Tuesday 19 June 2018

ഒരു വാക്സിൻ വീര ഗാഥ





ഒരു വാക്സിൻ വീര ഗാഥ
ഇത് ബാൾട്ടോയുടെ കഥയാണ്. ബാൾട്ടൊ എന്ന പട്ടിയുടെ കഥ. അലാസ്കയിലെ അസ്ഥി കോച്ചുന്ന തണുപ്പിൽ 640 മൈൽ ദൂരം ഓടി വാക്സിൻ എത്തിച്ച സൈബീരിയൻ ഹസ്കികളിൽ ഒന്നായിരുന്നു ബാൾട്ടൊ.
1925 ഡിസംബറിൽ അലാസ്കയിൽ നോം എന്ന ഗ്രാമത്തിൽ ഡിഫ്തീരിയ പൊട്ടി പുറപ്പെട്ടതാണ് കഥയുടെ തുടക്കം. ഇന്യുട്ട് എന്ന നേറ്റീവ് ഇൻഡ്യൻ ഗോത്ര വർഗ്ഗക്കാരുടെ ഇടയിലാണ് ഡിഫ്തീരിയ പടർന്നത്. അഞ്ചാറു കുട്ടികൾ മരിച്ചു. ചിലർ ഡിഫ്തീരിയ ബാക്ടീരിയ കൊണ്ടുണ്ടായ അസുഖങ്ങൾ മൂലം ശരീരം തളർന്ന് കിടപ്പായി. ഡിഫ്തീരിയ തടുക്കാൻ ഒരേ ഒരു മാർഗ്ഗമേ ഉള്ളു. ഗ്രാമവാസികൾക്ക് വാക്സിൻ നൽകുക. വാക്സിൻ അലാസ്കയുടെ തലസ്ഥാനമായ ആങ്കറേജിൽ നിന്നെത്തണം. പക്ഷെ മഞ്ഞ് മൂടി കിടക്കുന്ന മല നിരകൾ താണ്ടി വരാൻ ഏക മാർഗ്ഗം പ്ലെയിനാണ്. -40 ഡിഗ്രിയിൽ ആകെ ഉണ്ടായിരുന്ന പ്ലെയിനിൻറെ മോട്ടർ ഫ്രീസായി പോയി. അങ്ങനെയാണ് വളരെ ആലോചിച്ച് അധികൄതർ ഒരു തീരുമാനത്തിൽ എത്തിയത്. അലാസ്കയിൽ നിന്ന് ട്രെയിനിൽ നെനാനാ എന്ന സ്ഥലം വരെ ട്രെയിനിൽ എത്തിക്കും. അവിടെ നിന്ന് പട്ടികൾ വലിക്കുന്ന സ്ലെഡ്ജിൽ മഷർമ്മാർ (സ്ലെഡ്ജ് ഓടിക്കുന്ന ഡ്രൈവർമ്മാരെ മഷർ എന്നാണ് വിളിക്കുന്നത്) വേണം ബാക്കയുള്ള 640 മൈൽ എത്തിക്കണ്ടത് എന്ന് തീരുമാനം ആയി.
20 മഷർമ്മാർ അവരുടെ പട്ടികളുമായി റിലേ ഓടാൻ തയ്യാറായി നിന്നു. നെനാനയിൽ വാക്സിൻ എത്തിയതോടെ അവ ക്യാൻവാസ്സിൽ പൊതിഞ്ഞ് മഷർക്ക് കൈമാറി. ബാൾട്ടൊ ആയിരുന്നു റിലെയുടെ അന്ത്യപാദമായ 53 മൈൽ കവർ ചെയ്ത പട്ടികളുടെ ലീഢർ. ബാൾട്ടൊയുടെ മഷർ ഗണ്ണർ കെസ്സന് പാക്കറ്റ് കൈമാറി കിട്ടിയപ്പോൾ കാലാവസ്ഥ വഷളായി. വഴി കാണാൻ പാടില്ലാത്ത വിധം മഞ്ഞ് വീഴ്ച. ഗണ്ണർക്ക് വേറെ നിവൄത്തിയില്ല. തീരുമാനങ്ങൾ ബാൾട്ടൊയ്‌‌ക്ക് വിട്ടു കൊടുത്തു. വഴി പരിചയമുള്ള ബാൾട്ടൊ നീന്ത്രണം ഏറ്റെടുത്തു. അവൻ 20 മണിക്കൂർ ഓടി നോമിൽ എത്തി ചേർന്നു. ഡിഫ്തീരിയ വാക്സിൻ അധികൄതർക്ക് കൈമാറി.
നെനാനയിൽ നിന്ന് 13 ദിവസം എടുക്കും എന്നായിരുന്നു കരുതിയത്. പക്ഷെ വെറും 7 ദിവസം കൊണ്ട് അവരുടെ ജോലി തീർത്തു കൊടുത്തു. അങ്ങനെ ‌‌ബാൾട്ടൊ പ്രശസ്തനായി. ബാൾട്ടൊയുടെ ഒപ്പം മഷർ ഗണ്ണർ കെസ്സനും. ന്യുയോർക് സെൻട്രൽ പാർക്കിൽ ബാൾട്ടൊയുടെ ഒരു പ്രതിമ ഉണ്ട്. കഴിഞ്ഞ നൂറു കൊല്ലമായി ബാൾട്ടൊ സെൻട്രൽ പാർക്കിൽ തല ഉയർത്തി നിൽക്കുന്നു. (ബാൾട്ടൊയ്‌‌ക്കൊപ്പം മകൾ, ഫോട്ടൊ കമൻറിൽ ഇടാം). ലോകമെമ്പാടും ബാൾട്ടൊയ്‌‌ക്ക് ആരാധകർ ഉണ്ട്. ബാൾട്ടൊയോടൊപ്പം ഏറ്റവും ദുർഘടമായ പാദം ഓടിയ ടോഗൊ എന്ന മറ്റൊരു ഹസ്കിയും പ്രശസ്തനാണ്. ബാൾട്ടൊയല്ല ടോഗോയാണ് യതാർത്ഥത്ഥിൽ ഹീറോ എന്നഭിപ്രായം ഉള്ളവരും ഉണ്ട്. ഇക്ക - ഏട്ടൻ ഫാനുകൾ തമ്മിൽ നടക്കുന്ന തല്ലുകളെക്കാൾ തീക്ഷണമായ പോരാട്ടമാണ് ബാൾട്ടൊ - ടോഗൊ ഫാനുകളുടേത്.
ഇത്രയധികം മനുഷ്യരുടെയും, മൄഗങ്ങളുടെ അദ്ധ്വാനത്തിൻറെയും ത്യാഗങ്ങളെയും ഒറ്റയടിക്ക് ഇല്ലാതാക്കുന്നതാണ് ഓരോ വാക്സിൻ വിരുദ്ധ പ്രവർത്തനവും. വസൂരിക്കുള്ള വാക്സിൻറെ പഠനത്തിനിടയിൽ എത്രയൊ ഡോക്ടർമ്മാർ വസൂരി പിടിച്ചു മരിച്ചിരിക്കുന്നു. ആദ്യമായി സിസ്റ്റമാറ്റിക് ആയി വസൂരി വാക്സിൻറെ പഠനം നടത്തിയ ജൊനാതൻ എഡ്വാർഡ്സും മരിച്ചത് പഠനത്തിനിടയിൽ വസൂരി പകർന്നാണ്.
ഇന്ന് വസൂരി ഭൂമുഖത്തു നിന്ന് തുടച്ച് നീക്കപ്പെട്ടു. ഇന്നു ജീവിക്കുന്ന 40 വയസ്സിൽ താഴെയുള്ള ആർക്കും വസൂരിയെ പ്രതിരോധിക്കുന്ന ആൻറി ബോഡി ഇല്ല. ഇന്ന് വസൂരി പടർന്നാൽ 17 ആം നൂറ്റാണ്ടിനേക്കാൾ ഭയാനകമാകും കാര്യങ്ങൾ. ഒരു വസൂരി രോഗിക്കും ചുറ്റും പ്രതിരോധ ശേഷിയുള്ള 150 മില്യണ് ആൾക്കാർ ഉണ്ടായാലെ വസൂരി തടുക്കാനാവു. ചുരുങ്ങിയ സമയത്തിൽ 150 മില്യണ് ആൾക്കാരെ വസൂരി പ്രതിരോധ ഇൻജക്ഷൻ നൽകി സമൂഹത്തിൽ വിന്യസിപ്പിക്കണം എന്നർത്ഥം. 1972 വസൂരി വാക്സിൻ പ്രൊഡക്ഷൻ നിർത്തിയതാണ്. അതിനാൽ ഇനി ആദ്യെ പുതിയെ തുടങ്ങണം. ഈ ഇടെ മലപ്പുറത്ത് ഡിഫ്തീരിയ പടർന്നപ്പഴും ഇതേ അവസ്ഥ ഉണ്ടായി. ആ പ്രദേശം ഡിഫ്തീരിയ മുക്തമാക്കണമെങ്കിൽ ചുരുങ്ങിയത് മൂന്നു തലമുറകൾക്ക് വാക്സിൻ കൊടുത്ത് ഹേർഡ് ഇമ്യൂണിറ്റി വളർത്തിയാലെ പറ്റു. ഇതിനുള്ള സാമ്പത്തികവും, ലോജിസ്റ്റിക്കിലും ഉള്ള ബുദ്ധിമുട്ടുകൾ ആലോചിച്ചു നോക്കു !!!
ബാൾട്ടൊയുടെ കഥ 1925 ലേതാണ്. പക്ഷെ നോം എന്ന ഗ്രാമം 1925 ന് ശേഷം അധികം മാറിയിട്ടൊന്നുമില്ല. ഇത് പോലെ തന്നെയാണ് റൂറൽ അമേരിക്കയിലെ മിക്ക ഗ്രാമങ്ങളും. അത്തരം ഒരു സ്ഥലത്ത് ഏഴു കൊല്ലം താമസിച്ചിരുന്നത് കൊണ്ട് ബുദ്ധിമുട്ടുകൾ ശരിക്കും അറിയാം. കേരളത്തിലെ അട്ടപ്പാടിയിൽ പോലും ഒരു രോഗിക്ക് ഹൄദയാഘാതം ഉണ്ടായാൽ പ്രാഥമിക രക്ഷ നൽകി ഒരു മണിക്കൂറിനുള്ളിൽ പാലക്കാട് എത്തിക്കാം. ഡിഫ്തിരിയ പോലെ പകർച്ച വ്യാധികൾ പടർന്നാൽ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ നിന്ന് അരമണിക്കൂറിൽ വാക്സിനെത്തിക്കാം. എന്നാൽ റൂറൽ അമേരിക്കയിൽ ഹൄദയാഘാതം വന്നാൽ എയർ ലിഫ്റ്റ് ചെയ്ത് അടുത്തുള്ള പട്ടണത്തിലെത്തിച്ചാലെ രക്ഷപെടു. കാലാവസ്ഥ മോശമാണെങ്കിലൊ എയ്ഞ്ചൽ ഫ്ലൈറ്റിന് യന്ത്രത്തകരാറൊ ഉണ്ടായാൽ അവിടെ കിടന്ന് മരിക്കാം. ഒരു പകർച്ചവ്യാഥി പടർന്നാലും ഇത് തന്നെ സ്ഥിഥി.
ജേക്കബ് വടക്കഞ്ചേരിമാർ ചെയ്യുന്ന പ്രവർത്തികളുടെ വ്യാപ്തി അയാൾക്ക് അറിയില്ലെന്ന് തോന്നുന്നു. ദൂര വ്യാപകമായ പ്രത്യാഘാതങ്ങളാണ് ഇയാൾ ഉണ്ടാക്കുന്നത്. ഒരു ചെറിയ ഇടവേളയ്‌‌ക്ക് ശേഷം ആശാൻ പിന്നെയും ആക്ടീവായിട്ടുണ്ട്. പുതിയ വീഢിയോകൾ വാട്സാപ്പിൽ കിട്ടി തുടങ്ങി. അമേരിക്കയിലെ വാക്സിൻ വിരുദ്ധരിൽ പ്രമുഖനായ റോബർട്ട് കെന്നഡിയെ പ്രസിഡൻറ് വാക്സിൻ സുരക്ഷാ സമിതിയുടെ ചെയർമ്മാനാക്കാൻ ക്ഷണിച്ചു എന്ന അഭ്യൂഹം പടർന്നതോടെ ഇവിടെയും വാക്സിൻ വിരുദ്ധർ ആഹ്ലാദത്തിലാണ്.
ഈ വാക്സിൻ വിരുദ്ധരെ ബാൽടൊയെ കെട്ടിയ സ്ലെഡിൽ കെട്ടി ഒരു റൌണ്ട് അലാസ്കയിലൂടെ ഓടിക്കണം. മനുഷ്യരാശിയെ രക്ഷിക്കാൻ മനുഷ്യർ അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ചു മനസ്സിലായില്ലെങ്കിൽ വേണ്ട. മൄഗങ്ങൾ അനുഭവിച്ച വിഷമങ്ങൾ എങ്കിലും അവർ നേരിട്ട് അറിയണം. എന്നാലെങ്കിലും വായടക്കുമൊ ?

No comments:

Post a Comment