Tuesday 19 June 2018

പാതാളലോകം





പാതാളലോകം !!
===========
ജോര്‍ജിയായിലെ Abkhazia ലെ പടിഞ്ഞാറന്‍ Caucasus മല നിരകളിലാണ് ഭൂലോകത്തെ ഏറ്റവും ആഴമേറിയ ഗുഹ ആയ Krubera Cave സ്ഥിതിചെയ്യുന്നത്. ആഴം 2,197 m. രണ്ടായിരം മീറ്ററില്‍ കൂടുതല്‍ ആഴമുള്ള ലോകത്തിലെ ഏക ഗുഹ കൂടി ആണ് ഇത് ! ഈ ദൂരം സമുദ്ര നിരപ്പില്‍ നിന്നും താഴേക്കുള്ള ദൂരം അല്ല , മറിച്ച് ഗുഹാമുഖത്ത്‌ നിന്നും ഗുഹയുടെ അവസാനം വരെയുള്ള ലംബമായ നീളം ആണ് . 2001 ല് ആണ് ഓസ്ട്രിയയിലെ Lamprechtsofen ഗുഹയില്‍ നിന്നും ആഴമേറിയ ഗുഹ എന്ന പദവി ഇതിനു സ്വന്തമായത്. 1000m മുകളില്‍ താഴ്ചയുള്ള മറ്റു അഞ്ചു ഗുഹകള്‍ കൂടി ഈ പ്രദേശത്ത് ഉണ്ട്. സമുദ്രനിരപ്പില്‍ നിന്നും 2,256m ഉയരത്തിലാണ് Krubera Cave ന്റെ സ്ഥാനം. ഉക്രേനിയന്‍ സ്പീളിയോലോജിസ്റ്റ് ആയ Gennadiy Samokhin ആണ് 2012 ഇത്രയും താഴ്ചയില്‍ ചെന്ന് പര്യവേഷണം നടത്തി ലോക റെക്കോര്‍ഡ് ഇട്ടത് . (ഗുഹകളെ കുറിച്ചുള്ള പഠനത്തിന്റെ പേരാണ് Speleology). റഷ്യന്‍ ഭാഷയില്‍ ഈ ഗുഹക്ക് Voronya Cave എന്നും പേരുണ്ട് . അര്‍ഥം എന്താണെന്ന് വെച്ചാല്‍ കാക്കകളുടെ ഗുഹ ! . ഗുഹാമുഖത്ത്‌ കൂട് കൂട്ടിയിരിക്കുന്ന ആയിരക്കണക്കിന് കാക്കകള്‍ ആണ് ഈ പേരിന് നിദാനം . ഈ ഗുഹയുടെ ചില ശാഖകള്‍ അപ്പുറത്ത് കരിങ്കടല്‍ വരെ നീളും എന്നാണ് ചിലര്‍ കരുതുന്നത് .
ഭൂമിക്കുള്ളിലെ മറ്റൊരു ലോകം !
======================
ഉറവകളും , നദികളും , വെള്ളച്ചാട്ടങ്ങളും ഉള്‍പ്പെടുന്ന ഒരു വിചിത്രലോകമാണ് ഈ ഗുഹയുടെ ഉള്‍വശം ! പലയിടത്തും ജലം നിറഞ്ഞു കിടക്കുന്ന ടണലുകള്‍ ആയ "sumps" ആണ് ഉള്ളത് . അതുവരെയും കയറില്‍ കെട്ടി തൂങ്ങി ഇറങ്ങുന്ന പര്യവേഷകര്‍ ഇത്തരം ടണലുകളില്‍ സ്കുബാ ഡൈവിംഗ് നടത്തിയാണ് അടുത്ത ടണലില്‍ പ്രവേശിക്കുന്നത് . 52 മീറ്റര്‍ ആഴത്തില്‍ വരെ വെള്ളം നിറഞ്ഞു കിടക്കുന്ന "sumps" കൃബേറാ ഗുഹയില്‍ ഉണ്ട് ! ഇത്തരം കുഴികള്‍ക്കും ചെറു ഗുഹകള്‍ക്കും ഇടയിലുള്ള ഇടുങ്ങിയ ഇടനാഴികളെ meanders എന്നാണ് വിളിക്കുന്നത്‌ . ചില meander നു ഒരു കിലോമീറ്റര്‍ വരെ നീളം ഉണ്ടാവാം . മിക്കതിനും ഒരാള്‍ക്ക്‌ കഷ്ടിച്ച് ഞെരുകി മാത്രമേ പോകുവാന്‍ സാധിക്കൂ . ഇതൊക്കെ ആലോചിക്കുമ്പോള്‍ ഈ ഗുഹയുടെ ഏറ്റവും താഴെ വരെ ചെന്ന Gennadiy Samokhin നെ നമ്മള്‍ സമ്മതിച്ചേ തീരൂ . 56 ഗുഹാ പര്യവേഷകരുമായി ആണ് അദ്ദേഹം ഈ കൂറ്റന്‍ കുഴിയിലേക്ക് ഇറങ്ങിയത്‌ . മുകളില്‍ നിന്നും പൈപ്പ് വഴിയുള്ള ഓക്സിജനും പിന്നെ തങ്ങളുടെ കയ്യിലുള്ള സിലിണ്ടര്‍ വായുവും ഉപയോഗപ്പെടുത്തി ആണ് അവര്‍ മുന്നേറിയത് . ഒരു ഫുട്ബോള്‍ മൈതാനത്തിന്‍റെ വിസ്താരമുള്ള ചില അറകളില്‍ അവര്‍ ടെന്റുകള്‍ കെട്ടി അന്തിയുറങ്ങി . ഭക്ഷണം പാകം ചെയ്തു കഴിച്ചു . മൂന്നാം ആഴ്ച 1,775 മീറ്റര്‍ താഴ്ചയില്‍ തങ്ങള്‍ ഒരു ഘട്ടത്തില്‍ മടങ്ങി പോരേണ്ട അവസ്ഥ ഉണ്ടായതായി അവര്‍ ഓര്‍ക്കുന്നു . മുപ്പത്തിമൂന്നു അടിയോളം വെള്ളം കെട്ടി കിടക്കുന്ന ഒരു ഭൌമാന്തര തടാകം (sump) ആയിരുന്നു മാര്‍ഗ്ഗ തടസം . അവിടെ നിന്നും വേറെ ചെറു ടണലുകള്‍ ഒന്നും ഉണ്ടായിരുന്നില്ല . ജലതിനാണെങ്കില്‍ ശരീരം മരവിപ്പിക്കുന്ന തണുപ്പും . മണിക്കൂറുകള്‍ നീണ്ട പര്യവേഷണത്തിനോടുവില്‍ ഏകദേശം നൂറു മീറ്റര്‍ നീളമുള്ള , ഒരാള്‍ക്ക്‌ കഷ്ടിച്ച് നിരങ്ങി പോകാവുന്ന ഒരു ഇടനാഴി കണ്ടു പിടിച്ചതോടെയാണ് അവര്‍ക്ക് മുന്നോട്ട് പോകുവാന്‍ സാധിച്ചത് . ആ പാസേജിനെ "Way to the Dream" എന്നാണ് ഇപ്പോള്‍ വിളിക്കുന്നത്‌ . അപ്പോഴേക്കും അവര്‍ കൃബേറാ ഗുഹയില്‍ അകപ്പെട്ടിട്ട് ഒരുമാസം കഴിഞ്ഞിരുന്നു !! ഏറ്റവും ഒടുവില്‍ ഇനിയും പോകാന്‍ സ്ഥലമില്ല എന്ന് തോന്നിയ ഘട്ടത്തില്‍ അവര്‍ അല്‍ട്ടീമീറ്ററില്‍ ഒന്ന് നോക്കി 2,197 മീറ്റര്‍ ! . ഭൂമിയുടെ ഗര്‍ഭപാത്രത്തില്‍ നിന്നുകൊണ്ട് ആ സ്ഥലത്തിന് ഒരു പേരുമിട്ടു ....."Game Over" !!!!!! ഇത്രയും താഴ്ചയില്‍ എത്താന്‍ ഒരു മാസം കൊണ്ട് അവര്‍ താണ്ടിയ ദൂരം ഏകദേശം പതിനാറ് കിലോമീറ്റര്‍ ആണ് !!!
ഭൂമിക്കടിയില്‍ ജീവന്‍റെ തുടിപ്പ് !
==========================
കൃബേറാ ഗുഹാമുഖത്ത്‌ കാക്കകള്‍ ആണ് നമ്മെ വരവേല്‍ക്കുന്നതെങ്കില്‍ അകത്ത് ചീവിടുകള്‍ ആണ് ഉള്ളത് (Catops cavicis) . എന്നാല്‍ ആഴം കൂടും തോറും ഇത്തരം ജീവികള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത അവസ്ഥ ഉടലെടുക്കുന്നു . പിന്നീട് അങ്ങോട്ട്‌ ചില അപൂര്‍വ്വ ഇനം പ്രാണികള്‍ മാത്രമേ ഉള്ളൂ . കൃബേറാ ഗുഹയിലെ കൂരിരുട്ടില്‍ പന്ത്രണ്ടു തരം ചെറു പ്രാണികള്‍ (arthropods) ജീവിക്കുന്നുണ്ട് . ചില അപൂര്‍വ്വ ഇനം എട്ടുകാലികളും ഇതില്‍ പെടും ! ബാക്കിയുള്ള മിക്ക പ്രാണികളും ലോകത്ത് ഈ ഗുഹയില്‍ മാത്രം കാണപ്പെടുന്നവയാണ്‌ . അക്കൂട്ടത്തില്‍ Plutomurus ortobalaganensis എന്ന പ്രാണി ഒരു ലോക റെക്കോര്‍ഡിന് ഉടമ കൂടിയാണ് . കാരണം കക്ഷി താമസിക്കുന്നത് 1,980 മീറ്റര്‍ താഴ്ചയില്‍ ആണ് !! കരയില്‍ ഇത്രയും ആഴത്തില്‍ വേറൊരു ജീവിയോ ജീവനോ നാം കണ്ടെത്തിയിട്ടില്ല ! (deepest land animal ever found). കുറ്റാകൂരിരുട്ടത്‌ കണ്ണിന്‍റെ ആവശ്യം ഇല്ലാത്തതിനാല്‍ അതേതായാലും ഇതിനു ഇല്ല . springtails എന്ന വര്‍ഗ്ഗത്തില്‍ പെടുന്ന ഇവക്കു അതിനാല്‍ തന്നെ ചിറകും ഇല്ല . പാറകളിലും മറ്റും ഉള്ള ഫംഗസുകള്‍ തിന്ന്‍ ആണ് പാവം ജീവിക്കുന്നത് ( they feed on fungi and decomposing organic matter).
എന്തായാലും നൂറുകണക്കിന് കിലോമീറ്ററുകള്‍ നീളുന്ന ഈ ഗുഹയുടെ കൈവഴികളില്‍ പലതിലും നമ്മെ അത്ഭുതപ്പെടുത്തുന്ന പലതും ഇനിയും ഉണ്ടാവാം . എന്തായാലും പര്യവേഷണങ്ങള്‍ തുടരുകയാണ് . നിങ്ങള്‍ ഇത് വായിച്ചുകൊണ്ടിരിക്കുമ്പോഴും പതിനഞ്ചു പേര്‍ അടങ്ങുന്ന ഒരു കൂട്ടം റഷ്യന്‍ ഗവേഷകര്‍ 1800 മീറ്റര്‍ താഴ്ചയില്‍ ഗവേഷണം തുടരുകയാണ് ! ...............
പിന്നീട് ചേര്‍ത്തത് >>>>>>>>>
ഒരു ഭൂഗർഭഗുഹ രൂപപ്പെടുന്നതെങ്ങിനെ ?
===============================
ഒരു മഴ പെയ്യുവാന്‍ തുടങ്ങുമ്പോള്‍ ഒരുഗുഹയും രൂപം കൊള്ളാന്‍ തുടങ്ങുന്നു. അന്തരീക്ഷത്തിലൂടെ പെയ്തിറങ്ങുന്ന മഴവെള്ളത്തില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് കലരുമ്പോള്‍ അതിന് ചെറിയ അസിടിക് നേച്ചര്‍ കൈവരുന്നു . അതുകൊണ്ടാണ് മഴവെള്ളത്തിനു PH മൂല്യം 5.6 കൈവന്നത് . ഈജലം മണ്ണിലേക്ക് ഇറങ്ങുമ്പോള്‍ അവിടെയുള്ള ജൈവഅവശിഷ്ടങ്ങളില്‍ നിന്നും കൂടുതല്‍ കാര്‍ബണ്‍ഡയോക്‌സയിഡിനെ ആഗീരണംചെയ്ത് കാര്‍ബോണിക് ആസിഡ് ആയി മാറുന്നു. വീണ്ടും ഇതേ അസിടിക് ജലം ലൈംസ്റ്റോണ്‍ പാറകള്‍ക്കിടയിലൂടെ (calcium carbonate) ഇറങ്ങുമ്പോള്‍ അവയുമായി പ്രതിപ്രവര്‍ത്തിച്ചു അവയെ ലയിപ്പിക്കുവാന്‍തുടങ്ങുന്നു. അങ്ങിനെ പാറകള്‍ക്കിടയില്‍ വിള്ളലുകള്‍ ഉണ്ടാവുകയും ജലം വീണ്ടും അതിലൂടെ താഴേക്ക് ഇറങ്ങി ഒരു ജലപാതതന്നെ രൂപപ്പെടുന്നു . ഇതിലൂടെ വായൂ കടന്നുവരുകയും പ്രവര്‍ത്തനം (chemical erosion) കൂടുതല്‍ ശക്തിആര്‍ജ്ജിക്കുകയുംചെയ്യും. കാലക്രമേണ ഈ ജലപാതവലുതായി വലുതായി വരുകയും ഗുഹകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങുകയും ചെയ്യും .

No comments:

Post a Comment