Wednesday 20 June 2018

കാവാലം നാരായണപ്പണിക്കര്‍



കാവാലം നാരായണപ്പണിക്കര്‍


കാവാലം നാരായണപ്പണിക്കര്‍ (ഒന്നാം ചരമവാര്‍ഷികം)
ആധുനിക മലയാള നാടകവേദിയെ നവീകരിച്ച നാടകാചാര്യന്‍ കാവാലം നാരായണപ്പണിക്കര്‍ .നാടകകൃത്ത്‌, നാടക സംവിധായകന്‍, കവി, ചലച്ചിത്ര-ലളിതഗാന രചയിതാവ്‌, നാടോടിപ്പാട്ടിന്റെയും സംസ്കൃതിയുടെയും കാവല്‍ക്കാരന്‍, ഗ്രന്ഥകര്‍ത്താവ്‌, പ്രഭാഷകന്‍….. എല്ലാം ഒത്തു ചേര്‍ന്ന പ്രതിഭാധനനാണ്‌ കാവാലം നാരായണപ്പണിക്കര്‍.
കുട്ടനാട്ടിലെ കാവാലം ഗ്രാമത്തിലാണ്‌ നാരായണപ്പണിക്കര്‍ ജനിച്ചത്‌. അച്ഛന്‍ ശോഭവര്‍മ. അമ്മ ചാലയില്‍ കുഞ്ഞുലക്ഷ്മിഅമ്മ. സര്‍ദാര്‍ കെ.എം. പണിക്കരുടെ അനന്തിരവനാണ്. കേരളാ സര്‍വകലാശാലയില്‍ നിന്ന്‌ ബി എ ബിരുദവും മദ്രാസ്‌ സര്‍വ്വകലാശാലയില്‍ നിന്ന്‌ നിയമ ബിരുദവും നേടി. 1955 മുതല്‍ 61 വരെ ആലപ്പുഴയില്‍ വക്കീലായി പ്രാക്ടീസ്‌ ചെയ്തു. ചെറുപ്പത്തിലേ കവിതാരചനയില്‍ താത്പര്യമുണ്ടായിരുന്നു.1961 മുതല്‍ പത്തോളം വര്‍ഷക്കാലം കേരള സംഗീത നാടക അക്കാദമിയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചതാണ് അദ്ദേഹത്തിന്റെ പിന്നീടുള്ള കലാജീവിതത്തെ ഒന്നടങ്കം മാറ്റിമറിച്ചിരുന്നത്. 1964ലാണ്‌ കവിതയില്‍ നിന്നും നാടകത്തിലേക്ക്‌ ചുവടുറപ്പിക്കുന്നത്‌. 1967 ആഗസ്തില്‍ കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയില്‍ ആരംഭിച്ച ‘നാടകക്കളരി’യില്‍ നാടകപ്രവര്‍ത്തകരും കവികളും മറ്റു കലാകാരന്മാരും പങ്കെടുത്തു. ‘ആ കളരിയുടെ സല്ലാപവേദിയില്‍ വച്ചാണ്‌ എം.ഗോവിന്ദന്‍, പുതിയ നാടക പ്രസ്ഥാനത്തെ, തന്റെ സഹജമായ രീതിയില്‍ ‘തനതു നാടകം’ എന്ന പേരുചൊല്ലി വിളിക്കുന്നത്‌.
കാവാലം നാരായണപ്പണിക്കരുടെ നാടകങ്ങള്‍ പ്രചാരം നേടിയതോടെ അതുവരെക്കാണാത്തൊരു സംസ്കാരത്തെ അരങ്ങില്‍ നിന്ന്‌ ജനങ്ങള്‍ തിരിച്ചറിയുകയായിരുന്നു. 1974ല്‍ തിരുവരങ്ങ്‌ നാടക സംഘത്തിന്‌ രൂ പം നല്‍കി. അവനവന്‍ കടമ്പയാണ്‌ തിരുവരങ്ങ്‌ ആദ്യം അവതരിപ്പിച്ച നാടകം, 26 നാടകങ്ങള്‍ കാവാലത്തില്‍ നിന്ന്‌ നമുക്കു ലഭിച്ചു സംസ്കൃത നാടകങ്ങളും ഷേക്സ്പിയര്‍ നാടകങ്ങളും വിവര്‍ത്തനം ചെയ്ത്‌ അദ്ദേഹം പ്രേക്ഷകനെ അനുഭവിപ്പിച്ചു. കാവാലത്തിന്റെ ആദ്യകാല നാടകങ്ങള്‍ സംവിധാനം ചെയ്തിരുന്നത്‌ പ്രൊഫസര്‍ കുമാരവര്‍മ, ചലച്ചിത്രസംവിധായകനായിരുന്ന ജി.അരവിന്ദന്‍ എന്നിവരാണ്‌. പിന്നീട്‌ സ്വന്തം നാടകങ്ങള്‍ കാവാലം തന്നെ സംവിധാനം ചെയ്യാനാരംഭിച്ചു. നാടകവേദിക്ക്‌ പുത്തനുണര്‍വും പ്രേക്ഷകര്‍ക്ക്‌ പുത്തന്‍ കാഴ്ചകളും സമ്മാനിക്കാന്‍ കാവാലത്തിന്റെ രംഗഭാഷയ്ക്കായി.
കാവാലം എഴുതിയ സാക്ഷി, തിരുവാഴിത്താന്‍, ജാബാലാ സത്യകാമന്‍, ദൈവത്താര്‍, അവനവന്‍ കടമ്പ, കരിംകുട്ടി, നാടകചക്രം(ഏകാങ്കനാടകങ്ങളുടെ സമാഹാരം), കൈക്കുറ്റപ്പാട്‌, ഒറ്റയാന്‍ തുടങ്ങിയ നാടകങ്ങള്‍ അക്കാലത്ത്‌ ഇന്ത്യന്‍ നാടകവേദിക്ക്‌ നവ്യാനുഭവമാണ്‌ നല്‍കിയത്‌. അരങ്ങിലെത്തിയ കഥാപാത്രങ്ങളും രംഗാവതരണവുമെല്ലാം അദ്ഭുതത്തോടെയാണ്‌ പ്രേക്ഷകര്‍ കണ്ടത്‌. പുതുക്കാഴ്ചയുടെ വിസ്മയം തീര്‍ക്കാന്‍ കാവാലത്തിന്റെ തൂലികയ്ക്കും രംഗാവതരണത്തിനും കഴിഞ്ഞു.
ഭാസന്റെ അഞ്ച്‌ സംസ്കൃതനാടങ്ങളായ ഊരുഭംഗം, ദൂതഘടോദ്ഖജം, മധ്യമവ്യായോഗം, ദൂതവാക്യം, കര്‍ണഭാരം എന്നിവ ഭാസഭാരതം എന്നപേരില്‍ അദ്ദേഹം വിവര്‍ത്തനം ചെയ്ത്‌ അവതരിപ്പിച്ചു. ബോധായനന്റെ സംസ്കൃതനാടകം ഭഗവദജ്ജുകവും മഹേന്ദ്രവിക്രമ വര്‍മന്റെ സംസ്കൃതനാടകം മത്തവിലാസവും സാര്‍ത്രിന്റെ ഫ്രഞ്ച്‌ നാടകം ട്രോജന്‍ സ്ത്രീകളും ഷേക്സ്പിയര്‍ നാടകങ്ങളായ കൊടുങ്കാറ്റ്‌, ഒരു മധ്യവേനല്‍ രാക്കനവ്‌ എന്നിവയും കാവാലത്തിന്റെ രംഗാവതരണത്തിലൂടെ ലോകമെങ്ങുമുള്ള നാടകപ്രേമികള്‍ക്ക്‌ അനുഭവിക്കാനായി.
1984ലാണ്‌ ‘കര്‍ണഭാരം’ എന്ന സംസ്കൃതനാടകം കാവാലം ഒരുക്കിയത്‌. 2001ല്‍ പ്രശസ്തനടന്‍ മോഹന്‍ലാല്‍ ആ നാടകത്തില്‍ അഭിനയിച്ചതോടെ ‘കര്‍ണഭാര’ത്തിന്‌ താരപദവി കൈവന്നു. . 1980ല്‍ സോപാനം എന്ന രംഗകലാഗവേഷണകേന്ദ്രം ആരംഭിച്ചു.
ചലച്ചിത്രഗാന രചനയിലും കാവാലം സജീവമായിരുന്നു. എന്നാല്‍ നാടകത്തിന്‌ കൂടുതല്‍ സമയം ചെലവിടേണ്ടി വന്നപ്പോള്‍ പാട്ടെഴുത്തില്‍ അധികം ശ്രദ്ധിക്കാനായില്ല. 1982ല്‍ ഇളയരാജയുടെ സംഗീതസംവിധാനത്തില്‍ ‘ആലോലം’ എന്ന ചിത്രത്തിനുവേണ്ടിയാണ്‌ ആദ്യമായി പാട്ടെഴുതിയത്‌. പിന്നീടിതുവരെ നാല്‍പതിലേറെ സിനിമകള്‍ക്ക്‌ ഗാനരചന നടത്തി. ഒരിക്കലും തിരക്കുള്ള പാട്ടെഴുത്തുകാരനാകണമെന്ന്‌ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. ഇപ്പോഴത്തെ പാട്ടെഴുത്തുരീതിയോട്‌ അല്‍പം പോലും താത്പര്യവുമില്ല. ‘ഉത്സവപ്പിറ്റേന്ന്‌’ എന്ന സിനിമയ്ക്കുവേണ്ടി “പുലരിപ്പൂമഞ്ഞു തുള്ളിയില്‍” എന്ന വരികളെഴുതി സംഗീതസംവിധായകന്‍ ദേവരാജന്‌ ഫോണിലൂടെ പറഞ്ഞുകേള്‍പ്പിക്കുകയായിരുന്നു. എക്കാലത്തെയും ഹിറ്റ്‌ ഗാനമായി അതു മാറുകയും ചെയ്തു. 1978-ലും 1982-ലും മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാര്‍ഡും ഈ നാടകാചാര്യനെത്തേടിയെത്തി. ഗാനരചനയില്‍ മാത്രമായിരുന്നില്ല ആലാപനത്തിലും കാവാലം തന്റെ കയ്യൊപ്പ് ചാര്‍ത്തിയിരുന്നു. 1979-ല്‍ എം.ജി രാധാകൃഷന്‍ സംഗീതം നിര്‍വഹിച്ച കുമ്മാട്ടിയെന്ന ചിത്രത്തില്‍ 'കറുകറക്കാര്‍മുകില്‍' എന്നു തുടങ്ങുന്ന ഗാനം കാവാലത്തിന്റെ സ്വരത്തിലൂടെയായിരുന്നു സിനിമ ആസ്വാദകരിലെത്തിയത്.
കഴിഞ്ഞ വര്‍ഷം ജയരാജ് സംവിധാനം ചെയ്ത ഒറ്റാല്‍ എന്ന ചിത്രത്തില്‍ 'മനതിലിരുന്ന് ഓലേഞ്ഞാലി' എന്ന ഗാനത്തിനാണ് അവസാനമായി കാവാലം രചനയും സംഗീതവും നിര്‍വഹിച്ചിരുന്നത്. നേര്‍ക്കുനേരെ, പുരാവൃത്തം, ആലോലം, ഒറ്റാല്‍ എന്നീ ചിത്രങ്ങളിലായി അഞ്ച് ഗാനങ്ങള്‍ക്കും കാവാലം സംഗീതം നിര്‍വഹിക്കുകയുമുണ്ടായി. 2000-ത്തിന് ശേഷം പതിനാറ് ഗാനങ്ങളാണ് കാവാലത്തിന്റെ രചനയില്‍ പിറന്നിരുന്നത്.
1979-ല്‍ പുറത്തിറങ്ങിയ എസ്തപ്പാന്‍ എന്ന ചിത്രത്തിന്റെ തിരക്കഥയും കാവാലത്തിന്റെ തൂലികയില്‍നിന്നായിരുന്നു. ഇതടക്കം സ്വപ്ന രാഗം (1981), പുറപ്പാട് (1983) എന്നീ ചിത്രങ്ങളുടെ കഥാരചനയും കാവാലമായിരുന്നു. അടൂര്‍ ഗോപാലകൃഷ്ണന്റെ ക്ലാസിക്കുകളിലൊന്നായ കൊടിയേറ്റത്തില്‍ (1977) അഭിനയതാവിന്റെ റോളിലും കാവാലം സ്‌ക്രീനിലെത്തി
ജപ്പാന്‍, റഷ്യ, ഗ്രീസ്‌, ഇറ്റലി, ഫ്രാന്‍സ്‌, ഇംഗ്ലണ്ട്‌, അമേരിക്ക തുടങ്ങി നിരവധി വിദേശ രാജ്യങ്ങളില്‍ നാടകം അവതരിപ്പിക്കുകയും നാടകക്കളരിയില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്‌. നിരവധി പുരസ്കാരങ്ങളും പദവികളും അദ്ദേഹത്തെ തേടിയെത്തി 1975ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നാടകചക്രം എന്ന കൃതിക്ക് ലഭിച്ചു. 2007ല്‍ പത്മഭൂഷണ്‍ പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
2009ല്‍ വള്ളത്തോള്‍ പുരസ്‌കാരവും ലഭിച്ചു. മികച്ച ഗാനരചിതാവിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2014ല്‍ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചു.2016 ഏപ്രില്‍ 24ന് മരിച്ചു

No comments:

Post a Comment