Wednesday 20 June 2018

വികെഎന്‍ എന്ന വടക്കേ കൂട്ടാല നാരായണന്‍ നായര്‍


വികെഎന്‍. 



മലയാള സാഹിത്യലോകത്തിന് അസാധാരണ നര്‍മ്മം നല്‍കിയ സാഹിത്യകാരനായിരുന്നു വികെഎന്‍. തന്റെ കഥാപാത്രങ്ങളിലൂടെ അനുവാചകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു വികെഎന്‍. ഹാസ്യാത്മക രചനകളിലൂടെ അതികായനായി മാറിയ വടക്കേകൂട്ടാല നാരായണന്‍കുട്ടി. ഭാഷയിലും ആഖ്യാനത്തിലും വേറിട്ട വഴികള്‍ കാട്ടി, മലയാള ഹാസ്യസാഹിത്യത്തിന് ഒരു പുത്തന്‍ മാനം നല്‍കി. ഇംഗ്ലീഷ് വിവര്‍ത്തനത്തിന് വഴങ്ങാത്ത, അത്യപൂര്‍വ ശൈലിയിലൂടെയായിരുന്നു വികെഎന്‍ കഥകള്‍ പറഞ്ഞിരുന്നത്. അല്പം ബുദ്ധികൂടിയ നര്‍മ്മങ്ങളായതിനാല്‍ വികെഎന്‍ കഥകള്‍ വായനക്കാരുടെ ഒരു പ്രത്യേക വലയത്തിലൊതുങ്ങി. മലയാളിയുടെ ജീവിതത്തെ കീഴ്‌മേല്‍ വായിക്കുകയും പരിഹാസം കൊണ്ട് കുളിപ്പിക്കുകയും ചെയ്ത ഇത്തരത്തിലുള്ള ഒട്ടേറെ കഥകളിലൂടെ പുത്തന്‍ വായനാനുഭവം പകര്‍ന്നു നല്‍കിയ മലയാള സാഹിത്യത്തിലെ ചിരിയുടെ ചക്രവര്‍ത്തിയാണ് വികെഎന്‍. ഇന്ന് അദ്ദേഹത്തിന്റെ 84ാം ജന്മവാര്‍ഷികദിനം.
കുഞ്ചന്‍നമ്പ്യാരുടെ ജന്മനാടായ കിള്ളിക്കുറിശിമംഗലത്തിന്റെ സമീപം തിരുവില്വാമലയില്‍ 1932 ഏപ്രില്‍ ആറിനായിരുന്നു വികെഎന്‍ എന്ന വടക്കേ കൂട്ടാല നാരായണന്‍ നായര്‍ ജനിച്ചത്. മെട്രിക്കുലേഷന്‍ കഴിഞ്ഞ് 1951 മുതല്‍ 59 വരെ മലബാര്‍ ദേവസ്വം വകുപ്പില്‍ ഗുമസ്തനായി ജോലിചെയ്തു. ദ ട്വിന്‍ ഗോഡ് അറൈവ്‌സ് എന്ന ലേഖനം എഴുതിയതിന്റെ പേരില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് ഓഫീസില്‍ നിന്ന് കോയമ്പത്തൂരിലേക്ക് സ്ഥലം മാറ്റം നേരിടേണ്ടിവന്നു. ലേഖനം ദേവസ്വം കമ്മീഷണറെ പരിഹസിക്കുന്നതായിരുന്നു എന്നാണ് അധികാരികള്‍ കണ്ടെത്തിയ കാരണം. പിന്നീട് പത്രപ്രവര്‍ത്തന മേഖലയും ശങ്കേഴ്‌സ് വീക്കിലിയിലെ എഴുത്തുകളും ഒരു പുതിയ മേച്ചില്‍പ്പുറം അദ്ദേഹത്തിന് തുറന്നുകൊടുത്തു. സമകാലികരും പ്രഗത്ഭരുമായ ബഷീര്‍, ഒവി വിജയന്‍, കാക്കനാടന്‍, എം മുകുന്ദന്‍ എന്നിവരുമായുള്ള സൗഹൃദം പിന്നീട് എഴുത്തിന് പ്രചോദനവും ശക്തിയുമാവുകയും ചെയ്തു. വികെഎന്‍ തന്റെ എഴുത്തിലൂടെ സൃഷ്ടിച്ച ഹാസ്യം, അതിനു മുമ്പോ, അതിനുശേഷമോ മലയാളിക്ക് മറ്റൊരു സാഹിത്യകാരനില്‍ നിന്നും ലഭിച്ചിട്ടില്ല.
ചിരിയും ചിന്തയുമാണ് വികെഎന്‍ കൃതികളുടെ മുഖമുദ്ര. ബുദ്ധികൊണ്ട് ആസ്വദിക്കാവുന്ന ധര്‍മ്മം. സമകാലീന സാമൂഹികരാഷ്ട്രീയ അധികാര വിമര്‍ശനങ്ങള്‍ നടത്തുന്ന വികെഎന്‍ കൃതികള്‍ എക്കാലത്തും ചര്‍ച്ച ചെയ്യപ്പെടുകയും അധികാരികളില്‍ നിന്ന് ദുരനുഭവങ്ങള്‍ ഏറ്റുവാങ്ങേണ്ടിയും വന്നിട്ടുണ്ട്. കുഞ്ചന്‍ നമ്പ്യാരുടെ പിന്‍ഗാമിയെന്ന് അദ്ദേഹത്തെ പലരും വിശേഷിപ്പിച്ചതു ശരിയാണ്. ഹാസ്യസാഹിത്യമെന്നത് വെറുതെ ചിരിക്കാനുള്ളതല്ല. ചിരിയിലൂടെ ചിന്തയും പഠനവും എന്നതായിരുന്നു വികെഎന്‍ശൈലി. കക്ഷിരാഷ്ട്രീയത്തിന്റെ ദുഷ്‌കൃതികളെ മൂര്‍ച്ചയേറിയ ഭാഷയില്‍ പരിഹസിക്കുന്ന നല്ല നോവലുകള്‍ കാഴ്ചവച്ച വികെഎന്‍ മലയാള നോവല്‍ സങ്കല്‍പത്തെ കുറച്ചൊന്നുമല്ല പരിപോഷിപ്പിച്ചത്. നോവലിനെ പ്രാണശക്തിയുള്ളതാക്കിത്തീര്‍ക്കുന്ന പുതിയ പത്രപ്രവര്‍ത്തന ധര്‍മ്മത്തെ ഈ നോവലിസ്റ്റ് വേണ്ടവിധം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഇന്നത്തെ സാമ്പത്തികവും സാമൂഹികവുമായ രാഷ്ട്രീയ ഘടനയെക്കുറിച്ചുള്ള അവഗാഹമായ അവബോധത്തില്‍ നിന്നുകൊണ്ട് പുതുപുത്തന്‍ താല്‍പ്പര്യങ്ങളുടെ സാധ്യതകളെ വികെഎന്‍ അന്വേഷിക്കുന്നു. അവയെ നിറഞ്ഞ ഹാസ്യത്തോടെയാണെങ്കിലും പൂര്‍ണമായ വിശ്വാസത്തോടെ പകര്‍ത്തുകയും ചെയ്യുന്നു.
മോരിന്റെ പര്യായമെന്ന കഥയില്‍ ഹാജിയുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്ന തനി ഇംഗ്ലീഷ് രീതിയില്‍ കളസവും തൊപ്പിയും കോഴിത്തൂവലുമണിഞ്ഞ വിളമ്പുകാരനും കളസവും കുപ്പായവുമിട്ടു കഴുത്തില്‍ ടൈ കൂടി കെട്ടിയിരിക്കുന്ന സ്റ്റുവര്‍ഡും പരിഹാസ്യരാണ്. സാമൂഹ്യ വിമര്‍ശനത്തിലേക്ക് തന്റെ നര്‍മ്മം ചാലിച്ച ശൈലിയിലൂടെ കടന്നുപോകുന്ന വികെഎന്നിന്റെ രചനകള്‍ ഏറെ പ്രത്യേകതയുള്‍ക്കൊണ്ടിരുന്നു. ഗണിതശാസ്ത്ര വിശാരദയായ പാറോതിക്കുട്ടി യഥോചിതം പ്രസവിച്ച പെണ്‍കുട്ടികള്‍ക്ക് ബിന്ദു, രേഖ, ലംബ, വൃത്ത എന്നു പേരിടുന്നതും മലനാട് സഹകരണ ബാങ്കിന്റെ പൊതുയോഗത്തില്‍ സെക്രട്ടറി കണക്കവതരിപ്പിക്കുന്നതും ആ സമയത്ത് പ്രസിഡന്റ് പ്യൂണിനോട് കണ്ണുകാണിക്കുന്നതും പ്യൂണ്‍ പെട്ടെന്ന് ഉഴുന്നുവടയും ചായയും അംഗങ്ങള്‍ക്ക് വിതരണം ചെയ്യുന്നതും വായില്‍ വടയും ചായയും കൊതകൊത കൊതയ്ക്കുന്നതും, ആ സമയം നോക്കി കണക്കു പാസായതായി പ്രസിഡന്റ് പ്രഖ്യാപിക്കുന്നതും ഓര്‍ത്തോര്‍ത്ത് ഏതൊരു വായനക്കാരനും ചിരിച്ചുപോകും. ഇങ്ങനെ എത്രയെത്ര നര്‍മ്മങ്ങള്‍!
സ്വന്തം ജീവിതാനുഭവങ്ങളുടെ കരുത്തും സ്വന്തമായി രൂപപ്പെടുത്തിയ ശൈലിയുമായി 25 ലേറെ കൃതികള്‍ മലയാളത്തിന് വികെഎന്‍ സംഭാവന ചെയ്തു. അസുരവാണി, മഞ്ചല്‍, ആരോഹണം, ഒരാഴ്ച, സിന്‍ഡിക്കേറ്റ്, ജനറല്‍ ചാത്തന്‍സ്, പയ്യന്റെ രാജാവ്, പെണ്‍പട, പിതാമഹന്‍, കുടിനീര്‍, നാണ്വാര്, അധികാരം, അനന്തരം എന്നിവയാണ് നോവലുകള്‍. അമ്മൂമ്മക്കഥ (നോവലൈറ്റ്), മന്ദഹാസം, പയ്യന്‍, ക്ലിയോപാട്ര, പയ്യന്റെ കാലം, കാലഘട്ടത്തിലെ പയ്യന്‍, പയ്യന്റെ സമരം, പയ്യന്റെ യാത്രകള്‍, കുഞ്ഞന്‍മേനോന്‍, അതികായന്‍, ചാത്തന്‍സ്, ചൂര്‍ണാനന്ദന്‍, സര്‍ ചാത്തുവിന്റെ റൂളിംഗ്, വികെഎന്‍ കഥകള്‍, പയ്യന്‍ കഥകള്‍, ഹാജ്യാര്‍, മാനാഞ്ചിറ ടെസ്റ്റ്, ഒരാഴ്ച പയ്യന്റെ ഡയറി (കഥകള്‍) അയ്യായിരവും കോപ്പും (നര്‍മ്മ ലേഖനം) എന്നിവയാണ് പ്രധാനകൃതികള്‍. ആരോഹണത്തിന് കേരളസാഹിത്യഅക്കാദമി അവാര്‍ഡ്(1960), പയ്യന്‍ കഥകള്‍ക്ക് കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ് (1982) എന്നിവ ലഭിച്ചു. സാഹിത്യപ്രവര്‍ത്തകസഹകരണസംഘം അവാര്‍ഡ്, പ്രൊഫ. എംപി പോള്‍ അവാര്‍ഡ്, മുട്ടത്തുവര്‍ക്കി അവാര്‍ഡുകള്‍ എന്നിവ ലഭിച്ചു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും വികെഎന്‍ എന്ന മൂന്നക്ഷരം ബാക്കിയാക്കി 2004ല്‍ അദ്ദേഹം കഥാവശേഷനായി…

No comments:

Post a Comment