Wednesday 20 June 2018

ലൂയിസ് ബ്രെയിൽ 166 ചരമവാര്‍ഷികം





ലൂയിസ് ബ്രെയിൽ 166 ചരമവാര്‍ഷികം
=============
"ആശയ വിനിമയത്തിന് തുറന്നു കിട്ടുന്ന പാതയായിരിക്കും
വിജ്ഞാനത്തിന് തുറന്നുകിട്ടുന്ന പാത. അപഹസിക്കപ്പെടാനും
സഹതാപം മാത്രം ഏറ്റുവാങ്ങികഴിയാനുമല്ല ഞങ്ങളുടെവിധിയെങ്കില്‍ ആശയവിനിമയം ഫലവത്തായ രീതിയില്‍ ഞങ്ങള്‍ക്ക് സാധ്യമാവണം-”
-ലൂയിസ് ബ്രെയില്‍
ഫ്രാന്‍സിലെ പാരീസില്‍ നിന്നും ഇരുപത്തിരണ്ടു മൈലകലെയുള്ള കുപ്‌വ്‌റെ എന്ന ഗ്രാമത്തില്‍ 1809 ജനുവരി നാലിനാലയിരുന്നു അദ്ദേഹത്തിന്റെ ജനനം.സൈമണ്‍ റെനെബ്രെയിലിന്റെയും മോണിക് ബ്രെയിലിന്റെയും നാലുമക്കളില്‍ ഏറ്റവും ഇളയവനായിരുന്നു ലൂയി.തുകലുല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന വ്യവസായിയായിരുന്നു സൈമണ്‍ റെനെ. മൂന്നു വയസുള്ളപ്പോള്‍ ലൂയിസ് ഒരു ദിവസം തുകലുല്‍പ്പന്നങ്ങള്‍ തുന്നുന്ന വലിയ സൂചികൊണ്ട് കളിക്കവേ അബദ്ധത്തില്‍ അത് ഒരു കണ്ണില്‍ തുളച്ചുകയറി. വിദഗ്ധ ചികിത്സ ലഭിച്ചിട്ടും രക്ഷിക്കാനായില്ല. കൂടാതെ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ രണ്ടാമത്തെ കണ്ണിനും അണുബാധയുണ്ടാവുകയും അഞ്ചാം വയസില്‍ ചികിത്സകളെല്ലാം പരാജയപ്പെട്ട് രണ്ടു കണ്ണിന്റെയും കാഴ്ച്ച നഷ്ടപ്പെട്ടു.
അന്ധത ബാധിച്ചവർക്ക് അക്കാലത്ത് പഠനത്തിനുള്ള അവസരം ഉണ്ടായിരുന്നില്ല. തന്റെ മകന് കാഴ്ചവൈകല്യമുണ്ടെങ്കിലും നല്ല വിദ്യാഭ്യാസം കൊടുക്കണമെന്ന നിശ്ചയദാർഢ്യം മാതാപിതാക്കൾക്കുണ്ടായിരുന്നു. ചെറുപ്പം മുതൽക്കേ അവന് ചെയ്യാൻ കഴിയുന്ന കാര്യങ്ങളൊക്കെയും സ്വയം ചെയ്യാൻ പരിശീലിപ്പിച്ചു. അന്നാട്ടിലെ പാതിരി ആയിരുന്ന പല്ലെ ഒഴിവുള്ള സമയങ്ങളിൽ ബ്രെയ്‌ലിക്ക് അറിവ് പകർന്നുനൽകി. എന്നാൽ പല്ലെയുടെ തിരക്കിനിടയിൽ വളരെ കുറച്ച് സമയം മാത്രമായിരുന്നു ലഭിച്ചത്.
ഫാദർ പല്ലെയുടെ ശുപാർശപ്രകാരം ഒരു സ്കൂളിൽ പഠിക്കാനുള്ള അവസരം ലഭിച്ച ബ്രെയ്‌ലി ഗണിതവും ചരിത്രവും ഭൂമിശാസ്ത്രവുമൊക്കെ കേട്ടുപഠിച്ച് മനപ്പാഠമാക്കി. പത്താമത്തെ വയസ്സിൽ അന്ധത ബാധിച്ചവർക്കായി നടത്തുന്ന ലോകത്തെ ആദ്യത്തെ സ്കൂളായ റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബ്ലൈൻഡ് യൂത്ത് എന്ന പാരീസിലെ സ്ഥാപനത്തിൽ പഠിക്കാൻ ചേർന്ന ബ്രെയ്‌ലി, കേട്ടുപഠിക്കുന്ന കാര്യത്തിൽ സമർത്ഥനായിരുന്നു. അന്നത്തെ അന്ധവിദ്യാര്‍ഥികള്‍ ‘ഹാഉയി’ എന്ന പഠന സമ്പ്രദായമായിരുന്നു പിന്‍തുടര്‍ന്നിരുന്നത്. അന്ധത എന്തെന്നറിയാത്ത വലന്റെയിന്‍ ഹാഉയി എന്നയാള്‍ രൂപം നല്‍കിയ സമ്പ്രദായമായിരുന്നു അത്.കാർഡ്ബോഡ് സമാനമായ കട്ടി കടലാസ്സിൽ അക്ഷരത്തിന്റെ മുദ്രകൾ പതിപ്പിച്ചു കൈകൾ കൊണ്ട് തപ്പി വായിച്ചെടുക്കുന്ന രീതിയായിരുന്നു ഇത്. അത്രയൊന്നും മെച്ചമല്ലാത്ത അധ്യാപനരീതിയായിരുന്നു അവിടെ ഉണ്ടായിരുന്നത്. ഭീമമായ ഉല്‍പാദന ചെലവും ഭാരമേറിയ പുസ്തകവും കുറച്ചുമാത്രം വിവരങ്ങള്‍ രേഖപ്പെടുത്തുന്നു എന്നതുമെല്ലാം ഈ രീതിയുടെ ന്യൂനതകളായിരുന്നു.
1821-ല്‍ ചെറുപ്പക്കാരനായ ഒരു പട്ടാളക്കാരന്‍, ചാള്‍സ് ബാര്‍ബിയര്‍ വിദ്യാലയത്തില്‍ വന്ന്‍ താന്‍ വികസിപ്പിച്ചെടുത്ത ആശയ വിനിമയ സംവിധാനം പ്രദര്‍ശിപ്പിച്ചു. യുദ്ധമുന്നണിയിലെ സൈനികര്‍ക്ക് രാത്രി വെളിച്ചത്തിന്റെയും സംസാരത്തിന്റെയും ആവശ്യമില്ലാതെ ആശയവിനിമയം നടത്താന്‍, പൊന്തി നില്‍ക്കുന്ന പന്ത്രണ്ട് കുത്തുകള്‍ ഉപ്യോഗിക്കുന്ന രഹസ്യ സന്ദേശ സംവിധാനമായിരുന്നു, ‘രാത്രി എഴുത്ത്’ എന്നു പേരിട്ട ആ സംവിധാനം.
കുട്ടിയായ ലൂയിക്ക് അതിനെ കുറച്ചുകൂടി ലഘൂകരിക്കാനാവുമെന്ന ബോധ്യവുമുണ്ടായിരുന്നു. പിന്നീടങ്ങോട്ട് അശ്രാന്തപരിശ്രമമായിരുന്നു. ലിപി വികസിപ്പിച്ചെടുത്തുപൊന്തി നില്‍ക്കുന്ന ആറ് കുത്തുകളുടെ എഴുതാനും വായിക്കാനുമുള്ള മികച്ച, ലളിതമായ ഒരു വിനിമയ സംവിധാനം രൂപപ്പെടുത്തി. അദേഹത്തിന്റെ പ്രായം വെറും 15 വയസ് മാത്രമായിരുന്നു. പുതിയ ലിപി എഴുതുവാനുപയോഗിക്കുന്ന തൂലിക പണ്ട് അദ്ദേഹത്തിന്റെ കാഴ്ച നഷ്ടപ്പെടുത്തിയതുപോലെയുളള സൂചിതന്നെയായിരുന്നു. താമസിയാതെ തന്റെ ഇഷ്ടവിനോദമായ സംഗീതം രേഖപ്പെടുത്തുവാനുള്ള സംവിധാനം കൂടി പുതിയ ലിപിസമ്പ്രദായത്തിലൂടെ ലൂയി വികസിപ്പിച്ചെടുത്തു.
താമസിയാതെഅവിടെത്ത അധ്യാപകനായിത്തീരുകയും ചെയ്തു. 24 വയസില്‍ പ്രൊഫസര്‍ പദവി ലഭിച്ചു. ചരിത്രം, ഗണിതം, ജ്യോമിതി എന്നിവയായിരുന്നു അദ്ദേഹം പഠിപ്പിച്ചിരുന്നത്. നല്ലൊരു സംഗീതജ്ഞനുമായിരുന്നു ലൂയിസ്. 1847ൽ ബ്രെയ്‍ലി ലിപിയിൽ അച്ചടിച്ച ആദ്യത്തെ പുസ്തകം പുറത്തിറക്കിയതോടെ ലോകമെമ്പാടും ഭിന്നശേഷിക്കാരായ ദശലക്ഷക്കണക്കിന് ആളുകളെ അറിവിന്റെ ലോകത്തേക്ക് അടുപ്പിക്കുവാനുള്ള സാധ്യതയായി. ബ്രെയ്‌ലി ആവിഷ്കരിച്ച രീതി ഇന്നും ലോകവ്യാപകമാണ്.1852 ജനുവരി ആറാം തീയതി 43-ാമത്തെ വയസില്‍ പാരീസില്‍ വച്ച് ലൂയിസ് ബ്രെയില്‍ മരണത്തിന് കീഴടങ്ങി.

No comments:

Post a Comment