Friday 22 June 2018

ഈമാനാഞ്ചിറ മൈതാനത്തെ 1845-ല്‍ 'പരേഡ് ഗ്രൗണ്ട്'


ഈ മാനാഞ്ചിറ മൈതാനത്തെ 1845-ല്‍ 'പരേഡ് ഗ്രൗണ്ട്'

ഈ മൈതാനത്തെ 1845-ല്‍ 'പരേഡ് ഗ്രൗണ്ട്' എന്നാണ് നാട്ടുകാര്‍ വിളിച്ചുവന്നത്. സായിപ്പിന്റെ പട്ടാളക്കാരുടെ കവാത്ത് കണ്ട് കോഴിക്കോട്ടെ നായരും തിയ്യനും മാപ്പിളയും മൂക്കത്തു വിരല്‍വെച്ചങ്ങനെ നില്ക്കുമായിരുന്നത്രേ! അവര്‍ ഇതിനു മുന്‍പ് കവാത്ത് കണ്ടിരുന്നില്ല. സാമൂതിരിയുടെ നായര്‍പ്പടയ്ക്ക് കവാത്ത് പരിചയമില്ലായിരുന്നു.
വിശാലമായി കിടന്ന മാനാഞ്ചിറ മൈതാനത്തെ ആദ്യമായി വേലി കെട്ടി ത്തിരിച്ചത് 1906-ലായിരുന്നു. അന്നത്തെ ധനാഢ്യനും പൗരപ്രമാണിയുമായിരുന്ന രാരിച്ചന്‍ മുതലാളിയാണ് ഈ സാഹസത്തിന് ഒരുമ്പെട്ടത്. ഇതിനിടയാക്കിയത് ബ്രിട്ടീഷ് രാജകുമാരന്റെ കോഴിക്കോട് സന്ദര്‍ശനമാണ്. ഈ രാജകീയസന്ദര്‍ശനം ഒരു 'സംഭവ'മാക്കാന്‍ കോഴിക്കോട്ടെ പൗരാവലി തീരുമാനിച്ചു. ഇന്നത്തെപ്പോലെ അന്നും നഗരത്തില്‍ സ്ഥിരം കമ്മിറ്റിക്കാര്‍ ഉണ്ടായിരുന്നിരിക്കണം. 'റോയല്‍ വിസിറ്റ് കമ്മിറ്റി' എന്നൊരു കമ്മിറ്റി രൂപീകൃതമായി. ഈ കമ്മിറ്റിയാണ് രാരിച്ചന്‍ മുതലാളിയുടെ സഹായം സ്വീകരിച്ചുകൊണ്ട് മാനാഞ്ചിറ മൈതാനത്തിന് വേലി കെട്ടിത്തിരിച്ചത്. തീര്‍ന്നില്ല, 'പ്രിന്‍സ് ഓഫ് വെയില്‍സ്' എന്നൊരു പേരും മൈതാനത്തിനിട്ടു.
ഇനി നമുക്ക് അക്കാലത്തുണ്ടായ രസകരമായ ചില തര്‍ക്കങ്ങളിലേക്ക് കടക്കാം. മാനാഞ്ചിറയിലെ പുല്ലാണ് ആദ്യ പ്രശ്‌നത്തിന് വഴിവെച്ചത്. 'ഫ -പുല്ലേ' എന്ന് സുരേഷ് ഗോപി സ്റ്റൈലില്‍ തീര്‍ക്കാവുന്ന ഒരു പ്രശ്‌നമല്ലേ ഇതെന്ന് നിങ്ങള്‍ ചോദിച്ചേക്കും. പക്ഷേ ഈ 'പുല്ലു' വിഷയം അങ്ങനെ അങ്ങ് അവസാനിച്ചില്ല. മൈതാനത്തിന്റെ ഉടമസ്ഥാവകാശത്തില്‍ ഒരു തീര്‍പ്പുണ്ടാക്കിയതിനു ശേഷമേ ഇത് അവസാനിച്ചുള്ളൂ. മാനാഞ്ചിറയില്‍ അക്കാലത്ത് വളരെയധികം പുല്ലു വളരുമായിരുന്നു. അത് മുനിസിപ്പല്‍ കൗണ്‍സില്‍ വില്‍ക്കാറായിരുന്നു പതിവ്. ഇവര്‍ക്കെന്താണ് ഇതിനവകാശമെന്ന് അന്നത്തെ കളക്ടറായിരുന്ന ഫ്രാന്‍സിസ് ഒന്നു ചിന്തിച്ചുപോയി. തങ്ങള്‍ക്കാണ് അധികാരമെന്ന് മുനിസിപ്പല്‍ കൗണ്‍സിലും ചിന്തിച്ചുവശായി. പോരേ പൂരം! ഒട്ടനവധി ഏറ്റുമുട്ടലുകള്‍ക്കൊടുവില്‍ ഗവണ്മെന്റ്തങ്ങളുടെ നയം വ്യക്തമാക്കി ഒരു വിജ്ഞാപനം പുറപ്പെടുവിച്ചു (ജി. ഒ. 567 ആര്‍. ഇ. ബി-25. 02. 1908). മാനാഞ്ചിറ മൈതാനത്തില്‍ യാതൊരു അവകാശവും മുനിസിപ്പല്‍ കൗണ്‍സിലിന് ഉണ്ടായിരിക്കുന്നതല്ല എന്നതായിരുന്നു അത്. തുടര്‍ന്ന് ഗവണ്മെന്റ് ആദ്യമായി ചെയ്തത് മാനാഞ്ചിറ മൈതാനത്തിലെ പുല്ലിന് അവകാശം കോഴിക്കോട്ടെ പോലീസ് കോണ്‍സ്റ്റബിള്‍മാരുടെ പശുക്കള്‍ക്കു മാത്രമാണെന്നൊരു കല്പന പുറപ്പെടുവിക്കുകയായിരുന്നു. നല്ല പുല്ല് കിട്ടിയപ്പോള്‍ പശുക്കളും നല്ല പാല്‍കിട്ടിയപ്പോള്‍ പോലീസുകാരും ഒരുപോലെ നന്നായി എന്ന് ചരിത്രസത്യം.
സര്‍ക്കസും മാനാഞ്ചിറയും തമ്മില്‍ എന്ത് ബന്ധമെന്ന് അത്ഭുതപ്പെടേണ്ടതില്ല. അക്കാലത്ത് മാനാഞ്ചിറ മൈതാനത്തായിരുന്നു സര്‍ക്കസുകാര്‍ തമ്പടിച്ചിരുന്നത്. ഇതിലേക്കായി 50 രൂപയാണ് സര്‍ക്കസ് കമ്പനിക്കാര്‍ ഗവണ്മെന്റിലേക്ക് അടയ്‌ക്കേണ്ടിയിരുന്നത്. എന്നാല്‍ പിയേഴ്‌സ് ലെസ്ലി കമ്പനിയിലെ ഉദ്യോഗസ്ഥരായ വോള്‍സും ലാംഗലിയും ഇതിനെതിരേ രംഗത്തു വന്നു. അവര്‍ കളക്ടര്‍ക്ക് ഇങ്ങനെ എഴുതിക്കാണുന്നു. 'സര്‍ക്കസു കാരണം നഗരം ആഗ്രഹിക്കാത്ത ആള്‍ക്കാര്‍ ടൗണില്‍ വരുന്നു. മാത്രവുമല്ല, വൃത്തികെട്ട സര്‍ക്കസ് മൃഗങ്ങള്‍ മാനാഞ്ചിറ കുളത്തില്‍ ഇറങ്ങുന്നു. ഇതിനു പുറമേ സര്‍ക്കസുകാരുടെ പരസ്യമായ ചെണ്ടയടി മുനിസിപ്പല്‍ കൗണ്‍സില്‍ ഹോസ്പിറ്റലിലെ (പഴയ ആര്‍.ഡി.ഒ. ഓഫീസ്) രോഗികള്‍ക്ക് ഒരു ശല്യമാകുന്നു. പോലീസ് കോണ്‍സ്റ്റബിള്‍മാരുടെ പശുക്കള്‍ മൈതാനത്ത് കടക്കുന്നതും നിരോധിക്കേണ്ടതാണ്.' ഈ പരാതിയെത്തുടര്‍ന്ന് 1910 ജൂണ്‍ 7 ന് കോഴിക്കോട് കളക്ടറായിരുന്ന നാപ് ഒരു നിയമംമൂലം സര്‍ക്കസ് നിരോധിച്ചു. അതുപോലെത്തന്നെ പോലീസുകാരുടെ പശുവിനെ മേയ്ക്കുവാനുള്ള അവകാശവും റദ്ദാക്കി.

No comments:

Post a Comment