Monday, 18 June 2018

വിസ്മയ ജലപ്പരപ്പ് ! - LAKE TANA




വിസ്മയ ജലപ്പരപ്പ് ! - LAKE TANA
=====================
എണ്‍പത്തിനാല് കിലോമീറ്റര്‍ നീളത്തിലും അറുപത്തിയാറു കിലോമീറ്റര്‍ വീതിയിലും പരന്നു കിടക്കുന്ന അതിവിശാലമായ ജല മൈതാനം ! .... കമഴ്ത്തിവെച്ച കറിക്കലം പോലെ അങ്ങും ഇങ്ങും കാണുന്നത് കൂറ്റന്‍ ഹിപ്പോകളുടെ തലകളാണ് ..... ഇതിനിടയിലൂടെ പാപ്പിറസ് കൊതുമ്പു വള്ളത്തില്‍ ചാടിമറിയുന്ന മീനുകളെ പിടിക്കുവാന്‍ ചില കറുത്ത മുഖങ്ങള്‍ ! ..... അവിടവിടെയായി കാണുന്ന പച്ചപ്പൊട്ടുകള്‍ ചരിത്രമുറങ്ങുന്ന ദ്വീപുകളാണ് ..... അങ്ങകലെ നിന്നും കാതുകളില്‍ വന്നു വീഴുന്ന ഇരമ്പല്‍ പ്രസവ വേദനയെടുക്കുന്ന പെണ്‍കൊടിയുടേതായി തോന്നുവെങ്കില്‍ സുഹൃത്തേ നിങ്ങളുടെ അനുമാനം ശരിയാണ് !...... നിങ്ങളുടെ മനസ്സില്‍ ഇപ്പോള്‍ കാണുന്ന ഈ വിശാലമായ തടാകം ഒരു മഹാനദിക്ക് ജന്മ്മം കൊടുക്കുകയാണ് ! ഇതാണ് റ്റാന തടാകം . എത്യോപ്യന്‍ ഗിരിമടക്കുകളില്‍ നീണ്ടു നിവര്‍ന്നു കിടന്ന് ഇവള്‍ ജന്മ്മം കൊടുക്കുന്നത് നീല നൈല്‍ നദിക്കാണ് .... മഹത്തായ നൈല്‍ നദിയിലേക്ക് ഏറ്റവും കൂടുതല്‍ ജലം തള്ളിക്കയറ്റുന്ന , ഭീമന്‍ ബ്ലൂ നൈലിന് !
കൂറ്റന്‍ മലനിരകളുടെ സാന്നിധ്യം കൊണ്ട് ഉത്തരാഫ്രിക്കയിലെ മറ്റു രാജ്യങ്ങളില്‍ നിന്നും ഭാഷ കൊണ്ടും , മതം കൊണ്ടും , സംസ്കാരം കൊണ്ടും വേറിട്ട്‌ നല്‍ക്കുന്ന , എത്യോപ്യയിലെ ഏറ്റവും വലിയ തടാകമാണ് Lake Tana. ഏകദേശം മൂവായിരം ചതുരശ്ര കിലോമീറ്റര്‍ ജല വിസ്താരമുള്ള ഈ തടാകം അവസാനിക്കുന്നത് Blue Nile Falls എന്ന കൂറ്റന്‍ വെള്ളചാട്ടത്തിലാണ്. അവിടെ നിന്നാണ് നൈല്‍ നദിയിലേക്ക് ഏറ്റവും കൂടുതല്‍ ജലം കൊടുക്കുന്ന നൈലിന്റെ പ്രധാന പോഷക നദിയായ നീല നൈല്‍ പിറവിയെടുക്കുന്നത് . നദിക്കും തടാകത്തിനും ഇടയില്‍ ഉള്ള ഈ ജലപാതം കാരണം റ്റാന തടാകത്തിലെ ആവാസവ്യവസ്ഥ നൈലില്‍ നിന്നും ഏറെ വ്യത്യസ്തമാണ് . ഇവിടെയുള്ള മത്സ്യങ്ങളില്‍ എണ്‍പത് ശതമാനവും ലോകത്ത് ഇവിടെ മാത്രം കാണപ്പെടുന്നവയാണ്‌ എന്ന് പറയുമ്പോള്‍ ഈ വ്യത്യസ്തത എത്ര മാത്രം ഉണ്ട് എന്ന് നമ്മുക്ക് ബോധ്യമാവും . പക്ഷെ ഈ പറഞ്ഞതൊന്നുമല്ല ഈ തടാകത്തിനെ വ്യത്യസ്തനാക്കുന്നത് . തടാകത്തില്‍ അവിടെയും ഇവിടെയും ആയി പൊന്തി കിടക്കുന്ന നാല്‍പ്പതോളം ദ്വീപുകള്‍ ആണ് ഈ ജല സംഭരണിയുടെ പ്രധാന ശ്രദ്ധാ കേന്ദ്രം . നാല്‍പ്പതോളം എന്ന് പറയാന്‍ കാരണം തടാകത്തില്‍ ജലപ്പരപ്പിന്റെ ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ച് ഈ ദ്വീപുകളുടെ എണ്ണവും വ്യത്യാസപ്പെട്ടിരിക്കും എന്നതുകൊണ്ട്‌ ആണ് . തടാകത്തിന്‍റെ താഴ്ച്ച 15 മീറ്റര്‍ ആണ് .
ഭൂമിശാസ്ത്രം
======
അഞ്ചു മില്ല്യന്‍ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ് ഉണ്ടായ ഒരു അഗ്നിപര്‍വ്വത വിസ്ഫോടനത്തില്‍ , അന്നുണ്ടായിരുന്ന ഒട്ടനവധി നദികളുടെ മാര്‍ഗം അടഞ്ഞാണ് റ്റാന തടാകം പിറവിയെടുത്തത് . ഇന്ന് ഏഴോളം വന്‍ നദികളും നാല്‍പ്പതോളം ചെറു നദികളും ഇവിടെയ്ക്ക് ഒഴുകിയെത്തുന്നുണ്ട് . പക്ഷെ പലവിധ കാരണങ്ങളാല്‍ കഴിഞ്ഞ നാനൂറു വര്‍ഷങ്ങള്‍ക്കിടയില്‍ തടാകത്തിലെ ജലനിരപ്പ്‌ ഏകദേശം ആറു അടിയോളം താണ്‌പോയിട്ടുണ്ട് എന്ന് വിലയിരുത്തപ്പെടുന്നു . പതിനേഴാം നൂറ്റാണ്ടിന്‍റെ തുടക്കം മുതല്‍ ഇങ്ങോട്ട് ഈ തടാകം കണ്ട വിവധ യാത്രികരുടെ വിവരണങ്ങളില്‍ നിന്നും ആണ് പ്രധാനമായും ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത് . തടാകം ആദ്യം കണ്ടവര്‍ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ ദ്വീപുകള്‍ പിന്നീട് വന്നവര്‍ രേഖപ്പെടുത്തിയിരുന്നു .
നിധികള്‍ ഒളിപ്പിച്ച ദ്വീപുകള്‍
==================
തടാകത്തിലെ നാല്‍പ്പതോളം ദ്വീപുകളില്‍ ഏകദേശം പത്തോളം എണ്ണം ഐതിഹ്യങ്ങള്‍ പേറുന്നതും , ചരിത്ര പ്രാധാന്യം ഉള്ളവയും ആണ് . ഇങ്ങനെയുള്ള തടാകവും ദ്വീപുകളും ഭൂമിയില്‍ തന്നെ അപൂര്‍വ്വമാണ് . മിക്ക ദ്വീപുകളിലും എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ കീഴില്‍ ഉള്ള അതി പുരാതനങ്ങളായ ആശ്രമങ്ങള്‍ ആണ് നിലവില്‍ ഉള്ളത് . അവയില്‍ ചിലതില്‍ ബൈബിളിന്‍റെ Amharic ഭാഷയിലുള്ള അതി പുരാതന കോപ്പികള്‍ ഉണ്ട് . (എത്യോപ്യയിലെ Amharic ഭാഷ , അറബിക് കഴിഞ്ഞാല്‍ ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന പുരാതന സെമിറ്റിക് ഭാഷയാണ്‌ ). വേറെ ചില ദ്വീപുകളിലെ ആശ്രമങ്ങളില്‍ എത്യോപ്യയിലെ പഴയ ചക്രവര്‍ത്തിമാരെ അടക്കം ചെയ്തിട്ടുണ്ട് . പണ്ടുണ്ടായിരുന്ന വൈദേശിക ആക്രമണങ്ങളില്‍ നിന്നും മതപരമായ രേഖകള്‍ സംരക്ഷിക്കുവാന്‍ വേണ്ടിയാണ് തടാക മധ്യത്തിലെ ഒറ്റപ്പെട്ട ദ്വീപുകളില്‍ ഇത്തരം ആശ്രമങ്ങള്‍ രൂപം കൊണ്ടത്‌ എന്നാണ് അനുമാനം .
വിശ്വാസങ്ങള്‍ - ഐതിഹ്യങ്ങള്‍
==================
തടാകത്തിലെ ഏറ്റവും പ്രശസ്തവും പ്രാധാന്യം അര്‍ഹിക്കുന്നതുമായ ദ്വീപ് ആണ് Tana Qirqos. ഇവിടെയുള്ള ഒരു വലിയ പാറമേല്‍ യേശുക്രിസ്തുവിന്‍റെ മാതാവ് മറിയം , ഈജിപ്തില്‍ നിന്നുള്ള തിരിച്ചുവരവില്‍ വിശ്രമിച്ചിരുന്നു എന്നാണ് എത്യോപ്യന്‍ ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത് . മാത്രവുമല്ല എത്യോപ്യന്‍ ക്രൈസ്തവതയ്ക്ക് അടിത്തറ പാകിയ Frumentius നെ അടക്കം ചെയ്തിരിക്കുന്നതും ഇവിടെയാണ്‌ എന്നാണ് വിശ്വാസം . ഇതിനും പുറമേ ബൈബിളില്‍ വിവരിച്ചിരിക്കുന്ന വാഗ്ദാന പേടകം (Ark of the Covenant) , ക്രിസ്തുവിന്‍റെ ജീവിത കാലത്തിനു മുന്‍പും പിന്‍പും (400 BC to AD 400) ഇവിടെ സൂക്ഷിച്ചിരുന്നു എന്നും ഇവര്‍ കരുതുന്നു . അതി വിശുദ്ധമായി കരുതുന്ന ഈ ദ്വീപിലേക്ക് പ്രവേശനം പ്രയാസമാണ് . എത്യോപ്യന്‍ സഭയിലെ ചില സന്യാസികള്‍ മാത്രമാണ് ഇവിടെ ഇപ്പോള്‍ ഉള്ളത് . ഡാഗ ( Daga Island) എന്ന മറ്റൊരു ദ്വീപില്‍ ആണ് പഴയ എത്യോപ്യന്‍ ചക്രവര്‍ത്തിമാരെ അടക്കം ചെയ്തിരിക്കുന്നത് . Mitraha ദ്വീപില്‍ പഴയ പള്ളികളുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴും കാണാം . ഇന്ന് നാലായിരത്തോളംആളുകള്‍ താമസിക്കുന്ന Dek Island ആണ് തടാകത്തിലെ ഏറ്റവും വലിയ ദ്വീപ് . ഇവിടെയുള്ള പള്ളികള്‍ 1866 കളില്‍ പ്രസിദ്ധനായ അസീറിയന്‍ പുരാവസ്തു പണ്ഡിതനായ Hormuzd Rassam സന്ദര്‍ശിച്ചിരുന്നു . ( ഇദ്ദേഹമാണ് പ്രസിദ്ധമായ ഗില്‍ഗമേഷിന്റെ കഥയടങ്ങുന്ന ശിലാ ഫലകം കണ്ടെടുത്തത്‌ ) . ഈ ദ്വീപില്‍ പതിനെട്ടാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച Narga Selassie ("Trinity of the Rest") എന്ന ദേവാലയം അകത്തെ ചിത്രങ്ങള്‍ കൊണ്ട് വിശ്വപ്രസിദ്ധമാണ് . എല്ലാ ദ്വീപുകളിലും കൂടി ആകെ ഇരുപതോളം ആശ്രമങ്ങള്‍ ഉണ്ട് .
Tankwa എന്ന പാപ്പിറസ് വള്ളം !
===================
റ്റാന തടാകത്തില്‍ സഞ്ചാരികളുടെ ശ്രദ്ധ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നത് പാപ്പിറസ് ചെടിയുടെ തണ്ടുകള്‍ കൊണ്ട് നിര്‍മ്മിച്ച റ്റാങ്ക്വ എന്ന വള്ളം ആണ് . അറ്റം കൂര്‍ത്ത് വീതി കുറഞ്ഞ ഇത്തരം വള്ളത്തില്‍ ഇരുന്നാണ് നാട്ടുകാര്‍ തടാകത്തില്‍ മത്സ്യബന്ധനം നടത്തുന്നത് . ഏതാനും മണികൂറുകള്‍ കൊണ്ട് നിര്‍മ്മിച്ചെടുക്കാവുന്ന ഇത്തരം ചെടി വള്ളങ്ങള്‍ ഏതാനും മാസങ്ങള്‍ മാത്രമേ നിലനില്‍ക്കൂ ! നാലായിരം കൊല്ലങ്ങളായി ഉത്തരാഫ്രിക്കയില്‍ ഇത്തരം വള്ളങ്ങള്‍ ഉപയോഗത്തില്‍ ഉണ്ട് . തടാകപ്പരപ്പില്‍ അങ്ങോട്ടും ഇങ്ങോട്ടും സാവധാനത്തില്‍ നീങ്ങുന്ന റ്റാങ്ക്വ വള്ളങ്ങളുടെ കാഴ്ച , നമ്മുടെ ചിന്താമണ്ഡലത്തെ ഒറ്റയടിക്ക് അനേകായിരം വര്‍ഷങ്ങള്‍ പിന്നിലേയ്ക്ക് കൊണ്ടുപോകും .
റ്റാന എന്ന പരിസ്ഥിതി മണ്ഡലം
=====================
മുന്‍പ് പറഞ്ഞതുപോലെ നൈല്‍ നദിയുമായി നേരിട്ട് ബന്ധം ഇല്ലാത്തതിനാല്‍ (നീല നൈല്‍ ജലപാതം കാരണം ) ഇവിടെയുള്ള ജലജീവികളില്‍ ഭൂരിഭാഗവും ഇവിടെ മാത്രം കാണപ്പെടുന്ന ഏന്‍ഡമിക് വര്‍ഗ്ഗങ്ങള്‍ ആണ് . അതായത് ബ്ലൂ നൈല്‍ ജലപാതത്തിനു മുകളില്‍ ഒരു ജൈവ വ്യവസ്ഥയും താഴെ തികച്ചും വ്യത്യസ്തമായ മറ്റൊന്നും ആണ് നിലവില്‍ ഉള്ളത് . ഒരു മീറ്ററോളം നീളം വെയ്ക്കുന്ന Labeobarbus barb മീനുകള്‍ ഇവിടെ ധാരാളം ഉണ്ട് . ബാര്‍ബുകളും നൈല്‍ തിലാപ്പിയയുടെ ഉപ വര്‍ഗ്ഗമായ റ്റാന തിലാപ്പിയയും ആണ് ഇവിടെ നിന്നും ലഭിക്കുന്ന പ്രധാന രുചികരമായ മീന്‍ വര്‍ഗ്ഗങ്ങള്‍ . വര്ഷം തോറും 1,454 ടണ്‍ മീനുകളാണ് ഇവിടെ നിന്നും ലഭ്യമാവുന്നത് എന്നാണ് കണക്ക് ! പെലിക്കനും, ചേരക്കൊഴികളും ഉള്‍പ്പടെ അനേകായിരം ജലപ്പക്ഷികളുടെ പറുദീസാ കൂടെയാണ് ഈ വിശാല തടാകം . ഹിപ്പോകള്‍ ധാരാളം ഉണ്ടെങ്കിലും ഒരൊറ്റ ചീങ്കണ്ണി പോലും ഇല്ല !
തടാകവുമായൊരു ഇന്ത്യന്‍ ബന്ധം
======================
ബ്ലൂ നൈല്‍ ജലപാതത്തിനു താഴെ കുറേ മാറി 1626 ല്‍ കല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ച ഒരു പാലമുണ്ട് . ഇന്ത്യയിലും എത്യോപ്യയിലും മിഷനറി ആയി പ്രവര്‍ത്തിച്ച Manuel de Almeida യുടെ കൂടെ ഇന്ത്യയില്‍ നിന്നും അവിടെ എത്തിയ ഒരു ഭാരതീയന്‍ ആണ് ആ പാലം അവിടെ പണി കഴിപ്പിച്ചത് . എത്യോപ്യന്‍ പാത്രിയാര്‍ക്കീസ് ആയിരുന്ന Afonso Mendes ന്‍റെ ഡയറിയില്‍ ആളുടെ പേര് ഉണ്ടെങ്കിലും വായിക്കാന്‍ തക്ക വ്യക്തമല്ല .
ബ്ലൂ നൈലില്‍ സുഡാന്റെ അതിര്‍ത്തിയില്‍ നിന്നും പതിനഞ്ച് കിലോമീറ്റര്‍ മാറി എത്യോപ്യ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന കൂറ്റന്‍ ഗ്രാവിറ്റി ഡാം ആണ് Grand Ethiopian Renaissance Dam. നൈലിലെയ്ക്കുള്ള നീരൊഴുക്ക് ഗണ്യമായ തോതില്‍ നിയന്ത്രിക്കുന്ന ഈ ഡാമിന്റെ നിര്‍മ്മാണത്തിനെതിരെ ഈജിപ്ത് രംഗത്ത്‌ വന്നിട്ടുണ്ട്. എന്നാല്‍ സുഡാന്‍ പോലുള്ള അയല്‍രാജ്യങ്ങള്‍ ഡാമിനെ അനുകൂലിച്ചാണ് സംസാരിക്കുന്നത്. 2011 നിര്‍മ്മാണം ആരംഭിച്ച ഇത് 2017 ല്‍ പൂര്‍ത്തിയാകും എന്ന് കരുതുന്നു .
കമന്റ്റുകളില്‍ ചിത്രങ്ങളും വിവരണങ്ങളും ഉണ്ട്.
മൊബൈല്‍ വായനക്കാര്‍ക്ക്ചിത്രങ്ങളിലേക്ക് നേരിട്ട് എത്താം ......
==========================
1. ബ്ലൂ നൈല്‍ ജലപാതം
https://www.facebook.com/photo.php?fbid=184597651892403&set=p.184597651892403&type=3
2. ബ്ലൂനൈലിലെ കല്ലുകൊണ്ടുള്ള പാലം
https://www.facebook.com/photo.php?fbid=184598731892295&set=p.184598731892295&type=3
3. Tankwa എന്ന പാപ്പിറസ് വള്ളം
https://www.facebook.com/photo.php?fbid=184599715225530&set=p.184599715225530&type=3
4. ദ്വീപിലെ പഴയ പള്ളികള്‍
https://www.facebook.com/photo.php?fbid=184601481892020&set=p.184601481892020&type=3
5. പള്ളികളിലെ അതിശയിപ്പിക്കുന്ന ചിത്രപ്പണികള്‍
https://www.facebook.com/photo.php?fbid=184602148558620&set=p.184602148558620&type=3
6. ഒരു ആശ്രമ ദ്വീപ്
https://www.facebook.com/photo.php?fbid=184603161891852&set=p.184603161891852&type=3
7. Laka Tana Documentary
https://www.youtube.com/watch…
8. എത്യോപ്യയുടെ സ്വന്തംബ്രാന്‍ഡ് ആയ Coffea arabica
https://www.facebook.com/photo.php?fbid=184605285224973&set=p.184605285224973&type=3
9. നിര്‍മ്മാണം പൂര്‍ത്തിയായ പാപ്പിറസ് വള്ളം
https://www.facebook.com/photo.php?fbid=184606478558187&set=p.184606478558187&type=3
10 . പാപ്പിറസ് ചെടികള്‍
https://www.facebook.com/photo.php?fbid=184607238558111&set=p.184607238558111&type=3
11 . Devil's Nose Rock
https://www.facebook.com/photo.php?fbid=184607848558050&set=p.184607848558050&type=3
12. ഒരുഎത്യോപ്യന്‍ വൈദികന്‍
https://www.facebook.com/photo.php?fbid=184608531891315&set=p.184608531891315&type=3
13. ഒരുഎത്യോപ്യന്‍ യാത്രയുടെ സ്ലൈഡ് ഷോ
http://www.nationalparks-worldwide.info/slide_…/ethiopia.htm
14. എത്യോപ്യന്‍ ചക്രവര്‍ത്തിമാരുടെ മമ്മികള്‍
https://www.facebook.com/photo.php?fbid=184611431891025&set=p.184611431891025&type=3
15. തടാക തീരത്തെ ചില കാഴ്ചകള്‍
https://www.facebook.com/photo.php?fbid=184612955224206&set=p.184612955224206&type=3
16. കറുത്ത ജെറുസലേം-Lalibela
https://www.facebook.com/photo.php?fbid=184618538556981&set=p.184618538556981&type=3
17. ബ്ലൂ നൈല്‍ ഗര്‍ത്തം
https://www.facebook.com/photo.php?fbid=184767451875423&set=p.184767451875423&type=3
18. Grand Ethiopian Renaissance Dam
https://www.facebook.com/photo.php?fbid=184769361875232&set=p.184769361875232&type=3

No comments:

Post a Comment