Tuesday 19 June 2018

ടിപ്പുസുൽത്താൻ - 2 ഹൈദറലിയുടെ ഉയർച്ച




ടിപ്പുസുൽത്താൻ - 2
ഹൈദറലിയുടെ ഉയർച്ച
........................................
മൈസൂർ സൈന്യത്തിൽ സ്വതന്ത്ര ചുമതല കൈവന്ന ശേഷം പിന്നീട് നടന്ന സംഭവങ്ങളെല്ലാം തന്നെ യഥാർത്ഥത്തിൽ ഹൈദറിന് അധികാരത്തിലേക്കുള്ള ചവിട്ട് പടിയായി പരിണമിക്കുകയാണുണ്ടായത്. ഹൈദരാബാദിൽ 'നിസാമത്ത്' സ്ഥാനത്തിന് വേണ്ടി അസിഫ് ജാ നിസാമുൽ മുൽകിന്റെ മകൻ നാസിർ ജംഗ്, തന്റെ അനന്തിരവനായ മുസാഫർ ജoഗുമായി ഏറ്റുമുട്ടലുണ്ടായ വേളയിൽ നാസിർ ജംഗിനെ സഹായിക്കുന്നതിനായി ഹൈദറിന്റെ നേതൃത്വത്തിലുള്ള മൈസൂർ സൈന്യo 1749 ൽ നഞ്ചരാജിന്റെ നിർദ്ദേശ പ്രകാരം മാർച്ച് ചെയ്തു .ആദ്യ വിജയങ്ങൾ നാസിർ ജംഗിനായിരുന്നെങ്കിലും 1750 ഡിസംബർ 16ലെ രാത്രിയിൽ അദ്ദേഹം ഗുഡപ്പയിലെ പത്താൻ നവാബിനാൽ കൊല ചെയ്യപ്പെട്ടു.ഈ സംഭവത്തെ തുടർന്നുണ്ടായ ആശയക്കുഴപ്പത്തിൽ നാസിർ ജംഗിന്റെ ഖജനാവ് ഫ്രഞ്ചുകാരുടെ കൈയ്യിൽ അകപ്പെട്ടു .അതിൽ ഒരു വിഹിതം ഹൈദർ കൈക്കലാക്കി അത് ഉപയോഗിച്ച് സൈന്യത്തെ പുഷ്ടിപ്പെടുത്തി . ഫ്രഞ്ച് ഓഫീസർമാരുടെ കീഴിൽ അവർക്ക് പരിശീലനവും നൽകപ്പെട്ടു.
ഈ സമയത്ത് തന്നെ കർണ്ണാടിക്കിലെ നവാബ് സ്ഥാനത്തിനായി ചന്ദാസാഹബും മുഹമ്മദലിയും തമ്മിൽ ഏറ്റുമുട്ടി. ഫ്രഞ്ചുകാരുടെ പിൻതുണയുണ്ടായിരുന്ന ചന്ദാസാഹബിനെ നേരിടാൻ മുഹമ്മദലി നഞ്ച രാജിന്റെ സഹായം തേടി. വിജയിച്ചാൽ തിരുച്ചിറപ്പള്ളിയും അതിന്റെ ആശ്രിത ദേശങ്ങളും മൈസൂറിന് വിട്ടു നൽകാമെന്ന് ഉറപ്പ് നൽകപ്പെട്ടു. ഫ്രഞ്ചു പിൻതുണയുള്ള ചന്ദാസാഹബിനെതിരായി ഇംഗ്ലീഷുകാരുടെ സഹായവും വന്നു ചേർന്നു.1752 ഫെബ്രുവരി മുതൽ ഡിസംബർ വരെ നീണ്ടു നിന്ന ഏറ്റുമുട്ടലിൽ ചന്ദാസാഹിബ് കൊല്ലപ്പെട്ടു. പക്ഷേ മൈസൂറിന് നൽകിയ വാക്ക് പാലിക്കാൻ മുഹമ്മദലി തയ്യാറായില്ല. തൃശിനാപ്പള്ളിക്ക് പകരമായി ശ്രീരംഗം ദ്വീപാണ് മൈസൂറിന് ലഭിച്ചത്. നഞ്ച രാജ് ഉടനെ ഫ്രഞ്ചുകാരുമായി ചേർന്ന് മുഹമ്മദലിക്കും ഇംഗ്ലീഷുകാർക്കുമെതിരെ ആക്രമണം നടത്തിയെങ്കിലും വിജയിക്കുവാൻ സാധിക്കാതെ മൈസൂരിലേക്ക് പിൻവാങ്ങേണ്ടി വന്നു .
നഞ്ച രാജിനെ സംബന്ധിച്ചിടത്തോളം ഒരു ദുരന്തമായി തിരുച്ചിറപ്പള്ളി കാംപെയ്ൻമാറിയെങ്കിലും ഹൈദറിന് അത് അനുഗ്രഹമായി തീരുകയാണ് ചെയ്തത്. സജീവമായി യുദ്ദമുഖത്തുണ്ടായിരുന്ന ഹൈദറിന് ഇംഗ്ലീഷ് - ഫ്രഞ്ച് യുദ്ധമുറകളെ കുറിച്ചുള്ള പ്രാധമികമായ അറിവ് നേടുവാൻ ഇതു സഹായിച്ചു. പിൽകാലത്ത് യൂറോപ്യൻ യുദ്ദ സങ്കേതങ്ങൾ സൈന്യത്തിൽ കൊണ്ടുവരുന്നതിന് ഇത് പ്രേരണയായി വർത്തിച്ചു. യുദ്ദരംഗങ്ങളിൽ ഹൈദർ പ്രദർശിപ്പിച്ച ധീരതക്കും സ്ഥിരോൽസാഹത്തിനും പ്രതിഫലമെന്നോണം അദ്ദേഹത്തെ ഡിണ്ടുഗലിലെ ഫൗജ് ദാറായി നിയമിച്ചു. അവിടെ കലാപമുയർത്തിയ ശക്തരായ പ്രഭുക്കൻമാരെ അമർച്ച ചെയ്ത് നീതി നിർവ്വഹണം പുനസ്ഥാപിച്ച ഹൈദർ ഒരു പീരങ്കി പടയെ സംഘടിപ്പിക്കുകയും ഫ്രഞ്ച് എഞ്ചിനീയർമാരുടെ മേൽനോട്ടത്തിൽ ഒരു ആയുധ നിർമ്മാണശാല ആരംഭിക്കുകയും ചെയ്തു .
ഈ സമയത്ത് തലസ്ഥാന നഗരിയിൽ കാര്യങ്ങൾ ആകെ കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലായിരുന്നു. മൈസൂർ രാജാവ് നഞ്ച രാജിനും ദേവരാജിനും ഇടയിൽ കേവലം ഒരു കളിപ്പാവ മാത്രമായി തീർന്നിരുന്നു. ഭരണകാര്യങ്ങളിൽ നഞ്ച രാജ് ദേവരാജ് സഹോദരന്മാർക്കിടയിൽ കടുത്ത ഭിന്നത പ്രകടമായി. തൃശിനാപ്പള്ളി യുദ്ധവും മറാത്തരുടെയും നൈസാമിന്റെയും അധിനിവേശങ്ങളും രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയെ തകർത്തിരുന്നു. തൽഫലമായി പല മാസങ്ങളായി ശമ്പളം ലഭിക്കാത്ത പട്ടാളക്കാർ നഞ്ച - ദേവരാജ് സഹോദരൻമാരുടെ വീട് ഉപരോധിക്കാൻ തുടങ്ങി .
കാര്യങ്ങൾ അറിഞ്ഞ് ഹൈദർ പൊടുന്നനെ ശ്രീരംഗപട്ടണത്തെത്തി. അവസ്ഥകൾ ആ സമയത്ത് പരിഹരിക്കാൻ കെൽപ്പുള്ളത് അദ്ദേഹത്തിന് മാത്രമായിരുന്നു.ഹൈദർ രാജ് സഹോദരൻമാരെ അനുരഞ്ചിപ്പിക്കുകയും രാജാവിന്റെ സംരക്ഷണം ഉറപ്പ് നൽകുകയും ചെയ്തു.സൈന്യത്തിന്റെ ശമ്പള കുടിശ്ശിക തീർത്തു നൽകി .ഈ നടപടികളെല്ലാം തന്നെ സൈന്യത്തിലും ഉദ്യോഗ തലത്തിലും അദ്ദേഹത്തെ കുറിച്ചുള്ള മതിപ്പ് വർദ്ധിക്കുവാൻ കാരണമായി. മറാത്തരുടെയും നൈസാമിന്റെയും അധിനിവേശങ്ങളെ യൂറോപ്യൻ പരിശീലനം സിദ്ദിച്ച അച്ചടക്കമുള്ള സൈന്യത്തെ ഉപയോഗിച്ച് ശക്തമായി ചെറുത്ത ഹൈദർ മൈസൂരിന്റെ ഇഷ്ടപ്രകാരമുള്ള സന്ധിവ്യവസ്ഥകൾക്ക് അവരെ കീഴൊതുക്കി.വിജയശ്രീലാളിതനായി ശ്രീരംഗപട്ടണത്തേക്ക് തിരിച്ചു വന്ന അദ്ദേഹത്തെ രാജാവും ജനങ്ങളും ഊഷ്മളമായി സ്വീകരിച്ചു.
അതേ സമയം മറാത്തരുടെയും നൈസാമിന്റെയും ആക്രമണങ്ങളിൽ തുടർ പരാജയങ്ങളേറ്റുവാങ്ങുകയും സൈനികരുടെ പ്രതിഷേധം ഒരു കലാപത്തിന്റെ വക്കിൽ എത്തിക്കുകയും ചെയ്ത നഞ്ച രാജിന്റെ കീർത്തി ഇടിഞ്ഞുതാണു. നിരാശനായ അദ്ദേഹം രാഷ്ട്രീയ ജീവിതത്തിൽ നിന്നും വിരമിച്ചപ്പോൾ ആ സ്ഥാനം ഹൈദറലിയിൽ വന്നു ചേർന്നു. രഹസ്യ ഉപചാപങ്ങളിലുടെ തന്നെ പുറത്താക്കാൻ ശ്രമിച്ച കാണ്ഡേറാവുവിന്റെ കുൽസിത ശ്രമങ്ങളെ ഹൈദർ തന്റെ കഴിവുകളുപയോഗിച്ച് അതിജീവിച്ചു.1761 ഓടു കുടി അദ്ദേഹം മൈസൂറിന്റെ എതിർക്കപ്പെടാത്ത ഭരണാധിപനായി മാറി.
പിന്നീട് പിടിച്ചടക്കലിന്റെ കാലമായിരുന്നു 1764- 72 കാലയളവിലെ മൂന്ന് മറാത്ത ആക്രമണങ്ങൾ ആശ്രമങ്ങളെ അൽപം പിറകോട്ടടുപ്പിച്ചെങ്കിലും 1778 ഓടു കൂടി ഒരു വിശാലമായ മൈസൂർ സാംമ്രാജ്യം കെട്ടിപടുക്കുന്നതിൽ ഹൈദറലി വിജയിച്ചു.

No comments:

Post a Comment