Wednesday 20 June 2018

ഒന്നാം ഇസബെല്ല രാജ്ഞി.


ഒന്നാം ഇസബെല്ല രാജ്ഞി.


ക്രിസ്റ്റഫര്‍ കൊളംബസ് അമേരിക്ക കണ്ടുപിടിച്ചത് സ്പെയിനിനു മുമ്പില്‍ ഒരു പുതുലോകം തുറക്കാനും രാജ്യം സമ്പല്‍സമൃദ്ധമാകാനും കൊളംബസിന്റെ ഈ യാത്ര ഒട്ടൊന്നുമല്ല സഹായിച്ചത്. ആ യാത്രക്ക് അനുവാദവും അവസരവും സാമ്പത്തിക സഹായവും നല്‍കിയതിനു പിന്നില്‍ ഒരു രാജ്ഞിയുടെ കൈകളായിരുന്നു. കാസ്റ്റിലിന്റെയും ലിയോണിന്റെയും ആരഗണിന്റെയും രാജ്ഞീപദം അലങ്കരിച്ച ഒന്നാം ഇസബെല്ല രാജ്ഞി.
ഭര്‍ത്താവ് ഫെര്‍ഡിനാന്‍ഡ് രണ്ടാമനോട് ചേര്‍ന്ന് രാജ്യം ഭരിച്ചപ്പോള്‍ സ്‌പെയിനിന്റെ ഏകീകരണത്തിലൂടെ ചരിത്രം തീര്‍ത്ത ഇസബെല്ല രാജ്ഞി മികച്ച ഭരണാധികാരികൂടിയായിരുന്നുവെന്ന് ചരിത്രം പറയുന്നു.
കാസ്റ്റില്‍ ഭരണാധികാരിയായ ജോണ്‍ രണ്ടാമന്റെയും പോര്‍ച്ചുഗീസ് രാജ്ഞി ഇസബെല്ലയുടെയും മകളായി 1451 ഏപ്രില്‍ 22-നാണ് ഒന്നാം ഇസബെല്ല ജനിച്ചത്. ഇസബെല്ലയ്ക്ക് മൂന്നുവയസ്സായപ്പോള്‍ പിതാവ് മരിച്ചു. തുടര്‍ന്ന് ചക്രവര്‍ത്തി പദം ഇസബെല്ലയുടെ അര്‍ധസഹോദരനായ ഹെന്‍ട്രി ആറാമന് ലഭിച്ചു.
അച്ഛന്റെ മരണത്തോടെ ഇസബെല്ലയും അമ്മയും അനിയനും ആരെവലോയിലേക്ക് താമസം മാറ്റി. കാഠിന്യമേറിയ നാളുകളായിരുന്നു അത്. അര്‍ധസഹോദരന്‍ ചക്രവര്‍ത്തിയായിരുന്നെങ്കിലും അവര്‍ തികച്ചും ദരിദ്രരായാണ് അവര്‍ അവിടെ കഴിഞ്ഞത്. മരിക്കുന്നതിനുമുന്‍പ് ജോണ്‍ രണ്ടാമന്‍ വില്‍പ്പത്രം എഴുതിയിരുന്നെങ്കിലും അതനുസരിച്ചുള്ള അവകാശങ്ങള്‍ നല്‍കാന്‍ ഹെന്‍ട്രി ആറാമന്‍ തയ്യാറല്ലായിരുന്നു.
എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഹെന്‍ട്രി രണ്ടാമന്‍ ഇസബെല്ലയെയും അനിയനെയും സെഗോവിയയിലെ കൊട്ടാരത്തിലേക്ക് കൊണ്ടുവന്നു. രണ്ടുപേര്‍ക്കും പ്രാഥമിക വിദ്യാഭ്യാസവും നല്‍കി. അതോടൊപ്പം ഇസബെല്ലയ്ക്ക് ഗര്‍ഭിണിയായ രാജ്ഞിയുടെ കുടുംബ കാര്യങ്ങളും നോക്കേണ്ടതുണ്ടായിരുന്നു. എങ്കിലും മുമ്പത്തേതിനേക്കാള്‍ മികച്ച ജീവിതമായിരുന്നു ഇസബെല്ലയുടേത്. എന്നാല്‍ സെഗോവിയയ്ക്ക് അപ്പുറത്തേക്ക് ഇസബെല്ല പോവുന്നത് ഹെന്‍ട്രി തടഞ്ഞിരുന്നു.
അധികം താമസിയാതെത്തന്നെ കാസ്‌റ്റൈലിന്റെ രാഷ്ട്രീയത്തിലേക്ക് ഇസബെല്ല പ്രവേശിച്ചു. ഹെന്‍ട്രി ആറാമന്‍ രാജാവാകുന്നതില്‍ അന്നത്തെ കുലീനന്‍മാര്‍ക്ക് താത്പര്യമില്ലായിരുന്നു. അദ്ദേഹം അതിന് യോഗ്യനല്ലെന്ന് അവര്‍ വിശ്വസിച്ചു. ഇസബെല്ലയുടെ അനിയന്‍ അല്‍ഫോണ്‍സോയെ ഭരണാധികാരിയാക്കാനായിരുന്നു അവര്‍ക്ക് താത്പര്യം. രാജ്യത്തിനായി അല്‍ഫോണ്‍സോയും ഹെന്‍ട്രിയും തമ്മില്‍ യുദ്ധം നടന്നു. ഒല്‍മെഡോയിലെ രണ്ടാം യുദ്ധം എന്നായിരുന്നു അത് അറിയപ്പെട്ടത്. യുദ്ധം തുല്യതയില്‍ പിരിഞ്ഞു. തുടര്‍ന്ന് അല്‍ഫോണ്‍സോ ഓസ്ട്രിയയുടെ രാജകുമാരനായി അവരോധിക്കപ്പെട്ടു.
എന്നാല്‍ തൊട്ടടുത്തവര്‍ഷം 1468-ല്‍ പ്ലേഗ് രോഗം ബാധിച്ച് അല്‍ഫോണ്‍സോ മരണമടഞ്ഞു. അതോടെ 17 തികഞ്ഞ ഇസബെല്ലയെ രാജ്ഞിയാക്കാനായി നീക്കം. എന്നാല്‍ മൂത്തസഹോദരന്‍ ജീവിച്ചിരിക്കെ താന്‍ രാജ്ഞിയാവില്ലെന്ന് അവര്‍ നിര്‍ബന്ധം പിടിച്ചു.
ഇതിനിടെ, പോര്‍ച്ചുഗല്‍ രാജാവും ഭാര്യാസഹോദരനുമായ അല്‍ഫോണ്‍സോയെ വിവാഹം ചെയ്യാന്‍ ഹെന്‍ട്രി നിര്‍ബന്ധിച്ചുവെങ്കിലും ഇസബെല്ല ചെവിക്കൊണ്ടില്ല. ഈ വിഷയത്തില്‍ സഹോദരനുമായി അവര്‍ അകന്നു. ചെറുത്തുനില്‍പ്പിനൊടുവില്‍ ഹെന്‍ട്രി സഹോദരിയുടെ ആഗ്രഹത്തിന് വഴങ്ങി. അഞ്ചുവര്‍ഷങ്ങള്‍ക്കുശേഷം ഇസബെല്ല ആരഗണ്‍ രാജാവ് ഫെര്‍ഡിനാന്‍ഡോയെ വിവാഹം ചെയ്തു. 1474-ല്‍ ഹെന്‍ട്രി ആറാമന്‍ മരണമടഞ്ഞതോടെ ഇസബെല്ല അടുത്ത ഭരണാധികാരിയായി. എന്നാല്‍ അതോടെ ഭരണത്തിന് അവകാശമുന്നയിച്ച് പലരും രംഗത്തെത്തി. ഇതിനിടെ പോര്‍ച്ചുഗീസ് രാജാവ് അലോണ്‍സോ രാജ്യം ആക്രമിച്ചു. തുടര്‍ന്ന് ഹെന്‍ട്രിയുടെ മകള്‍ ജൊവന്നയെ വിവാഹം കഴിച്ചു. സാമ്രാജ്യത്തിനായി അദ്ദേഹവും ഇസബെല്ലയുമായി യുദ്ധം നടന്നു. അഞ്ചുവര്‍ഷത്തിനുശേഷം സമാധാനക്കരാറിലൂടെ അവര്‍ രാജ്യങ്ങള്‍ പകുത്തെടുത്തു. ഇസബെല്ല സ്‌പെയിനിന്റെ രാജ്ഞിയായി.
ആര്‍ഗണിന്റെ രാജാവായിരുന്ന ഫെര്‍ഡിനോയെങ്കിലും ഇതോടെ അവിടുത്തെ രാജ്ഞീ പദവും ഇസബെല്ല അലങ്കരിച്ചു. ഇരുരാജ്യങ്ങളിലെയും നിയമവും ഭരണവും രണ്ടുതരത്തിലായിരുന്നെങ്കിലും ഇരുവരും ചേര്‍ന്ന് സ്‌പെയിനിനെ ഏക ശക്തിയായി വളര്‍ത്തി.
ഭരണകാലത്ത് പ്രധാനപ്പെട്ട പരിവര്‍ത്തനങ്ങള്‍ തന്റെ സാമ്രാജ്യത്തില്‍ അവര്‍ നടത്തിയിട്ടുണ്ട്. കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ വലിയ കുറവാണ് ഇക്കാലയളവില്‍ ഉണ്ടായത്. രാജ്യം ഏറ്റെടുക്കുമ്പോള്‍ മോഷ്ടാക്കളുടെയും കൊലയാളികളുടെയും ബലാത്സംഗങ്ങളുടെയും വിളനിലമായിരുന്നു സ്‌പെയിന്‍. കുറ്റകൃത്യങ്ങള്‍ക്കൊന്നും യാതൊരു വിധ ശിക്ഷയും ഇവിടെ പതിവുണ്ടായിരുന്നില്ല. ക്രമസമാധാനപാലനത്തിനായി പോലീസ് സേനയെത്തന്നെ ഇവര്‍ രൂപീകരിച്ചു. പുതിയ നിയമങ്ങളുടെയും അധികാരപ്രാഗത്ഭ്യത്തിന്റെയും മികവില്‍ ഇത്തരം സന്ദര്‍ഭങ്ങളെല്ലാം ഇസബെല്ല മറികടന്നു.
സാമ്പത്തികമായും രാജ്യം ഏറെ മെച്ചപ്പെട്ട കാലമാണിത്. രാജ്യത്തെ കടക്കെണിയിലാക്കിയായിരുന്നു ഹെന്‍ട്രി നാലാമന്റെ മരണം. അവിടുന്നിങ്ങോട്ട് രാജ്യത്തെ സാമ്പത്തികമായി ഏറെ മുന്നോട്ടു നയിക്കാന്‍ ഇസബെല്ലക്കായി. ഇസബെല്ലയുടെ സഹായത്താല്‍ കൊളംബസ് പുതുലോകം കണ്ടെത്തിയതിലൂടെ സ്‌പെയിന്‍ എല്ലാവിധത്തിലും നേട്ടത്തിന്റെ കൊടുമുടിയിലായി.
1504 നവംബര്‍ 26-ന് ഇസബെല്ല അന്തരിച്ചു. ഫെര്‍ഡിനാന്‍ഡ് വീണ്ടും 12 വര്‍ഷംകൂടി ഭരണത്തില്‍ത്തുടര്‍ന്നു. ഭരണം തന്റെ പേരക്കുട്ടിയായ ജോണിനു കൈമാറിയ ശേഷമായിരുന്നു അദ്ദേഹം മരിച്ചത്. ആ കുട്ടിയാണ് പിന്നീട് റോമന്‍ ചക്രവര്‍ത്തിയായിമാറിയ ചാള്‍സ് ആറാമന്‍.
അമേരിക്കന്‍ ഐക്യനാടുകള്‍ പുറത്തിറക്കിയ പോസ്റ്റല്‍ സ്റ്റാമ്പിലും നാണയത്തിലും ഇടം പിടിച്ച ആദ്യ വനിതയാണ് ഇസബെല്ലാ രാജ്ഞി. കൊളംബസ് അമേരിക്ക കണ്ടുപിടിച്ചതിന്റെ വാര്‍ഷികാഘോഷ വേളയിലാണ് ഈ സ്റ്റാമ്പ് പുറത്തിറക്കിയത്. പിന്നീട് സ്‌പെയിനും ഇതേ സ്റ്റാമ്പ് പുറത്തിറക്കി.

No comments:

Post a Comment