Tuesday, 19 June 2018

ഗണ്ഡിയല്ല 'ഗാന്ധി' തന്നെ




ഗണ്ഡിയല്ല 'ഗാന്ധി' തന്നെ 
• മുൻ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര യുടെ പേരിലെ വാലായ 'ഗാന്ധി' യെ പറ്റിയുള്ള വിവാദങ്ങൾക്ക്‌ ഇന്ദിര മരിച്ചിട്ട്‌ മൂന്നര പതിറ്റാണ്ട്‌ കഴിഞ്ഞിട്ടും ശമനമായിട്ടില്ല. ഇന്ത്യക്ക്‌ വേണ്ടി ജീവൻ പോലും വെടിഞ്ഞ ഇന്ദിരയുടെയും കുടുംബത്തിന്റെയും പേരിനെയും മതത്തെയും കുറിച്ച്‌ 'മെനഞ്ഞെടുത്ത' കഥകൾ പ്രചരിപ്പിക്കലാണ്‌ ഫാസിസ്റ്റ്‌ കൂലിയെഴുത്തുകാരുടെ തൊഴിൽ. ഇന്ത്യയുടെ പ്രധാനമന്ത്രിമാരായിരുന്ന ആ അമ്മയുടെയും മകൻ രാജീവിന്റെയും പേരിനെ സംബന്ധിച്ചുള്ള പരിഹാസം അതിരുവിടുന്നില്ലേയെന്ന് ശങ്കിച്ചപ്പോഴാണ്‌ അൽപം 'ജാതി ചിന്തകൾ' നിങ്ങളോട്‌ പങ്കു വെയ്‌ക്കാമെന്ന് തോന്നിയത്‌.
• ഒരു സമൂഹം ജീവിച്ചിരുന്ന പ്രദേശമോ ചെയിതിരുന്നോ ജോലിയോ പേരിനോട്‌ ചേർക്കുകയെന്നത്‌ പ്രാചീനകാലം മുതൽക്കേ ഭാരതീയ സമൂഹത്തിൽ നിലനിന്നിരുന്നതായി കാണാം. ഉദാഹരണത്തിന്ന് ഇന്ന് പാക്കിസ്ഥാനിലെ ലാഹോറിന്നടുത്തുള്ള Ahlu എന്ന ഗ്രാമത്തിൽ ജീവിച്ച്‌ വന്ന് പോന്നിരുന്നവർ ആലുവാലിയമാരായി. Montek Singh Ahluwalia സിഖുകാരനായപ്പോൾ Ashim Ahluwalia ഹിന്ദുവായി. അത്‌ പോലെ ജ്യോത്സ്യന്മാർ 'ജോഷി' മാരും കപട (വസ്ത്രം) വ്യാപാരികൾ 'കപാഡിയ' മാരും ദേശത്തിന്റെ മുഖ്യന്റെ (ഗ്രാമ മുഖ്യൻ) കുടുംബം Deshmukh മാരായപ്പോൾ ഗ്രാമസഭയുടെ എഴുത്തുകാരൻ ദേശ്‌പാണ്ഡെ മാരായി.
• ഇന്ത്യയിലെ എല്ലാ ജാതികളുടെയും 'വാൽ' പേരുകൾ ഇത്തരം ജോലിയുടെയോ ജീവിച്ചിരുന്ന പ്രദേശത്തിന്റെയോ കുലത്തൊഴിലിന്റെ ഭാഗമായി വന്ന് ചേർന്നതാണ്‌‌. ഹിന്ദു സമൂഹത്തിലാണ് ഇത്തരം വാലുകൾ കൂടുതലും കാണപ്പെടുകയെങ്കിലും, ചില ജാതിപ്പേരുകൾ ഹിന്ദുക്കളിലും സിക്കുകാരിലും മുസ്ലീങ്ങളിലും ഒരു പോലെ കണ്ടു വരുന്നുണ്ട്‌. ഭട്ട്‌ (Bhat) എന്ന വാലുള്ള ഇന്ത്യക്കാരനെ പരിചയപ്പെടുത്തേണ്ടി വരില്ലല്ലോ.
കശ്മീരിലെ പണ്ഡിതനും വിദ്വാന്മാരായിരുന്ന ആദി സമൂഹം ഭട്ടുമാരായി അറിയപ്പെട്ടു. മുകേഷ്‌‌ ഭട്ട്‌ മുതൽ ആലിയ ഭട്ട്‌ വരെ ഹിന്ദുക്കളിലും പാഴ്‌സികളിലും എന്തിന് മുസ്ലീം സമൂഹങ്ങൾക്കിടയിലും ഭട്ടുമാരുണ്ട്‌. പാക്കിസ്ഥാൻ ക്രിക്കറ്റ്‌ കളിക്കാരൻ സൽമാൻ ഭട്ട്‌ ഒരു ഉദാഹരണം മാത്രം. അത്‌ പോലെ ഹിന്ദുക്കളിലെ വാലുകളായാ 'റാണാ' മാരും 'ചൗധരി'മാരും മുസ്ലീങ്ങൾക്കിടയിലുമുണ്ട്‌. റാണാ നവേദ്‌ ഉൽ ഹസ്സൻ പാക്കിസ്ഥാനി ക്രിക്കറ്ററാണെങ്കിൽ മഞ്ചുറൽ ഇസ്ലാം റാണാ ബംഗ്ലാദേശ്‌ കളിക്കാരനാണ്‌. മുൻകാലങ്ങളിൽ പ്രാദേശികമായി ഒരു സമൂഹത്തിന്റെ നേതാവിനെ 'ചൗധരി' എന്ന നാമം ചാർത്തി നൽകിയിരുന്നു. നേതാവിന്റെ പിൻതലമുറക്കാർ അത്‌ വാലായി കൊണ്ട്‌ നടന്നു. മലയാളിയുടെ പ്രിയ സംഗീത സംവിധായകൻ സലീൽ ചൗധരിയും (Salil Chowdhury) ബോളിവുഡ്‌ സുന്ദരി മഹിമ ചൗധരിയും (Mahima Chaudhry) ക്രിക്കറ്റ്‌ കളിക്കാരൻ അനികേത്‌ ചൗധരി യും (Aniket Chaudhary) ഇന്ത്യാക്കാരായ 'ചൗ'ധരിമാരായപ്പോൾ ഫൈസൽ ചൗധരി (Faisal Chowdary) പാക്കിസ്ഥാൻ പ്ലേയറും സഹുർ അഹമ്മദ്‌ ചൗധരി (Zahur Ahmed Chowdhury) ക്രിക്കറ്റ്‌ സ്റ്റേഡിയം അങ്ങ്‌ ബംഗ്ലാദേശിലെ ചിറ്റഗോംങ്ങിലെ ക്രിക്കറ്റ്‌ സ്റ്റേഡിയവുമാണ്. മലയാളത്തിൽ അഞ്ച്‌ പേരുടെയും പേരുകൾ എഴുതുമ്പോൾ എല്ലാം 'ചൗധരി'യാണെങ്കിലും, ഇംഗ്ലീഷിലെഴുതിയപ്പോൾ ചെറിയ അക്ഷര വ്യത്യാസങ്ങൾ വന്നത്‌ ശ്രദ്ധിക്കുമല്ലോ. ആ അക്ഷരത്തിലെ വ്യത്യാസത്തോടെ തന്നെയാണ്‌ അഞ്ച്‌ ചൗധരിമാരും തങ്ങളുടെ പേരുകൾ ഔദ്യോഗികമായി എഴുതിയിരുന്നത്‌. ഒരേ വാൽ പേരുള്ളവർ എല്ലാ മതസ്ഥരിലും ഉണ്ടാവുമെന്നും ഒരേ വാലുള്ളവർ ഇംഗ്ലീഷിൽ തങ്ങളുടെ വാൽ പേരുകളെഴുതുമ്പോൾ വ്യത്യസ്ത ഇംഗ്ലീഷ്‌ അക്ഷരങ്ങൾ ഉപയോഗിക്കുന്നതായും മുകളിൽ നിന്ന് മനസ്സിലായി കാണുമല്ലോ.
• ഒരു വ്യക്തിയുടെ പേരിന്റെ വാല്‌ നോക്കിയല്ല മറിച്ച്‌ ആ വ്യക്തിയുടെ നന്മ, ആദർശം, സത്യസന്ധത, നേതൃത്വപാടവം തുടങ്ങിയ കാര്യങ്ങളിൽ ആകൃഷ്ടരായാണ്‌ നാം ഒരാളെ ബഹുമാനിക്കുന്നത്‌. ഒരേ ജാതിവാലുള്ള പലരും വ്യത്യസ്ത സ്വഭാവഗുണങ്ങളുള്ള വ്യക്തികളായിരിക്കാം. സത്‌വന്ത്‌ സിംഗ്‌ എന്ന സിക്കുകാരൻ ഇന്ദിരാ ഗാന്ധിയുടെ ഘാതകരിലൊരാളായിരുന്നു. പക്ഷേ, മൻമോഹൻ സിംഗ്‌ എന്ന സിക്കുകാരൻ ഇന്ദിരയുടെ പിൻഗാമിയാവുന്നത്‌ നമ്മൾ കണ്ടുവല്ലോ. വാലില്ല കാര്യം, പ്രവർത്തിയിലാണ്‌. നമ്മുടെ രാഷ്ട്രപിതാവിന്റെ മക്കളെല്ലാവരും 'ഗാന്ധികൾ' ആയിരുന്നു, പ്രവർത്തിയിൽ ഗാന്ധിജിയുടെ 'എഴുനൂറു' അയലത്ത്‌ പോലും മക്കൾ എത്തിയില്ല എന്നതും ഇതിനോട്‌ ചേർത്ത്‌ വായിക്കുക.
• കനാലിനോട്‌ (നെഹർ) ചേർന്ന് നിൽക്കുന്ന പ്രദേശത്തെ താമസക്കാർ നെഹ്‌റു എന്ന വാൽ ചേർത്തപ്പോൾ, (സു) ഗന്ധം വിൽപന തൊഴിലാക്കിയവർ ഗന്ധിയും ഗാന്ധിയുമായി. ചൗധരി എന്ന വാക്ക്‌ തന്നെ നാലും അഞ്ചും രീതിയിൽ എഴുതാറുണ്ടെന്നിരിക്കെ ഗന്ധം വിൽക്കുന്നവരെ ഇംഗ്ലീഷിൽ Gandhy എന്നോ Gandhi എന്നോ എഴുതിയാൽ വായിക്കുന്നതിലോ അർത്ഥത്തിലോ വ്യത്യാസം വരുന്നില്ല. മലയാളത്തിൽ രണ്ടിനെയും ഗാന്ധി എന്നോ ഗന്ധി എന്നോ വിളിക്കാം. പക്ഷേ, അഭിനവ ചരിത്ര വക്താക്കൾക്ക്‌ Gandhy എന്നത്‌ മോശം പദാർത്ഥത്തിനോട്‌ സാമ്യം വരുന്ന ഗണ്ഡിയും മറ്റേത്‌ ഗാന്ധിയുമാണ്‌. ഒരു വ്യക്തിയെ മോശമായി ചിത്രീകരിക്കാൻ വേണ്ടി ഏതറ്റം വരെ പോകുന്ന രീതിയാണ്‌ ഇന്ന് പലരും ചരിത്രമെന്ന രീതിയിൽ വിശകലനം നടത്തിക്കൊണ്ടിരിക്കുന്നത്‌.
• ഗുജറാത്തിലെ സുഗന്ധം വിൽക്കുന്ന കുടുംബത്തിലെ 'പാഴ്‌സി' അച്‌ഛനും 'ഹിന്ദു' അമ്മയ്‌ക്കും പിറന്ന ഫിറോസ്‌, Feroze Jehangir Gandhy എന്ന സ്പെല്ലിംഗ്‌ ആയിരുന്നു തന്റെ ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്നത്‌. ഗാന്ധിജിയിലൂടെ സ്വാതന്ത്ര്യ സമരങ്ങളിൽ ആകൃഷ്ടനായി, കോളേജ്‌ വിദ്യഭ്യാസം ഉപേക്ഷിച്ച്‌ സ്വാതന്ത്ര്യ സമരത്തിൽ പങ്ക്‌ ചേർന്ന ഫെറോസ്‌, ഗാന്ധിജിയോട്‌ ഇടപ്പെട്ട്‌ തുടങ്ങിയ ആദ്യകാലത്ത്‌ (1930 ൽ) തന്നെ പേരിലെ സ്പെല്ലിംഗ്‌ Gandhi എന്നാക്കി മാറ്റിയിരുന്നു. ഇന്ദിരയെ വിവാഹം കഴിക്കുന്നത്‌ പിന്നെയും രണ്ട്‌ വ്യാഴവട്ടങ്ങൾക്ക്‌ ശേഷമാണ് എന്ന് കൂടി ഓർക്കുക. ഗാന്ധിജിയോടുള്ള ബഹുമാനവും അടുപ്പവും കൊണ്ട്‌ തന്നെയായിരിക്കാം, സ്പെല്ലിംഗിലെ Y മാറ്റി I ആക്കി മാറ്റിയത്‌. ഗാന്ധിജിയുടെ 'വില', നെഹ്‌റു കുടുംബത്തിന്ന് ലഭിക്കാൻ വേണ്ടിയാണ്‌ ഫിറോസ്‌ 'ഗാന്ധി' എന്ന പേർ സ്വീകരിച്ചതെന്നും, ഫെറോസ്‌ ഒരു മുസ്ലിമായിരുന്നെന്നും ഇന്ദിരാ-ഫെറോസിന്റെ വിവാഹം മുസ്ലീം മതാചാരപ്രകാരമായിരുന്നു നടന്നത്‌ എന്ന് വേണമെങ്കിലും ചിലർ ചരിത്രമെന്ന രീതിയിൽ ചിലർ പടച്ചുവിടുന്നത്‌ കാണാം. ഒരു അടിസ്ഥാനവുമില്ലാതെ രാഷ്ട്രീയ മുതലെടുപ്പ്‌ മാത്രം ലക്ഷ്യം വെച്ച്‌ മനഃപ്പൂർവ്വം പ്രചരിപ്പിക്കുന്ന കള്ളക്കഥകളാണിതൊക്കെ. ആടിനെ പട്ടിയാക്കുകയും പട്ടിയെ വീണ്ടും കഴുതയാക്കുന്ന രീതിയിലുള്ള ഇത്തരം നുണകളൊക്കെ ചരിത്രം നിഷ്പക്ഷമായി അന്വേഷിക്കുന്ന എല്ലാവർക്കും മനസ്സിലാവുക തന്നെ ചെയ്യും. 

No comments:

Post a Comment