Monday, 18 June 2018

സ്ത്രീകൾക്ക്‌ പ്രവേശനമില്ലാത്ത മൗണ്ട്‌ ആഥോസ് (Mount Athos)





സ്ത്രീകൾക്ക്‌ പ്രവേശനമില്ലാത്ത മൗണ്ട്‌ ആഥോസ് (Mount Athos) 🏜
• മതവിശ്വാസികളിലെ സ്ത്രീകൾക്ക്‌ ചില ആരാധനാലയങ്ങളിൽ പ്രവേശിക്കുന്നതിനുള്ള വിലക്ക്‌ കാലങ്ങളായി തുടർന്ന് പോരുന്നു. പ്രവേശനസ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെടുന്നവർ ഒരു ഭാഗത്തും 'റെഡി റ്റു വെയിറ്റ്‌' പ്ലേകാർഡേന്തി പ്രതിരോധിക്കുന്നവർ മറുഭാഗത്തും പത്രവാർത്താ തലക്കെട്ടുകളിലേറി കാലം കുറെയായി. പള്ളിയും പുണ്യക്ഷേത്രവും സ്ത്രീകൾക്ക്‌ അയിത്തം കൽപിച്ചിരിക്കുന്ന പ്രാകൃതരീതി ലോകത്തിന്റെ പല ഭാഗങ്ങളിലും ഇന്നും തുടർന്ന് പോവുന്നുണ്ടെങ്കിലും വാർത്തകളിൽ എന്നും ഇടം പിടിക്കുക നമ്മുടെ നാട്ടിലെയും പശ്ചിമേഷ്യൻ രാജ്യങ്ങളിലെയും അസമത്വത്തെ കുറിച്ച്‌ മാത്രമാണ്‌. പൂരോഗമനവാദികൾ എന്ന് ഊറ്റം കൊള്ളുന്ന യൂറോപ്യൻ രാജ്യങ്ങളിൽ പോലും അസമത്വവും വിവേചനവും അന്ധവിശ്വാസവും ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും തുടർന്ന് പോരുന്നു എന്നത്‌ അത്ഭുതമുളവാക്കുക തന്നെ ചെയ്യും.
• ഗ്രീസ്‌ എന്ന രാജ്യത്തിനകത്തെ ഒരു സ്വയം ഭരണപ്രദേശമാണ്‌ മൗണ്ട്‌ ആഥോസ്‌. 390 ച. കി. വീതിയും 2500 പേർ മാത്രം താമസിക്കുന്ന ഒരു മതാഷ്ടിത ഭരണകൂട പ്രദേശമായ മൗണ്ട്‌ ആഥോസിന്റെ പ്രത്യേകത ഇവിടെ സ്ത്രീകൾ ഇല്ല എന്നത്‌ തന്നെയാണ്‌. പുരാതന പൗരസ്ത്യ ക്രിസ്തീയ സന്യാസമഠങ്ങളുടെ നിയന്ത്രണത്തിലുള്ള ഈ പ്രാദേശത്തേയ്‌ക്ക്‌ സ്ത്രീകൾക്ക്‌ പ്രവേശനം അനുവദിക്കുന്നില്ല. ഈ സ്വയം ഭരണ പ്രദേശത്തിന്റെ പ്രവേശനകവാടങ്ങളിൽ സ്ഥിരം ജാഗജൂഗരായി നിലകൊള്ളുന്ന സുരക്ഷാ ഉദ്യോഗസ്ഥർ സ്ത്രീകളെ കടത്തി വിടില്ല. മനുഷ്യ സ്ത്രീകൾക്ക്‌ മാത്രമല്ല, ജീവജാലങ്ങളിലെ പെൺമൃഗങ്ങൾക്ക്‌ പോലും ഈ പ്രദേശത്ത്‌ പ്രവേശിക്കാനോ കഴിയാനോ പാടില്ല. കാളയ്‌ക്ക്‌ പ്രവേശനമുണ്ടെങ്കിലും പശുവിനില്ല, പൂവൻ കോഴിയെ പ്രവേശിപ്പിക്കുമെങ്കിലും പിടയ്‌ക്ക്‌ അയിത്തമാണ്‌.
• 900 വർഷത്തിലേറെയായി പിന്തുടരുന്ന ഈ രീതി ആധുനികകാലത്തും നിലനിൽക്കുന്നു എന്നത്‌ അമ്പരിപ്പിക്കുന്നതാണ്‌. യൂനെസ്‌കോ യുടെ ലോക പൈതൃകസ്ഥാനത്തിലിടം നേടിയ ഈ പ്രദേശം വിശുദ്ധമല (ഹോളി മൗണ്ടൻ) എന്ന പേരിലും അറിയപ്പെടുന്നു. ക്രിസ്തുമതത്തിലെ ഓർ‍ത്തഡോക്സ് വിഭാഗത്തിൽപ്പെട്ട സന്ന്യാസികളുടെ 20 ആശ്രമങ്ങളും അവയെ ആശ്രയിച്ചു കഴിയുന്ന ഉദ്യോഗസ്ഥൻമാരും തൊഴിലാളികളും ഉൾപ്പെട്ട ഒരു സംഘം ജനങ്ങളും ഇവിടെ വസിച്ചുവരുന്നു. ഇവിടത്തെ ഏക പട്ടണം തലസ്ഥാനമായ കരിയേഴ്സാണ് ആണ്. പുരുഷൻമാർ‍ മാത്രം അധിവസിക്കുന്ന ഈ റിപ്പബ്ലിക്കിലെ ജനസംഖ്യയിൽ 2,000 പേർ‍ സന്ന്യാസികളും ബാക്കിയുള്ളവർ‍ ഉദ്യോഗസ്ഥൻമാരും തൊഴിലാളികളുമാണ്. എ.ഡി. 1045-ലെ ഒരു നിയമപ്രകാരം സ്ത്രീകളെയും പെൺ‌വർ‍ഗത്തിലുള്ള ജന്തുക്കളെയും ഈ പ്രദേശത്ത് നിരോധിച്ചിരിക്കുന്നു. ഇവിടത്തെ സ്വയം ഭരണാവകാശമുള്ള 20 ആശ്രമങ്ങളുടെ മേൽനോട്ടം വഹിക്കുന്നത് കോൺസ്റ്റാന്റിനോപ്പിളിലെ എക്യൂമെനിക്കൽ പാത്രിയർക്കീസ് ആണ്.
• എല്ലാ സ്ത്രീവിരുദ്ധതയ്‌ക്ക്‌ പിന്നിലും മതത്തിന്റെ പേരിൽ പ്രചരിക്കപ്പെടുന്ന പെരുപ്പിച്ചതും വിശ്വാസികളെ ഭയപ്പെടുത്തി കീഴടക്കുന്നതുമായ ചരിത്രങ്ങൾ (അതോ കഥകൾ മാത്രമോ) കാണുമെന്നത്‌ പോലെ തന്നെ 'വിശുദ്ധമല' യുടെ ഈ വിശുദ്ധവിധി നടപ്പാക്കി കൊണ്ട്‌ പോകുന്നതിലും ഒരു ചരിത്രമുണ്ട്‌. വിശുദ്ധമാതാവുമായി ബന്ധിപ്പിച്ചിരിക്കുന്ന ചരിത്രമിങ്ങനെ..
• യേശു മരണത്തിൽ നിന്ന് ഉയർപ്പിച്ച ലാസറിനെ സന്ദർശിക്കാൻ ജോപ്പായിൽ നിന്നു സൈപ്രസ്സിലേക്ക്, യേശുശിഷ്യനും സുവിശേഷകനുമായ യോഹന്നാനോടൊപ്പം യാത്ര ചെയ്ത മാതാവിന്റെ കപ്പൽ കൊടുങ്കാറ്റിൽ പെട്ടതു മൂലം ഈ അഥോസിലെത്തി. അവിടെ ഇപ്പോഴുള്ള ഇവിറോൺ ആശ്രമത്തിനടുത്തുള്ള ക്ലെമന്റ് തുറമുഖത്ത് കപ്പൽ നങ്കൂരമിട്ടു. അഥോസ് മലയുടെ കാനനഭംഗിയിൽ ആകൃഷ്ഠയായി അതിനെ അനുഗ്രഹിച്ച മാതാവ് തനിക്ക് ഒരുദ്യാനമായി അതു കിട്ടാൻ ആഗ്രഹിച്ച മാത്രയിൽ, "ഇവിടം നിനക്ക് അവകാശപ്പെട്ട ഉദ്യാനവും മുക്തി തേടുന്നവർക്ക് പറുദീസയും രക്ഷയുടെ അഭയസ്ഥാനവും ആകട്ടെ" എന്ന അശരീരി കേട്ടത്രെ. അപ്പോൾ മുതൽ ദൈവമാതാവിന്റെ ഉദ്യാനമായി മാറ്റിവയ്ക്കപ്പെട്ട ഈ മല, മറ്റെല്ലാ സ്ത്രീകൾക്കും വിലക്കപ്പെട്ടതായെന്ന് ഈ പാരമ്പര്യം അവകാശപ്പെടുന്നു. ഇവിടത്തെ എല്ലാ ആശ്രമങ്ങളും വിശുദ്ധമാതാവിനു സമർപ്പിക്കപ്പെട്ടവയാണ്.
Source‌ : വിക്കി, മറ്റു ഓൺലൈൻ സ്രോതസ്സുകൾ.
 :

No comments:

Post a Comment