Tuesday, 19 June 2018

ട്യൂറിങ്ങിന്റെ (നിശബ്ദ)പ്രതികാരം




ട്യൂറിങ്ങിന്റെ (നിശബ്ദ)പ്രതികാരം
*=*=*=*=*=*=*=*=*=*=*=*=*=*=*=*
ആധുനിക കമ്പ്യൂട്ടർ സയൻസിന്റെ പിതാവ്, ഗണിതശാസ്ത്രത്തിലും തത്വചിന്തയിലും പകരം വെക്കാനില്ലാത്ത അനിതരസാധാരണ പ്രതിഭ, രണ്ടാം ലോകമഹായുദ്ധകാലത്ത് അച്ചുതണ്ട് ശക്തിക്കുമുന്നിൽ ബ്രിട്ടനെ മുട്ടുമടക്കാതെ നിലനിർത്തുന്നതിൽ മുഖ്യ പങ്കുവഹിച്ച ആംഗലേയ ശാസ്ത്രജ്ഞൻ;
'അലൻ മാതിസൺ ട്യൂറിങ്'
യുദ്ധാനന്തരം പരമോന്നത ബഹുമതി നൽകി യുണൈറ്റഡ് കിങ്ഡം അദ്ദേഹത്തെ ആദരിക്കുമെന്ന് ലോകം ഉറച്ച് വിശ്വസിച്ചിരിക്കെയാണ്, എല്ലാ കണക്കുകൂട്ടലുകളെയും തകിടം മറിച്ചുകൊണ്ട്, മറ്റൊരു ചരിത്ര കഥയിലെ ദുരന്ത കഥാപാത്രമായ് തീരാൻ ഹതഭാഗ്യനായ ആ ശാസ്ത്രജ്ഞൻ വിധിക്കപ്പെട്ടത്.തന്നോട് കടപ്പെട്ടിരിക്കേണ്ടീയിരുന്ന ബ്രിട്ടീഷ് ജനതയാൽ പോലും അങ്ങേയറ്റം വെറുക്കപ്പെട്ട്, സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും ശാരീരിക-മാനസിക പീഡനങ്ങളെ നേരിടാനാകാതെ, 41ആം വയസ്സിൽ ആത്‍മഹത്യയിൽ അഭയം തേടേണ്ടി വന്ന ആ മഹാ മനുഷ്യന്റെ ജീവിതം എന്തുകൊണ്ട് രണ്ടായിരത്തിപതിനെട്ടിലും ഇന്ത്യയിൽ പ്രസക്തമായിരിക്കുന്നു?
എന്തായിരുന്നു ട്യൂറിങ്ങിനെ മഹാപരാധിയാക്കിയ കുറ്റകൃത്യം?
അസംഭവ്യമെന്ന് തോന്നാമെങ്കിലും ഒറ്റവാക്കിൽ പറഞ്ഞാൽ അത് 'പ്രണയമായിരുന്നു'.സംശയിക്കേണ്ട.ഇരൂപതാം നൂറ്റാണ്ടിൽ, പ്രണയമെന്ന പാതകത്തിന്, ശിക്ഷിക്കപ്പെട്ട്, അപമാനിക്കപ്പെട്ട്, ആത്‍മഹത്യ ചെയ്യേണ്ടി വരിക എന്നാൽ , തീർത്തും സംഭവ്യമായിരുന്നു. അതും ബ്രിട്ടൻ പോലൊരു പരിഷ്‌കൃത രാജ്യത്തിനകത്ത്.
പ്രണയം/ലൈംഗികത=ഭിന്നവർഗ്ഗലൈംഗികത എന്നടിയുറച്ചു വിശ്വസിക്കുന്ന ഒരു സമൂഹത്തിൽ , ലിംഗത്വത്തിന്റെ അതിർത്തികൾ ലംഘിച്ച് പ്രണയിക്കുന്നവർ നിയമലംഘകരാകുന്നു, സദാചാര ലംഘകരാകുന്നു, പ്രകൃതി വിരുദ്ധരാകുന്നു, ഇരുപതാം നൂറ്റാണ്ടിലെ ബ്രിട്ടനിലും, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയിലും.
***********************
1912 ജൂൺ 23ആം തിയ്യതി, ജൂലിയസ് മാതിസൺ ട്യൂറിങ്ങിന്റെയും എതേൽ ട്യൂറിങ്ങിന്റെയും മകനായി ലണ്ടനിൽ ജനനം.ഷെർബൺ സ്‌കൂളിലും പിന്നീട് കിങ്‌സ് കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ ട്യൂറിങ് ഗണിതശാസ്ത്രത്തിലും മറ്റ് ശാസ്ത്രവിഷയങ്ങളിലും നന്നേ ചെറുപ്പത്തിലേ അസാമാന്യമായ മികവ് പുലർത്തിയിരുന്നു.ഷെർബണിലെ പഠനകാലത്ത്, സഹപാഠിയായ ക്രിസ്റ്റഫർ മോർകോമുമായി ഗാഢമായ സൗഹൃദം പുലർത്തിയിരുന്നു ട്യൂറിങ്. വാസ്തവത്തിൽ, ശാസ്ത്ര വിഷയങ്ങളിൽ അതീവ താല്പര്യം പ്രകടിപ്പിച്ചിരുന്ന ക്രിസ്റ്റഫറുമായുള്ള ബന്ധം കേവലം സൗഹൃദത്തിലൊതുങ്ങിയിരുന്നില്ല. എന്നാൽ ട്യൂറിങ്ങിന്റെ കുരുന്നു ഹൃദയത്തെ,ആനന്ദത്തെ, വിശ്വാസത്തെ എല്ലാം തകർത്തുകൊണ്ട് , സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കും മുൻപേ ക്രിസ്റ്റഫർ മോർകോം ക്ഷയരോഗ ബാധിതനായി മരണമടഞ്ഞു. പൊതുവെ ഏകാന്ത മനോഭാവിയായിരുന്ന ട്യൂറിങ്ങിനെ ക്രിസ്റ്റഫറിന്റെ വേർപാട് കൂടുതൽ ഒറ്റപ്പെടുത്തി.ട്യൂറിങ്ങിനെ നിരീശ്വരവാദിയാക്കുന്നതിൽ പിൽക്കാലത്ത് ക്രിസ്റ്റഫറിന്റെ അകാലമരണം ഒരു കാരണമായിട്ടുണ്ടാകാം എന്ന് ചില ചരിത്രകാരന്മാർ നിരീക്ഷിക്കുന്നു.തുടർന്ന് താനകപ്പെട്ട വിഷാദത്തെയും ഏകാന്തതയെയും മറികടക്കാൻ, കൂടുതൽ സമയവും പ്രയത്നവും, പഠനത്തിനായ് നീക്കിവെക്കുക വഴി, ട്യൂറിങ്ങിലെ പ്രതിഭ അക്ഷീണം വളർന്നുകൊണ്ടേയിരുന്നു.
രഹസ്യ കോഡുകളെ വിശകലനം ചെയ്യുന്നതിൽ അതീവ പ്രാഗൽഭ്യം സിദ്ധിച്ച ട്യൂറിങ് 1938 സെപ്റ്റംബർ മുതൽ ബ്രിട്ടനിലെ കോഡ് ബ്രെയ്ക്കിങ് സംഘടനയായ GC&CS ഉമായി സഹകരിച്ചു പോന്നു.
സമാധാന യാചനകളെ നിശബ്ദമാക്കി,രാജ്യാതിർത്തികളെ തിരുത്തിക്കുറിച്ചുകൊണ്ട്, രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടാൻ അധികം വൈകിയില്ല.1939 സെപ്റ്റംബർ 3 ആം തിയ്യതി യു.കെ ജർമ്മനിയോട് യുദ്ധം പ്രഖ്യാപിച്ചു. ശാസ്ത്ര-സാങ്കേതിക മേഖലയിൽ സ്വന്തം കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തികൊണ്ട് , മാതൃരാഷ്ട്രത്തെ സംരക്ഷിക്കുന്നതിലുള്ള തന്റെ പ്രതിബദ്ധത ട്യൂറിങ് ഉറപ്പ് വരുത്തി.ബ്രിട്ടീഷ് സർക്കാരിനു വേണ്ടി പ്രവർത്തിക്കുന്ന കാലത്ത്, എനിഗ്മ കോഡ് തകർക്കുക എന്നതായിരുന്നു ട്യൂറിങ്ങിന്റെ പ്രഥമലക്ഷ്യം. അതീവ രഹസ്യമായി വിവരങ്ങൾ കൈമാറുന്നതിന് ജർമ്മനി ഉപയോഗിച്ചിരുന്ന സാങ്കേതിക ഉപാധിയായിരുന്നു എനിഗ്മ.നാല്പതുകൾക്ക് മുൻപ് എനിഗ്മ വിവരങ്ങൾ ചോർത്തിയിരുന്ന പോളിഷ് ഗണിതശാസ്ത്രജ്ഞരെപ്പോലും കുഴപ്പിച്ചുകൊണ്ട്, യുദ്ധകാലത്ത് ജർമ്മനി അവരുടെ സാങ്കേതിക സുരക്ഷിതത്വം പതിന്മടങ്ങ് വർധിപ്പിച്ചപ്പോൾ പ്രതിരോധതത്തിലായത് ബ്രിട്ടനായിരുന്നു.എന്നാൽ ട്യൂറിങ്ങിന്റെയും സുഹൃത്തുക്കളുടെയും നേതൃത്വത്തിൽ വികസിപ്പിച്ചെടുത്ത ബോംബ്(Bombe) എന്ന ഇലക്ട്രോ-മെക്കാനിക്കൽ ഉപകരണം, എനിഗ്മ കോഡുകളെ നിഷ്പ്രയാസം ഭഞ്ജിച്ചു. തുടർന്ന് ജർമ്മനിയുടെ രഹസ്യവിവരങ്ങളപ്പാടെ ബ്രിട്ടീഷ് ചാരകേന്ദ്രത്തിലെത്തുകയും, യുദ്ധത്തിന്റെ ഗതി യു.കെയുടെ കൈവശമാവുകയും ചെയ്തു.വാസ്തവത്തിൽ നാസിപ്പടയിൽ നിന്നും ട്യൂറിങ് രക്ഷിച്ചത് ബ്രിട്ടനെയായിരുന്നില്ല മറിച്ച് ലോകത്തെയായിരുന്നു എന്ന് പറഞ്ഞാലും അതിശയോക്തിയില്ല.യുദ്ധവിജയത്തിന് ട്യൂറിങ് വഹിച്ച പങ്കിനെ ചൊല്ലി അഭിപ്രായ വിത്യാസങ്ങളുണ്ടായിരുന്നില്ല എന്നതിന് വിൻസ്റ്റൺ ചർച്ചിലിന്റെ വാക്കുകൾ തന്നെ ഉദ്ദാഹരണം; "Alan Turing's work shortened the second world war by atleast two years".
************************
1952 ലാണ് പത്തൊമ്പതുകാരനായ അർണോൾഡ് മുറേ എന്ന യുവാവുമായി ട്യൂറിങ് പരിചയത്തിലാകുന്നത്.ട്യൂറിങ്ങിന്റെ ജീവിതത്തിലെ അവിഭാജ്യഘടകമായ് തീരാൻ അർണോൾഡിന് ഏറെ കാലം വേണ്ടിവന്നില്ല.എന്നാൽ സ്വവർഗ്ഗപ്രണയം ഘോരപാപമായ് കണക്കാക്കിയിരുന്ന നിയമപാലകർ, ട്യൂറിങ്ങിന്റെയും ആർണോൾഡിന്റെയും സ്വകാര്യതയിലേക്ക് അതിക്രമിച്ചുകയറി.മറ്റാരെയും യാതൊരു വിധത്തിലും ബാധിക്കാത്ത,തീർത്തും സ്വകാര്യവും വ്യക്തിപരവുമായ ലൈംഗികതയുടെ പേരിൽ, ക്ഷണനേരം കൊണ്ട്, ലോകമാദരിക്കുന്ന മഹാപ്രതിഭ വെറുക്കപ്പെടേണ്ട കുറ്റവാളിയായി മുദ്രകുത്തപ്പട്ടു, വിചാരണ ചെയ്യപ്പെട്ടു. ട്യൂറിങ്ങിന് മുൻപിൽ കോടതി നീട്ടിയിരുന്നത് രണ്ട് ചോയ്സുകളായിരുന്നു.ഒന്നുകിൽ അഞ്ച് വർഷം കഠിനതടവ് അല്ലെങ്കിൽ കെമിക്കൽ കേസ്ട്രേക്ഷൻ.ഒടുവിൽ കെമിക്കൽ കേസ്ട്രേക്ഷൻ തിരഞ്ഞെടുക്കുമ്പോഴും ട്യൂറിങ്ങിന്റെ പ്രതീക്ഷയത്രയും, തന്റെ പഠനങ്ങൾ തുടരനാകുമല്ലോ എന്നതിലായിരുന്നു. നിർബന്ധിത കേസ്ട്രേക്ഷണിലൂടെ പൗരുഷം ക്ഷയിപ്പിക്കുന്നതിനായുള്ള ഹോർമോണൽ ട്രീറ്റ്മെന്റ് ആരംഭിക്കുകയും, വൈകാതെ കണക്കുകൂട്ടലുകൾക്കതീതമായ മാറ്റങ്ങൾ പ്രത്യക്ഷപ്പെടുകയും ചെയ്തു.ഉദ്ധാരണശേഷി നഷ്ടപ്പെടുകയും, സ്ത്രീകളുടേതിന് സമാനമായ സ്തനവളർച്ച ആരംഭിക്കുകയുമുണ്ടായി.
ശാരീരിക മാറ്റങ്ങളോട് സമരസപ്പെടാനാകാതെ ട്യൂറിങ്ങിന്റെ മാനസികാരോഗ്യം മാരകമായി തകരുകയും
അപമാനഭാരം അദ്ദേഹത്തെ വിഷാദത്തിലേക്ക് നയിക്കുകയും ചെയ്തു.ഇക്കാലയളവിൽ സർക്കാർ അദ്ദേഹത്തെ ജോലിയിൽ നിന്നും പരിച്ചുവിട്ടു. അമേരിക്ക പ്രവേശന വിലക്കേർപ്പെടുത്തി.ഒടുവിൽ 1954 ജൂൺ 7ആം തിയ്യതി, 41 ആം വയസ്സിൽ, സയനൈഡ് ചേർത്ത ആപ്പിൾ കഴിച്ച്, അലൻ ട്യൂറിങ് എന്ന വിഖ്യാതശാസ്ത്രപ്രതിഭ ശപിക്കപ്പെട്ട ഈ ലോകത്തുനിന്നും എന്നന്നേക്കുമായി വിടവാങ്ങി.1865നും 1967നും ഇടക്ക് ബ്രിട്ടീഷ് സർക്കാരിന്റെ സ്വവർഗ്ഗവിരുദ്ധ നിയമങ്ങൾക്ക് വിധേയരായി ശിക്ഷിക്കപ്പെട്ട 50000 സ്വവർഗ്ഗാനുരാഗികളിൽ ഒരാൾ മാത്രമായിരുന്നു അലൻ ട്യൂറിങ്.
****************************
യു.കെയുടെ അകത്തും പുറത്തുനിന്നുമായി പിൽക്കാലത്ത് ഉയർന്നുവന്ന ശക്തമായ പ്രതിഷേധത്തെ തുടർന്ന് 2013 ൽ എലിസബത്ത് രാജ്ഞി, അലൻ ട്യൂറിങ്ങിനായ് മരണാനന്തരം മാപ്പ് ചോദിച്ചു. മുൻകാലങ്ങളിൽ ശിക്ഷിക്കപ്പെട്ട ആയിരക്കണക്കിന് സ്വവർഗ്ഗാനുരാഗികളോട് കൂടി ഔദ്യോഗികമായി മാപ്പപേക്ഷിക്കുന്നതിനുള്ള നിയമത്തെ ട്യൂറിങ് നിയമം എന്ന് നാമകരണം ചെയ്യുകയും ചെയ്തു.
71 വർഷങ്ങൾക്കുമുമ്പ് ബ്രിട്ടൻ ഇന്ത്യയിൽ ഉപേക്ഷിച്ചു പോയ (പിൽക്കാലത്ത് അവർ സ്വന്തം നിയമസംഹിതയിൽ നിന്നെടുത്ത് നീക്കിയ) സ്വവർഗ്ഗവിരുദ്ധ നിയമത്തെ ഇന്നും ചുമലിലേറ്റുന്ന ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന് അലൻ ട്യൂറിങ് ഒരു ചരിത്രപാഠവും മുന്നറിയിപ്പുമാണ്.

കൂടുതൽ പ്രതികരണങ്ങൾ കാണിക്കുക

No comments:

Post a Comment