Wednesday 20 June 2018

മാജിക്കല്‍ ഹോട്ടല്‍, സമുദ്ര നിരപ്പില്‍ നിന്നും 1500 അടി ഉയരത്തിലാണ് ഹോട്ടല്‍

മാജിക്കല്‍ ഹോട്ടല്‍


   ഈഫല്‍ ടവര്‍ പോലെ ആകാശത്തേക്ക് നീണ്ടു നില്‍ക്കുന്ന ഈ കെട്ടിടം കണ്ടാല്‍ ഏതോ മാന്ത്രികക്കൊട്ടാരമാണെന്നേ തോന്നൂ. കല്ലുകള്‍ കെട്ടിപ്പൊക്കിയുണ്ടാക്കിയ കോട്ടയുടെ മുകളില്‍ പച്ചിലകള്‍ പടര്‍ന്നു നില്‍ക്കുന്നു. ഇവയ്ക്കിടയില്‍ അവിടെവിടെയായി കുറച്ച് ചില്ലു ജാലകങ്ങളും കാണാം. ഏതോ ദുര്‍മന്ത്രവാദി താമസിക്കുന്ന കൊട്ടാരമാണെന്നു സംശയിച്ചു നില്‍ക്കേണ്ട, ഇതൊരു ഹോട്ടലാണ്. ആര്‍ഭാടപൂര്‍വമായ സൗകര്യങ്ങളോടു കൂടിയ ഒരു വലിയ ഹോട്ടല്‍.
ഹോട്ടലിന്‍റെ ചുമരുകളില്‍ നിറയെ പച്ചിലപ്പടര്‍പ്പുകളും. അതിന്‍റെ മുകളില്‍ നിന്നു താഴേക്ക് പതിക്കുന്ന കൊച്ചു വെള്ളച്ചാട്ടവുമുണ്ട്. മനുഷ്യനിര്‍മിതമായ ഒരു വോള്‍ക്കാനോയും ഈ ഹോട്ടലിന്‍റെ മുകളിലെ കൂര്‍ത്ത അഗ്രങ്ങളില്‍ നിര്‍മിച്ചിട്ടുണ്ട്. സതേണ്‍ ആന്‍ഡിസ് എന്ന സ്ഥലത്താണ് ഈ മാജിക്കല്‍ ഹോട്ടല്‍ നിര്‍മിച്ചിരിക്കുന്നത്. ചിലിയിലെ ഹുയ്ലോ ഹുയ്ലോ ബയോളജിക്കല്‍ റിസര്‍വിലാണ് ഈ ഹോട്ടലുള്ളത്. മൂന്നുലക്ഷം ഏക്കര്‍ സ്ഥലത്താണ് സ്വകാര്യ ഉടമസ്ഥതയിലുള്ള ഈ പാര്‍ക്ക് വ്യാപിച്ചു കിടക്കുന്നത്. ലോകത്തിലെ ഏറ്റവും ചെറിയ മാനായ പുഡുവിന്‍റെ പ്രധാന കേന്ദ്രമാണ് ഈ പാര്‍ക്ക്. പുഡു മാനുകളായിരുന്നു ഒരു കാലത്ത് വിനോദസഞ്ചാരികളെ ഈ പാര്‍ക്കിലേക്ക് ആകര്‍ഷിച്ചിരുന്നത്. എന്നാല്‍ ഈ മാന്ത്രിക ഹോട്ടല്‍ തുറന്നതോടെ പാര്‍ക്ക് വീണ്ടും ലോകശ്രദ്ധയാകര്‍ഷിക്കുന്നു. കല്ലും മരവും ചെടികളും ഉപയോഗിച്ചാണ് ഹോട്ടല്‍ നിര്‍മിച്ചിരിക്കുന്നത്. മനുഷ്യ നിര്‍മിതമായ അഗ്നി പര്‍വതമെന്നു വേണമെങ്കില്‍ ഹോട്ടലിനെ വിശേഷിപ്പിക്കാം. ലോകത്ത് ഏറ്റവും ചെലവേറിയ ഹോട്ടലുകളുടെ പട്ടികയിലും ഇതു സ്ഥാനം പിടിച്ചു കഴിഞ്ഞു. അഞ്ചു നിലകളാണ് കെട്ടിടത്തിനുള്ളത്. അഞ്ചു നിലകളിലായി 13 ചെറിയ റൂമുകളുമുണ്ട്. മരം കൊണ്ടു നിര്‍മിച്ചിരിക്കുന്ന റുമൂകള്‍ കൗബോയ് സിനിമകളെ ഓര്‍മിപ്പിക്കും ഹോട്ടലിലെ ബാറും റസ്റ്ററന്‍റും. മരം കൊണ്ടുള്ള പാലമാണ് ഹോട്ടലിലേക്ക് എത്താനുള്ള ഏക മാര്‍ഗം. തൂക്കം പാലം പോലെ ആടിയുലയുന്ന പാലത്തിലൂടെയുള്ള യാത്ര മനോഹരമാണെന്ന് സഞ്ചാരികള്‍ പറയുന്നു. സമുദ്ര നിരപ്പില്‍ നിന്നും 1500 അടി ഉയരത്തിലാണ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. വളരെക്കുറച്ച് പേര്‍ക്കുമാത്രമാണ് ഈ ഹോട്ടലില്‍ താമസിക്കാനുള്ള സൗകര്യമുള്ളത്. പ്രവര്‍ത്തനം തുടങ്ങിയതോടെ റൂം ബുക്കിങ് കുതിച്ചു കയറി. എത്ര തുക നല്‍കിയും ഇവിടെ ഒരു രാത്രിയെങ്കിലും താമസിക്കാന്‍ തയാറായി നിരവധി സഞ്ചാരികളുണ്ടെന്ന് അധികൃതര്‍ പറയുന്നു.

No comments:

Post a Comment