Tuesday 19 June 2018

അമേരിക്കൻ ആഭ്യന്തരയുദ്ധം ( The American Civil War )



അമേരിക്കൻ ആഭ്യന്തരയുദ്ധം ( The American Civil War )
-----------------------------------------------------------------------------------
അമേരിക്കൻ ഐക്യനാടുകളിൽ 1861നും 1865നും ഇടയ്ക്ക് നടന്ന അഭ്യന്തരയുദ്ധമാണ്‌ അമേരിക്കൻ അഭ്യന്തരയുദ്ധം എന്ന് അറിയപ്പെടുന്നത്. ഇത് സംസ്ഥാനങ്ങൾ തമ്മിലുള്ള യുദ്ധം എന്നും മറ്റു പേരുകളിലും അറിയപ്പെടാറുണ്ട്. പതിനൊന്ന് തെക്കൻ അടിമത്ത സംസ്ഥാനങ്ങൾ യു.എസിൽനിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് അമേരിക്കൻ കോൺഫെഡറേറ്റ് സംസ്ഥാനങ്ങൾ (ദി കോൺഫെഡറസി) രൂപവത്കരിച്ചു. ഇവ ജെഫേഴ്സൺ ഡേവിസിന്റെ നേതൃത്വത്തിൽ യു.എസ്. ഫെഡറൽ സർക്കാരുമായി ("യൂണിയൻ") പോരാടി. യൂണിയൻ സംസ്ഥാനങ്ങൾക്ക് എല്ലാ സ്വതന്ത്ര സംസ്ഥാനങ്ങളുടെയും അഞ്ചു അതിർത്തി അടിമത്ത സംസ്ഥാനങ്ങളുടെയും പിന്തുണയുണ്ടായിരുന്നു.
1860ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ അവസരത്തിൽ അബ്രഹാം ലിങ്കണ്ടെ നേതൃത്വത്തിലുള്ള റിപ്പബ്ലിക്കൻ പാർട്ടി, അടിമത്ത വ്യവസ്ഥ അക്കാലത്ത് നിലവിലിരുന്ന സംസ്ഥാനങ്ങൾക്കു പുറത്തേയ്ക്ക് അടിമത്തം വ്യാപിപ്പിക്കുന്നതിനെതിരായി പ്രചാരണം നടത്തി. റിപ്പബ്ലിക്കൻ പാർട്ടി പ്രസ്തുത തിരഞ്ഞെടുപ്പ് വിജയിച്ചതോടുകൂടി ഏഴു തെക്കൻ സംസ്ഥാനങ്ങൾ അമേരിക്കൻ ഐക്യനാടുകളിൽനിന്ന് വിടുതൽ (സ്വാതന്ത്യം) പ്രഖ്യാപിച്ചു. 1861 മാർച്ച് 4നു ലിങ്കൺ ഔദ്യോഗികമായി സ്ഥാനമേൽക്കുന്നതിനുമുമ്പുതന്നെ നടന്ന ഈ പ്രഖ്യാപനം അപ്പോൾ അധികാരത്തിലിരുന്നതും സ്ഥാനമേൽക്കാനിരുന്നതുമായ സർക്കാരുകൾ തള്ളിക്കളഞ്ഞു. സ്വാതന്ത്യപ്രഖ്യാപനത്തെ വിപ്ലവമായി പ്രഖ്യാപിക്കുകയും ചെയ്തു.
റെയിൽപാതകൾ, ടെലഗ്രാഫ്, ആവിക്കപ്പലുകൾ, വ്യാവസായികമായി ഉല്പാദിപ്പിക്കപ്പെട്ട ആയുധങ്ങൾ എന്നിവ ഉപയോഗിക്കപ്പെട്ട ഈ യുദ്ധം അമേരിക്കൻ ഐക്യനാടുകളുടെ ചരിത്രത്തിലെ ഏറ്റവുമധികം ജീവഹാനിയുണ്ടായ യുദ്ധവുമാണ്. ഈ യുദ്ധത്തിന്റെ ഫലമായി വടക്കൻ സംസ്ഥാനങ്ങളിലെ 20 മുതൽ 45 വയസുവരെ പ്രായമുള്ള വെള്ളക്കാരായ പുരുഷൻമാരിൽ പത്തു ശതമാനവും തെക്കൻ സംസ്ഥാനങ്ങളിലെ 18 മുതൽ 40 വയസുവരെ പ്രായമുള്ള വെള്ളക്കാരായ പുരുഷൻമാരിൽ മുപ്പത് ശതമാനവും മരണമടഞ്ഞു.വടക്കൻ സംസ്ഥാനങ്ങളുടെ വിജയം അടിമത്തം, കോൺഫെഡറസി എന്നിവ അവസാനിപ്പിക്കുകയും ഫെഡറൽ ഗവണ്മെന്റിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുകയും ചെയ്തു.
എബ്രഹാം ലിങ്കണെ 1860-ൽ യു.എസ്. പ്രസിഡണ്ടായി തെരഞ്ഞെടുത്തതാണു യുദ്ധം പൊട്ടിപ്പുറപ്പെടാൻ പെട്ടെന്നുണ്ടായ കാരണം. അടിമത്തം വ്യാപിപ്പിക്കുന്നതിനെ ചെറുക്കാൻ 6 വർഷം മുൻപ് ഉടലെടുത്ത റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയായിട്ടാണു ലിങ്കൺ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടത്. റിപ്പബ്ലിക്കൻ പാർട്ടിയുടെ വിജയം യുദ്ധപ്രഖ്യാപനത്തിനു തുല്യമായിട്ടാണു ദക്ഷിണ സ്റ്റേറ്റുകൾ വീക്ഷിച്ചത്. 'പകുതി അടിമയും പകുതി സ്വതന്ത്രവു'മായി ഒരു ജനതയ്ക്കു നിലനില്ക്കാൻ സാധ്യമല്ലെന്നു പ്രസിഡന്റ് പദത്തിൽ അവരോധിക്കപ്പെടുന്നതിനു രണ്ടു കൊല്ലം മുൻപു പ്രഖ്യാപിച്ച എബ്രഹാം ലിങ്കന്റെ തെരഞ്ഞെടുപ്പു വിജയം അടിമത്തത്തിൽ വിശ്വസിച്ചിരുന്ന ദക്ഷിണ സ്റ്റേറ്റുകൾക്ക് പൊറുക്കാവുന്നതല്ലായിരുന്നു. ലിങ്കൺ തെരഞ്ഞെടുപ്പിൽ ജയിച്ചതായി വ്യക്തമായതോടുകൂടി 1860 സെപ്റ്റംബർ 20-ന് സൌത്ത് കരോലിന യൂണിയനിൽനിന്നു വിട്ടുപിരിഞ്ഞതായി പ്രഖ്യാപിച്ചു. ഈ വിഘടനവ്യഗ്രത മറ്റു സ്റ്റേറ്റുകളിലേക്കും വ്യാപിച്ചു. 1861 ഫെ. 8-ന് യൂണിയനിൽനിന്നു വിട്ടുപിരിഞ്ഞുപോയ 7 സ്റ്റേറ്റുകളുടെ പ്രതിനിധികൾ അലബാമാ സ്റ്റേറ്റിലെ മോണ്ട്ഗോമറിയിൽ ഒന്നിച്ചുകൂടി അമേരിക്കൻ കോൺഫെഡറേറ്റ് സ്റ്റേറ്റുകൾ (Confederate States of America) എന്ന പേരിൽ ഒരു പുതിയ രാഷ്ട്രത്തിനു രൂപം നല്കി. മിസിസിപ്പി, ഫ്ലോറിഡ, അലബാമ, ജോർജിയ, ലുയീസിയാന, ടെക്സസ്, തെക്കൻ കരൊലൈനഎന്നിവയായിരുന്നു മേല്പറഞ്ഞ സ്റ്റേറ്റുകൾ. നീഗ്രോ അടിമത്തത്തിന് അംഗീകാരവും സംരക്ഷണവും നല്കുന്ന വ്യവസ്ഥകൾ ഇവർ തയ്യാറാക്കിയ പുതിയ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരുന്നു. നിലവിലുള്ള യൂണിയൻ ഭരണഘടനയോടുള്ള കൂറു പിൻവലിക്കുന്ന പ്രഖ്യാപനവും ഇതോടുകൂടിത്തന്നെയുണ്ടായി. മോണ്ട് ഗോമറിയിൽ വിട്ടുപോകൽ-വാദികൾ (Secessionists) ആയ 7 സ്റ്റേറ്റുകളുടെ കോൺഗ്രസ് സമ്മേളിച്ച ദിവസം തന്നെ വാഷിങ്ടണിൽ ദക്ഷിണ സ്റ്റേറ്റുകളുടെയും എല്ലാ ഉത്തര സ്റ്റേറ്റുകളുടെയും പ്രതിനിധികൾ കൂടിച്ചേർന്ന് ഒരു സമാധാന കോൺഗ്രസ് നടത്തി. എന്നാൽ ഈ കോൺഗ്രസ്സിലെ ചർച്ചകൾ സമാധാനമുണ്ടാക്കാൻ പര്യാപ്തമായില്ല. കെന്റക്കി സ്റ്റേറ്റിലെ സെനറ്റംഗമായ ക്രിറ്റൻഡൺ നടത്തിയ ഒത്തുതീർപ്പു ശ്രമങ്ങൾ അടിമത്തം പുതിയ സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിക്കുന്ന നിർദ്ദേശത്തെ ലിങ്കൺ ശക്തിയായി എതിർത്തതിന്റെ ഫലമായി പരാജയപ്പെട്ടു. ഈ സാഹചര്യത്തിൽ യുദ്ധം അനിവാര്യമായിത്തീർന്നു.
ആളുകൊണ്ടും അർഥം കൊണ്ടും കൂടുതൽ ശക്തി ഉത്തര സ്റ്റേറ്റുകൾക്കായിരുന്നു. ഉത്തര സ്റ്റേറ്റുകൾ മാത്രമല്ല, യൂണിയനിൽ പുതുതായി അംഗത്വം ലഭിച്ച പശ്ചിമസ്റ്റേറ്റുകളും തെക്കൻ സ്റ്റേറ്റുകളിൽത്തന്നെ ഡെലവെയർ, മെരിലാൻ‌ഡ്, കെന്റക്കി, മിസോറി എന്നിവയും യൂണിയൻ പക്ഷത്തായിരുന്നു. സമരം തുടങ്ങുമ്പോൾ യൂണിയനിൽ ആകെ 40 ഘടകസ്റ്റേറ്റുകൾ ഉണ്ടായിരുന്നതിൽ 29-ഉം ഉത്തരപക്ഷത്തായിരുന്നു. ഉത്തരപക്ഷത്തെ ആകെ ജനസംഖ്യ 2,27,00,000-ഉം ദക്ഷിണപക്ഷത്തിന്റേത് 87,00,000-ഉം ആയിരുന്നു. വ്യവസായശാലകൾ,ഗതാഗതസൗകര്യം, ഭക്ഷ്യവിഭവങ്ങൾ, നാണയസമ്പത്ത്, കരസൈന്യം, കടൽസൈന്യം, യുദ്ധക്കപ്പലുകൾ എന്നിവയെല്ലാം ഉത്തര സ്റ്റേറ്റുകൾക്കു ദക്ഷിണ സ്റ്റേറ്റുകളെക്കാൾ കൂടുതൽ ഉണ്ടായിരുന്നു. ദക്ഷിണ സ്റ്റേറ്റുകളുടെ കുത്തകയായ വൻതോതിലുള്ള പഞ്ഞി കയറ്റുമതി, ഉത്തര സ്റ്റേറ്റുകൾക്കില്ലാത്ത ഒരു മെച്ചമായിരുന്നു. കൂടാതെ കൂടുതൽ വിദഗ്ദ്ധന്മാരായ സൈന്യത്തലവന്മാരും അവരുടെ ഭാഗത്തായിരുന്നു. ദൈർഘ്യമേറിയ സമുദ്രതീരവും കൂടുതൽ വിദേശസഹായ സാധ്യതയും അവർക്കായിരുന്നു. മാത്രമല്ല, യുദ്ധരംഗങ്ങൾ അവരുടെ നാട്ടിൽത്തന്നെയായിരുന്നുവെന്നുള്ളതു പ്രതിയോഗികൾക്കു പ്രതികൂലാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു.
1861 ഏ. 12-ന് സൗത്ത് കരോലിന ഫോർട്ട് സംറ്റർലെ യൂണിയൻ വക വെടിക്കോപ്പു സംഭരണശാലയെ ആക്രമിച്ചതോടുകൂടിയാണു യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. 75,000 സന്നദ്ധഭടന്മാരെ 3 മാസത്തെ സേവനത്തിനയയ്ക്കണമെന്നു യൂണിയനോടു കൂറുള്ള സ്റ്റേറ്റുകളിലെ ഗവർണർമാരോട് ആഹ്വാനം ചെയ്യുന്ന ഒരു പ്രഖ്യാപനം ഏ. 15-ന് ലിങ്കൺ പുറപ്പെടുവിച്ചു. ഇതിൽ പ്രതിഷേധിച്ച് വിർജീനിയ, അർക്കൻസാ, വടക്കൻ കരൊലൈന, ടെന്നസി എന്നീ സ്റ്റേറ്റുകൾ യൂണിയനിൽനിന്നു വിട്ടുപിരിഞ്ഞ് 'കോൺഫെഡറസി' (ദക്ഷിണ സ്റ്റേറ്റുകളുടെ യൂണിയൻ) യിൽ ചേർന്നതായി പ്രഖ്യാപിച്ചു. യൂണിയൻ ഗവൺമെന്റിന്റെ പ്രധാന ലക്ഷ്യം, കോൺഫെഡറസിയുടെ തലസ്ഥാനമായ റിച്ച്മണ്ട് നഗരം പിടിച്ചടക്കുക, മിസിസിപ്പി നദിയുടെ നിയന്ത്രണം സ്വാധീനമാക്കുക, കോൺഫെഡറസിയുടെ തുറമുഖങ്ങൾ നിരോധിക്കുക എന്നിവയായിരുന്നു. കോൺഫെഡറസിയുടെ സേനാനായകൻമാരായ റോബർട്ട് ലീ (1807-70), ജോസഫ് ജോൺസ്റ്റൻ (1807-91), തോമസ് ജാക്സൺ (1824-63) എന്നിവർക്കു റിച്ച്മണ്ട് നഗരത്തെ ശത്രുസൈന്യത്തിന്റെ ആക്രമണത്തിൽനിന്നു രക്ഷിക്കാൻ യുദ്ധത്തിന്റെ ആദ്യഘട്ടങ്ങളിൽ സാധിച്ചിരുന്നു.
1861 ഏ. 12-ന് ആരംഭിച്ച ആഭ്യന്തരയുദ്ധം 1865 ഏ. 9-ന് വരെ നാലു വർഷം നീണ്ടുനിന്നു. ആദ്യത്തെ രണ്ടു വർഷം വിജയം ദക്ഷിണ സ്റ്റേറ്റുകൾക്കായിരുന്നു. 1861 ജൂല. 21-ന് പശ്ചിമ വെർജീനിയയിൽ നടന്ന ഒന്നാം ബുൾറൺ യുദ്ധത്തിൽ യൂണിയൻ സൈന്യം റിച്ച്മണ്ട് പിടിച്ചടക്കാനുള്ള പരിശ്രമത്തിൽ പരാജയപ്പെട്ട് പലായനം ചെയ്യേണ്ടിവന്നു. ഈ പരാജയം യൂണിയൻ സൈന്യനേതൃത്വത്തെ കൂടുതൽ ജാഗരൂകരാക്കി. 1862 ഏ.-ലിൽ ജനറൽ മക് ക്ലല്ലന്റെ നേതൃത്വത്തിൽ ഒരു സൈന്യം ജലമാർഗ്ഗം റിച്ച്മണ്ട് നഗരത്തിന്റെ നേർക്കുനീങ്ങി. എന്നാൽ ജോൺസ്റ്റന്റെയും റോബർട്ട് ലീയുടെയും നേതൃത്വത്തിലുള്ള 'കോൺഫെഡറേറ്റ്' സൈന്യം റിച്ച്മണ്ടിനെ രക്ഷപ്പെടുത്തി. അതിന്റെ പരിസരത്തിൽ ജൂൺ 25 മുതൽ ജൂല. 1-ന് വരെ ഏഴുദിവസം നീണ്ടുനിന്ന ഘോരയുദ്ധത്തിനുശേഷം മക് ക്ലല്ലന്റെ സൈന്യം പിന്മാറേണ്ടിവന്നു. പിന്നീട് ജനറൽ ലീ, ഉത്തര സ്റ്റേറ്റുകളുടെ കൈവശമുള്ള വാഷിങ്ടൺ ലക്ഷ്യമാക്കിക്കൊണ്ടു തള്ളിക്കയറി. ജനറൽ പോപ്പിന്റെ നേതൃത്വത്തിലുള്ള യൂണിയൻ സൈന്യത്തെ ആഗ. 30-ന് ജനറൽ ജാക്സൺ രണ്ടാം ബുൾറൺ യുദ്ധത്തിൽ തോല്പിച്ചു. അതിനെത്തുടർന്ന് കോൺഫെഡറേറ്റ് സൈന്യം മേരിലാൻഡ് ആക്രമിച്ചു. 1862 സെപ്. 17-ന് അന്റീറ്റം എന്ന സ്ഥലത്തുവച്ച് ലീയുടെ നേതൃത്വത്തിലുള്ള കോൺഫെഡറേറ്റു സൈന്യവും മക് ക്ലല്ലന്റെ നേതൃത്വത്തിലുള്ള യൂണിയൻ സൈന്യവും ഏറ്റുമുട്ടി. സംഘട്ടനത്തിന്റെ ഫലമായി ലീയുടെ സൈന്യം പിൻമാറേണ്ടിവന്നു. എന്നാൽ ഈ പലായനം വേണ്ടപോലെ പ്രയോജനപ്പെടുത്താൻ മക് ക്ലല്ലന് കഴിഞ്ഞില്ല. അതിനാൽ ലിങ്കൺ അദ്ദേഹത്തെ സൈനിക നേതൃത്വത്തിൽനിന്ന് ഒഴിവാക്കി; തത്സ്ഥാനത്ത് ജനറൽ ബേൺസൈഡിനെ നിയമിച്ചു. എന്നാൽ 1862 ഡി. 13-ന് ഫ്രെഡറിക്സ്ബർഗിൽ വച്ച് ജനറൽ ലീ അദ്ദേഹത്തെ പരാജയപ്പെടുത്തി. ബേൺസൈഡിന്റെ പിൻഗാമിയായ ജനറൽ ഹുക്കറെ 1863 മേയിൽ ചാൻസലേഴ്സ് വില്ലിൽ വച്ചു ജനറൽ ലീ തോല്പിച്ചു. അതിനെത്തുടർന്ന് ഉത്തര സ്റ്റേറ്റുകൾ ആക്രമിക്കാൻ ജനറൽ ലീ പദ്ധതി തയ്യാറാക്കി. എന്നാൽ 1863 ജൂല. 1 മുതൽ 3 വരെ പെൻസിൽവേനിയയിലെ ഗെറ്റിസ്ബെർഗ് നഗരത്തിൽ വച്ചുനടന്ന യുദ്ധത്തിൽ ജനറൽ ലീയുടെ സൈന്യത്തിനു പരാജയം നേരിട്ടു പിൻവാങ്ങേണ്ടതായി വന്നു. ആഭ്യന്തരയുദ്ധത്തിലെ ഏറ്റവും നിർണായകമായ സമരമായിരുന്നു ഗെറ്റിസ്ബെർഗ് യുദ്ധം. ഇതു കോൺഫെഡറേറ്റ് സൈന്യത്തിന്റെ തുടർച്ചയായ പരാജയത്തിന്റെ പ്രാരംഭമായിരുന്നു. ഇതിനിടയിൽ 1863 ജനു. 1-ന് അടിമത്തത്തിനെതിരായി ലിങ്കന്റെ ചരിത്രപ്രധാനമായ പ്രഖ്യാപനമുണ്ടായി. യൂണിയനെതിരായി ലഹള തുടങ്ങിയിട്ടുള്ള എല്ലാ സ്റ്റേറ്റുകളിലെയും അടിമകൾക്കു മോചനം നല്കിക്കൊണ്ടുള്ള പ്രഖ്യാപനമായിരുന്നു അത്
റിച്ച്മണ്ട് നഗരം കൈവശപ്പെടുത്താൻ ചെയ്ത ശ്രമത്തെക്കാൾ കൂടുതൽ ഫലപ്രദമായിരുന്നു യൂണിയൻ സൈന്യം മിസിസിപ്പി നദിയുടെ നിയന്ത്രണം കൈക്കലാക്കാൻ നടത്തിയത്. 1862-ൽ ജനറൽ ഗ്രാന്റ്, ടെനീസി, കംബർലാൻഡ് എന്നീ നദികളിലെ കോൺഫെഡറേറ്റ് സൈന്യങ്ങളുടെ സംരക്ഷണനിരകളെ തകർക്കാനായി മുന്നേറുകയും 1862 ഏ. 6, 7 എന്നീ തീയതികളിൽ ഷിലോ എന്ന സ്ഥലത്തുവച്ചു നടന്ന ഘോരയുദ്ധത്തിൽ ശത്രുസൈന്യത്തിന്റെ ആക്രമണത്തെ വിജയപൂർവം ചെറുക്കുകയും ചെയ്തു. മിസിസിപ്പി നദീതീരത്തെ പ്രധാനപട്ടണമായ വിക്സ്ബർഗ് കൈവശം വച്ചുകൊണ്ടിരുന്ന കോൺഫെഡറേറ്റു സൈന്യം ആറാഴ്ചക്കാലം ചെറുത്തുനിന്നതിനുശേഷം ജനറൽ ഗ്രാന്റിന്റെ ആക്രമണത്തിനു കീഴടങ്ങി. വിക്സ്ബർഗ് പിടിച്ചടക്കിയതോടുകൂടി മിസിസിപ്പി നദി പരിപൂർണമായും യൂണിയൻ സൈന്യത്തിന്റെ സ്വാധീനത്തിലായി.
1861 ഏ.-ൽ എബ്രഹാം ലിങ്കൺ സൗത്ത് കരോലിന മുതൽ ഫ്ളോറിഡവരെയുള്ള അറ്റ്‌ലാന്തിക് സമുദ്രതീരത്തിന്റെമേൽ ഉപരോധം പ്രഖ്യാപിച്ചു. ഇതു കോൺഫെഡറസിയെ പട്ടിണിക്കിട്ടു കീഴടക്കാനുള്ള ശ്രമമായിരുന്നു. ഇതിന്റെ ഫലമായി ദക്ഷിണ സ്റ്റേറ്റുകൾ ദുരിതം അനുഭവിക്കേണ്ടിവന്നു. ഭക്ഷ്യസാധനങ്ങളും വസ്ത്രവും ചെരിപ്പും ഔഷധങ്ങളും മറ്റും കിട്ടാൻ നിവൃത്തിയില്ലാതെ അവർ വളരെ കഷ്ടപ്പെട്ടു.
യുദ്ധത്തിന്റെ അവസാനഘട്ടത്തിൽ കോൺഫെഡറേറ്റ് സൈന്യം ധീരോദാത്തതയോടെ പൊരുതിയെങ്കിലും അടിക്കടി പരാജയപ്പെട്ടുകൊണ്ടിരുന്നു. 1863 ന. 23-25 തീയതികളിൽ ചട്ടനൂഗയിൽവച്ചു നടന്ന യുദ്ധത്തിൽ യൂണിയൻ സൈന്യം ശത്രുസൈന്യത്തെ ടെനീസിയിൽനിന്ന് ഓടിച്ച് ജോർജിയയിലേക്കുള്ള തങ്ങളുടെ പ്രവേശനം സുഗമമാക്കി. 1864 മേയിൽ ജനറൽ ഷെർമാൻ ഒരു ലക്ഷത്തോളം വരുന്ന സൈന്യത്തോടുകൂടി ജോർജിയ ആക്രമിക്കുകയും സെപ്. 1-ന് കോൺഫെഡറേറ്റു സൈന്യത്തിൽ നിന്ന് അറ്റ്ലാന്റ പിടിച്ചെടുക്കുകയും ചെയ്തു(അറ്റ്ലാന്റാ യുദ്ധം). അവിടെനിന്നു ഷെർമാൻ തെ.കിഴക്കോട്ടു നീങ്ങി ഡി. 12-ന് കടൽത്തീരത്തെത്തി. ഡി. 20-ന് കോൺഫെഡറേറ്റു സൈന്യം സവാനാ ഉപേക്ഷിച്ചു. പിന്നീട് ഷെർമാൻ വടക്കോട്ടു തിരിച്ച് സൗത്ത് കരോലിനയിൽ എത്തി. 1865 ഫെ. 17-ന് കൊളംബിയ പിടിച്ചടക്കിയതിനു ശേഷം നോർത്ത് കരോലിനയിലേക്കു നീങ്ങി. വ. ജനറൽ ഗ്രാന്റിന്റെയും തെ. ജനറൽ ഷെർമാന്റെയും സൈന്യങ്ങൾക്കിടയിൽ കുടുങ്ങി കോൺഫെഡറേറ്റു സൈന്യം പട്ടിണി കിടന്നു നരകിക്കുകയാൽ ഗത്യന്തരമില്ലാതെ കീഴടങ്ങി. 1875 ഏ. 3-ന് റിച്ച്മണ്ട് നഗരം യൂണിയൻ സൈന്യത്തിന്റെ കൈയിലമർന്നു. തുടർന്ന് ജനറൽ ഗ്രാന്റ് സർവസൈന്യങ്ങളെയും സമാഹരിച്ചുകൊണ്ട് ജനറൽ ലീയുടെ സൈന്യത്തെ വളഞ്ഞു. നിസ്സഹായനായ ജനറൽ ലീയും സൈന്യവും 1865 ഏ. 9-ന് വെർജീനിയയിലെ അപ്പോമാറ്റക്സ്കോർട്ട് ഹൗസിൽവച്ചു നിരുപാധികം കീഴടങ്ങി. 1865 ഏ. 26-ന് അവസാനത്തെ കോൺഫെഡറേറ്റു സൈന്യം ജനറൽ ജോൺസ്റ്റന്റെ നേതൃത്വത്തിൽ ഷെർമാനു കീഴടങ്ങിയതോടുകൂടി യുദ്ധമവസാനിച്ചു. ഇതിനിടയിൽ 1865 ഏപ്രിൽ 15-ന് ഒരു നാടകശാലയിൽ വച്ചു വെടിയേറ്റതിനെത്തുടർന്ന് എബ്രഹാം ലിങ്കൺ അപമൃത്യുവിന് ഇരയായി.
യുദ്ധരംഗത്തിന്റെ വ്യാപ്തികൊണ്ടും യുദ്ധത്തിൽ പങ്കെടുത്തവരുടെ സംഖ്യകൊണ്ടും ഒന്നാം ലോകയുദ്ധത്തിനു മുൻപ് നടന്ന ഏറ്റവും വലിയ യുദ്ധമായി അമേരിക്കൻ ആഭ്യന്തരയുദ്ധം കണക്കാക്കപ്പെടുന്നു. രണ്ടു ലക്ഷത്തിലധികം പേർ യുദ്ധത്തിൽ മരിച്ചുവീഴുകയോ മുറിവേറ്റു മരണമടയുകയോ ചെയ്തു. 4,13,000 പേർ രോഗവും അപകടവും മറ്റു കാരണങ്ങളും കൊണ്ട് അപമൃത്യുവിനിരയായി. യുദ്ധത്തിൽ പരാജയപ്പെട്ട ദക്ഷിണ സ്റ്റേറ്റുകൾക്ക് അതിന്റെ ദുരന്തഫലങ്ങൾ ഏറെക്കാലം അനുഭവിക്കേണ്ടിവന്നു. സാമ്പത്തികമായി ഈ സ്റ്റേറ്റുകൾ തകർന്നുപോയി. രാഷ്ട്രീയമായി താത്ക്കാലികമായിട്ടാണെങ്കിലും അവർക്ക് വോട്ടവകാശം നല്കപ്പെട്ടു. യൂണിയനിൽനിന്നു വിട്ടുപിരിഞ്ഞുപോയ സ്റ്റേറ്റുകളിലെ ജനങ്ങളുടെ വോട്ടവകാശവും ഉദ്യോഗം ലഭിക്കാനുള്ള അവകാശവും യൂണിയൻ കോൺഗ്രസ് നിഷേധിച്ചു. ഉത്തര സ്റ്റേറ്റുകളിൽനിന്നു വന്ന 'കാർപറ്റ് ബാഗേഴ്സ്' (Carpet baggers) എന്ന പേരിൽ അറിയപ്പെട്ടിരുന്ന രാഷ്ട്രീയഭിക്ഷാംദേഹികളും അടിമത്തം അവസാനിച്ചു പുതുതായി വോട്ടവകാശം ലഭിച്ച നിരക്ഷര കുക്ഷികളായ നീഗ്രോകളും കോൺഫെഡറേറ്റ് സ്റ്റേറ്റുകളിൽ ഭരണം കൈക്കലാക്കി. 'കറുത്ത ഭീകരവാഴ്ച' (black terror) എന്ന് ഇതിനെ അധികാരം നഷ്ടപ്പെട്ട വെള്ളക്കാർ ചിത്രീകരിച്ചു. കറുത്ത വർഗക്കാരോടു പ്രതികാരം ചെയ്യാൻ അവർ അവസരം പാർത്തിരുന്നു. 'കറുത്ത ഭീകരവാഴ്ച'യെ ചെറുക്കാൻ കൂ ക്ലക്സ് ക്ലാൻ (Ku Klux Klan) എന്നു പേരായ വെള്ളക്കാരുടെ ഒരു ഭീകരസംഘടന രൂപംകൊണ്ടു. കാലക്രമത്തിൽ വെള്ളക്കാർ അവരുടെ മേധാവിത്വം പുനഃസ്ഥാപിച്ചതോടുകൂടി നീഗ്രോവർഗക്കാരുടെ വോട്ടവകാശം പ്രയോഗിക്കാൻ നിവൃത്തിയില്ലാത്തവിധം പുതിയ വ്യവസ്ഥകൾക്കു രൂപം നൽകാൻ തുടങ്ങി. 'അനശ്വരരാഷ്ട്രങ്ങളുടെ അനശ്വരയൂണിയൻ' ആയി അമേരിക്കൻ യൂണിയൻ അംഗീകരിക്കപ്പെട്ടു. കെട്ടുറപ്പുള്ള കേന്ദ്രഭരണ സംവിധാനം അരക്കിട്ടുറപ്പിക്കുകയാണ് ആഭ്യന്തരയുദ്ധം കൊണ്ടുണ്ടായ നേട്ടം. ഐക്യത്തിന്റെ കൊടിക്കീഴിൽ സ്വയംഭരണാധികാരതത്ത്വം നിലനിർത്തിക്കൊണ്ട് യു.എസ്. പുരോഗമിക്കുകയും ലോകത്തിലെ ശക്തിയേറിയ രാഷ്ട്രമെന്ന സ്ഥാനത്തേക്ക് കുതിച്ചുകയറുകയും ചെയ്യുന്നതിന് അടിത്തറ പാകിയത് ആഭ്യന്തരയുദ്ധത്തിൽ യൂണിയൻ പക്ഷക്കാർക്കുണ്ടായ വിജയമാണ്. സമരത്തിൽ അടിമത്തവിരോധകക്ഷികളുടെ വിജയത്തെത്തുടർന്ന് അടിമകൾക്കു വിമോചനവും വ്യക്തിപരമായ അവകാശങ്ങളും പ്രദാനം ചെയ്യുവാൻ ഫെഡറൽ ഭരണഘടനയിൽ 13-ഉം 14-ഉം 15-ഉം ഭേദഗതികൾകൊണ്ടു സാധിച്ചു. യുദ്ധമവസാനിക്കുന്നതിനു മുൻപുതന്നെ ഭരണഘടനയിലെ 13-ാം ഭേദഗതികൊണ്ട് അടിമത്തം നിയമവിരുദ്ധമാക്കി; 14-ാം ഭേദഗതി വിമുക്തരായ നീഗ്രോകൾക്കു പൌരാവകാശം നല്കി; 15-ാം ഭേദഗതി വർഗം, വർണം, മുൻകാലത്തെ അടിമത്തം എന്നിവയുടെ അടിസ്ഥാനത്തിൽ ആർക്കും വോട്ടവകാശം നിഷേധിക്കാൻ പാടില്ലെന്നു വ്യവസ്ഥ ചെയ്തു. അങ്ങനെ യു.എസ്സിൽ നിന്ന് അടിമത്തം തുടച്ചുമാറ്റാനുള്ള സാഹചര്യമുണ്ടാക്കിയത് ആഭ്യന്തരയുദ്ധമാണ്.

കൂടുതൽ പ്രതികരണങ്ങൾ കാണിക്കുക

No comments:

Post a Comment