Wednesday 20 June 2018

ഹേയ് മാർക്കറ്റ് കൂട്ടക്കൊലയുടെ സ്മരണാർത്ഥമാണ് മേയ് ദിനം







ഇന്ന്‍ലോക തൊഴിലാളി ദിനം ഹേയ് മാർക്കറ്റ് കൂട്ടക്കൊലയുടെ സ്മരണാർത്ഥമാണ് മേയ് ദിനം ആചരിക്കുന്നത് 1886 മെയ് നാല് ഹേമാര്‍ക്കറ്റ് സ്ക്വയര്‍ : വൈകട്ട് ഏഴരയ്ക്ക് ആരംഭിച്ച യോഗം തികച്ചും സമാധാനപരമായി പുരോഗമിക്കുന്നു. രാത്രിയായിട്ടും ആളുകള്‍ പിരിഞ്ഞുപോയില്ല. മണി 10 കഴിഞ്ഞു. ചെറിയ മഴ ചാറിത്തുടങ്ങി. യോഗം പിരിച്ചുവിടാന്‍ അധ്യക്ഷനായ സാമുവല്‍ ഫീല്‍ഡന്‍ തീരുമാനിച്ചു. സായുധരായ 180 പൊലീസുകാര്‍ ഈ സമയം സ്ക്വയറിലേക്ക് പ്രവേശിച്ചിരുന്നു. അപ്പോഴേക്കും ഒരു പൊലീസ് ക്യാപ്റ്റന്‍ പ്രത്യേകിച്ച് ഒരു കാരണവും കൂടാതെ വേദിയിലേക്ക് ചാടിക്കയറി യോഗം നിര്‍ത്താന്‍ ആക്രോശിച്ചു. പെട്ടെന്നാണ് അവിടേക്ക് ഒരു ബോംബ് വന്നുവീണത്. ഇടിമിന്നല്‍പോലെ പ്രകാശം, സ്ഫോടനം. ബോംബ് പൊട്ടലും പൊലീസിന്റെ വെടിവയ്പും ഒരുമിച്ച്. ഏഴ് പൊലീസുകാരും നാല് തൊഴിലാളികളും അവിടെ മരിച്ചുവീണു. അമേരിക്കന്‍ കുത്തക പ്രഭുക്കള്‍ ആഗ്രഹിച്ചതിന്‍പ്രകാരം പൊലീസ് പ്രവര്‍ത്തിച്ചു. 200 നേതാക്കളെ അറസ്റ്റുചെയ്തു. സ്പൈസ്, ഫീല്‍ഡന്‍ , ഫിഷര്‍ , എംഗല്‍ , ലിംഗ്, ഷാബ്, നീബെ എന്നീ ഏഴു ഗൂഢാലോചനക്കാരും അറസ്റ്റുചെയ്യപ്പെട്ടു. എട്ടാമന്‍ പാര്‍സന്‍സ് തന്റെ സഖാക്കളോടുള്ള ഐക്യദാര്‍ഢ്യം രേഖപ്പെടുത്തിക്കൊണ്ട് ആഴ്ചകള്‍ക്കുശേഷം സ്വയം പിടികൊടുക്കുകയായിരുന്നു. ഭീകരമായ മര്‍ദനങ്ങളാണ് നിയമപാലകര്‍ അഴിച്ചുവിട്ടത്. പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റമാരോപിച്ച് 31 പേരുടെമേല്‍ കേസെടുത്തു. പിന്നീട് നടന്നത് ലോകത്തിലെ ഏറ്റവും വലിയ നീതിന്യായവ്യവസ്ഥയുടെ മാനഭംഗപ്പെടുത്തല്‍ . തൊഴില്‍സമയവും കൂലിയുമെല്ലാം മുതലാളി നിശ്ചയിക്കുന്ന കാലമായിരുന്നു അത്. സ്ത്രീകളും കുട്ടികളുംപോലും അങ്ങേയറ്റം ക്രൂരമായ സാഹചര്യങ്ങളില്‍ ദീര്‍ഘനേരം പണിയെടുക്കണമായിരുന്നു. അക്കാലത്തെ തൊഴിലാളികള്‍ക്ക് കുടുംബജീവിതംപോലും അന്യം. ആറോ എട്ടോ വയസ്സുള്ള കുട്ടികള്‍പോലും മില്ലുകളില്‍ പണിയെടുക്കാന്‍ പോകുന്നത് സാധാരണമായിരുന്നു. ഒരാഴ്ചയില്‍ ആറുദിവസം 78 മണിക്കൂര്‍ പണി. പ്രതിദിനം ഒരു ഡോളര്‍പോലും കൂലിയില്ല. ഫോര്‍ഡ്, റോക്ഫെല്ലര്‍ , മോര്‍ഗന്‍സ് മുതലായ കുത്തകകള്‍ ജന്മമെടുത്തത് ഇക്കാലത്താണ്. പണിമുടക്കുകള്‍ പൊളിക്കാനും സമരം ചെയ്യുന്ന തൊഴിലാളികളെ കൊല്ലാനും കരിങ്കാലികളെ റിക്രൂട്ടുചെയ്യാനും പിങ്കര്‍ട്ടന്‍ ഡിറ്റക്ടീവ് ഏജന്‍സി എന്ന പേരില്‍ ഒരു കമ്പനിപോലും രൂപീകരിച്ചു. 1884ല്‍ അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ലേബര്‍ അതിന്റെ നാലാം കണ്‍വന്‍ഷനില്‍ എട്ടുമണിക്കൂര്‍ ജോലി എന്ന മുദ്രാവാക്യത്തിന്റെ സാക്ഷാല്‍ക്കരണത്തിനായി 1886 മെയ് ഒന്നുമുതല്‍ തുടര്‍ച്ചയായ പോരാട്ടം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. ഇക്കാലത്തുതന്നെ ശക്തിപ്രാപിച്ച മറ്റു രണ്ട് സംഘടനകളായിരുന്നു, ഓര്‍ഡര്‍ ദ നൈറ്റ്സ്, ലേബര്‍ യൂണിയന്‍ എന്നിവ. ഗത്യന്തരമില്ലാതെ മെയ് ഒന്നിന് പണിമുടക്കി പ്രകടനങ്ങളും റാലികളും നടത്താന്‍ തൊഴിലാളികള്‍ നിര്‍ബന്ധിതരായി. അഞ്ചുലക്ഷത്തിലധികംപേര്‍ സമരരംഗത്തിറങ്ങി. തൊഴിലാളികളുടെ പണിമുടക്ക് തികച്ചും സമാധാനപരമായിരുന്നെങ്കിലും അവരുടെ സംഘടിതശക്തി അമേരിക്കന്‍ മുതലാളിമാരെ ബേജാറാക്കി. ഗവണ്‍മെന്റിന്റെ ആയുധങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമായി ഉടനടി ഉപയോഗിക്കണമെന്ന് അവര്‍ തീരുമാനിച്ചു. ചിക്കാഗോ നഗരത്തിലെ മാക്കോര്‍മിക് ഹാര്‍വെസ്റ്റര്‍ കമ്പനിയില്‍ കുറച്ചുകാലമായി പണിമുടക്ക് നടക്കുകയായിരുന്നു. ആ പണിമുടക്കും മെയ് ഒന്നിന് ആരംഭിച്ച പ്രക്ഷോഭവും സ്വാഭാവികമായി ഒത്തുചേര്‍ന്നു. ചിക്കാഗോയിലെ തെരുവുകള്‍ സായുധരായ പട്ടാളക്കാരെയും പൊലീസിനെയുംകൊണ്ട് നിറഞ്ഞിരുന്നെങ്കിലും പതിനായിരക്കണക്കിന് തൊഴിലാളികള്‍ പണി നിര്‍ത്തിവച്ച് ഇറങ്ങിവന്ന് പ്രകടനത്തില്‍ അണിനിരന്നു. തൊഴില്‍ദിനം എട്ടു മണിക്കൂറാക്കണമെന്ന് ആവശ്യപ്പെട്ട് അന്ന് ന്യൂയോര്‍ക്ക്, വാഷിങ്ടണ്‍ , ബാള്‍ട്ടിമൂര്‍ , മില്‍വാക്ക്, സിന്‍സിനാറ്റി, സെന്റ് ലൂയി, പിറ്റ്സ്ബര്‍ഗ്, ഡിട്രോയിറ്റ് മുതലായ നഗരങ്ങളിലും അന്ന് വ്യാപകമായ പണിമുടക്കുപ്രകടനങ്ങള്‍ നടന്നു. എങ്ങനെയെങ്കിലും പ്രകോപനങ്ങള്‍ സൃഷ്ടിച്ച് തൊഴിലാളിസംഘടനകളെ തകര്‍ക്കുകയും ക്രൂരമായി ശിക്ഷിച്ച് മാതൃക കാട്ടുകയും ചെയ്യാന്‍ അമേരിക്കന്‍ മുതലാളിത്തം വെമ്പി. പണിമുടക്കില്‍ പങ്കെടുത്ത എല്ലാവരെയും പിരിച്ചുവിടുമെന്ന് നിരവധി ഫാക്ടറി ഉടമകള്‍ പ്രഖ്യാപിച്ചു.
പൊതുപണിമുടക്കിന്റെ ലക്ഷ്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി മാകകോര്‍മിക് റീപ്പര്‍ വര്‍ക്സിന്റെ ഗേറ്റിനുപുറത്ത് ഒരു യോഗം ചേര്‍ന്നു. മെയ് മൂന്നിന് സിഎല്‍യു നേതാക്കളായ ആഗസ്റ്റ് സ്പൈസ്, ആല്‍ബര്‍ട്ട് പാന്‍സന്‍സ്, സാമുവല്‍ ഫീല്‍ഡന്‍ , അഡോള്‍ഫ് ഫിഷര്‍ , ജോര്‍ജ് എംഗല്‍ മുതലായവരാണ് ആ യോഗം വിളിച്ചുകൂട്ടിയത്. ആഗസ്റ്റ് സ്പൈസ് പ്രസംഗിക്കുമ്പോള്‍ വര്‍ക്ഷോപ്പിനകത്തുനിന്ന് ചില ആളുകള്‍ ഇറങ്ങിവന്ന് ബഹളമുണ്ടാക്കി. 300 പേരെയാണ് ഇവിടത്തെ സമരം പൊളിക്കാന്‍വേണ്ടി കനത്ത പൊലീസ് ബന്ദവസ്സില്‍ മുതലാളിമാര്‍ കൊണ്ടിറക്കിയിരുന്നത്. ബഹളം സംഘട്ടനമായി. മുന്‍ നിശ്ചയിച്ചപ്രകാരമെന്നോണം പൊലീസിന്റെ ഒരു വന്‍പടതന്നെ ഉടനടി അവിടെ എത്തി. പൊലീസും കൂലിപ്പടയും ചേര്‍ന്ന് നടത്തിയ സംഹാര താണ്ഡവത്തില്‍ ആറ് തൊഴിലാളികളാണ് മരിച്ചുവീണത്. അനേകമാളുകള്‍ക്ക് പരിക്കേറ്റു. പൊലീസ് മുതലാളി ഗുണ്ടാ ഗൂഢാലോചനയില്‍ പ്രതിഷേധിക്കാനായാണ് പിറ്റേന്നു (മെയ് 4)തന്നെ ഹെയ്മാര്‍ക്കറ്റ് സ്ക്വയറില്‍ പ്രതിഷേധയോഗം ചേര്‍ന്നത്. ഹേമാര്‍ക്കറ്റ് സ്ക്വയര്‍ സംഭവത്തിന്റെ പേരില്‍ അറസ്റ്റുചെയ്തവര്‍ കുറ്റക്കാരാണെന്ന് നേരത്തെതന്നെ പ്രഖ്യാപിച്ച ന്യായാധിപന്മാര്‍ ഉള്‍ക്കൊള്ളുന്ന ഒരു ബോര്‍ഡ് ഓഫ് ജൂറിയുണ്ടാക്കി. 1886 ജൂണ്‍ 21ന് കേസ് വിചാരണ തുടങ്ങി. എട്ടു പ്രധാന പത്രികയില്‍ ഹേമാര്‍ക്കറ്റ് സ്ക്വയറിലെ യോഗത്തില്‍ ഫീല്‍ഡന്‍മാത്രം ഉണ്ടായിരുന്നപ്പോഴാണ് ബോംബുസ്ഫോടനമുണ്ടായെന്ന വസ്തുത ജഡ്ജിമാര്‍ കണക്കിലെടുത്തില്ല. ഹേമാര്‍ക്കറ്റ് സ്ക്വയറിലെ പ്രസംഗങ്ങളോ അവിടെ ചേര്‍ന്ന യോഗമോ ക്രമസമാധാനത്തിന് ഭംഗം വരുത്തിയിട്ടില്ലെന്ന് യോഗസ്ഥലത്ത് ഹാജരുണ്ടായിരുന്ന ചിക്കാഗോ മേയര്‍ ഹാരിസണ്‍ തന്റെ മൊഴിയില്‍ രേഖപ്പെടുത്തുകയുണ്ടായി. തൊഴിലാളിനേതാക്കള്‍ ധൈര്യപൂര്‍വം, തികഞ്ഞ ഗൗരവത്തോടും ശൗര്യത്തോടും കോടതിയെ നേരിട്ടു. പ്രോസിക്യൂഷന്‍ കേസ്, ജസ്റ്റിസ് ഗാരിക്കുപോലും ബോധ്യപ്പെട്ടില്ല ബോംബെറിഞ്ഞത് ആരാണെന്ന് തെളിഞ്ഞില്ല, പക്ഷേ, കുത്തക കമ്പനികളും കുത്തക പത്രങ്ങളും ചേര്‍ന്ന് രൂപീകരിച്ച അഭിപ്രായങ്ങള്‍ , സമ്മര്‍ദങ്ങള്‍ , ജൂറിമാരെ, സ്വാധീനിച്ചിരുന്നിരിക്കണം. ജസ്റ്റിസ് ഗാരി 1886 ഒക്ടോബര്‍ ആറിന് എട്ട് നേതാക്കള്‍ക്ക് വധശിക്ഷ വിധിച്ചു. അമേരിക്കന്‍ സുപ്രീംകോടതി ഈ കേസിന്റെ നടപടി പുനരവലോകനം ചെയ്യാന്‍ വിസമ്മതിച്ചു. അവരെ 1887 നവംബര്‍ 11നാണ് തൂക്കിലേറ്റാന്‍ നിശ്ചയിച്ചത്. ഫ്രാന്‍സിലെ ചേമ്പേഴ്സ് ഓഫ് ഡെപ്യൂട്ടീസുപോലും ദയാഹര്‍ജി നടത്തി. ഇറ്റലി, ഫ്രാന്‍സ്, സ്പെയിന്‍ , ഹോളണ്ട്, റഷ്യ, ഇംഗ്ലണ്ട് മുതലായ രാജങ്ങളില്‍ കൂടിയ നിരവധി യോഗം ചിക്കാഗോയിലെ ഈ തൊഴിലാളിനേതാക്കളുടെ ജീവനുവേണ്ടി അഭ്യര്‍ഥിച്ചു. ജോര്‍ജ് ബര്‍ണാഡ്ഷായും വില്യം മോറിസും ഇംഗ്ലണ്ടിലെ ബുദ്ധിജീവികളുടെ ഒപ്പുശേഖരണം നടത്തി ഗവര്‍ണര്‍ക്കയച്ചു. പക്ഷേ, എല്ലാം വിഫലമായി. കേസിലെ പ്രതികളായിരുന്ന പ്രമുഖ തൊഴിലാളിനേതാക്കളില്‍ നീബെയ്ക്ക് 15 വര്‍ഷം തടവുശിക്ഷ ലഭിച്ചു. തൂക്കിക്കൊല്ലാന്‍ നിശ്ചയിച്ചതിന്റെ തലേന്ന് (1866 നവംബര്‍ 10) ഷാബിന്റെയും ഫീല്‍ഡെണിന്റെയും വധശിക്ഷ, ജീവപര്യന്തം തടവായി ഗവര്‍ണര്‍ ഇളവുചെയ്തു. 22 വയസ്സുമാത്രം പ്രായമുണ്ടായിരുന്ന ലൂയിലിങ് അന്നേദിവസം തടവറയില്‍വച്ച് ആത്മഹത്യചെയ്തതായി പൊലീസ് വിജ്ഞാപനം വന്നു. വായില്‍ ചെറിയ ഡയനാമെറ്റ് പൊട്ടിത്തെറിച്ച നിലയിലായിരുന്നു ശരീരം. സ്പൈസ്, ഫിഷര്‍ , എംഗല്‍ , പാര്‍സണ്‍സ് എന്നിവരെ നവംബര്‍ 11നുതന്നെ ചിക്കാഗോ ജയില്‍വളപ്പില്‍വച്ച് തൂക്കിക്കൊന്നു. അവര്‍ നാലുപേരും കൊലക്കയര്‍ കഴുത്തിലണിയുമ്പോഴും അചഞ്ചലരായിരുന്നു.

No comments:

Post a Comment