Friday 22 June 2018

ശകുന്തള




ശകുന്തള
ഏറ്റവും ഉയര്‍ന്ന സംസ്ക്കാരവും ഏറ്റവും മികച്ച കുടുംബബന്ധങ്ങളും ഒരുപക്ഷേ ഇവിടെയുള്ളതുപോലെ മറ്റൊരിടത്തും ദര്‍ശിക്കാനാവില്ല.
വേറിട്ട മതസംസ്ക്കാരങ്ങള്‍ നിലവിലുണ്ടായിട്ടും കല്യാണം കഴിച്ച പുരുഷനെ കാണപ്പെട്ട ദൈവമായി കണക്കാക്കുന്ന സ്ത്രീത്വം ഇവിടെയാണ് മികച്ചുനില്‍ക്കുന്നത്. കുഞ്ഞുങ്ങളെ വളര്‍ത്തി വിവാഹപ്രായമെത്തുമ്പോള്‍ മാതാപിതാക്കള്‍ തന്നെ വധുവിനെ, അല്ലെങ്കില്‍ വരനെ കണ്ടെത്തി അവര്‍ക്കൊരു കുടുംബസംവിധാനം ഉണ്ടാക്കി നല്കുന്നതും ഇവിടെമാത്രമുള്ള പാരമ്പര്യമാണ്.
ശകുന്തളയിലേക്കു വന്നാല്‍, കുടുംബജീവിതത്തില്‍ വന്ന ഒരു പാളിച്ചയിലേക്കു വിരല്‍ചൂണ്ടാനിടയാകും വിശ്വാമിത്ര മഹര്‍ഷി ഹിമാലയത്തിലെ മാലനി നദിക്കരയില്‍ കൊടുംതപസനുഷ്ടിക്കുകയായിരുന്നു. പരലോകത്തിലെ ദേവന്മാരെ തോല്പിക്കാനുള്ള ഒരു വരത്തിനുവേണ്ടിയുള്ളതാണ് തപസ്സ്.
ഈ തപസ്സ് മുന്നോട്ടുപോയാല്‍ എപ്പോഴെങ്കിലും ബുദ്ധിമുട്ടു വന്നുചേരുമെന്നു മനസ്സിലാക്കിയ ദേവേന്ദ്രന്‍ തപസ്സ് മുടക്കാന്‍ ദേവലോകത്തിലെ സുന്ദരിയായ മേനകയെ ഭൂമിയിലേക്കയച്ചു.
വെളുത്ത സാരിയുടുത്ത് ചുവന്ന ബ്ലൗസും കിലുങ്ങുന്ന പാദസരവും കൈത്തണ്ടയില്‍ വളകളുമായി മേനക എത്തി തപസനുഷ്ഠിക്കുന്ന വിശ്വാമിത്രനുചുറ്റും കുറെനേരം നൃത്തമാടി. വളകിലുക്കം കേട്ട് ഒന്നു കണ്ണുതുറന്ന വിശ്വാമിത്രന്‍ പിന്നെയും ധ്യാനത്തല്‍ മുഴുകിയെങ്കിലും അതു തുടരാനായില്ല. മുല്ലപ്പൂവിന്റെ പരിമളം പടര്‍ത്തി സമീപത്തുതന്നെ നൃത്തം ചെയ്യുന്ന മേനകയെ പിന്നീട് മഹര്‍ഷി എഴുന്നേറ്റു ചെന്ന് ആലിംഗനം ചെയ്തു.
തപസ്സ് മുടങ്ങിയപ്പോള്‍ ശരീരബോധം മഹര്‍ഷിയെ കീഴടക്കി. രാത്രിയും പകലും ഒന്നിച്ചു കഴിയേണ്ടിവന്ന മേനക മഹര്‍ഷിയില്‍ നിന്നും ഗര്‍ഭവതിയായി, പിന്നെ പ്രസവിച്ചു. പെണ്‍കുഞ്ഞ് തപസ് മുടക്കിയ ശേഷം വന്നതുപോലെ മടങ്ങിപ്പോകേണ്ടിയിരുന്ന മേനകയ്ക്ക് കുഞ്ഞ് ഒരു വിലങ്ങുതടിയായി. അവര്‍ ഒന്നും ചിന്തിക്കാതെ കുഞ്ഞിനെ എടുത്ത് കുറ്റിക്കാട്ടില്‍ കിടത്തിയശേഷം ദേവലോകത്തിലേക്കുപോയി.
കാട്ടിലൂടെ നടക്കുകയായിരുന്ന കണ്വമഹര്‍ഷി കുഞ്ഞിനെ കണ്ട് എടുത്തുകൊണ്ടു പോയി ആശ്രമത്തില്‍ വളര്‍ത്തി. യുവതിയായപ്പോള്‍ അവള്‍ അമ്മയെക്കാള്‍ സുന്ദരിയായ. ആ കുട്ടിയാണു ശകുന്തള.
ഒരു ദിവസം ചന്ദ്രവംശരാജാവായ ദുഷ്യന്തന്‍ വേട്ടയ്ക്കിറങ്ങിയപ്പോള്‍ ഒരു മാനിന്റെ പിന്നാലെ ഓടി. കണ്വാശ്രമവളപ്പില്‍ എത്തിച്ചേര്‍ന്നു. ശകുന്തളയെ കണ്ടപ്പോള്‍ മാനിന്റെ കാര്യം മറന്നു. ദുഷ്യന്തനും സുന്ദരനായിരുന്നു. കണ്വമഹര്‍ഷി ആശ്രമത്തില്‍ ഉണ്ടായിരുന്നില്ല. അതിഥിയെ സല്‍ക്കരിക്കേണ്ട ബാദ്ധ്യത ശകുന്തളയില്‍ വന്നുചേര്‍ന്നു.
അതിഥി പിന്നീട് കണ്വമഹര്‍ഷി വരുംമുന്‍പുതന്നെ ഗാന്ധര്‍വ്വവിധിപ്രകാരം ശകുന്തളയെ വിവാഹം കഴിച്ചു. മഹര്‍ഷി ഉള്ളപ്പോള്‍ മടങ്ങിയെത്താമെന്ന് വാക്കു നല്‍കി ദുഷ്യന്തന്‍ യാത്രപറഞ്ഞു. ഇതിനിടയില്‍ ശകുന്തള ഗര്‍ഭിണിയായിക്കഴിഞ്ഞിരുന്നു.
കണ്വമഹര്‍ഷി വന്നപ്പോള്‍ ശകുന്തളയുടെ തോഴിമാരായ അനസൂയയും പ്രിയംവദയും ഉണ്ടായ സംഭവങ്ങള്‍ അദ്ദേഹത്തെ അറിയിച്ചു. സമാധാനചിത്തനായ കണ്വമഹര്‍ഷി ശകുന്തളയെ കുറ്റപ്പെടുത്തിയില്ല.
ദുഷ്യന്തനെ മാത്രം ധ്യാനിച്ച് ശകുന്തള ആശ്രമവാതിലില്‍ ഇരിക്കുമ്പോള്‍ ക്ഷിപ്രകോപിയായ ദുര്‍വാസാവു മഹര്‍ഷി അവിടെ കയറിവന്നു. ചിന്തയിലായിരുന്നതുകൊണ്ട് ശകുന്തള അതിഥിയെ തിരിച്ചറിയുകയോ ഉപചരിക്കുകയോ ചെയ്തില്ല.
“”ഇവള്‍ ആരേ ഓര്‍മ്മിച്ചുകൊണ്ടിരിക്കുന്നുവോ അയാള്‍ ഇവളെ മറന്നുപോകട്ടെ” എന്ന് ദുര്‍വാസാവു ശപിച്ചു. സംഭവം കണ്ടുനിന്നിരുന്ന അനസൂയയും പ്രിയംവദയും മുന്നോട്ടു നടന്ന അദ്ദേഹത്തിന്റെ പുറകെ ഓടി ശാപമോക്ഷത്തിനായി ഇരന്നു.
എന്തെങ്കിലും അടയാളം കാണിച്ചാല്‍ ഓര്‍മ്മ വരുമെന്ന് ദുര്‍വാസാവു ശാപമോക്ഷം നല്‍കി. തോഴിമാര്‍ ഓടിവന്ന് ദുഷ്യന്തന്‍ സമ്മാനിച്ച മുദ്രമോതിരം വിരലില്‍ ഉണ്ടോ എന്നു പരിശോധിച്ചപ്പോള്‍ അത് യഥാസ്ഥാനത്ത് ഉണ്ടായിരുന്നു.
മോതിരം നഷ്ടപ്പെടാതെ സൂക്ഷിക്കണമെന്ന് തോഴിമാര്‍ പറഞ്ഞെങ്കിലും ശാപം സംബന്ധിച്ച കാര്യങ്ങളൊന്നും ശകുന്തളയോടു പറഞ്ഞില്ല. അതറിഞ്ഞ് വിഷമിക്കേണ്ട എന്നു ധരിച്ചിട്ടായിരിക്കാം. മറവി സംഭവിച്ച ദുഷ്യന്തന്‍ പിന്നെ ശകുന്തളയെ കാണാന്‍ വന്നില്ല.
കണ്വമഹര്‍ഷി ഗര്‍ഭിണിയായ ശകുന്തളയെ ദുഷ്യന്തരാജാവിന്റെ കൊട്ടാരത്തിലേക്കയയ്ക്കാന്‍ നിര്‍ബന്ധിതനായി. കാരണം അവള്‍ പൂര്‍ണ ഗര്‍ഭിണി ആയിക്കഴിഞ്ഞിരുന്നു. ആശ്രമവാസികളായ ഗൗതമിയെയും ശാര്‍ങധരനെയും കൂട്ടി ശകുന്തളയെ അദ്ദേഹം കൊട്ടാരത്തലേക്കയച്ചു. വഴിക്ക് സോമാവതാര തീര്‍ത്ഥത്തില്‍ കൈകാലുകള്‍ കഴുകിയപ്പോള്‍ ശകുന്തളയുടെ വിരലില്‍ കിടന്ന മോതിരം വെള്ളത്തില്‍ പോയി. അവര്‍ അത് അറിഞ്ഞതുമില്ല.
കൊട്ടാരത്തിലെത്തിയ ശകുന്തളയെ ദുഷ്യന്തന്‍ തിരിച്ചറിഞ്ഞില്ല. ശാപം നേരത്തെതന്നെ അദ്ദേഹത്തെ പിടികൂടിയിരുന്നു. പത്തു മാസമായിട്ടും ശകുന്തളയെ ഓര്‍മ്മ വരാതിരുന്നതും ഇതുകൊണ്ടുതന്നെയാണ്. അടയാളം കാണിക്കാന്‍ മുദ്രമോതിരം വിരലില്‍ ഉണ്ടായിരുന്നില്ല. വെറും അപരിചിതനായി പെരുമാറിയ ദുഷ്യന്തനു മുന്നില്‍ മോഹാലസ്യപ്പെട്ടു വീണ ശകുന്തളയെ മേനക കൂട്ടിക്കൊണ്ടുപോയി കശ്യപ മഹര്‍ഷിയുടെ ആശ്രമത്തിലാക്കി.
അവിടെ ശകുന്തളയ്ക്ക് ഒരു ആണ്‍കുഞ്ഞു ജനിച്ചു. മഹര്‍ഷി കുട്ടിക്ക് “സര്‍വ്വദമനന്‍’ എന്നു പേരിട്ടു. രാജതേജസ്സുള്ള കുട്ടി ആശ്രമവാസികള്‍ക്കെല്ലാം പ്രിയങ്കരനായി.
ദുഷ്യന്തരാജാവിനെ കാണാന്‍ പോകുന്നതിനിടയില്‍ കൈകാല്‍ കഴുകാനിറങ്ങിയ സോമാവതാരതീര്‍ത്ഥത്തില്‍ നഷ്ടപ്പെട്ട ശകുന്തളയുടെ മോതിരം ഒരു മത്സ്യം വിഴുങ്ങുകയായിരുന്നു. ഈ മത്സ്യത്തെ പിടിച്ച മുക്കുവന്‍ മത്സ്യത്തിന്റെ വയറ്റില്‍ സ്വര്‍ണ്ണമോതിരം കണ്ട് അതു വില്‍ക്കാന്‍ പോയപ്പോള്‍ പടയാളികള്‍ പിടിച്ചു. രാജാവിന്റെ മുദ്രമോതിരമാണെന്നറിഞ്ഞതുകൊണ്ടാണു പിടിച്ചത്. മോതിരവുമായി പടയാളികള്‍ അയാളെ രാജാവിനു മുന്നില്‍ ഹാജരാക്കി. തന്റെ നിരപരാധിത്വം മുക്കുവന്‍ വെളിപ്പെടുത്ത. മുദ്രമോതിരം കണ്ടപ്പോള്‍ ദുഷ്യന്തരാജാവിന് സംഭവങ്ങള്‍ ഓരോന്നും അടുക്കടുക്കായി ഓര്‍മ്മയിലെത്തി. ശകുന്തളയെ ഓര്‍മ്മിച്ച് അദ്ദേഹം വിഷണ്ണനായി കഴിഞ്ഞുകൂടി.
അവള്‍ക്ക് എന്തു സംഭവച്ചു എന്നറിയാന്‍ പലവഴികളിലൂടെ അന്വേഷിച്ചു. ദേവാസുരയുദ്ധം ആയിടെയാണ് ഉണ്ടായത്. പറക്കുന്ന തേരിലേറി ദേവലോകത്തില്‍ പോയി മടങ്ങുമ്പോള്‍ ഹിമാലയത്തിലെ വനത്തില്‍ ഒരു ബാലന്‍ സിംഹക്കുട്ടിയുമായി ഉല്ലസിക്കുന്നത് ദുഷ്യന്തന്‍ കാണാനിടയായി. തേര് അവിടെ നിറുത്തി കുട്ടിയെ കണ്ട രാജാവ് മാതാപിതാക്കളെപ്പറ്റി അന്വേഷിച്ചു. ബാലന്‍ മാതാവിന്നടുക്കലേക്ക് കൂട്ടിക്കൊണ്ടുപോയി. ദുഷ്യന്തന്‍ ശകുന്തളയെ തിരിച്ചറിയുകയും ആശ്ലേഷിക്കുകയും ചെയ്തു.
മഹര്‍ഷിയുടെ അനുവാദത്തോടെ ശകുന്തളയെയും മകനെയും കൊട്ടാരത്തില്‍ കൊണ്ടുവന്നു. സര്‍വ്വദമനന്‍ എന്ന ഈ കുട്ടിക്ക് ദുഷ്യന്ത മഹാരാജാവു നല്കിയ പേരാണ് ഭരതന്‍. ഭരതചക്രവര്‍ത്തി പിന്നീട് ദീര്‍ഘകാലം രാജ്യം ഭരിച്ചു. ഭരതന്‍ ഭരിച്ച നാടിന് “ഭാരതം’ എന്ന പേരുണ്ടായി.

No comments:

Post a Comment