Wednesday 20 June 2018

ഗാന്ധാരിയുടെ ഇളയ സഹോദരൻ..ശകുനി


ഗാന്ധാരിയുടെ ഇളയ സഹോദരൻ..ശകുനി 

ഞാൻ ശകുനി ഗാന്ധാരദേശത്തെ യുവരാജാവ്..
സുബല രാജാവിന്റെ മകൻ...നൂറ്റിയൊന്ന് കൗരവന്മാരുടെ ഏക മാതൂലൻ.....ഗാന്ധാരിയുടെ ഇളയ സഹോദരൻ..
വിശേഷണങ്ങൾ ഇനിയുമുണ്ട്
പഞ്ചപാണ്ഡവരെ കള്ള ചൂതിൽ തോല്പിച്ച് വനവാസത്തിന് അയച്ചവൻ,ദ്രോണരുടെ ഗുരുകുലത്തിൽ വെച്ച് ഭീമസേനനെ കൊല്ലാൻ പായസത്തിൽ വിഷം ചേർക്കാൻ സുയോധനനെ പ്രേരിപ്പിച്ചവൻ.അത് മൂലം ഭീമസേനന് ഇരട്ടി ബലം കിട്ടിയെന്നത് മറ്റൊരു സത്യം..പാണ്ഡവരെ വാരാണവതത്തിലേക്ക് ഉല്ലാസത്തിനയച്ചു .എന്നിട്ടവരെയും കുന്തിയേയും കൊല്ലാൻ അരക്കില്ലം നിർമ്മിക്കാൻ പുരോച്ചനനെ ഏർപ്പാടാക്കിയവൻ...വനവാസക്കാലത്ത് പാണ്ഡവർക്ക് സൂര്യഭഗവാൻ നല്കിയ അക്ഷയ പാത്രത്തെ കുറിച്ച് അറിവുള്ളവൻ...ദ്രൗപതി ഭക്ഷണം കഴിച്ച് കഴിഞ്ഞാൽ ആ പാത്രത്തിൽ ആഹാരം ഒന്നും കാണില്ലെന്നറിഞ്ഞ് കൊണ്ട് ഉഗ്രകോപിയായ ദുർവ്വാസാവിനെയും അനുചരന്മാരെയും പാണ്ഡവരുടെ ആതിഥ്യം സ്വീകരിക്കാൻ പറഞ്ഞയച്ചവൻ.....മഹാഭാരത യുദ്ധത്തിൽ അർജ്ജുന പുത്രനും യുദ്ധതന്ത്രജ്ഞനുമായ കൗമാരക്കാരനായ അഭിമന്യുവിനെ കൊല്ലാൻ പത്മവ്യൂഹം എന്ന സൂത്രം കൗരവപടക്ക് പറഞ്ഞ് കൊടുത്തവൻ..ആയുധം നഷ്ടപ്പെട്ട് ചതിയിലൂടെ അവൻ വധിക്കപ്പെടുമ്പോൾ ആർത്തട്ടഹസിച്ചവൻ..
മതിയോ വിശേഷണങ്ങൾ?....
മഹാഭാരതകഥയിലെ ഏറ്റവും ബുദ്ധിശാലി,മായാവി ,തന്ത്രങ്ങൾ അറിയാവുന്നവൻ പക്ഷെ അവയൊക്കെയും തിന്മക്ക് മാത്രം ഉപയോഗിച്ചവൻ...കൗരവപടക്ക് തന്ത്രങ്ങൾ മെനഞ്ഞ് കൊടുക്കുന്നവൻ..സ്വന്തം നന്മ എന്നതിലുപരി മറ്റുള്ളവരുടെ തകർച്ച കാണാൻ ആഗ്രഹിച്ചവൻ.
വിശേഷണങ്ങൾ ഇനിയും ഏറെയുണ്ട്.പക്ഷെ ഞാനുമൊരു മനുഷ്യനാണ്..അസൂയയും കുശുമ്പും സ്വാർത്ഥതയുമുള്ള സാധാരണ മനുഷ്യൻ... അതില്ലാത്ത മനുഷ്യരെ ഒന്ന് കാണിച്ചു തരാൻ പറ്റുമോ...
ഞാൻ ചെയ്ത തെറ്റുകളിൽ ഒന്നിനും പ്രായച്ഛിത്തമോ പശ്ചാത്താപമോ ഇല്ല...
ഞാനെന്റെ സഹോദരി ഗാന്ധാരിയെ ജീവന് തുല്ല്യം സ്നേഹിച്ചിട്ടും ആ സഹോദരിയുടെ സ്നേഹം തിരിച്ചു കിട്ടാത്ത ഹതഭാഗ്യനാണ്.എൻ്റെ സഹോദരിയെ,ഹസ്തിനപുരത്തിൻ്റെ റാണിയായ ഗാന്ധാരിയെക്കാൾ കുന്തിദേവിയെ സ്നേഹിച്ച ഭീഷ്മപിതാമഹനെ ഞാൻ വെറുത്തത് എൻ്റെ സഹോദരിക്ക് വേണ്ടത്ര പരിഗണന കൊടുക്കാത്തത് കൊണ്ടല്ലേ?
തൻ്റെ ഭാഗിനേയൻ ദുര്യോധനൻ ഹസ്തിനപുരിയുടെ യുവരാജാവായി പട്ടാഭിഷേകം ചെയ്യുന്നത് കാണാൻ ഒരു മാതുലൻ എന്ന നിലയിൽ ആഗ്രഹം കാണില്ലേ?എൻ്റെ സ്വന്തം മകനായ ഉലൂകനെക്കാൾ ഞാൻ സ്നേഹിച്ചത് എൻ്റെ ഭാഗിനേയൻ ദുര്യോധനനെ ആയിരുന്നു.. അതിന് കാരണം ഞാൻ ജീവനെക്കാൾ സ്നേഹിച്ച എൻ്റെ സഹോദരി ഗാന്ധാരിയുടെ സീമന്ത പുത്രനാണവൻ...
കള്ളചൂത് കളിച്ച് ഞാൻ പാണ്ഡവരെ തോല്പിച്ചു എന്ന് പറയുന്നതിനെക്കാളും പാണ്ഡവർക്ക് ചൂത് കളിയെ കുറിച്ച് വേണ്ടത്ര അറിവില്ലാത്തതായിരുന്നില്ലേ പാണ്ഡവർ ചൂത് കളിയിൽ തോല്ക്കാൻ കാരണം!!!സ്വന്തം ഭാര്യയായ ദ്രൗപതിയെ പോലും അവർക്കതിനായി പണയം വെക്കേണ്ടി വന്നില്ലേ...
എന്നെ നിങ്ങൾ ക്രൂരനായ മനുഷ്യൻ എന്ന് വിളിക്കുമായിരിക്കും.പക്ഷെ ഞാൻ കാണിച്ച ക്രൂരത മാത്രമേ നിങ്ങൾ കാണു..കൗരവ പാണ്ഡവ യുദ്ധത്തിന് മുമ്പ് എന്താണ് എല്ലാവരും പറഞ്ഞിരുന്നത് 'എവിടെ ധർമ്മമുണ്ടോ അവിടെ വിജയമുണ്ടെന്ന്'...എന്നിട്ട് എവിടെയാണ് ധർമ്മം ജയിച്ചത്?..ധർമ്മ പ്രവർത്തിയിലൂടെയാണോ പാണ്ഡവർ ജയിച്ചത്?...
ഇനി നിങ്ങൾ എന്റെ കഥയും കേൾക്കണം... അധികമാരും പറയാത്ത കഥ, ഇത് കേട്ടതിന് ശേഷം നിങ്ങൾ തന്നെ വിലയിരുത്തുക....
എന്നെ സ്നേഹിക്കണമെന്ന് ഞാൻ പറയുന്നില്ല പക്ഷേ വെറുക്കത്തിരുന്നുകുടെ...?
ഇത് വായിച്ചതിനു ശേഷം നിങ്ങളുടെ ചിന്തയിൽ എന്തെങ്കിലും മാറ്റം ഉണ്ടായിട്ടുണ്ട് എങ്കിൽ അത് ഇവിടെ രേഖപ്പെടുത്താൻ മറക്കരുത്....
കാരണം എനിക്കറിയണം എന്നോടുള്ള നിങ്ങളുടെ വെറുപ്പിന് അല്പമെങ്കിലും കുറവ് വന്നിട്ടുണ്ടോ എന്ന്...
ശകുനിയെ കുറിച്ച് നിങ്ങൾക്കെന്തറിയാം...!!??
കള്ളപകിടയെറിഞ്ഞ് ധർമ്മപുത്രനെ തോൽപ്പിച്ചവൻ ശകുനി...!!
രജസ്വലയായ പാണ്ഡവപത്നിയെ പൊതുസദസ്സിൽ അപമാനിക്കാൻ കൂട്ടു നിന്നവൻ ശകുനി...!!
ബാലനായ ഭീമനെ വിഷം നൽകി വധിക്കാൻ ദുര്യോധനനെ ഉപദേശിച്ചവൻ ശകുനി...!!
അരക്കില്ലം ചുട്ട് പാണ്ഡവരെ വകവരുത്താൻ പദ്ധതിയിട്ടവൻ ശകുനി....!!
മഹാഭാരതയുദ്ധത്തിന് കാരണക്കാരനായവൻ ശകുനി...!!
ഒടുവിൽ സഹദേവനുമായി ഏറ്റ് യുദ്ധകളത്തിൽ ഒടുങ്ങിയവൻ ശകുനി..!!
പിന്നെന്തൊക്കെ പാടി നടക്കുന്നുണ്ട് ജനങ്ങൾ നിങ്ങളുടെ നാട്ടിൽ...??!!
നിങ്ങൾ കേട്ടതെല്ലാം ശരിയാണ്....തെറ്റുമാണ്...!!!
പാണ്ഡവരുടെ വീരഗാഥ ജനങ്ങൾ പാടി പുകഴ്ത്തട്ടെ...!!കൗരവരുടെ പതനം അവർ ആഘോഷിക്കട്ടെ...!!ദുഷ്ടനും കുബുദ്ധിയും ചതിയനും വഞ്ചകനുമായ ശകുനി...ജനഹൃദയങ്ങളിൽ അങ്ങനെ തന്നെയിരിക്കട്ടെ....!!!
പക്ഷേ ഞാനും ഒരു മനുഷ്യനാണ്...!!ഞാനനുഭവിച്ച പീഡനങ്ങളും അവമതികളും വേദനകളും ദു:ഖങ്ങളും വിശപ്പും ആരുമറിഞ്ഞിട്ടില്ല..!!അറിയാൻ ശ്രമിച്ചിട്ടില്ല...!!
ഗാന്ധാര ദേശത്തെ സുബല മഹാരാജാവിന്റെ നൂറു പുത്രന്മാരിൽ ഇളയവൻ...അതിബുദ്ധിമാനായ ശകുനി കുബുദ്ധിയായതെങ്ങനെ...!!!അവനെങ്ങിനെ യാതൊരു മനസ്സാക്ഷി കുത്തുമില്ലാതെ കെടുമതികൾ ചെയ്യാൻ കഴിഞ്ഞു....!!ആരും ചിന്തിച്ചില്ല അത്...!!
ഹസ്തിനപുരിയിലെ അന്ധനായ രാജാവ് ധൃതരാഷ്ട്രർക്ക് വധുവിനെ തേടി ഭീഷ്മപിതാമഹൻ ഗാന്ധാരത്തിലെത്തിയ അന്ന് തുടങ്ങി ഗാന്ധാരത്തിന്റെ പതനം..!!
തന്റെ സേനാബലം കൊണ്ട് ഗാന്ധാരരാജാവ് സുബലന്റെ എതിർപ്പുകളെ തോൽപ്പിച്ച് രാജപുത്രി ഗാന്ധാരിയെ ധൃതരാഷ്ട്രരുടെ വധുവാക്കാൻ കടത്തിക്കൊണ്ട് പോയി ഭീഷ്മർ.എതിർത്ത സുബലനും നൂറു മക്കളും കാരാഗൃഹത്തിലടയ്ക്കപ്പെട്ടു...!!ഈ നൂറ്റിയൊന്നു പേർക്കും കൂടി
ഒരു ദിവസം ഒരു നേരം ഒരാൾക്കുള്ള ആഹാരം മാത്രം അനുവദിച്ചു ധർമ്മിഷ്ഠനായ ഭീഷ്മർ..!!
മരണമുറപ്പായ നാളുകൾ...വിശപ്പ് പകയായി മാറിയ നാളുകൾ...പ്രതികാരം കത്തിജ്ജ്വലിച്ച നാളുകൾ..!!
പിതാവും സഹോദരരും നിരാഹാരം ചെയ്ത് ഭർഗ്ഗിച്ച ആഹാരം അവർ എനിക്ക് മാത്രം മാറ്റി വച്ചു...!!ഒരുത്തനെങ്കിലും ജീവിക്കണം..!!അത് അതിബുദ്ധിമാനായ ശകുനി തന്നെയാവണം..!!അംഗഹീനന്മാരെ വധിക്കരുത് എന്ന രാജനീതിയെ പഴുതാക്കി അവർ എന്റെ ഇടംകാൽ ചവിട്ടി ഉടച്ചു..!!
പട്ടിണി കൊണ്ട് പിതാവും സഹോദരങ്ങളും ഒന്നൊന്നായി ഒടുങ്ങുമ്പൊഴും ഒരു തുള്ളി കണ്ണീർ പൊഴിഞ്ഞില്ല...കണ്ഠമിടറിയില്ല....ദേഹം തളർന്നില്ല...!!!പക അത്രത്തോളം രൗദ്രത പ്രാപിച്ചിരുന്നു എന്നിൽ..!!ഒടുവിൽ അവസാന സഹോദരനും മരിച്ചു വീണ നാൾ...പ്രതികാര പൂർത്തീകരണത്തിന് കൃത്യമായ രൂപരേഖ ഞാൻ തയ്യാറാക്കിയിരുന്നു...!!
പിതാവ് സുബലന്റെ തുടയെല്ല് രാകിയുണ്ടാക്കിയ രണ്ട് പകിടകൾ...!!അതിൽ അദ്ദേഹത്തിന്റെയും മറ്റു സഹോദരങ്ങളുടെയും ആശിസ്സുണ്ടായിരുന്നു..!!തന്റെ അദമ്യമായ പ്രതികാരവാഞ്ചയുടെ ശക്തിയുണ്ടായിരുന്നു..!!തന്റെ മനസ്സ് തന്നെയായിരുന്നു ആ പകിടകൾ..!!തന്റെ പകപൂണ്ട മനസ്സിനൊപ്പം തിരിയുന്ന പകിടകൾ...!!
ഒടുവിൽ സഹോദരി ഗാന്ധാരിയുടെ അപേക്ഷ മാനിച്ച് എന്നെ മോചിപ്പിക്കുമ്പോൾ..പ്രത്യക്ഷത്തിൽ താൻ പുതിയൊരു മനുഷ്യനായിരുന്നു..!!കൗരവരുടെ സ്നേഹമയനായ അമ്മാവൻ..!!അവരുടെ ദുഷ്ചെയ്തികളെ കണ്ണടച്ച് ന്യായീകരിക്കുന്നവൻ..!!സ്വന്തം മകൻ ഉലൂകനെക്കാൾ ദുര്യോധനനെ സ്നേഹിക്കുന്നവൻ..!!കുരുക്കളുടെ വിശ്വാസമാർജ്ജിക്കാൻ എളുപ്പമായിരുന്നു എനിക്ക്..!!അവരുടെ പ്രധാന ഉപദേഷ്ടാവാകാൻ അധികം കഷ്ടപ്പെടേണ്ടി വന്നില്ലെനിക്ക്..!!അപ്പോഴെല്ലാം ഭീഷ്മരോടും ധൃതരാഷ്ട്രരോടും കുരുവംശത്തോടാകെയുമുള്ള പക ഉള്ളിൽ അണയാതെ ഞാൻ സൂക്ഷിച്ചു..!!ഗാന്ധാര ദേശത്തിന്റെ രാജപദവി കയ്യാളാൻ പോലും കൂട്ടാക്കാതെ ഞാൻ ഹസ്തിനപുരിയിൽ തുടർന്നു..!!
അംഗഹീനനായ... മുടന്തനായ എന്റെ പരിമിതികളെ കുറിച്ച് ഞാൻ തികച്ചും ബോധവാനായിരുന്നു.നാഥനില്ലാതായിത്തീർന്ന സ്വരാജ്യം ഗാന്ധാരത്തിലെ സേനാബലം മതിയാകില്ലായിരുന്നു കുരുവംശത്തോടെതിർക്കാൻ..!!
പുറത്ത് നിന്ന് അംഗബലം വർദ്ധിപ്പിച്ച് ശക്തനാകുന്നതിലും നല്ലത് കൂട്ടത്തിൽ നിന്ന് തന്ത്രപരമായി കാര്യങ്ങൾ നീക്കുന്നതാണ് എന്ന് കാരാഗൃഹത്തിൽ വച്ചേ ഞാൻ ഉറപ്പിച്ചിരുന്നു..!!
ബന്ധങ്ങൾ ശിഥിലമാക്കുക..പാളയത്തിൽ പടയിളക്കുക..പാണ്ഡവ കൗരവ വൈരാഗ്യം അതിന്റെ മൂർദ്ധന്യത്തിലാക്കുക...പാണ്ഡവരെ കായികവും മാനസികവുമായി ശക്തരാക്കുക..അവരെ കൗരവർക്കെതിരെ തിരിക്കുക....!!
ഞാൻ പല വഴികൾ ചിന്തിച്ചു..!!
ശക്തനായ പാണ്ഡവകുമാരൻ ഭീമനു വിഷം നൽകി ജലത്തിലാഴ്ത്താൻ ഞാൻ ദുര്യോധനനെ ഉപദേശിച്ചത് ഭീമൻ നാഗലോകത്തെത്തുമെന്നും അവന് നാഗരസം ലഭിക്കുമെന്നും അതീവ ശക്തനായി അവൻ തിരികെ വരുമെന്നും ബോധ്യമുണ്ടായിരുന്നതു കൊണ്ട് തന്നെയാണ്..!ഭീമനിൽ വൈരാഗ്യം ഉണർത്താൻ വേണ്ടിയാണ്..!!
ധർമ്മപുത്രരെ ചൂതു കളിക്കാൻ ക്ഷണിച്ചതും എന്റെ പ്രതികാരാഗ്നി മുറ്റിയ പകിട കൊണ്ട് ദയനീയമായി തോൽപ്പിച്ചതും ഞാൻ കൗരവപക്ഷത്താണെന്ന് കൗരവരെ തെറ്റിദ്ധരിപ്പിക്കാനും പാണ്ഡവരുടെ പ്രതികാരം വളർത്താനും വേണ്ടി തന്നെയാണ്.
പാഞ്ചാലിയെ രാജസദസ്സിൽ വലിച്ചിഴച്ച് നിഷ്ഠൂരമായി ആക്ഷേപിച്ചത് പാണ്ഡവരെക്കൊണ്ട് കുരുവംശത്തിന്റെ പതനം ഉറപ്പാക്കിക്കാൻ തന്നെയാണ്.അത് കണ്ട് ഒന്നും ചെയ്യാനാവാതെ നിസ്സഹായരായി നിന്ന പാണ്ഡവരുടെ മനസ്സിൽ തീർത്താൽ തീരാത്ത പക വളർത്താൻ എനിക്കായി..!!
അരക്കില്ലത്തിനു തീ കൊടുക്കാൻ പുരോചനന് കൗരവരുടെ മുന്നിൽ വച്ച് നിർദ്ദേശം നൽകിയ ഞാൻ പാണ്ഡവർക്ക് രക്ഷപ്പെടാനുള്ള വഴിയും അയാളോട് ഗൂഢമായി അറിയിച്ചിരുന്നു എന്നത് ആരും അറിഞ്ഞില്ല.പാണ്ഡവർക്കും കുന്തിക്കും പകരം അവിടെ വെന്തു മരിച്ച സ്ത്രീയും കുട്ടികളും ആരെന്നത് ദുരൂഹമായി തുടരുന്നെങ്കിൽ അതിനും കാരണം ഞാൻ തന്നെയാണ്..!!
ദൂതുമായി വന്ന കൃഷ്ണനെ അപമാനിച്ചയച്ചതും എന്റെ തന്ത്രം തന്നെ.മഹാരഥികളായ ഭീഷ്മരും ദ്രോണരും കൃപരും വിദുരരും അടങ്ങുന്ന സദസ്സിൽ വച്ച് കൃഷ്ണന്റെ വാക്കുകൾക്ക് പുല്ലു വില കൊടുക്കാത്ത ദുര്യോധനധാർഷ്ട്യത്തിനു പിന്നിൽ എന്റെ പ്രതികാരദാഹമായിരുന്നു..!!
മഹാഭാരത യുദ്ധത്തിന് കാരണമായ അവസ്ഥകൾ ഞാൻ കരുതി കൂട്ടി പടിപടിയായി സൃഷ്ടിച്ചെടുത്തു.
കൗന്തേയനായ കർണ്ണനെ കൗരവ പക്ഷത്തേക്ക് കൊണ്ടു വന്നതും എന്റെ തന്ത്രം തന്നെ.ധർമ്മപുത്രരുടെ ജ്യേഷ്ഠസ്ഥാനത്ത് പാണ്ഡവ ഭാഗത്ത് കർണ്ണൻ നിന്നാലുണ്ടാവുന്ന ഭവിഷ്യത്തുകൾ പലതായിരുന്നു.അർത്ഥരാജ്യത്തെ രാജാവാക്കിയ ദുര്യോധനനോട് കർണ്ണനുള്ള മമത എനിക്ക് ദോഷം ചെയ്യുമെന്ന് ഞാൻ മനസ്സിലാക്കി.
ഒടുവിൽ കൗരവ പക്ഷം നാമാവശേഷമായി..ഞാൻ എന്റെ പ്രതിജ്ഞ പാലിച്ചു.ദുര്യോധനന്റെ അവസാനം കാണാൻ ഞാൻ നിന്നില്ല.ഏകസഹോദരിയായ ഗാന്ധാരിയെ ഞാൻ ഒരുപാട് സ്നേഹിച്ചിരുന്നു.അവളുടെ ദുരവസ്ഥ ഒഴിവാക്കാനുള്ള തത്രപ്പാടിലാണ് ഞാനും പിതാവും സഹോദരങ്ങളും തടവിലായതും ഞാനൊഴികെയുള്ളവർ ദയനീയമായി മരിച്ചതും.ദുര്യോധനന്റെ മരണം കൊണ്ട് അവൾക്കുണ്ടാകുന്ന താപം എനിക്ക് താങ്ങാവുന്നതിനപ്പുറമായിരുന്നു..!!
എന്റെ ഈ പ്രതികാരജ്ജ്വാല നിറഞ്ഞ മനസ്സിനെയും എന്റെ ചെയ്തികളെ കുറിച്ചും അറിയാവുന്ന മൂന്നു പേർ...ഭീഷ്മ പിതാമഹൻ ഭഗവാൻ കൃഷ്ണൻ പിന്നെ സർവ്വജ്ഞാനിയായ സഹദേവൻ...അവർക്കറിയാമായിരുന്നു എല്ലാം..!!
ഒടുവിൽ യുദ്ധത്തിന്റെ പതിനെട്ടാം നാൾ സർവ്വജ്ഞാനിയും പരഹൃദയവിശാരദനുമായ സഹദേവന്റെ അസ്ത്രം എന്നെ വീഴ്ത്തുമ്പോൾ ഞാൻ തൃപ്തനായിരുന്നു..സന്തോഷവാനായിരുന്നു..ചെയ്യേണ്ടതെല്ലാം ചെയ്തുതീർത്തവന്റെ ചാരിതാർത്ഥ്യം എന്റെ മുഖത്ത് നിറഞ്ഞ ചിരിയായ് തെളിഞ്ഞിരുന്നു....!!!!
അനുഭവിച്ച വേദനകളിൽ നിന്ന്.. കടിച്ചിറക്കിയ അവമതിയുടെ കയ്പ്പിൽ നിന്ന്..കണ്മുന്നിലെ കുടുംബാംഗങ്ങളുടെ ദാരുണാന്ത്യത്തിൽ നിന്ന്....നഷ്ടപ്പെടലുകളിൽ നിന്ന്..ഞാൻ കണ്ടെടുത്ത മുഖം മൂടിയാണ് കുടിലതന്ത്രജ്ഞനും കുബുദ്ധിയുമായ ശകുനി..!!
മഹാഭാരതയുദ്ധത്തിൽ ജയിച്ചവൻ ഞാൻ മാത്രമാണ്...!!!ഈ ശകുനി മാത്രമാണ്...!!!
ജ്യേഷ്ഠയെയും ലക്ഷ്മിയും ഒരേപോലെ ആരാധിക്കുന്ന ഹിന്ദുത്വത്തിൽശകുനിയുടെ പേരിലും ഒരു ക്ഷേത്രം സ്ഥിതി ചെയ്യുന്നു.പാപിയായ ശകുനിയുടെ മനസ്സിൽ കുടിയിരുന്ന അല്പമായ സാത്വികകണങ്ങൾക്കായി കൊല്ലംജില്ലയിൽ പവിത്രേശ്വരം എന്ന സ്ഥലത്താണ് അമ്പലം സ്ഥിതി ചെയ്യുന്നത്. കുറവസമുദായത്തിന്റെ ക്ഷേത്രമാണ് ഇത്. പവിത്രേശ്വരം മലനട ക്ഷേത്രം എന്നറിയപ്പെറ്റുന്നു.
മഹാഭാരതയുദ്ധത്തിനു ശേഷം പടകൾക്ക് ഭക്ഷണം നൽകിയ ചേര രാജാവായിരുന്നഉതിയൻ ചേരനൊപ്പം(മഹാഭാരതയുദ്ധത്തിൽ ഭക്ഷണം നൽകിയതിനാൽ പെരുംചോറ്റുതിയൻ എന്നറിയപ്പെട്ടിരുന്നു ഇദ്ദേഹം) കേരളത്തിലെത്തിയ കൗരവസേനയിൽ പെട്ട യോദ്ധാക്കൾ അവരുടെ നായകരായിരുന്ന ദുര്യോധനനും ശകുനിക്കും മോക്ഷപ്രാപ്തിയ്ക്ക് വേണ്ടി ശിവപ്രതിഷ്ഠ നടത്തി പൂജിച്ചുവെന്നും അവിടെ വച്ച് ശകുനിയുടേ ആത്മാവ് മോക്ഷം പ്രാപിച്ചുവെന്നും തദ്ദേശവാസികൾക്കിടയിലെ ഐതിഹ്യം വിശ്വസിക്കപ്പെടുന്നു. പാപമനസ്കരായ ശകുനി ശിവഭജനത്താൽ പവിത്രനായ സ്ഥലമായതിനാൽ പവിത്രേശ്വരം എന്ന പേർ സ്ഥലത്തിനു ലഭിച്ചു എന്നും വിശ്വസിക്കപ്പെടുന്നു.
പവിത്രേശ്വരത്തിനു സമീപമാണ് കേരളത്തിലെ പ്രസിദ്ധമായ ദുര്യോധനക്ഷേത്രമായ പെരുവിരുത്തി മലനട ക്ഷേത്രം.
ഗോത്രവർഗനേതാക്കളായിരുന്ന രണ്ട് വീരന്മാരിൽ ശകുനി,ദുര്യോധനൻ എന്നിവരുടെ സാന്നിദ്ധ്യം ആരോപിക്കപ്പെടുകയാണ് എന്നും വാദം
എല്ലാ വർഷവും മകരമാസത്തിലെ 28ആം നാൾ നടക്കുന്ന ഉച്ചാര മഹോത്സവമാണ് വാർഷിക ആഘോഷം.
(കടപ്പാട് :മുഖപുസ്തകം )

No comments:

Post a Comment