Tuesday 19 June 2018

തിരുനക്കരയുടെ പുരാവൃത്തം




തിരുനക്കരയുടെ പുരാവൃത്തം
കുറ്റിക്കാടുകളും വള്ളിപ്പടർപ്പുകളും നിറഞ്ഞ് ഹരിതാഭമായ ഒരു കുന്നിൻപ്രദേശം. കിഴക്കേ ഓരം ചേർന്ന് തെക്കുവടക്കായി ഒരു പഴയ നാട്ടുപാത; അതിനോടു ചേർന്ന വിശാലമായ ഒരു പുൽത്തകിടി. വടക്കേ ചെരുവിൽ ആമ്പലുകൾ പൂത്തു വിലസുന്ന ഒരു പൊയ്കയും അതിലേയ്ക്ക് ഒഴുകുന്ന ഒരു നീരുറവയും. കുന്നിന്റെ ഇടതും വലതും ചെരിവുകൾ അവസാനിക്കുന്നിടത്ത് നീർത്തടങ്ങളും വയലുകളും. ഇന്നത്തെ മഹാജനപദമായ കോട്ടയത്തിന്റെ ഹൃദയഭൂമിയായ തിരുനക്കര ആറു നൂറ്റാണ്ടുകൾക്കുമുമ്പ് ഇങ്ങനെയായിരുന്നു. നൂറ്റാണ്ടുകളിലൂടെ വളർന്ന തിരുനക്കരയുടെ ചരിത്രത്തിലേയ്ക്ക് വെളിച്ചം വീശുന്ന പഴയ കാല ലിഖിതരൂപങ്ങൾ പരിമിതമാണ്. ഐതിഹ്യങ്ങളുടെ അകമ്പടിയോടെ ആണെങ്കിലും ഒളശ്ശ നീലകണ്ഠനുണ്ണിയും കൊട്ടാരത്തിൽ ശങ്കുണ്ണിയും നാലാങ്കൽ കൃഷ്ണപിള്ളയുമൊക്കെ ചരിത്രാന്വേഷികൾക്കു മുന്നിൽ തിരുനക്കരയുടെ പുരാവൃത്ത വാതായനങ്ങൾ തുറന്നിട്ടു തന്നു എന്നത് സ്മരണീയമാണ്.
കേരളത്തിലെ ഏറ്റവും പ്രശസ്തമായ ശിവക്ഷേത്രങ്ങളിൽ പ്രധാനമായ തിരുനക്കര മഹാദേവ ക്ഷേത്രത്തോട് ബന്ധിപ്പിച്ചാണ് ഈ പ്രദേശം അറിയപ്പെടുന്നത് എന്നതുകൊണ്ടും ക്ഷേത്രോൽപ്പത്തിയാണ്‌ നഗരരൂപീകരണത്തിന് കാരണമായത് എന്നതുകൊണ്ടും തിരുനക്കരയുടെ കഥ പറയുമ്പോൾ അതിൽ ക്ഷേത്രപുരാവൃത്തത്തിന് സ്വാഭാവികമായും പ്രാധാന്യമുണ്ടാകും. ക്ഷേത്രപുരാവൃത്തം എന്നത് വാമൊഴിയായി പ്രചരിച്ച ഐതിഹ്യങ്ങൾ കൂടിയാകുമ്പോൾ പുരാവൃത്തരചനയിലെ ഐതിഹ്യവും ചരിത്രവും യുക്തിയുക്തം വേർതിരിക്കേണ്ട ദൗത്യം വായനക്കാർക്കുള്ളതാകും. അതിൽ തീർപ്പു കല്പിക്കേണ്ട ചുമതലയിൽ നിന്ന് ഒട്ടൊന്ന് ഒഴിഞ്ഞുമാറിയാണ് തൽക്കാലം ഇവിടെ ലേഖകന്റെ സഞ്ചാരം!
മൂവായിരം വർഷത്തോളം പഴക്കമുള്ള മഹാശിലായുഗ സംസ്കാരത്തിന്റെ കഥ പറയുന്ന അവശേഷിപ്പുകൾ കേരളമാകെ പുരാവസ്തു ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. കോട്ടയത്തിനടുത്ത് കുറിഞ്ഞി, കടനാട്, മാന്നാനം, നീണ്ടൂർ, വേദഗിരി, പുല്ലരിക്കുന്ന് എന്നിവിടങ്ങളിൽ പ്രാചീന ഇരുമ്പുയുഗത്തിൽ മനുഷ്യവാസമുണ്ടായിരുന്നു എന്നതിന്റെ അടയാളങ്ങൾ പുരാവസ്തുവകുപ്പ് സ്ഥിരീകരിച്ചിട്ടുമുണ്ട്. അത്തരത്തിലുള്ള ആദിമ കുടിയേറ്റത്തിന്റെ ലക്ഷണങ്ങൾ തിരുനക്കരയിലും കണ്ടെടുത്തിട്ടുണ്ട്. പൂർവ്വികരുടെ ഭൗതിക അവശേഷിപ്പുകൾ അടക്കം ചെയ്ത നന്നങ്ങാടികൾ പലപ്പോഴായി കണ്ടെത്തിയിട്ടുണ്ടെങ്കിലും പുരാവസ്തുവകുപ്പിന്റെ ശ്രദ്ധയിൽ പെടുത്താനായില്ല എന്നു മാത്രം. കെട്ടിടനിർമ്മാണങ്ങൾക്കായി കുഴിക്കുമ്പോൾ കണ്ടെത്തുന്ന ഇവയൊക്കെയും അപ്പോൾ തന്നെ നശിപ്പിക്കാറാണ് പതിവ്.
സമതലപ്രദേശങ്ങളും താഴ് വരകളും ഹിംസ്ര ജന്തുക്കളുള്ള നിബിഡവനങ്ങളായിരുന്നതിനാൽ ഗോത്രസമൂഹങ്ങളിലായി ജീവിച്ചിരുന്ന നമ്മുടെ പൂർവ്വികർ ജലസ്വാധീനമുള്ള ഉയർന്ന കുന്നിൻപുറങ്ങളായിരുന്നു സുരക്ഷിതമായ വാസത്തിനായി തെരഞ്ഞെടുത്തിരുന്നത്. അത്തരമൊരു തിരഞ്ഞെടുപ്പിന് അനുയോജ്യമായ ഭൂപ്രദേശമായിരുന്നു എന്നതുകൊണ്ടാണ് തിരുനക്കരയുടെ ചരിത്രാന്വേഷണത്തിന് ശിലായുഗത്തോളം പോകാൻ നമ്മുക്ക് അവസരമുണ്ടാകുന്നത്.
സംഘകാല തമിഴകത്തിന്റെ സുവർണദശയിലും ശിലായുഗത്തിൽ തുടങ്ങിയ ഗോത്രജനതയുടെ പരമ്പര്യത്തിൽ നിന്ന് ഒട്ടൊന്നും വളർന്നിട്ടുണ്ടാവില്ല ഈ ഒറ്റപ്പെട്ട ജനവാസമേഖലകൾ എന്നു കരുതാവുന്നതാണ്. മഹാനദികളുടെ തുറമുഖങ്ങളിലെ വാണിജ്യകേന്ദ്രങ്ങൾ കപ്പലോട്ടത്തിന്റെ ഭാഗമായി പകർന്നുകിട്ടിയ ലോകസംസ്കാരങ്ങളെയും ഉൾക്കൊണ്ടപ്പോൾ തികച്ചും ഒറ്റപ്പെട്ട നിലയിൽ തന്നെ ഉൾനാടുകൾ നില നിന്നുവെന്നു കരുതാം. ശ്രമണമതക്കാരുടെ സാർത്ഥവാഹക സംഘങ്ങൾ നദീതീര പട്ടണങ്ങളിലും സഹ്യന്റെ പടിഞ്ഞാറൻ താഴ് വരകളിൽ രൂപം പൂണ്ട അങ്ങാടികളിലും എരിവു തേടിയെത്തിയതോടെയാണ് കാർഷിക- വാണിജ്യ സംസ്കൃതിക്ക് തുടക്കമിടുന്നത്. മലഞ്ചെരുവുകളിൽനിന്ന് കുഴിച്ചെടുത്ത റോമൻ നാണയങ്ങൾ പോലും തുടർന്നുള്ള വൈദേശിക വാണിജ്യബന്ധങ്ങളുടെ കഥയാണ് പറയുന്നത്.
ഒന്നും രണ്ടും നൂറ്റാണ്ടുകളിലായി പ്ലിനിയും ടോളമിയും രേഖപ്പെടുത്തിയ കോടിയൂർ തുറമുഖം ഒരു പക്ഷേ, തിരുനക്കരയുടെ തെക്കുഭാഗത്തായി കൊടൂരാറിന്റെ തീരത്താവാം എന്നതിന് ദക്ഷിണേന്ത്യയുടെ ചരിത്രകാരൻ നീലകണ്ഠശാസ്ത്രിയുടെ നിഗമനങ്ങളെ നമുക്ക് മുഖവിലക്കെടുക്കാം. അങ്ങനെയെങ്കിൽ ഗോത്രസമൂഹങ്ങളിൽ നിന്നു തുടങ്ങി വാണിജ്യസംസ്കാരത്തോളം വളർന്നതുമായ അറിയപ്പെടാത്ത ഒരു ഭൂതകാലം ഈ പ്രദേശത്തിന് ഉണ്ടായിരിക്കുമെന്നതിൽ സംശയമില്ല.
തിരുനക്കര മഹാദേവക്ഷേത്രത്തിന്റെ ആവിർഭാവം ഐതിഹ്യകാരന്മാരെ പിൻപറ്റി പതിനാറാം നൂറ്റാണ്ടിന്റെ ആദ്യ ദശകകളിൽ തന്നെ സംഭവിച്ചു എന്ന് അനുമാനിക്കാം. ലിംഗരൂപത്തിലുള്ള പ്രതിഷ്ഠ സ്വയംഭൂവാണ് എന്നാണ് വിശ്വാസം. അങ്ങനെയെങ്കിൽ പൂർവ്വകാലത്ത് ഇവിടം ശൈവ ആരാധനാ സങ്കേതം ആയിരിക്കാനുള്ള സാധ്യതയുണ്ട്. ഏഴാം നൂറ്റാണ്ടിന് ശേഷം കേരളമാകെ ശൈവമത പ്രചരണം ശക്തമായി വേരോടിയിരുന്നു. മാണിക്യവാചകരെ തുടർന്ന് ചേരമാൻ പെരുമാൾ നായനാർ അടക്കം 108 ശൈവ സിദ്ധന്മാർ ദക്ഷിണേന്ത്യയിലാകെ ബൗദ്ധദർശനത്തിന്റെ സ്വാധീനത്തെ അഴിച്ച് ശൈവ മതദർശനത്തിനും ഭക്തിക്കും കളമൊരുക്കി. വൈക്കം മുതൽ ചെങ്ങന്നൂരു വരെ തിരുവാചകത്തിന്റെ കാന്തവലയത്തിൽ അകപ്പെട്ടിരുന്നത്രെ. തിരുവായകം ആണത്രെ തിരുവൈക്കം ആയത് എന്നും പാഠഭേദങ്ങൾ. അലഞ്ഞു തിരിഞ്ഞു നടക്കുന്ന അവധൂതൻമാരും ശിവയോഗികളുമൊക്കെ അരനൂറ്റാണ്ടുവരെ തിരുനക്കരയിലെ സാന്നിധ്യമായിരുന്നത് ഒരുപക്ഷേ, പുരാതന ശൈവസങ്കേതമെന്നതിന്റെ തുടർച്ചയായി കരുതാം. രണ്ടാം ചേരവാഴ്ചയുടെ അന്ത്യപാദത്തിൽ നമ്പൂതിരി ബ്രാഹ്മണ ഗ്രാമങ്ങളുടെ വികാസവും ഭരണ സ്ഥാപനങ്ങളായ തളികളുടെ പുനർവിന്യാസവും ശൈവമത പ്രചരണത്തിന് കൂടുതൽ വേരോട്ടമുണ്ടാക്കി. പതിനെട്ടര തളികളിൽ ഒന്ന് സ്ഥാപിക്കപ്പെട്ടത് കോട്ടയത്തായിരുന്നു എന്നതിനും ചരിത്രപരമായി പ്രസക്തിയുണ്ട്.
ക്ഷേത്രം സ്ഥാപിക്കപ്പെട്ടതുമായി ബന്ധപ്പെട്ട ഐതിഹ്യം പറയുന്നത് ഇപ്രകാരമാണ്. പതിനഞ്ചാം നൂറ്റാണ്ടിൽ വെന്നിമല വിട്ട് തെക്കുംകൂർ രാജവംശം തളിയന്താനപുരം ആസ്ഥാനമാക്കി കോട്ടകൊത്തളങ്ങൾ കെട്ടി രാജധാനി സ്ഥാപിച്ച് ഭരണം തുടങ്ങി. കോട്ട വന്നതോടെ സ്ഥലനാമം കോട്ടയമായി. പതിനാറാം നൂറ്റാണ്ടിലെ ഇരവിവർമ്മ എന്ന ഒരു തെക്കുംകൂർ രാജാവ് കടുത്ത ശിവഭക്തനായിരുന്നു. തൃശ്ശിവപേരൂരിൽ വടക്കുന്നാഥനെ ഉപാസിച്ചിരുന്ന അദ്ദേഹം വാർദ്ധക്യത്തിന്റെ പരാധീനതകൾ കലശലായതോടെ തൃശ്ശൂരിലെത്തി ഭജിക്കുന്നതിന് വിഷമിച്ചു. അവസാന തവണ തൃശ്ശൂരിൽ ദർശനം നടത്തിയ ശേഷം അവിടെ രാത്രി തങ്ങിയപ്പോൾ സ്വപ്നദർശനമുണ്ടായി. വടക്കുന്നാഥന്റെ സാന്നിധ്യം തന്റെ സ്വദേശത്തു തന്നെ ഉണ്ടാകുമെന്നും അതിന് തെളിവായി ഒരു വെള്ളച്ചെത്തിയും അയ വെട്ടുന്ന കാളയും ദർശനമാകുന്ന വേളയിൽ അടുത്തു കാണുമെന്നും അവിടെ തന്നെ ഭജിച്ചാൽ മതിയെന്നും വടക്കുന്നാഥൻ അരുളുന്നതായി സ്വപ്നത്തിൽ ദൃശ്യമായി. അദ്ദേഹം തിരിച്ചുപോന്ന് അധികം വൈകാതെ തിരുനക്കരക്കുന്നിൽ ലിംഗരൂപത്തിൽ പ്രതിഷ്ഠ സ്വയംഭൂവായി കാണപ്പെട്ടു എന്നുമാണ് ഐതിഹ്യം.
ക്ഷേത്രസ്ഥാപനത്തിന് മുമ്പ് തിരുനക്കരയിലെ തടാകക്കരയിൽ ശങ്കരാചാര്യരുടെ ശിഷ്യനായ തോടകാചാര്യരാൽ സ്ഥാപിതമായി എന്നു കരുതുന്ന സ്വാമിയാർമഠം ഉണ്ടായിരുന്നു. സ്വാമിയാർമഠത്തിലെ ഊട്ടുകാര്യങ്ങൾക്കായി പച്ചക്കറികളും കിഴങ്ങുവർഗ്ഗങ്ങളും തിരുനക്കര കുന്നിൽ നട്ടുപിടിപ്പിച്ചിരുന്നു.സംഭവ ദിവസം പ്രശസ്തനായ വില്വമംഗലത്ത് സ്വാമിയാർ (ഈ സ്വാമിയാർ വിവിധ ഐതിഹ്യകഥകളിൽ വിവിധ നൂറ്റാണ്ടുകളിലായി പ്രത്യക്ഷപ്പെടുന്നുണ്ട് ) വൈക്കത്ത് ഒരു മുറജപത്തിന് ശേഷം സ്വാമിയാർ മoത്തിൽ എത്തിയതാണ്. സ്വന്തം പെൺമക്കളെ കെട്ടിച്ചയയ്ക്കാൻ നിവൃത്തിയില്ലാതെ വിഷമിച്ച പെരേപ്പറമ്പ് നമ്പൂതിരി എന്ന സാധു ബ്രാഹ്മണനെയും കൂട്ടിയാണ് സ്വാമിയാർ എത്തിയത്. സ്വാമിയാരുടെ ആഗമനത്തിന് വിഭവസമൃദ്ധമായ സദ്യ ഒരുക്കുന്നതിന് കിഴങ്ങു മാന്തിയെടുത്തവരാണ് ശിവലിംഗം കണ്ടത്. വിവരമറിഞ്ഞ് തളിക്കോട്ടയിൽ നിന്ന് എത്തിയ രാജാവ് വെള്ളച്ചെത്തിയും അയ വെട്ടുന്ന വൃഷഭനെയും കണ്ട് സ്വപ്നം യാഥാർത്ഥ്യമായതായി അറിഞ്ഞ് സന്തോഷിച്ചു.
രാജാവിന്റെ സാന്നിധ്യത്തിൽ വില്വമംഗലത്ത് സ്വാമിയാരുടെ കാർമ്മികത്വത്തിൽ പെരേപ്പറമ്പു നമ്പൂതിരിയെ കൊണ്ട് ഉടൻ തന്നെ പൂജ കഴിപ്പിച്ചു. അധികം വൈകാതെ രാജാവ് ക്ഷേത്രവും പണികഴിപ്പിച്ചു എന്ന് ഐതിഹ്യമാലയിൽ രേഖപ്പെടുത്തിയിരിക്കുന്നു. പെരേപ്പറമ്പു നമ്പൂതിരിയെ ശാന്തിയായി നിശ്ചയിച്ചതോടെ അദ്ദേഹത്തിന്റെ ദാരിദ്രാവസ്ഥ മാറി മക്കളെ കെട്ടിച്ചയയ്ക്കാനായി എന്നും കാണുന്നു.
ക്ഷേത്രത്തിൽ കാണപ്പെട്ട കാള ക്ഷേത്രസങ്കേതത്തിലും പരിസരങ്ങളിലുമായി വിഹരിച്ചു വന്നു. പിൽക്കാലത്ത് ഭക്തന്മാർ നടയിരുത്തിയ കാളകളെ കൊണ്ട് ക്ഷേത്രസങ്കേതം സമ്പന്നമായിരുന്നു. കോട്ടയം പട്ടണത്തിൽ യഥേഷ്ടം വിഹരിച്ച ആനയോളം തലയെടുപ്പുള്ള നീലാണ്ടനെ പഴയ തലമുറയ്ക് മറക്കാനാവില്ല!
ക്ഷേത്രം നിർമ്മിച്ച് അടിയന്തിരങ്ങളും നിശ്ചയിച്ച് സ്ഥപതിക്കും തന്ത്രിയ്ക്കും ക്ഷേത്രോപജീവികളായ ശാന്തിക്കും കഴകക്കാർക്കും അമ്പലവാസികൾക്കുമൊക്കെ രാജാവ് ഉചിതമായ അനുഭവങ്ങൾ അനുവദിച്ചിട്ടും ഐതിഹ്യത്തിൽ പറയുന്ന കാളയെ തീറ്റു പോറ്റുന്നതിനു വേണ്ടി ഒന്നും ചെയ്തില്ലത്രേ. രാത്രികാലങ്ങളിൽ ഈ കാള വേളൂരിൽ കോവിലകം വക എരുത്തിന് പടിഞ്ഞാറും മുഞ്ഞനാട്ടുകളരിയുടെ കിഴക്കുമായി ഉള്ള ഒരു വയലിലിറങ്ങി പച്ചനെല്ല് തിന്നുന്നതു കണ്ട് കൃഷിപ്പണിക്കാരൻ കട്ടയെടുത്ത് എറിഞ്ഞ് ഓടിച്ചു. കാള ദേഹത്തേറ്റ പരിക്കുകളോടെ ക്ഷേത്രത്തിലെത്തി കിടന്നു. ഭക്തർ ഇതുകണ്ട് വ്യസനിച്ചു. ഈ കാളയുടെ കാര്യത്തിനായി താനൊന്നും അനുവദിച്ചില്ലല്ലോ എന്ന് സ്വയം തിരിച്ചറിഞ്ഞ രാജാവ് കാളയ്ക്കായി മേൽപറഞ്ഞ നെൽവയൽ എഴുതിവച്ചു. അവിടെ വിളയുന്ന നെല്ല് വിറ്റു കിട്ടുന്ന തുക കാളയുടെ ഭക്ഷണത്തിനും പരിരക്ഷയ്ക്കുമായി വകയിരുത്തി എന്ന് പറയപ്പെടുന്നു. ആ വയൽ കാളക്കണ്ടം എന്ന പേരിൽ ഇന്നും അറിയപ്പെടുന്നു. ഇന്ന് ആ സ്ഥലം അന്യാധീനപ്പെട്ടു പോയി.
ക്ഷേത്രം സ്ഥാപിക്കപ്പെട്ടതോടെ തിരുനക്കരയിലെ കാടുകൾ വെട്ടിത്തെളിച്ച് വിവിധ പ്രദേശങ്ങളിൽ നിന്ന് ജനങ്ങൾ കുടിയേറി പാർപ്പ് ആരംഭിച്ചു. കോട്ടയം പട്ടണം അക്കാലത്ത് തിരുനക്കരയുടെ പടിഞ്ഞാറു ഭാഗത്ത് തളിക്കോട്ട ആസ്ഥാനമായി ആയിരുന്നല്ലോ.1650 ൽ സ്ഥാപിക്കപ്പെട്ട പുത്തനങ്ങാടിയുടെ വളർച്ചയോടെ തിരുനക്കരയും പട്ടണത്തിന്റെ ഭാഗമെന്ന നിലയിൽ വികാസം പ്രാപിച്ചു തുടങ്ങി. കോട്ടയത്ത് നിന്ന് കിഴക്കൻ ദേശങ്ങളിലേയ്ക്കും തെക്കുവടക്കുമായുള്ള നാട്ടുവഴികൾ കാളവണ്ടികൾ സഞ്ചരിക്കും വിധം പരിഷ്കരിക്കപ്പെട്ടു.
പത്താം നൂറ്റാണ്ടിൽ സ്ഥാപിതമായ കോട്ടയം തളിയാണ് പട്ടണത്തിലെ ആദ്യത്തെ ശിവക്ഷേത്രം. പതിനാലാം നൂറ്റാണ്ടിൽ തളിയിൽ ക്ഷേത്രം പുതുക്കിപ്പണിയാൻ അന്നത്തെ തെക്കുംകൂർ രാജാവ് വരുത്തിയ വിശ്വകർമ്മജരെയാണ് തിരുനക്കരയിൽ ആദ്യമായി കുടി പാർപ്പിച്ചത്. സ്വാമിയാർ മഠത്തിനടുത്ത് താമസിപ്പിച്ചതിനാൽ മoത്തിങ്കൽ എന്ന പേരിൽ ആ കുടുംബക്കാർ പിന്നീട് അറിയപ്പെട്ടു. അവർക്കൊപ്പം കൊല്ലപ്പണിക്കാർ, കൽപ്പണിക്കർ ഒക്കെയും അടുത്തു തന്നെ പാർത്തു. ക്ഷേത്രഭരണ കാര്യത്തിനായി മൂത്തതുമാർ, വാര്യർമാർ, നായൻമാർ, തമിഴ് ബ്രാഹ്മണർ എന്നീ ജനവിഭാഗങ്ങളും ക്രമേണ എത്തിത്തുടങ്ങി.
തിരുനക്കര മഹാദേവരുടെ സ്വാധീനം കിഴക്ക് കുമളി വരെയെന്നായിരുന്നു സങ്കല്പം. ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനം തിരുനക്കരയപ്പനും മാതൃസ്ഥാനം അമ്പലപ്പുഴ ശ്രീകൃഷ്ണനുമെന്നും ഒരു ചൊല്ല് കേട്ടിട്ടുണ്ട്. ശബരിമല തീർത്ഥാടകർ മൂന്നു നൂറ്റാണ്ടുകൾക്ക് മുമ്പുവരെ തിരുനക്കര ക്ഷേത്രം സന്ദർശിച്ച ശേഷമേ ശബരിമലയിലേയ്ക്ക് പോയിരുന്നുള്ളൂ. ഇന്നതൊക്കെ മാറി.
ഇന്നു കാണുന്ന നിലയിൽ ക്ഷേത്രം പുതുക്കിപ്പണിതത് AD 1674 മുതൽ 1691 വരെ ഭരണത്തിലിരുന്ന ഉണ്ണിക്കേരളവർമ്മ എന്ന തെക്കുംകൂർ രാജാവിന്റെ കാലത്താകാം എന്നു കരുതാം. തുല്യ വലിപ്പത്തിലുള്ള ഗോപുരങ്ങളും വിശേഷപ്പെട്ട കൂത്തമ്പലവുമൊക്കെ പണിതുയർത്തി മഹാക്ഷേത്രങ്ങളുടെ നിരയിലേയ്ക്ക് തിരുനക്കരയെ എത്തിച്ചത് അങ്ങനെയാകാം.
തിരുനക്കരക്കുന്നിന്റെ വടക്കേ ചെരിവ് പിൽക്കാലത്ത് കേരളപുരം എന്നാണ് അറിയപ്പെട്ടത്. തിരുനക്കരയിലെ പൊയ്ക കുളമാക്കി പരിഷ്കരിക്കുകയും കേരളപുരംകുളം എന്ന് അറിയപ്പെടുകയും ചെയ്തു. ക്ഷേത്രത്തിന്റെ വടക്കേ ചെരുവിൽ തെക്കുംകൂർ രാജാവ് ഒരു കോവിലകം സ്ഥാപിച്ചു. ഉണ്ണിക്കേരള വർമ്മയുടെ സ്മരണാർത്ഥമായി കേരളപുരം കൊട്ടാരം എന്ന് ആ കോവിലകം അറിയപ്പെട്ടു. തെക്കുംകൂർ രാജാക്കന്മാരുടെ കുലദൈവമായ ശാസ്താവിനെ കുളത്തിന്റെ പടിഞ്ഞാറേ കരയിലും പരദേവതയായ ചെറുവള്ളിക്കാവ് ഭഗവതിയെ കോവിലകത്തോട് ചേർത്തും ക്ഷേത്രമുണ്ടാക്കി പ്രതിഷ്ഠിച്ചിരുന്നു. പിൽക്കാലത്ത് ശാസ്താവിന്റെ പ്രതിഷ്ഠ തിരുനക്കര ക്ഷേത്രത്തിന്റെ തെക്കുഭാഗത്തായി ഉപദേവാലയം പണിത് മാറ്റി പുനപ്രതിഷ്ഠിച്ചു. ചെറുവള്ളിക്കാവ് ക്ഷേത്രം അനേകകാലം ജീർണ്ണിച്ചു കിടന്നത് അടുത്തകാലത്തായി പുനരുദ്ധരിച്ചിട്ടുണ്ട്. കോവിലകം സ്ഥിതി ചെയ്തിരുന്ന പുരയിടത്തിൽ നിരവധി വീടുകൾ വന്നു കഴിഞ്ഞിരിക്കുന്നു!
തിരുനക്കര മഹാദേവൻ കുടുംബസ്ഥനായാണ് കുടികൊള്ളുന്നതെന്ന് സങ്കല്പം. ലഘുവും ദീർഘവുമായ ബിംബത്തെ സ്വർണ്ണക്കവചം കൊണ്ടു മൂടിയിരിക്കുന്നു. ദീപാരാധന സമയത്ത് പുറത്ത് എത്ര പ്രകാശമുണ്ടോ അത്രയും തന്നെ പ്രകാശം ചുറ്റമ്പലത്തിനുള്ളിലുമുണ്ടാകും എന്നത് വാസ്തുപരമായ പ്രത്യേകതയാണ്. കിഴക്കേ ഗോപുരത്തിന് പുറത്തു നിന്നും പ്രതിഷ്ഠാബിംബം ദർശിക്കാനാവും എന്നതും സവിശേഷതയാണ്. കേരളത്തിലെ ക്ഷേത്രങ്ങളുടെ വാസ്തുപരമായ സവിശേഷകള്‍ പഠിക്കുന്നവര്‍ക്ക് ഉത്തമമാതൃകയാണ് തിരുനക്കര മഹാദേവക്ഷേത്രം എന്ന് പ്രസിദ്ധരായ വാസ്തുവിദഗ്ദര്‍ പറഞ്ഞിട്ടുണ്ട്. പണ്ടൊരിക്കല്‍ ഒരു കൊച്ചിരാജാവ് തിരുനക്കരക്ഷേത്രത്തില്‍ തൊഴാനെത്തിയപ്പോള്‍ ഇത്രയും ആകാരഭംഗിയുള്ള ഒരു ക്ഷേത്രവും കണ്ടിട്ടില്ല എന്ന് പറഞ്ഞുവത്രേ.
ശ്രീകോവിലിനു ചുറ്റും തെക്കുംകൂർ രാജവാഴ്ചക്കാലത്ത് വരച്ച ചുവർചിത്രങ്ങൾ അശ്രദ്ധമായി പുനരാലേഖനം ചെയ്തതു മൂലം സ്വാഭാവികഭംഗി നഷ്ടപ്പെട്ട അവസ്ഥയിലാണ്.
ഗണപതി, ധർമ്മശാസ്താവ്, നാഗദേവതകൾ, ഭദ്രകാളി, സുബ്രഹ്മണ്യൻ, വടക്കുംനാഥൻ, ഭഗവതി, ബ്രഹ്മരക്ഷസ് എന്നിവർക്കായി ഉപദേവാലയങ്ങൾ.
ബ്രഹ്മരക്ഷസിനെ പറ്റി പറഞ്ഞു കേൾക്കുന്ന കഥ ഇങ്ങനെയാണ്:
ക്ഷേത്രത്തിന്റെ നോക്കി നടത്തിപ്പു ചുമതലയുണ്ടായിരുന്ന മൂത്തത് ഒരു തെക്കുംകൂർ രാജാവിന്റെ സുഹൃത്തു കൂടിയായിരുന്നു. ക്ഷേത്രത്തിലെ പണികൾ കഴിഞ്ഞാൽ ഉച്ചയോടെ മൂത്തത് തളിക്കോട്ടയിലെ ഇടത്തിൽ കോവിലകത്തെത്തും. രാജാവുമായി വെടിവട്ടവും ചതുരംഗാദി വിനോദങ്ങളുമായി സായാഹ്നം വരെ അവിടെ കഴിയും. സുന്ദരനും സരസമായ സംഭാഷണ ചാതുര്യവുമുള്ളവനുമായ മൂത്തത് രാജാവിന്റെ കെട്ടിലമ്മയുടെയും ഇഷ്ടക്കാരനായി. ആ ഇഷ്ടം അതിരു കടന്നു. അത് രാജാവിന്റെ കാതിലെത്തിയപ്പോഴേയ്ക്കും മൂത്തത് രക്ഷപ്പെട്ടിരുന്നു. മൂത്തത് ക്ഷേത്രത്തിന് പുറത്തിറങ്ങാതെ അകത്തു തന്നെയിരുന്നു. കോപിഷ്ഠനായ രാജാവ് മൂത്തത് വൈകിട്ട് ശീവേലി എഴുന്നെളളിക്കാൻ ഇറങ്ങുന്ന നേരം കൊന്നുകളയാൻ ഭടന്മാരെ അയച്ചു. ചാരന്മാർ മൂലം ഇതറിഞ്ഞ മൂത്തത് തലവേദന അഭിനയിച്ച് കീഴ്ശാന്തിക്കാരനായ മാങ്ങാനത്തുള്ള ഒരു നമ്പൂതിരിയോട് ശീവേലിബിംബം പകരത്തിന് എടുക്കാമോ എന്ന് ചോദിച്ചു. ആ സാധു ബ്രാഹ്മണൻ അത് ഏറ്റു. ശീവേലിബിംബം എഴുന്നെള്ളിച്ച നമ്പൂതിരിയെ മൂത്തതാണ് എന്ന് തെറ്റിദ്ധരിച്ച് ഭടൻമാർ ചാടിവീണ് തലവെട്ടി കൊലപ്പെടുത്തി. ബ്രാഹ്മണന്റെ തല ക്ഷണം വേർപെട്ട് കേരളപുരത്തേയ്ക്ക് ഉരുണ്ടുപോയി എന്നാണ് കേൾക്കുന്നത്. പിറ്റേന്നു രാവിലെ മരണവിവരമറിഞ്ഞ് അലമുറയിട്ട് പാഞ്ഞെത്തിയ നമ്പൂതിരിയുടെ അന്തർജനം ക്ഷേത്രത്തിന് മുന്നിൽ വന്ന് ഇതിനു കാരണമായവർ മുടിഞ്ഞു പോകട്ടെ എന്നു ശപിച്ച ശേഷം ആത്മാഹൂതി ചെയ്തുവത്രെ. അതിന്റെ ഫലമാണത്രേ AD 1749 ൽ തെക്കുംകൂർ രാജ്യം അസ്തമിച്ചതും അധികാരമില്ലാത്ത അഭയാർത്ഥികളായി രാജകുടുംബം മാറിയതെന്നും ചിലരുടെ ഭാഷ്യം. മൂത്തതിന്റെ കുടുംബത്തിനും ദുർദശ ഉണ്ടായത്രെ. കൊല്ലപ്പെട്ട ബ്രാഹ്മണന്റെ ആത്മാവിനെ ആവാഹിച്ചാണ് ബ്രഹ്മരക്ഷസായി കുടിയിരുത്തിയത്. അന്തർജനങ്ങൾ തിരുനക്കര ക്ഷേത്രത്തിൽ പണ്ടുകാലത്ത് കയറാതിരുന്നത് ഇതിനാലാണത്രെ.
AD 1877 ൽ കോട്ടയം ഡിവിഷന്റെ ദിവാൻ പേഷ്കാരായി ചാർജെടുത്ത സർ.ടി.രാമറാവുവാണ് തിരുനക്കര ആസ്ഥാനമാക്കി കോട്ടയം പട്ടണം പുനർസംവിധാനം ചെയ്തത്. തിരുനക്കരയുടെ വടക്ക് വയസ്കരയിൽ ഹജൂർ കച്ചേരിയും തിരുനക്കര ചന്തയും സ്ഥാപിച്ചു.തിരുനക്കര ആസ്ഥാനമായി കോട്ടയം പട്ടണം വിപുലികരിക്കുന്ന പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിവച്ചത് അദ്ദേഹമാണ്. അതുകൊണ്ടു തന്നെ ആധുനിക കോട്ടയത്തിന്റെ ശില്പി എന്നും അദ്ദേഹം അറിയപ്പെടുന്നു. തിരുനക്കര ക്ഷേത്രത്തിന്റെ നടത്തിപ്പിനായി സർക്കാർ ധനസഹായവും ഉത്സവാടിയന്തിരങ്ങൾക്ക് പ്രത്യേക സംവിധാനങ്ങളും അദ്ദേഹം ഏർപ്പാടാക്കി. ഉത്സവത്തോടനബന്ധിച്ച് അദ്ദേഹം തുടങ്ങിവച്ച കാർഷിക പ്രദർശനവും കാലിച്ചന്തയും പിൽക്കാലത്ത് നിലച്ചുപോയി.
തിരുനക്കരയുടെ പുരാവൃത്തത്തിൽ മറ്റു ചിലരെയും പരാമർശിക്കാതെ പോകുന്നത് ശരിയല്ല. ഒരാൾ തിരുനക്കര കൊച്ചുകൊമ്പൻ. ഒരു കാലത്ത് കേരളത്തിലെ ഏറ്റവും പൊക്കവും തലയെടുപ്പുമുണ്ടായിരുന്ന കൊമ്പനാന! കൊച്ചു കൊമ്പൻ തിരുനക്കരയപ്പന്റെ ഉത്തമ സേവകനായിരുന്നു. പുതിയ തലമുറയിലുള്ളവരിൽ ചിലരെങ്കിലും കൊച്ചുകൊമ്പനെ കുറിച്ച് കേട്ടറിഞ്ഞിരിക്കും. കൊച്ചുകൊമ്പന്റെ ഉജ്വലമായ രണ്ടു ഫോട്ടോഗ്രാഫുകൾ ക്ഷേത്രത്തിന്റെ മുഖമണ്ഡപത്തിൽ സ്ഥാപിച്ചിരിക്കുന്നതു കാണാം. മൂന്നാം വയസ്സിൽ തിരുവാർപ്പ് ക്ഷേത്രത്തിൽ തിരുവിതാംകൂറിലെ അന്നത്തെ ഇളയരാജാവായിരുന്ന അശ്വതി തിരുനാൾ നടയ്ക്കുവച്ച ത്രിവിക്രമനെ നാട്ടുകാർ വിളിച്ച വിളിപ്പേരാണ് കൊച്ചുകൊമ്പൻ. തിരുവാർപ്പിലെ പുളിമണ്ണ് പാദങ്ങൾക്ക് നല്ലതല്ല എന്ന് വാദിച്ച് ആനയെ തിരുനക്കരയിലേയ്ക്ക് കൂട്ടിക്കൊണ്ടുവരുകയാണത്രേ ഉണ്ടായിരുന്നത്. ശാന്തശീലനായിരുന്ന കൊച്ചുകൊമ്പന് അബദ്ധവശാൽ ഒരു പാപ്പാനെ കൊല്ലാൻ ഇടയായിട്ടുണ്ട്. രണ്ടു പ്രാവശ്യം മദമിളകി കുമ്മനം പ്രദേശത്ത് പരിഭ്രാന്തി പരത്തി അവൻ ഓടിനടന്നു. മജിസ്ട്രേറ്റ് വെടിവെച്ചു കൊല്ലാൻ ഓർഡർ നൽകിയതാണ്.അതിനിടെ ഒരു മുസ്ലിംസ്ത്രീ തന്റെ സ്വാന്തനവചനങ്ങളാൽ കൊച്ചുകൊമ്പനെ അനുനയിപ്പിച്ച് നിർത്തി പാപ്പാന്മാരെ കൊണ്ടു തളച്ചു!1972 ലാണ് കൊച്ചുകൊമ്പൻ ചരിഞ്ഞത്.
തിരുവാർപ്പിലെ പ്രധാന ഉത്സവവിശേഷമായ അഞ്ചാം പുറപ്പാടിന് സ്വർണ്ണക്കോലമേന്തി വെറ്റില പറന്നുവീഴുന്ന മസ്തക വിരിവോടെ ഭഗവതി ക്ഷേത്രത്തിലേയ്ക്ക് എഴുന്നെള്ളി വരുന്ന കൊച്ചുകൊമ്പന്റെ മായാത്ത രൂപം ഇന്നും ഈ ലേഖകൻ മനസ്സിൽ സൂക്ഷിക്കുന്നു. കൊച്ചുകൊമ്പന്റെ കഥകൾ കേട്ട് രോമാഞ്ചമണിഞ്ഞിരുന്ന ഒരു ബാല്യമായിരുന്നു അത്. തിടമ്പേറ്റിയ കൊച്ചുകൊമ്പന്റെ ഇരുവശത്തും നിൽക്കുന്ന ആനകൾ കൊച്ചുകൊമ്പനുമായി താരതമ്യപ്പെടുത്തിയാൽ വെറും പോത്തുകൾ കണക്കെയാണ് അന്ന് തോന്നിയിരുന്നത്. ചെരിഞ്ഞ കൊച്ചു കൊമ്പനെ അറത്തുമുറിച്ചാണ് ദഹിപ്പിക്കാൻ കൊണ്ടുപോയത് എന്നു കേട്ട് കരഞ്ഞതും ഓർമ്മയിലുണ്ട്.
കൊച്ചുകൊമ്പനു ശേഷം തിരുനക്കരയിൽ നടയിരുത്തിയ വിശ്വനാഥൻ എന്ന ആനയെ ചട്ടം പഠിപ്പിക്കുന്നു എന്ന പേരിൽ മദ്യപിച്ച് മദോന്മത്തരായ ഒരു പറ്റം ക്രൂരജന്തുക്കൾ അടിച്ചു കുത്തിയും ക്ഷേത്രസങ്കേതത്തിൽ വച്ചു തന്നെ ദാരുണമായി കൊലപ്പെടുത്തുകയാണുണ്ടായത്.
പിൽക്കാലത്ത് നടയിരുത്തിയ ശിവനാണ് ഇപ്പോൾ തിരുനക്കരയിലെ ദേവസ്വം വക ആന. മികച്ച ആകാരഭംഗിയുള്ള ശിവൻ ഏറ്റവും വലിപ്പമേറിയ ചെവിയുള്ള ആനയാണ്. മീനത്തിലെ ഉത്സവകാലത്ത് മദപ്പാടാകയാൽ തിരുനക്കര ഉത്സവത്തിന് തിടമ്പേറ്റാനുള്ള അവസരം ശിവനുണ്ടാകാറില്ല.
മൂന്നു ഉത്സവമാണ് തിരുനക്കരയിലുള്ളതെങ്കിലും മീനമാസം ഒന്നാം തീയതി കൊടിയേറി പത്തു ദിവസത്തെ ഉത്സവമാണ്. ആറാട്ടാണ് പ്രധാനം. കാരാപ്പുഴ അമ്പലക്കടവിലാണ് ആറാട്ടുകുളി. പ്രധാന ഉത്സവത്തിന് ഒഴുക്കു നീറ്റിൽ നീരാട്ട് എന്നാണ് പരമ്പരാഗതമായി നിശ്ചയിച്ചിട്ടുള്ളതെങ്കിലും തെക്കുംകൂർ രാജാക്കൻമാരുടെ സഞ്ചാര ജലപാതയായി രുന്ന പള്ളിക്കോണം -കാരാപ്പുഴത്തോട് ഒഴുക്ക് നിലച്ച് മാലിന്യവാഹിനിയായതോടെ അരികിലൊരു കുളംകുത്തി അതിൽ ആറാടാനുള്ള ദുരവസ്ഥയാണ് ഉള്ളത്. ക്ഷേത്രകാര്യങ്ങളിലും ആരാധനാകാര്യങ്ങളിലും പണ്ടത്തെക്കാൾ കൂടുതൽ ശ്രദ്ധ വയ്ക്കുന്ന ഭക്തജനങ്ങൾ തോടിന്റെ ദുരവസ്ഥ മാറ്റി ഒഴുക്കുനീറ്റിൽ ആറാടാൻ ഭഗവാന് അവസരമൊരുക്കി കൊടുക്കാൻ തയ്യാറാവാത്തത് എന്ത് എന്ന സംശയം മാത്രം ബാക്കി നിൽക്കുന്നു.

No comments:

Post a Comment