Wednesday 20 June 2018

മക്കൾ തിലകം എം.ജി.രാമചന്ദ്രന്റെ ഭാര്യ ജാനകി രാമചന്ദ്രൻ


 മക്കൾ തിലകം എം.ജി.രാമചന്ദ്രന്റെ ഭാര്യ ജാനകി രാമചന്ദ്രൻ


തമിഴ്നാട് നിയമസഭാ മന്ദിരത്തിൽ 1988 ജനുവരി ഏഴാം തീയതി ഗവർണർ സുന്ദർലാൽ ഖുരാന മുമ്പാകെ ഒരു വനിത, മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു. ലോകചരിത്രത്തിൽ രേഖപ്പെടുത്തിയ ഈ വനിത ഒരു മലയാളിയാണ്. വൈക്കത്തിന്റെ മണ്ണിൽ ജനിച്ചു വളർന്ന തമിഴ്‌നാട്ടിലെ ആദ്യത്തെ മലയാളി മുഖ്യമന്ത്രി വി.എൻ.ജാനകി. തമിഴ് ജനതയുടെ കാണപ്പെട്ട ദൈവം മക്കൾ തിലകം എം.ജി.രാമചന്ദ്രന്റെ ഭാര്യ ജാനകി രാമചന്ദ്രൻ, കേവലം 24 ദിവസമേ മുഖ്യമന്ത്രിയായി അധികാരത്തിലിരുന്നുള്ളൂ. നിയമസഭയിൽ വിശ്വാസവോട്ടെടുപ്പിൽ വിജയിച്ചുവെങ്കിലും ജനുവരി 30 ന് അന്നത്തെ പ്രധാന മന്ത്രി രാജീവ് ഗാന്ധി തമിഴ്നാട് നിയമസഭ പിരിച്ചുവിട്ടു.
വൈക്കത്തെ പ്രശസ്ത സംഗീതജ്ഞനായിരുന്ന രാജഗോപാൽ അയ്യരുടേയും നാരായണി അമ്മയുടേയും മകളായി 1923 ഇരുപത്തിമൂന്ന് നവംബർ 30 ന് വി.എൻ.ജാനകിയുടെ ജനനം. വൈക്കത്തെ പെൺകുട്ടികളുടെ പള്ളിക്കൂടത്തിൽ നിന്ന് െ്രെപമറി വിദ്യാഭ്യാസം പൂർത്തിയാക്കി. സംഗീതജ്ഞനായ അച്ഛന്റെ കീഴിൽ സംഗീതപഠനവും, നൃത്തവും പഠിക്കുവാൻ ആരംഭിച്ചു. വൈക്കം മഹാദേവക്ഷേത്രത്തിലെത്തിയ സംഗീതജ്ഞരുടേയും, കലാകാരന്മാരുടേയും കീഴിൽ സംഗീതവും നൃത്തവും അഭ്യസിച്ചു. ഏതാനും നാളുകൾക്ക്‌ശേഷം അച്ഛനൊപ്പം വൈക്കം മഹാദേവ ക്ഷേത്രത്തിലും മറ്റുക്ഷേത്രങ്ങളിലും സംഗീതകച്ചേരി അവതരിപ്പിച്ചു. ഗണപതി ഭട്ടിനെ വിവാഹം കഴിച്ചു, ആ ബന്ധത്തിൽ ഒരു മകനുണ്ടായി. പിന്നീട് ആ ദമ്പതികൾ വേർപിരിഞ്ഞു. മകൻ സുരേന്ദ്രൻ വി.എൻ.ജാനകിക്കൊപ്പം ജീവിച്ചു. പിന്നീട് അച്ഛനൊപ്പം മദ്രാസിലെത്തിയ ജാനകിക്ക് സിനിമയിൽ അഭിനയിക്കുവാൻ അവസരങ്ങൾ കിട്ടി. 1948 ൽ അഭിനയജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത സംഭവമായിരുന്നു. 'മോഹിനി' സിനിമയിൽ എം.ജി.ആറിനൊപ്പം അഭിനയിച്ചു. എം.ജി.ആറിന്റേയും ജാനകിയുടേയും അഭിനയം കാല്പനിക ഭാവനയുടെ ഉപഹാരമായി തമിഴ് ജനത നെഞ്ചിലേറ്റി. മോഹിനിയിൽ അന്നത്തെ പ്രശസ്ത നടൻമാരായ എം.എൻ.നമ്പ്യാർ, രാമസ്വാമി, എം.എം.എ ചിന്നപ്പതേവർ എന്നിവരും അഭിനയിച്ചിരുന്നു. വേലക്കാരി, രാജമുക്തി, മരുതനാട്ടു ഇളവരശി തുടങ്ങിയ ഇരുപത്തഞ്ചോളം ചിത്രങ്ങളിൽ അഭിനയിച്ച അവർ ആരാധകരുടെ ഹ്യദയസാന്നിദ്ധ്യമായി. 1963 ഡിസംബർ 24 ന് അവർ എം.ജി.ആറിനെ വിവാഹം ചെയ്തു. എം.ജി.ആറിന്റെ ആദ്യ ഭാര്യ ഭാർഗവി തങ്കമണിയും, രണ്ടാമത്തെ ഭാര്യ സന്താനവതിയും അസുഖംമൂലം മരിച്ചുപോയിരുന്നു. എം.ജി.ആറിന്റെ മൂന്നാമത്തെ സഹധർമ്മിണിയായ അവർ പിന്നീട് അറിയപ്പെട്ടത് ജാനകി രാമചന്ദ്രൻ എന്ന പേരിലായിരുന്നു. വിവാഹശേഷം എം.ജി.ആർ തമിഴ് സിനിമയിലും തമിഴകത്തിന്റെ രാഷ്ട്രീയ രംഗത്തും സൂര്യനെ പ്പോലെ ജ്വലിച്ചുയർന്നു. എം.ജി.ആർ . സിനിമയിലൂടെ സമ്പാദിച്ച പണത്തിന്റെ ഏറിയ പങ്കും തമിഴ് ജനതയുടെ ദുരിതങ്ങൾ നീക്കുവാൻ ചെലവഴിച്ചു.
എം.ജി.ആർ. മലയാളിയാണെന്നും അദ്ദേഹത്തെയും സിനിമകളെയും ബഹിഷ്‌കരിക്കണമെന്ന്ചിലർ വാദമുയർത്തിയെങ്കിലും തമിഴ് ജനത ഒറ്റക്കെട്ടായി എം.ജി.ആറിനൊപ്പം നിന്നു. പ്രാദേശികവാദത്തെ പരാജയപ്പെടുത്തി തമിഴ്സിനിമാ ലോകത്തെ ചക്രവർത്തിയായി അഭിനയവും രാഷ്ട്രീയവും തുടർന്നു. 1987 ഡിസംബർ 24 ന്എം.ജി.ആർ അന്തരിച്ചു. തുടർന്ന് തമിഴ് രാഷ്ട്രീയത്തിൽ എ.ഐ.എ.ഡി.എം കെയുടെ പ്രതിധിനിയായി തെരഞ്ഞെടുത്ത ജാനകി രാമചന്ദ്രനെ മുഖ്യമന്ത്രിയാക്കി. 1989 ൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ അവരുടെ പാർട്ടി പരാജയപ്പെട്ടതോടെ അവർ രാഷ്ട്രീയത്തിൽ നിന്നും വിരമിച്ച്, എം.ജി.ആർ തുടങ്ങിവച്ച ക്ഷേമ പ്രവർത്തനങ്ങളിൽ മുഴുകി.
മദ്രാസ് ഹൈക്കോടതിയിൽ എം.ജി.ആറിന്റെ 'ഞാൻ എന്തുകൊണ്ട് ജനിച്ചു' എന്നആത്മകഥയുടെ പകർപ്പവകാശത്തിനുവേണ്ടി. എം.ജി.ആറിന്റെ ബന്ധുക്കളും സുരേന്ദ്രനും തമ്മിൽ നടന്ന നിയമപോരാട്ടത്തിൽ ഹൈക്കോടതി സുരേന്ദ്രന് അവകാശപ്പെട്ടതാണെന്ന് വിധിച്ചു. 1996 മെയ് 19 ന് ജാനകി രാമചന്ദ്രൻ അന്തരിച്ചു. ആദ്യ മലയാളി വനിത മുഖ്യമന്ത്രിയുമായി കേരളത്തിന്റെ പ്രശസ്തിയുയർത്തിയ ജാനകിയെ മറന്നപ്പോൾ സഹോദരൻ പി.നാരായണന്റെ നേതൃത്വത്തിൽ ഒരു സ്മാരകം പണിതു. വൈക്കം നഗരത്തിന്റെ ഹൃദയഭാഗത്തായിരുന്നു ഭാരതരത്നം ഡോ.എം.ജി.രാമചന്ദ്രന്റെയും ജാനകിയുടെയും പൂർണകായ പ്രതിമ സ്ഥാപിച്ചത്. കാലം എല്ലാം മായ്ക്കുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തുന്നുവെങ്കിലും വിലപ്പെട്ട സംഭാവനകൾ നൽകിയ പ്രതിഭകളെ വീണ്ടും അടയാളപ്പെടുത്തേണ്ടിയിരിക്കുന്നു

No comments:

Post a Comment