സഹോദരന്‍ അയ്യപ്പന്‍
ഇരുപതാം നൂറ്റാണ്ടില്‍ കേരളത്തിന്റെ സാമൂഹിക സാംസ്കാരിക ജീവിതത്തിന്റെ മുഖഛായ മാറ്റിയ അപൂര്‍വ്വ പ്രതിഭകളില്‍ ഒരാളായിരുന്നു, സഹോദരന്‍ അയ്യപ്പന്‍. സാമൂഹിക പരിഷ്ക്കര്‍ത്താവ്, വിപ്ലവകാരി, കവി, യുക്തിവാദി, നിയമ സാമാജികന്‍, ഭരണകര്‍ത്താവ് എന്നിങ്ങനെ ബഹുമുഖ വ്യക്തിത്വത്തിനുടമയായിരുന്നു, കെ. അയ്യപ്പന്‍ എന്ന സഹോദരന്‍ അയ്യപ്പന്‍.
എറണാകുളം വൈപ്പിന്‍ ദ്വീപിലെ ചെറായി എന്ന ദേശത്തെ ഒരു ഈഴവ കുടുംബത്തില്‍ 1889 ആഗസ്റ്റ് മാസം 21-ാം തീയതിയാണ് അയ്യപ്പന്റെ ജനനം. പിതാവ് കുംബളത്തു പറമ്പില്‍ കൊച്ചാവു വൈദ്യര്‍. മാതാവ് ഉണ്ണൂലി.
പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം അയ്യപ്പന്‍ മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ പ്രീ ഡിഗ്രിക്കു ചേര്‍ന്നു പഠിച്ചു. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് സാഹിത്യത്തില്‍ ബി.എ. ബിരുദം നേടിയ ശേഷം ബി.എല്‍. ഡിഗ്രി കൂടി സമ്പാദിച്ചു അദ്ദേഹം. വിദ്യാഭ്യാസ കാലത്തു തന്നെ സമൂഹത്തിലെ ഉപരിവര്‍ഗ്ഗത്തിന്റെ അധീനതയില്‍ കഴിയുന്ന അടിസ്ഥാന വിഭാഗത്തിന്റെ അവകാശങ്ങള്‍ക്കു വേണ്ടി പൊതു വേദികളില്‍ അയ്യപ്പന്റെ ശബ്ദം പലപ്പോഴും ഉയര്‍ന്നു കേട്ടിരുന്നു. കേരള നവോത്ഥാനത്തിന്റെ പിതാവായ ശ്രീ നാരായണഗുരുവിന്റെ തത്ത്വചിന്തകളില്‍ ആകൃഷ്ടനായ അയ്യപ്പന്‍ വൈകാതെ അദ്ദേഹത്തിന്റെ ശിഷ്യനായിത്തീര്‍ന്നു. ജാതി ചിന്തയിലും അന്ധവിശ്വാസങ്ങളിലും ആഴത്തിലമര്‍ന്നിരുന്ന സമൂഹത്തിലേക്ക് യുക്തിചിന്തയുടെ പ്രകാശം പരത്തുന്നതിനായി 1928-ല്‍ അയ്യപ്പന്‍ 'യുക്തിവാദി' എന്നൊരു മാസികയുടെ പ്രസിദ്ധീകരണം തുടങ്ങി.
കേരള സമൂഹത്തില്‍ രൂഢമൂലമായിരുന്ന ജാതീയതയെ എതിര്‍ക്കുന്നതില്‍ വലിയ ചുവടു വെയ്പ്പുകള്‍ നടത്തിയ അയ്യപ്പന്‍ സമാനചിന്താഗതിക്കാരായ ചെറുപ്പക്കാര്‍ക്കു ഒത്തു ചേരുന്നതിലേക്കായി സഹോദരസംഘം 1917-ല്‍ രൂപീകരിച്ചു. കേരളത്തിന്റെ സാമൂഹിക ചരിത്രത്തിലെ നാഴിക കല്ലായി വിശേഷിപ്പിക്കപ്പെടുന്ന മിശ്രഭോജനത്തിന് നേതൃത്വം നല്‍കിയത് സഹോദരന്‍ അയ്യപ്പനായിരുന്നു. ഇത് യാഥാസ്ഥിതികരായ മേലാളന്മാരെ മാത്രമല്ല ചൊടിപ്പിച്ചത്, ചുരുക്കം ചില സാമൂഹിക പരിഷ്ക്കര്‍ത്താക്കളെ കൂടിയായിരുന്നു. പുലയരെയും, ഈഴവരെയും സംഘടിപ്പിച്ചു കൊണ്ട് മിശ്രഭോജനം നടത്തിയ അയ്യപ്പനെ പുലയന്‍ അയ്യപ്പന്‍ എന്നു വിളിച്ച് അവര്‍ പരിഹസിക്കുകയും ചെയ്തു. പക്ഷെ ഇതൊന്നും തന്നെ അദ്ദേഹത്തെ തളര്‍ത്തിയില്ല, മറിച്ച് കൂടുതല്‍ വിപ്ലവകരമായ ആശയങ്ങള്‍ നടപ്പില്‍ വരുത്തുന്നതിന് പ്രേരണയാവുകയാണ് ചെയ്തത്.
നവോത്ഥാന ചിന്തകളുടെ പ്രചാരം കൂടുതല്‍ ശക്തമാക്കുന്നതിലേക്കായി അയ്യപ്പന്‍ 'സഹോദരന്‍' എന്നൊരു പ്രസിദ്ധീകരണവും ആരംഭിച്ചു. ശ്രീനാരായണഗുരുവിന്റെ 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്നതിനു പകരമായി 'ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട' മനുഷ്യന് എന്നതായിരുന്നു സഹോദരന്‍ അയ്യപ്പന്‍ ഉയര്‍ത്തിയ മുദ്രാവാക്യം.
1928-ല്‍ സഹോദരന്‍ അയ്യപ്പന്‍ കൊച്ചി പ്രജാമണ്ഡലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1947-ല്‍ തൊഴില്‍ വകുപ്പു മന്ത്രിയുമായി. തിരുവിതാംകൂര്‍ കൊച്ചി ഏകീകരണത്തിനു ശേഷം 1949-ല്‍ തിരുകൊച്ചി മന്ത്രിസഭയിലും അദ്ദേഹം അംഗമായിരുന്നു. താന്‍ കൂടി അംഗത്വം വഹിക്കുന്ന മന്ത്രിസഭ കൈക്കൊണ്ട കടുത്ത ചില നടപടികളുടെ ഭാഗമായി താഴ്ന്ന ജീവനക്കാരെ പിരിച്ചു വിട്ട സംഭത്തില്‍ പ്രതിഷേധിച്ച് അയ്യപ്പന്‍ രാജി സമര്‍പ്പിക്കുകയാണു ചെയ്തത്. മന്ത്രിയെന്ന നിലയില്‍ സഹോദരന്‍ അയ്യപ്പന്‍ നടപ്പിലാക്കിയ പല പരിഷ്ക്കരണങ്ങളും ദീര്‍ഘ വീഷണത്തോടെയുള്ളതായിരുന്നു. ഇന്നും കേരള രാഷ്ട്രീയ മണ്ഡലത്തിലെ അവിസ്മരണീയ വ്യക്തിത്വങ്ങളില്‍ ഒരാള്‍ സഹോദരന്‍ അയ്യപ്പന്‍ തന്നെയാണ്.
പാര്‍വ്വതിയായിരുന്നു, അദ്ദേഹത്തിന്റെ പത്നി. മകള്‍ ഐഷ ഗോപാലകൃഷ്ണന്‍. സഹോദരന്‍ അയ്യപ്പന്‍ തന്റെ ജീവിത സായാഹ്നത്തില്‍ വിവിധ വിഷയങ്ങളെ അധികരിച്ച് ധാരാളം ലേഖനങ്ങള്‍ വിവേകോദയം മാസികയില്‍ എഴുതിയിരുന്നു. ഇരുപതാം നൂറ്റാണ്ടില്‍ കേരളം നേടിയ സാമൂഹിക പുരോഗതിക്ക് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ ആ മഹല്‍ വ്യക്തി 1968 മാര്‍ച്ച് 6-ന് ഈ ലോകത്തോട് വിട പറഞ്ഞു.

No comments:
Post a Comment