Tuesday 19 June 2018

ഹിറ്റ്‌ലറോട് ഏറ്റുമുട്ടിയ ഡോ. ചെമ്പകരാമന്‍ പിള്ള





ഹിറ്റ്‌ലറോട് ഏറ്റുമുട്ടിയ ഡോ. ചെമ്പകരാമന്‍ പിള്ള ഇവിടെ ജീവിച്ചിരുന്നു.(മെയ് 26ന് ചെമ്പകരാമന പിള്ളയുടെ ചരമദിനം)
ഇന്ത്യന്‍ ജനതയുടെ ആത്മാഭിമാനത്തിന്റെയും രാജ്യസ്‌നേഹത്തിന്റെയും ശബ്ദമാണ് 'ജയ്ഹിന്ദ്'. ആ ശബ്ദത്തിന്റെ ഉടമ ഡോ. ചെമ്പകരാമന്‍ പിള്ളയാണെന്ന് എത്രപേര്‍ ഓര്‍ക്കുന്നു. ഇന്ത്യക്ക് എതിരായി പ്രസംഗിച്ച നാസി നേതാവും ജര്‍മ്മനിയിലെ ഏകാധിപതിയുമായ അഡോള്‍ഫ് ഹിറ്റ്‌ലറെ കൊണ്ട് മാപ്പ് പറയിച്ച ധീരന്‍, ബ്രിട്ടീഷ്‌കാരില്‍ നിന്നും ഇന്ത്യയെ മോചിപ്പിക്കാന്‍ 1915 ല്‍ കാബൂള്‍ ആസ്ഥാനമാക്കി ആദ്യത്തെ സര്‍ക്കാര്‍ സ്ഥാപിച്ചപ്പോള്‍ അതിലെ വിദേശകാര്യമന്ത്രി, മര്‍ദ്ദിത ജനങ്ങളുടെ വിമോചനത്തിന് എമേഴ്‌സനുമായി ചേര്‍ന്ന് 'ലീഗ് ഓഫ് ദ ഒപ്രസ്ഡ് പീപ്പിള്‍' എന്ന സംഘടന ഉണ്ടാക്കി പ്രവര്‍ത്തിച്ച മനുഷ്യസ്‌നേഹി, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ഇന്ത്യക്ക് പുറത്ത് ഒരു സേന രൂപവത്കരിക്കാന്‍ സുഭാഷ് ചന്ദ്രബോസിന് മാര്‍ഗനിര്‍ദ്ദേശം നല്‍കിയ സ്വാതന്ത്ര്യപ്രേമി, അമേരിക്കന്‍ പ്രസിഡന്റ് വുഡ്രോവിത്സനെ കണ്ട് നീഗ്രോകളുടെ പ്രശ്‌നം ചര്‍ച്ച ചെയ്ത നേതാവ്, ഒന്നാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ്‌കാര്‍ക്ക് പേടിസ്വപ്‌നമായ എംഡന്‍ എന്ന കപ്പലില്‍ ഉപസേനാമേധാവിയായി പ്രവര്‍ത്തിച്ച ധീരന്‍, ഗാന്ധിജി, സുഭാഷ്ചന്ദ്ര ബോസ്, ജവഹര്‍ലാല്‍ നെഹ്‌റു എന്നിവരെ കണ്ട് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെപ്പറ്റി ചര്‍ച്ച ചെയ്ത നേതാവ് തുടങ്ങി എത്രയോ തലത്തില്‍ ഡോ. ചെമ്പകരാമന്‍പിള്ളയെ വിവരിക്കാന്‍ കഴിയും.ഇന്ത്യ കണ്ട ധീരനും പ്രതിഭാശാലിയുമായ നേതാവായിരുന്നു അദ്ദേഹം. വ്യവസായവത്ക്കരണത്തിലൂടെ ഇന്ത്യയെ ഉയര്‍ത്താന്‍ കഴിയുമെന്ന് ആഗ്രഹിച്ച അദ്ദേഹം അതിനുവേണ്ടി ജര്‍മ്മന്‍ സഹായത്തോടെ പല പദ്ധതികളും ആസൂത്രണം ചെയ്തു. അവസാനം നാസികളുടെ അക്രമത്തിന് ഇരയായാണ് ചെമ്പകരാമന്‍പിള്ള ലോകത്തോട് വിടപറഞ്ഞത്.തിരുവനന്തപുരത്തിനടുത്തുള്ള ഗ്രാമത്തില്‍ വെള്ളാളസമുദായത്തില്‍ 1891 സപ്തംബര്‍ 15ന് ജനിച്ച ചെമ്പകരാമന്‍പിള്ളയുടെ പിതാവ് ചിന്നസ്വാമിപിള്ള തിരുവിതാംകൂര്‍ പോലീസ് ഹെഡ്‌കോണ്‍സ്റ്റബിള്‍ ആയിരുന്നു. അമ്മ നാഗമ്മാള്‍. പുത്തന്‍ചന്തയിലെ തമിഴ് സ്‌കൂള്‍, മഹാരാജാസ് സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു പഠനം. ഇപ്പോള്‍ ഏജീസ് ഓഫീസ് സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ പുറകിലായിരുന്നു കുടുംബവീട്. എന്നാല്‍ ഇപ്പോള്‍ വൈ.ഡബ്ല്യു.സി.എ. കെട്ടിടം സ്ഥിതിചെയ്യുന്ന ഭാഗത്തുള്ള ഇടവഴിയിലൂടെ പിള്ള പോകുന്നത് കണ്ടിട്ടുണ്ടെന്നും അവിടെയായിരിക്കാം വീടെന്നും അദ്ദേഹത്തിന്റെ ഗുരുനാഥനും മഹാരാജാസ് സ്‌കൂള്‍ അധ്യാപകനുമായ റാവു സാഹിബ് എം.ഒ. ചെറിയാന്‍ എഴുതിയിട്ടുണ്ട്. 1905 മുതല്‍തന്നെ രാഷ്ട്രീയത്തില്‍ അദ്ദേഹം താത്പര്യം കാട്ടിതുടങ്ങി.1908ല്‍ തിരുവനന്തപുരത്ത് ഭ്രാന്തനെപ്പോലെ വന്ന ഒരു പ്രാണി ശേഖരിക്കുന്ന കോടീശ്വരന്‍ (ഇദ്ദേഹത്തിന്റെ രസകരമായ ജീവിതകഥ പിന്നീട് എഴുതാം) ആണ് പിള്ളയെ വിദേശത്തേക്ക് കൊണ്ടുപോയത്. അദ്ദേഹം ജര്‍മ്മന്‍കാരനായിരുന്നു. ധനാഢ്യനായ അയാള്‍ പിള്ളയെ ജര്‍മ്മനിയിലയച്ച് പഠിപ്പിച്ചു.ഇന്ത്യ വിടുന്നതിന് മുമ്പുതന്നെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തത്പരനായ പിള്ള ജര്‍മ്മനിയുടെ സഹായത്തോടെ ഇന്ത്യയെ ബ്രിട്ടീഷ്‌കാരില്‍ നിന്നും മോചിപ്പിക്കാന്‍ കഴിയുമെന്ന് വിശ്വസിച്ചു. അതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ ജര്‍മ്മനിയും മറ്റ് രാജ്യങ്ങളും കേന്ദ്രീകരിച്ച് അദ്ദേഹം ആരംഭിച്ചു. യുവാവായ പിള്ള ജര്‍മ്മന്‍ ഭാഷയില്‍ അഗാധപാണ്ഡിത്യം നേടി. ആ ഭാഷയില്‍ പ്രധാന വാഗ്മിയായി അദ്ദേഹം ഉയര്‍ന്നു. ജര്‍മ്മന്‍ ഭരണാധികാരികളുടെ ഉറ്റമിത്രമായി അദ്ദേഹം മാറി. 'എംഡന്‍' എന്ന യുദ്ധക്കപ്പലില്‍ ഉപക്യാപ്റ്റനായ പിള്ള ഒന്നാം ലോകമഹായുദ്ധകാലത്ത് ഇന്ത്യന്‍ തീരങ്ങളില്‍ ഇംഗ്ലീഷ്‌കാരുടെ പേടിസ്വപ്‌നമായി മാറി. പിന്നീട് ഒരു മത്സ്യത്തൊഴിലാളിയുടെ വേഷം ധരിച്ച് പിള്ള കേരളത്തിന്റെ ചില ഭാഗങ്ങളില്‍ ഇറങ്ങിയതായും രഹസ്യമായി കൊച്ചി മഹാരാജാവിനെ സന്ദര്‍ശിച്ചതായും പറയുന്നുണ്ട്. പിള്ളയുടെ തലയ്ക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ വന്‍പ്രതിഫലം പ്രഖ്യാപിച്ചുവെങ്കിലും അദ്ദേഹത്തെ തൊടാന്‍ കഴിഞ്ഞില്ല. പിള്ളയെ പിടിക്കാന്‍ 'മാതാഹരി' എന്ന ചാരസുന്ദരിയെ ഇംഗ്ലീഷ്‌കാര്‍ നിയോഗിച്ചിരുന്നതായും പറയുന്നു. എന്നാല്‍ പിള്ളയുടെ നിശ്ചയദാര്‍ഢ്യത്തിന് മുമ്പില്‍ എല്ലാം നിഷ്ഫലമായി.സ്വാതന്ത്ര ഇന്ത്യയായിരുന്നു ചെമ്പകരാമന്‍പിള്ളയുടെ സ്വപ്‌നം. അതിനുവേണ്ടി ജീവന്‍ വെടിയാന്‍പോലും അദ്ദേഹം തയ്യാറായിരുന്നു. എന്നാല്‍ ജര്‍മ്മനിയുടെ സഹായത്തോടെ ഇന്ത്യയെ ഇംഗ്ലീഷുകാരില്‍ നിന്നും മോചിപ്പിക്കാമെന്ന കണക്കുക്കൂട്ടലിന് കോട്ടം സംഭവിച്ചത് ഹിറ്റ്‌ലര്‍ ശക്തിപ്രാപിച്ചതോടെയാണ്. പിന്നീട് ജര്‍മ്മനി മുഴുവന്‍ ഹിറ്റ്‌ലറുടെ കാലടിപ്പാടുകളില്‍ അമര്‍ന്നു. ഭാരതത്തെക്കുറിച്ച് തെറ്റായി പ്രസംഗിച്ച ഹിറ്റ്‌ലറുടെ നടപടിക്ക് എതിരെ നേരത്തെതന്നെ പിള്ള പ്രതിഷേധിച്ചിരുന്നു. ആ ശത്രുത കൂടി കൊണ്ടിരുന്നു. ക്രമേണ നാസികളുടെ കണ്ണിലെ കരടായി പിള്ള മാറി.1931ല്‍ ജര്‍മ്മനിയിലെത്തിയ മണിപ്പൂരിക്കാരി ലക്ഷ്മിഭായിയെ പിള്ള വിവാഹം ചെയ്തു. പിള്ളയുടെ ഉയര്‍ച്ചയില്‍ അസൂയപൂണ്ട നാസികള്‍ അദ്ദേഹത്തെ പീഡിപ്പിക്കാന്‍ തുടങ്ങി. ഒരു പാര്‍ട്ടിയില്‍ പങ്കെടുത്ത അദ്ദേഹത്തിന് അവര്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി. ചികിത്സയ്ക്ക് ഇറ്റലിയില്‍ പോയ പിള്ളയുടെ വസ്തുക്കള്‍ കടത്തിന്റെ പേരില്‍ സര്‍ക്കാര്‍ ജപ്തി ചെയ്തു. അദ്ദേഹത്തിന്റെ വീടും കലാവസ്തുക്കളും നാസികള്‍ കൊള്ളയടിച്ചു. ഇറ്റലിയില്‍ നിന്ന് വന്ന അദ്ദേഹത്തെ നാസികള്‍ അടിച്ചവശനാക്കി. 1934 മെയ് 26ന് നാല്പത്തിമൂന്നാം വയസില്‍ പിള്ള ലോകത്തോട് വിടപറഞ്ഞു. പിള്ളയുടെ ചിതാഭസ്മം ഭാര്യ രഹസ്യമായി ഇന്ത്യയില്‍ കൊണ്ടുവന്നു. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഒരു ഇന്ത്യന്‍ പടക്കപ്പലില്‍ ചിതാഭസ്മം 1966ല്‍ െകാച്ചിയിലെത്തിച്ചു. അവിടെനിന്നും ചിതാഭസ്മം നാഞ്ചനാട്ടിലെ വയലേലകളില്‍ വിതറി. ബാക്കിവന്ന ഭാഗം കന്യാകുമാരിയില്‍ നിമജ്ജനം ചെയ്തു.വിപ്ലവകാരിയായ വഞ്ചി അയ്യര്‍ പഠിച്ചതും ഈ നഗരത്തിലെ കലാലയത്തിലാണ്. ചെമ്പകരാമന്‍ പിള്ളയെപോലെ ബ്രിട്ടീഷ്‌കാരോടുള്ള ദേഷ്യംമൂത്ത് അദ്ദേഹം തിരുനെല്‍വേലി കളക്ടര്‍ റോബര്‍ട്ട് ആഷയെ വെടിവെച്ചുകൊന്നശേഷം ആത്മഹത്യ ചെയ്തു. േഡാ. ചെമ്പകരാമന്‍ പിള്ളയുടെയും വഞ്ചി അയ്യരുടെയും ഓര്‍മ്മകള്‍ നിലനിര്‍ത്താന്‍ ഈ നഗരത്തില്‍ ഒറ്റ സ്മാരകംപോലും ഇല്ല

No comments:

Post a Comment