Tuesday 19 June 2018

ടിപ്പുസുൽത്താൻ - 1 മുൻഗാമികൾ





ടിപ്പുസുൽത്താൻ - 1
മുൻഗാമികൾ
........................
ടിപ്പുവിന്റെ കുടുംബ ചരിത്രം മുത്തച്ചനും ഹൈദറലിയുടെ പിതാവുമായ ഫാത്ത് മുഹമ്മദിന് മുൻപ് മിക്കവാറും അജ്ഞാതമാണ്. ചില വിവരണങ്ങമിൽ നിന്നും ( കിർമാനി ) അദ്ദേഹത്തിന്റെ പൂർവ്വികർ മക്കയിലെ ഖുറൈശ് ഗോത്രത്തിൽ പെട്ടവരായിരുന്നെന്നും 16ാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടങ്ങളിലെപ്പോഴോ ഇന്ത്യയിലേക്ക് കടൽമാർഗ്ഗം കുടിയേറിപ്പാർത്തവരാണെന്നും മനസ്സിലാക്കാം.ബിജാപൂരിലെ ഭരണാധിപനായിരുന്ന മുഹമ്മദ് ആദിൽഷാ( 1626-56) യുടെ കാലത്ത് ഡൽഹിയിൽ നിന്നും ഗുൽബർഗയിലേക്ക് വന്ന ഷെയ്ക്ക് വാലി മുഹമ്മദിന്റെ പൗത്രനായിരുന്നു ഫാത്ത് മുഹമ്മദ്.1697 ൽ തന്റെ പിതാവായ മുഹമ്മദലിയുടെ മരണശേഷം അദ്ദേഹം കോലാറിൽ വന്ന് ആർക്കോട്ടിലെ നവാബായ സാദത്തുല്ലാഖാന്റെ സർവ്വീസിൽ 200 കാലാളുകളും 50 കുതിരപ്പടയുമുള്ള സേനയുടെ ജമാദാറായി സ്ഥാനമേറ്റു.നവാബിന്റെ വിശ്വസ്ഥനായി സേവനം തുടരവേ ഫാത്ത് മുഹമ്മദ് തഞ്ചാവൂരിലെ ' പിർ സാദ' സയ്യിദ് ബുർഹാനുദ്ദീന്റെ അടുക്കലേക്ക് അയക്കപ്പെട്ടു.ബുർഹാനുദ്ദീന്റെ മകളെ വിവാഹം ചെയ്ത അദ്ദേഹം 6oo കാലാളുകളും 500 കുതിരകളും 50 റോക്കറ്റുകളുമടങ്ങിയ സൈനികദളത്തിന്റെ നേതൃത്വം ഏറ്റെടുത്തു.
ആർക്കോട്ടിലെ സേവനം ഉപേക്ഷിച്ച ഫാത്ത് മുഹമ്മദ് സഹോദരനായ ഷെയ്ക്ക് ഇല്യാസിന്റെ പുത്രൻ ഹൈദർ സാഹബിന്റെ ശുപാർശയിൽ മൈസൂർ രാജാവിന്റെ സർവ്വീസിൽ 'നായിക് ' ആയി സേവനം തുടർന്നു. സൈനിക തലവൻമാരുമായുള്ള അഭിപ്രായ ഭിന്നത മൂലം പിന്നീട് മൈസൂർ വിട്ട ഫാത്ത് മുഹമ്മദ് സിറയിലെ നവാബായ ദർഗ ഖുലി ഖാന് കീഴിൽ ദൊഡ്ബാൽ പൂർ കോട്ടയിലെ കമാന്റരായി ചുമതലയേറ്റു. ഇവിടെവെച്ചാണ് 1721 ൽ അദ്ദേഹത്തിന്റെ രണ്ടാമത്തെ പുത്രനും ടിപ്പു സുൽത്താന്റെ പിതാവുമായ ഹൈദരലി ജനിക്കുന്നത്.( മൂത്ത പുത്രൻ ഷഹബാസ് - 1718).
ഹൈദറലി
....................
കുറച്ച് വർഷങ്ങൾ കഴിഞ്ഞ് ദർഗ ഖുലി ഖാൻ മരണപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ പുത്രനായ അബ്ദുൾ റസൂൽ ഖാൻ സിറയിൽ പിൻഗാമിയായി വന്നു .അതേസമയം താഹിർ ഖാൻ (സഹോദരൻ?) ആർക്കോട്ടിലെ സാദത്തുല്ലാഖാന്റെ പിൻബലത്തിൽ സിറയിലെ സുബേദാർ സ്ഥാനത്തിനായി നീക്കങ്ങൾ നടത്തി.ഫാത്ത് മുഹമ്മദ് അബ്ദുൾ റസൂൽ ഖാന്റെ സഹായത്തിനെത്തിയതോടെ സിറക്കുവേണ്ടിയുള്ള അധികാരമത്സരം തുറന്ന ഏറ്റുമുട്ടലിൽ കലാശിച്ചു. യുദ്ദത്തിൽ ഫാത്ത് മുഹമ്മദിനോടൊപ്പം അബദുൽ റസൂൽ ഖാനും വധിക്കപ്പെട്ടു. താഹിർ ഖാൻ സിറയുടെ സുബേദാറായി അധികാരമേറ്റു.എന്നിരുന്നാലും അബ്ദുൾ റസൂൽ ഖാന്റെ പുത്രനായ അബ്ബാസ് ഖുലി ഖാനെ പിതാവിന്റെ ജാഗീറായ ദൊഡ ബാൽപൂരിൽ തുടരാൻ അനുവദിച്ചു.
പിതാവായ ഫാത്ത് മുഹമ്മദിന്റെ വധത്തോടെ കോട്ടക്കുള്ളിൽ അനാഥമായ ഹൈദറലിയുടെ കുടുംബത്തെ ഫാത്ത് മുഹമ്മദ് കൊടുത്തു തീർക്കുവാനുള്ള ബാധ്യതയുടെ പേരിൽ അബ്ബാസ് ഖുലി ഖാൻ നിരന്തരം പീഠിപ്പിക്കുകയും അവർ കൈവശം വച്ചിരുന്ന ശേഷിച്ച സ്വത്തു വകകളെല്ലാം കവർന്നെടുക്കുകയും ചെയ്തു . അപ്പോൾ ഹൈദറിന് അഞ്ചും ഷഹബാസിന് എട്ടും വയസ്സ് മാത്രമാണ് പ്രായമുണ്ടായിരുന്നത് .ഭയചകിതയായ ഫാത്ത് മുഹമ്മദിന്റെ വിധവയായ ഭാര്യ തന്റെ ഭർത്താവിന്റെ സഹോദരപുത്രനായ ഹൈദർ സാഹബിനെ കാര്യങ്ങൾ അറിയിച്ചു. മൈസൂർ രാജാവിന്റ സർവീസിലായിരുന്ന അദ്ദേഹം പൊടുന്നനെ കാര്യങ്ങൾ ദളവയായ ദേവരാജിനെ അറിയിക്കുകയും അദ്ദേഹo ഇടപെട്ട് കുടുബത്തെ ശ്രീരംഗപട്ടണത്തിലേക്ക് കൊണ്ട് വരികയും ചെയ്തു. അവിടെ ഹൈദറിനെയും ഷഹബാസിനെയും ഹൈദർ സാഹബ് ഒരു പിതാവിന്റെ സ്നേഹവും സംരക്ഷണവും നൽകി വളർത്തി. ആയുധ പരിശീലനത്തിലും കുതിരയോട്ടത്തിലും അവർക്ക് പരിശീലനം നൽകപ്പെട്ടു -മൈസൂർ സൈന്യത്തിൽ തനിക്കുണ്ടായിരുന്ന സ്വാധീനം ഉപയോഗപ്പെടുത്തി ഹൈദർ സാഹബ് അവരെ സൈന്യാധിപനായ നഞ്ച രാജിനും അദ്ദേഹത്തിന്റെ ഇളയ സഹോദരൻ ദേവരാജിനും മുൻപാകെ സമർപ്പിക്കുകയും അവർക്ക് 300 കാലാളുകളുo 50 കുതിരകളുമടങ്ങിയ ട്രൂപ്പിന്റെ നേതൃത്വം നൽകുകയും ചെയ്തു.
ഹൈദർ സാഹബിന്റെ മരണത്തെ തുടർന്ന് അദ്ദേഹത്തിന്റെ ചുമതലയിലേക്ക് ഷഹബാസ് നിയോഗിക്കപ്പെട്ടു.ഹൈദറിന് ആദ്യം സ്വതന്ത്രമായ ചുമതലകളൊന്നും തന്നെ നൽകപ്പെട്ടില്ലെങ്കിലും വിവിധങ്ങളായ യുദ്ദമുഖങ്ങളിൽ അദ്ദേഹം പ്രദർശിപ്പിച്ച ചുറുചുറുക്കും ധൈര്യവും നഞ്ചരാജിനെയും ദേവരാജിനെയും ആകർഷിച്ചു.1749 ൽ ദേവനഹള്ളിയിലെ നാരായൺ ഗൗഡക്കെതിരായ ഉപരോധവേളയിൽ ഹൈദറിന്റെ അസാമാന്യ മികവിൽ സംതൃപ്തനായ നഞ്ചരാജ് ഹൈദറിന് 'ഖാൻ' എന്ന സ്ഥാനപ്പട്ടം നൽകുകയും മൈസൂർ സന്യത്തിലെ 200 കലാളുകളും 50 കുതിരകളുമടങ്ങിയ സൈനിക വിഭാഗത്തിന്റെ സ്വതന്ത്ര ചുമതലയേൽപ്പിക്കുകയും ചെയ്തു. ഇവിടെ മുതൽക്കാണ് ഇരുൾ പരന്ന ഭൂതകാലത്തെ പഴങ്കഥയാക്കി ഹൈദറലിഖാൻ എന്ന ഭരണാധികാരിയിലേക്ക് 28 വയസ്സായ യുവാവ് സ്വന്തം പ്രയത്നത്താൽ ചരിത്രത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് ഉദിച്ചുയർന്നത്.



No comments:

Post a Comment