Monday, 18 June 2018

തെക്കുംകൂർ കോവിലകത്തിന്റെ "എഴുത്തുകെട്ട്"




തെക്കുംകൂർ കോവിലകത്തിന്റെ "എഴുത്തുകെട്ട്"
കോട്ടയത്തെ തളീക്കോട്ടയിൽ സ്ഥിതി ചെയ്തിരുന്ന തെക്കുംകൂർ കൊട്ടാരത്തിന്റെ ഭാഗമെന്ന് കരുതുന്ന തടിയിൽ കൊത്തുപണികളോടു കൂടിയ "എഴുത്തുകെട്ട്" ഇന്ന് കാണാനിടയായി. പ്രാദേശികചരിത്രത്തിലെ സംശയനിവൃത്തിക്കായി ഇടയ്ക്കിടെ ബന്ധപ്പെടാറുള്ള പ്ലസ് ടു വിദ്യാർത്ഥി റൂബൻ ആണ് ഇത്തരമൊരു പുരാവസ്തു വല്യങ്ങാടിയിലെ ഒരു വീട്ടിൽ കണ്ടെത്തിയതായി വിവരം അറിയിച്ചത്. തെക്കുംകൂർ കോവിലകത്തെ കുറിച്ച് വാമൊഴിയായി പഴമക്കാർ പറഞ്ഞുകേട്ട അറിവുകൾ ഒരു സാങ്കല്പികചിത്രം മനസിൽ തീർത്തിരുന്നു. എന്നോ നശിച്ചുപോയ അതിന്റെ ഒരംശമെങ്കിലും കൺമുന്നിലെത്തുമെന്ന് ഇതുവരെ കരുതിയതേയില്ല!
വല്യങ്ങാടി കുളങ്ങര വീട്ടിൽ മത്തായി ചേട്ടനെയാണ് റൂബനോടൊപ്പം സന്ദർശിച്ചത്. തടിയിൽ തീർത്ത പഴയ വീടിന്റെ പൂമുഖം പരിഷ്കരിച്ചിട്ടുണ്ട്. മേൽപ്പറഞ്ഞ എഴുത്തുകെട്ട് ഇനാമൽ പെയിൻറ് പൂശി വീട്ടിൽ യഥാസ്ഥാനത്ത് ഉപയോഗിച്ചിരിക്കുന്നു. ചതുരത്തിൽ പടിപടികളായി വെട്ടിപ്പൊഴിച്ച അലങ്കാരപ്പണികളും പിത്തളമൊട്ടുകളും ഒരു പഴയകാല ആഡംബരഗൃഹത്തിന്റേതു പോലെ തന്നെ! അത് ഇവിടെ ഉറപ്പിക്കാനായി അല്പം നീളം കുറയ്ക്കേണ്ടി വന്നുവത്രേ.
മത്തായിച്ചേട്ടന്റെ പിതാമഹൻ ഇത്തരത്തിൽ മൂന്നെണ്ണം കൊട്ടാരം പൊളിക്കുന്ന അവസരത്തിൽ വാങ്ങിയതാണത്രെ. അതിൽ രണ്ടെണ്ണം ചിതലെടുത്തു ജീർണ്ണിച്ചു പോയി. അവശേഷിച്ച ഈ ഒരെണ്ണം വീടിന്റെ ഭാഗമായി ചേർത്തുവച്ച് ആദരവോടെ അവർ സൂക്ഷിക്കുന്നു.
AD 1547ൽ തെക്കുംകൂറിന്റെ ക്ഷണപ്രകാരം പഴയ കോട്ടയത്ത് വല്യങ്ങാടിയിൽ എത്തിച്ചേർന്ന ക്‌നാനായക്കാരുടെ പിന്മുറക്കാരനാണ് മത്തായിച്ചേട്ടൻ. തളീക്കോട്ടയുടെ വടക്കുഭാഗത്തുള്ള ഭൂതത്താൻകുളത്തിന്റെ കരയിലായിരുന്നു മൂലകുടുംബം. അങ്ങനെയാണ് കുളങ്ങര എന്ന വീട്ടുപേര് വന്നത്.
AD 1750 ൽ രാമയ്യൻ ദളവയുടെയും യുസ്റ്റേഷ്യസ് ഡിലനായിയുടെയും നേതൃത്വത്തിൽ തിരുവിതാംകൂർ സൈന്യം തളീക്കോട്ട ആക്രമിച്ച് തെക്കംകൂറിനെ പരാജയപ്പെടുത്തിയപ്പോൾ കൊട്ടാരവും ഭരണകാര്യാലയങ്ങളും ഇടിച്ചു നിരത്തിയിട്ടുണ്ടാവുമെന്നാണ് കരുതിയിരുന്നത്. അതങ്ങനെ തീർച്ചപ്പെടുത്താനാവില്ല എന്നാണ് ഇപ്പോൾ തോന്നുന്നത്.
മാർത്താണ്ഡവർമ്മയുടെ ആക്രമണത്തിനും ഒന്നേകാൽ നൂറ്റാണ്ടു കഴിഞ്ഞ് AD 1880 നോടടുത്ത് കോട്ടയം ഡിവിഷന്റെ ദിവാൻ പേഷ്കാർ സർ.ടി.രാമറാവു തളീക്കോട്ട പൊളിച്ച് കളഞ്ഞ അവസരത്തിൽ തന്നെയാകാം കോവിലകവും പൊളിച്ചുവിറ്റത് എന്ന് കരുതേണ്ടിവരുന്നു. കോട്ട പൊളിച്ച കല്ലുകൾ ലേലത്തിൽ വിൽക്കുകയായിരുന്നല്ലോ. അതോടെ കോട്ടയത്തിന് പേരു നൽകിയ ആ ചരിത്ര സ്മാരകം എന്നന്നേയ്ക്കുമായി ഇല്ലാതായി. മത്തായിച്ചേട്ടന്റെ പിതാമഹൻ കൊട്ടാരത്തിന്റെ ഭാഗമായ "എഴുത്തുകെട്ട് " വാങ്ങിയിട്ടുണ്ടെങ്കിൽ അത് 1880 ന് അടുത്താവണമല്ലോ.
തിരുവിതാംകൂർ ആക്രമണകാലത്ത് തെക്കുംകൂർകോവിലകത്ത് സൂക്ഷിച്ചിരുന്ന വിലയേറിയ പല വസ്തുവകകളും കണ്ടു കെട്ടിയെന്ന് തിരുവിതാംകൂർ രേഖകളിലുണ്ട്. ഡച്ച് പ്രതിനിധികൾ രാജാക്കന്മാരെ സന്ദർശിക്കുമ്പോൾ കാഴ്ചവെയ്ക്കാറുള്ള ചിത്രപ്പണികളോടു കൂടിയ മുപ്പത്തി അഞ്ചോളം ഘടികാരങ്ങൾ, വിവിധ തരം തോക്കുകൾ ഒക്കെയും അവയിൽ ചിലത്. നിലവറയിൽനിന്ന് കവർന്ന മരതകശേഖരം രേഖപ്പെടുത്താതെ വാമൊഴിയിൽ മാത്രം നിലനിൽക്കുന്നു. തെക്കുംകൂറിലെ രാജാക്കന്മാർ തളിയിൽക്ഷേത്രത്തിൽ സമർപ്പിച്ച പൊന്നടയ്ക്ക കുലയും പൊന്നിൻചേനയും തിരുവനന്തപുരത്തിന് കടത്തിയ കഥ യശ്ശശരീരനായ പ്രാദേശിക ചരിത്രകാരൻ കുരിശുംമൂട്ടിൽ ലൂക്കോസ് പറഞ്ഞുകേട്ടതാണ്. യുദ്ധക്കെടുതികൾക്ക് പ്രായശ്ചിത്തമായി കാർത്തിക തിരുനാൾ ഏറ്റുമാനൂരിൽ ഏഴരപ്പൊന്നാന സമർപ്പിച്ചപ്പോൾ കൂടെവച്ച പൊന്നടയ്ക്കയും ചേനയും ചിലപ്പോൾ ഇതാവാം.
എന്തായാലും മങ്ങിയും മറഞ്ഞും കിടക്കുന്ന കോട്ടയത്തിന്റെ ചരിത്ര അന്വേഷണങ്ങളിൽ നിസാരമെന്നു തോന്നിയാലും വിലപ്പെട്ട അറിവുകളിലേക്ക് നയിക്കുന്നവയാണ് ഈ പുരാവസ്തുക്കൾ ഓരോന്നും.

No comments:

Post a Comment