കീഴ്മലൈനാട്
--------------------
ജന്മനാടിൻ്റെ ചരിത്രത്തിലേക്ക് ഒരു നോട്ടം
--------------------
ജന്മനാടിൻ്റെ ചരിത്രത്തിലേക്ക് ഒരു നോട്ടം
തൊടുപുഴ-മൂവാറ്റുപുഴ പ്രദേശങ്ങള്‍ പഴയ കീഴ്മലൈനാട് എന്ന രാജ്യത്തിന്റെ ഭാഗമായിരുന്നു. വെമ്പൊലിനാടിനു കിഴക്കുള്ള കീഴ്മലൈനാടിന്റെ തലസ്ഥാനം തൊടുപുഴയ്ക്കടുത്ത കാരിക്കോടായിരുന്നു.
കുലശേഖര സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന കീഴ്മലൈനാടിന്റെ തലസ്ഥാന പരിവേഷവും, കോട്ടകൊത്തളങ്ങളുടെ അവശിഷ്ടങ്ങളും വിളിച്ചോതുന്നത് ഇവിടെ ഒരുകാലത്തുണ്ടായിരുന്നതും, പില്‍ക്കാലത്തെന്നോ മണ്ണടിഞ്ഞു പോയതുമായൊരു മനുഷ്യസംസ്കൃതിയുടെ ചരിത്രമാണ്. വേണാടുമുതല് ഗൂഡലൂര്‍ ദേശങ്ങള്‍ (നീലഗിരി) വരെയും സേലംകോയമ്പത്തൂര് ദേശങ്ങളിലെ ചില ഭാഗങ്ങള്‍ വരെയും വ്യാപിച്ചിരുന്ന, കുലശേഖര സാമ്രാജ്യത്തിന്റെ കാലഘട്ടത്തില്‍ ചേരരാജ്യത്തെ ഭരണ സൌകര്യത്തിനു വേണ്ടി (തെക്കന്‍ ക്രമത്തില്‍) വേണാട്, ഓടനാട്, നന്‍ട്രുഴൈനാട്, മഞ്ചുനാട്, വെമ്പൊലിനാട്, കീഴ്മലൈനാട് എന്നിങ്ങനെ വിവിധ പ്രവിശ്യകളായി വിഭജിച്ചിരുന്നു. ഇതില്‍ കീഴ്മലൈനാട്ടില്‍ (രൂപീകരണം ഏകദേശം എ.ഡി. 900 കാലത്ത്) ഉള്‍പ്പെട്ട പ്രദേശമായിരുന്നു തൊടുപുഴ. കീഴ്മലൈനാട് രാജാക്കന്മാരുടെ ആസ്ഥാനം കാരിക്കോടായിരുന്നു. കീഴ്മലൈനാട് കോട്ടയുടെ അവശിഷ്ടങ്ങൾ കാരിക്കോട്ട്, ഇപ്പോഴും കാണാം. പാണ്ഡ്യരാജാക്കന്മാരുടെ സാമന്തന്മാരായിരുന്നു കീഴ്മലനാട്ടിലെ ആദ്യഭരണാധികാരികള്‍. ഏകദേശം 700 വര്‍ഷങ്ങൾ കീഴ്മലൈനാട് നാട്ടുരാജ്യം നിലനിന്നിരുന്നു; അതായതു കീഴ്മലൈനാട് എ.ഡി. 1600 വരെ നിലനിന്നു. കീഴ്മലൈനാടിലെ കുരുമുളകും മറ്റുവനവിഭവങ്ങളും ലോകപ്രസിദ്ധമായിരുന്നു.
ചേരസാമ്രാജ്യത്തിന്റെ അധഃപതനത്തിനുശേഷം പതിനെട്ടു നാട്ടുരാജ്യങ്ങളായി ഖണ്ഡിക്കപ്പെടുകയും അതിലൊന്നായിരുന്നു 'വെമ്പൊലിനാട്'. ആദ്യം വിംബലന്മാരുടെ (പാണ്ഡ്യന്മാർ) ആധിപത്യത്തിൻ കീഴിലായിരുന്നതിനാലാണ് നാട്ടുരാജ്യത്തിന് 'വെമ്പൊലിനാട്' എന്ന പേരു സിദ്ധിച്ചത്. ഈ പ്രദേശത്തിന്റെ പടിഞ്ഞാറൻ അതിർത്തിയിൽ കിടക്കുന്ന കായലിന് 'വെമ്പനാട്ടുകായൽ' എന്ന പേരുണ്ടാകാനും കാരണമിതാണ് എന്നുകരുതുന്നു. എ.ഡി. 1100-ൽ 'വെമ്പൊലിനാട്' തെക്കുംകൂർ, വടക്കുംകൂർ എന്നു രണ്ടായി ഭിന്നിച്ചു. ഏറ്റുമാനൂരും, വൈക്കവും, മീനച്ചിൽ താലൂക്കിന്റെ ഒരു ഭാഗവും ഉൾപ്പെടുന്ന പ്രദേശമായിരുന്നു 'വടക്കുംകൂർ' രാജ്യം. ഈ രാജ്യത്തിന്റെ തലസ്ഥാനം ആദ്യം കടുത്തുരുത്തിയും പിന്നീടു വൈക്കവുമായിരുന്നു.
എ.ഡി. 1600-ല്‍ വടക്കുംകൂറുമായുള്ള യുദ്ധത്തില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് 'കീഴ്മലൈനാട്' മുഴുവന്‍ 'വടക്കുംകൂറി'ന്റെ അധീനതയിലായി. അതിനുശേഷം വടക്കുംകൂര്‍ രാജാക്കന്മാര് ഇടയ്ക്കിടെ കാരിക്കോട്ടു വന്നു താമസിക്കാന്‍ തുടങ്ങി. 1750-കളില്‍ തിരുവിതാംകൂര്‍ മഹാരാജാവ് മാര്‍ത്താണ്ഡവര്‍മ (1729-58) വടക്കുംകൂര്‍ ആക്രമിച്ച് കീഴടക്കി തിരുവിതാംകൂറിന്റെ ഭാഗമാക്കിത്തീര്‍ത്തു. അതോടെ 'കീഴ്മലൈനാട്' ഉൾപ്പെട്ട പ്രദേശങ്ങൾ തിരുവിതാംകൂര്‍ ആയി. സ്വാതന്ത്യം വരെ അതായിരുന്നു നില. തിരുവിതാംകൂര്‍ മഹാരാജാവ് ധര്‍മരാജാവ് (1758-98) ടിപ്പുവിന്റെ ആക്രമണങ്ങള്‍ തടയാന്‍ നിര്‍മിച്ച നെടുങ്കോട്ടയുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴും കാരിക്കോട്ടു കാണാനുണ്ട്.
കാരിക്കോടിനോട് ചേർന്നുള്ള ഇടവെട്ടി പഞ്ചായത്തിന്റെ വടക്കേ അറ്റമായ ആര്പ്പാമറ്റത്തായിരുന്നു കീഴ്മലൈനാട് രാജവംശത്തിന്റെ പട്ടാള പരിശീലന കേന്ദ്രം. കീഴ്മലൈനാട് തമ്പുരാട്ടിമാര്‍ താമസിച്ചിരുന്ന അന്തപുരങ്ങളുടെയും അവര്‍ നീരാട്ട് നടത്തിയിരുന്ന കുളത്തിന്റെയും അവശിഷ്ടങ്ങള്‍ ഇടവെട്ടി പഞ്ചായത്തിന്റെ വടക്ക് കിഴക്ക് ഭാഗമായ ചിറകണ്ടത്ത് കാണാന്‍ കഴിയും. ഏതോ ഒരു കീഴ്മലൈനാട്ടരചന് തന്റെ പടനായകനുമായി ഇടഞ്ഞു.അയാളെ കീഴടക്കി ഓടിക്കാന്‍ രാജാവ് നാഞ്ചിനാട്,വേണാട് പ്രദേശങ്ങളില്‍ നിന്നുവെള്ളാളരായ പടയാളികളെ കൊണ്ടു വന്നുവെത്രെ. പതിനാറാം നൂറ്റാണ്ടില്‍ വടക്കുംകൂര്‍ കീഴ്മലനാടിനെ പിടിച്ചടക്കി. കീഴ്മലൈനാട് ഇല്ലാതായതോടെ കച്ചവടക്കാരായ വെള്ളാളര്‍ പൂവരണി,പാലാ,കൂത്താട്ടുകുളം, ഈരാട്ടുപേട്ട മുതലായ സ്ഥലങ്ങളിലേക്കുതാമസ്സം മാറ്റി. എന്നാല്‍ ഉദ്യോഗസ്ഥരായ വെള്ളാളര്‍ അവിടെ തന്നെ താമസ്സം തുടര്‍ന്നു. വടക്കുംകൂറിന്റെ ഭരണകാലത്ത് എടത്വാ, തൃപ്പൂണിത്തുറ എന്നിവിടങ്ങളില്‍ നിന്നും നസ്രാണികള്‍ തൊടുപുഴയിലേക്കു കുടിയേറി. തമിഴ്നാട്ടില്‍ നിന്നും വന്ന പറക്കവെട്ടി ഉശിഖാ റാവുത്തര്‍ വടക്കും കൂറിന്റെ പടത്തലവനായി.അദ്ദേഹം തമിഴ്നാട്ടില്‍ നിന്നും ധാരാളം രാവുത്തര്മാരെ കൊണ്ടു വന്നു.അവരെല്ലാം കച്ച്വടകാരായി. കച്ചവടത്തില്വെള്ളാളര്ക്കുണ്ടായിരുന്ന കുത്തക അതോടെ അവസാനിച്ചു.
തിരുവിതാംകൂറിൽ ലയിച്ച ശേഷം മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് സര്‍വാധികാരി നാരായണമേനോനെ കീഴ്മലൈനാടിന്റെ ഭരണാധികാരിയായി നിയമിച്ചു. ഇദ്ദേഹത്തിന്റെ ഭരണ കാലഘട്ടം കീഴ്മലൈനാടിന്റെ സ്വര്ണ്ണകാലമായി ചരിത്രം രേഖപ്പടുത്തുന്നു. ഗവണ്മെന്റ് ഓഫീസുകള്‍,പണ്ഡികശാലകള്‍, അമ്പലങ്ങള്‍, പള്ളി തുടങ്ങിയ സ്മരണീയ മന്ദിരങ്ങള്‍ ഈ കാലഘട്ടത്തില്‍ ധാരാളം നിര്‍മ്മിക്കപ്പെട്ടു. കാരിക്കോട് കോട്ടക്കകത്ത് രണ്ട് പൌരാണിക ക്ഷേത്രങ്ങളും ഒരു മുസ്ളീം ദേവാലയവും സ്ഥിതി ചെയ്യുന്നു. കാരിക്കോട്ടുകാവും അണ്ണാമലൈക്ഷേത്രവും ആണ് ക്ഷേത്രങ്ങള്‍. അണ്ണാമലൈക്ഷേത്രം തമിഴ് വാസ്തുശില്പകലകളുടെ ഉത്തമോദാഹരണമാണ്. ഈ ക്ഷേത്രത്തിലെ പൂജാ സാമഗ്രികളായ വിളക്ക്, മണി തുടങ്ങിയവ ഏറെ പഴക്കം കല്‍പിക്കപ്പെടുന്നവയാണ്. തമിഴ് ശില്പകലയുടെ സ്വാധീനത വളരെ പ്രകടമായി കാണാവുന്നതാണ് ഈ അണ്ണാമല ക്ഷേത്രം. 14-ാം ശതകത്തോടടുത്ത് നിര്‍മിച്ചതെന്നു കരുതപ്പെടുന്ന ശിലാലോഹ പ്രതിമകളും ദീപങ്ങളും ഇന്നും ഈ ദേവാലയത്തില്‍ കാണാം. ഈ രാജവംശത്തിന്റെ മുസ്ലിം സേനകള്‍ക്ക് നമസ്കരിക്കുവാന്‍ വേണ്ടി രാജാവിന്റെ നിര്‍ദ്ദേശാനുസരണം സര്‍വ്വാധികാരി നാരായണമേനോന് പണിതതാണ് നൈനാര്‍ ജുംആ മസ്ജിദ് എന്ന് പറയപ്പെടുന്നു. (നൂറ്റാണ്ടുകളോളം തൊടുപുഴ മേഖലയിലെ ഏക മസ്ജിദ് കാരിക്കോട് നൈനാര്‍ ജുംആ മസ്ജിദ് ആയിരുന്നു.)
This comment has been removed by a blog administrator.
ReplyDeletesee my facebook post on 2018 June 11:
Deletehttps://www.facebook.com/gopal.krishnan.14855377/posts/2167142143326678