Wednesday 20 June 2018

മൈക്രോസോഫ്‌റ്റ് ചെയര്‍മാന്‍ ബില്‍ഗേറ്റ്‌

മൈക്രോസോഫ്‌റ്റ് ചെയര്‍മാന്‍ ബില്‍ഗേറ്റ്‌



ചിന്തിക്കാന്‍ കഴിയുന്നതിലും വലിയ സംഖ്യയെയാണ്‌ കാക്കത്തൊള്ളായിരം എന്നു പറയാറ്‌. 487159,20,00,000 അതായത്‌ നാലുലക്ഷത്തി എണ്‍പത്തേഴായിരത്തി ഒരുനൂറ്റി അന്‍പത്തൊന്‍പതുകോടി ഇരുപതുലക്ഷം രൂപ എന്നത്‌ മൈക്രോസോഫ്‌റ്റ് ചെയര്‍മാന്‍ ബില്‍ഗേറ്റ്‌സിന്റെ സമ്പാദ്യമാണ്‌. 79.2 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ എന്നു ചുരുക്കിയും പറയാം. ഭൂമിയിലുള്ള എല്ലാവര്‍ക്കും ആയിരം രൂപാ വീതം ദാനംചെയ്‌താലും മുപ്പതു കോടി രൂപ അദ്ദേഹത്തിന്റെ കയ്യില്‍ മിച്ചമുണ്ടാവുമെന്നാണു കണക്ക്‌.
അതിസമ്പന്നനായ ബില്‍ ഗേറ്റ്‌സ് എന്ന അമ്പത്തെട്ടുകാരന്‍ കമ്പ്യൂട്ടര്‍ സോഫ്‌റ്റ്വെയര്‍ കമ്പനിയായ മൈക്രോസോഫ്‌റ്റിന്റെ സ്‌ഥാപകരില്‍ ഒരാളും നിലവിലെ ചെയര്‍മാനുമാണ്‌. മൈക്രോസോഫ്‌റ്റ് കൂടാതെ കനേഡിയന്‍ റെയില്‍വേ ഉള്‍പ്പെടെ നിരവധി സംരംഭങ്ങളിലും വന്‍കിട കമ്പനികളിലും ബില്‍ഗേറ്റ്‌സ് നിക്ഷേപം നടത്തിയിട്ടുണ്ട്‌. എല്ലായിടത്തുനിന്നുമുള്ള വരുമാനം ബില്‍ഗേറ്റ്‌സിന്റെ സമ്പത്ത്‌ അനുനിമിഷം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നു.
ഈ ലേഖനം വായിച്ചുതീരുന്ന സമയംകൊണ്ട്‌ ഏകദേശം പത്തു ലക്ഷം രൂപ ബില്‍ഗേറ്റ്‌സിന്റെ സമ്പത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ടാവും. തന്റെ സ്വത്തിന്റെ നല്ലൊരുഭാഗവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ്‌ ബില്‍ഗേറ്റ്‌സ് ഇന്നു നീക്കിവച്ചിരിക്കുന്നത്‌. മൂന്നാംലോക രാജ്യങ്ങളിലെ ആരോഗ്യ പരിപാലനരംഗത്താണ്‌ ഭാര്യ മെലിന്‍ഡയുമായിച്ചേര്‍ന്ന്‌ രൂപീകരിച്ച 'ബില്‍ ആന്‍ഡ്‌ മെലിന്‍ഡ' ഫൗണ്ടേഷന്റെ പ്രവര്‍ത്തനം.
അമേരിക്കയിലെ സിയാറ്റിലില്‍ പ്രമുഖ അഭിഭാഷകനായിരുന്ന ഹെന്റി ഗേറ്റ്‌സിന്റെ മകനായാണ്‌ ബില്‍ ജനിച്ചത്‌. മുഴുവന്‍ പേര്‌ വില്യം ഹെന്റി ഗേറ്റ്‌സ് മൂന്നാമന്‍. അമ്മ മേരി മാക്‌സ്വെല്ലിനു ബാങ്കിംഗ്‌ രംഗത്തായിരുന്നു ജോലി. പിതാവിന്റെ വഴിയേ ബില്‍ ഗേറ്റ്‌സിനെയും വക്കീലാക്കണമെന്നായിരുന്നു വീട്ടുകാരുടെ ആഗ്രഹം. തരക്കേടില്ലാത്ത ചുറ്റുപാടിലായിരുന്നു ബില്‍ ഗേറ്റ്‌സിന്റെ ജനനമെങ്കിലും അദ്ദേഹത്തിന്റെ സമ്പത്തിനുപിന്നില്‍ കുടുംബക്കാര്‍ക്കൊന്നും കാര്യമായ റോളില്ല. എല്ലാം സ്വന്തം ബുദ്ധിയിലും അധ്വാനത്തിലും പടുത്തുയര്‍ത്തിയതാണ്‌.
സ്‌ഥിരമായി ഗ്രാമര്‍ പരീക്ഷയ്‌ക്കു തോല്‍ക്കുമായിരുന്നെങ്കിലും കണക്കില്‍ ബഹുമിടുക്കനായ കുട്ടിയായിരുന്നു ബില്‍. എട്ടാം ക്‌ളാസില്‍ പഠിച്ചുകൊണ്ടിരിക്കെ സ്‌കൂളില്‍ പുതുതായി സ്‌ഥാപിച്ച കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനത്തില്‍ ബില്‍ഗേറ്റ്‌ ആകൃഷ്‌ടനായി.
കമ്പ്യൂട്ടര്‍ വിപ്‌ളവത്തിന്റെ തുടക്കകാലമായിരുന്നു അത്‌. പ്രോഗ്രാമിംഗ്‌ ചെയ്‌തു പഠിക്കാന്‍ അവസരം കിട്ടിയ ബില്‍ കൂട്ടുകാര്‍ക്കൊപ്പംചേര്‍ന്ന്‌ കമ്പ്യൂട്ടറുമായി പദപ്രശ്‌നം കളിക്കാനുള്ള ഒരു പ്രോഗ്രാം എഴുതിയുണ്ടാക്കി. ബില്‍ഗേറ്റ്‌സിന്റെ അഭിരുചി തിരിച്ചറിഞ്ഞ അധ്യാപകര്‍ കണക്കു ക്‌ളാസില്‍ കയറുന്നതിനു പകരം കമ്പ്യൂട്ടര്‍ ഉപയോഗിക്കാനുള്ള അനുവാദവും നല്‍കി.
നിശ്‌ചിത സമയം കമ്പ്യൂട്ടര്‍ ഉപയോഗിക്കാനുള്ള അനുമതിയായിരുന്നു സ്‌കൂളിന്‌ കമ്പ്യൂട്ടര്‍ കമ്പനി നല്‍കിയിരുന്നത്‌. എന്നാല്‍ പ്രോഗ്രാമിലെ ഒരു സുരക്ഷാ പഴുതു കണ്ടുപിടിച്ച ബില്‍ഗേറ്റ്‌സും കൂട്ടുകാരും അനുവദിച്ചതിലും കൂടുതല്‍ സമയം കമ്പ്യൂട്ടര്‍ ഉപയോഗിച്ചു. ഇതിനെത്തുടര്‍ന്ന്‌ ബില്ലിനെയും കൂട്ടുകാരെയും ഒരു മാസത്തേക്ക്‌ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതില്‍നിന്നും കമ്പനി വിലക്കി.
പിന്നീട്‌ ബില്‍ ഗേറ്റ്‌സ് കമ്പനിയെ സമീപിച്ച്‌ കമ്പ്യൂട്ടറിലെ സുരാക്ഷാ പിഴവുകള്‍ ഇനിയും കണ്ടുപിടിച്ചുതരാമെന്നും പ്രതിഫലമായി കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ അനുവദിച്ചാല്‍ മതിയെന്നും പറഞ്ഞു. അതു കമ്പനി അംഗീകരിച്ചതോടെ അവരുടെ ഓഫീസിലുള്ള കമ്പ്യൂട്ടറുകള്‍ യഥേഷ്‌ടം ഉപയോഗിക്കാനുള്ള അനുവാദം ബില്‍ ഗേറ്റ്‌സിനുകിട്ടി. അങ്ങനെ ബില്‍ഗേറ്റ്‌സിനുമുന്നില്‍ പ്രോഗ്രാമിംഗിന്റെ വിശാലമായ ലോകം തുറന്നു.
അടുത്ത അധ്യായനവര്‍ഷം കുട്ടികളെ വിവിധ ക്‌ളാസുകളില്‍ ഉള്‍പ്പെടുത്താനുളള ഒരു പ്രോഗ്രാം ചെയ്‌തുകൊടുക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ബില്‍ഗേറ്റ്‌സിനോട്‌ ്ആവശ്യപ്പെട്ടു. പ്രോഗ്രാം ഉണ്ടാക്കി നല്‍കിയെങ്കിലും ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ ഉള്ള ക്‌ളാസില്‍ താനും ഉള്‍പ്പെടാനുള്ള ഒരു സൂത്രപ്പണി ബില്‍ അതില്‍ ഒപ്പിച്ചിട്ടുണ്ടായിരുന്നു.
സ്‌കൂള്‍ പഠനം മികച്ച രീതിയില്‍ പൂര്‍ത്തിയാക്കിയശേഷം ബില്‍ ഗേറ്റ്‌സ് ഹാവാര്‍ഡ്‌ സര്‍വകലാശാലയില്‍ ചേര്‍ന്നു. എന്നാല്‍ ക്‌ളാസില്‍ കയറാതെ കിട്ടുന്ന സമയം മുഴുവനും അവിടുത്തെ കമ്പ്യൂട്ടര്‍ ഉപയോഗിക്കാനായിരുന്നു ചെലവഴിച്ചത്‌. ഇതിനിടയിലും അധ്യാപകരുമായിച്ചേര്‍ന്ന്‌ ചില കുഴയ്‌ക്കുന്ന ഗണിതശാസ്‌ത്ര പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കാനുള്ള വഴികള്‍ ബില്‍ഗേറ്റസ്‌ ആവിഷ്‌കരിച്ചു. ഈ സമയത്തുതന്നെ കൂട്ടുകാരനായ പോള്‍ അലനുമായി ചേര്‍ന്ന്‌ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ ഉണ്ടാക്കി വില്‍ക്കാനും തുടങ്ങിയിരുന്നു.
കമ്പ്യൂട്ടര്‍ രംഗത്ത്‌ വിപ്‌ളവകരമായ മാറ്റങ്ങള്‍ നടക്കുന്ന കാലമായിരുന്നു അത്‌. അതു കണ്ട്‌ വെറുതെയിരിക്കുവാന്‍ ബില്‍ ഗേറ്റ്‌സിനാകുമായിരുന്നില്ല. പഠനം പാതിവഴിക്ക്‌ അവസാനിപ്പിച്ച്‌ സ്വന്തമായി ഒരു സംരംഭം തുടങ്ങാന്‍ അദ്ദേഹം തീരുമാനിച്ചു. മകന്റെ കഴിവില്‍ വിശ്വാസമുണ്ടായിരുന്ന മാതാപിതാക്കള്‍ തീരുമാനത്തെ പിന്തുണച്ചു. തുടര്‍ന്ന്‌ പോള്‍ അലനുമായി ചേര്‍ന്ന്‌ 1975ല്‍ ഒരു ചെറിയ വാടകക്കെട്ടിടത്തില്‍ ബില്‍ ഗേറ്റ്‌സ് മൈക്രോസോഫ്‌റ്റ് ആരംഭിച്ചു.
പിന്നീടുള്ള ചരിത്രം ബില്‍ ഗേറ്റ്‌സിന്റെ വാക്കുകളില്‍ സംഗ്രഹിച്ചാല്‍, ''പഠനകാലത്ത്‌ ഞാന്‍ ചില വിഷയങ്ങളിലൊക്കെ തോറ്റു. എന്റെ സുഹൃത്ത്‌ എല്ലാ പരീക്ഷയിലും ജയിക്കുകയുംചെയ്‌തു. അദ്ദേഹമിപ്പോള്‍ മൈക്രോസോഫ്‌റ്റിലെ ഒരു എന്‍ജിനീയറാണ്‌. ഞാന്‍ അതിന്റെ ഉടമയും...''
പുതിയതായ ഒരു സാങ്കേതികവിദ്യയും ബില്‍ഗേറ്റ്‌സ് കണ്ടുപിടിച്ചില്ല. മൈക്രോസോഫ്‌റ്റിന്റെ ആദ്യത്തെ ഏതാനും വര്‍ഷങ്ങളില്‍ മാത്രമാണ്‌ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ ഉണ്ടാക്കുന്നതില്‍ അദ്ദേഹം നേരിട്ട്‌ ഇടപെട്ടിരുന്നുപോലുമുള്ളൂ. പിന്നീട്‌ കമ്പനിയുടെ നടത്തിപ്പുകാര്യങ്ങളിലും വിപണനത്തിലുമായിരുന്നു ബില്‍ഗേറ്റ്‌സ്‌ ശ്രദ്ധിച്ചത്‌.
ഏറ്റവും അസംതൃപ്‌തനായ ഉപഭോക്‌താവാണ്‌ ഏറ്റവും വലിയ പാഠപുസ്‌തകം എന്നതാണ്‌ ബില്‍ ഗേറ്റ്‌സിന്റെ കാഴ്‌ചപ്പാട്‌. സാങ്കേതികവിദ്യയെ ആളുകള്‍ കാശുമുടക്കി വാങ്ങുന്ന ഉത്‌പന്നമാക്കി മാറ്റാനും എതിരാളികളെ കടത്തിവെട്ടാനുമുള്ള മാനേജ്‌മെന്റ്‌ വൈദഗ്‌ധ്യമാണ്‌ ബില്‍ഗേറ്റ്‌സിനുള്ളത്‌. ആ വൈദഗ്‌ധ്യമാണ്‌ അദ്ദേഹത്തെ അതിസമ്പന്നനും മൈക്രോസോഫ്‌റ്റിനെ ലോകത്തിലെ ഏറ്റവും മികച്ച സ്‌ഥാപനങ്ങളില്‍ ഒന്നുമാക്കിയത്‌

No comments:

Post a Comment