേരിട്ടു പങ്കെടുത്ത ടിപ്പുവിന്റെ ആജ്ഞാശക്തിക്ക് ഉദാഹരണമായിരുന്നു ഈ സംഭവം. ഇതോടെ 500 കുതിരകളടങ്ങിയ ട്രൂപ്പിന്റെ സ്വതന്ത്ര ചുമതല ഹൈദർ പുത്രനു നൽകി.കൂടാതെ മലവല്ലി ,കോനനുർ ,ധർമ്മപുരി, പെന്നകാരം,തെങ്കരായ കോട്ട എന്നീ ജില്ലകളുടെ നിയന്ത്രണവും സുൽത്താൻ ഏറ്റെടുത്തു.
റഫറൻസ് - ഭഗവാൻ ഗിദ്വാനി, MHK

No comments:

Post a Comment