Tuesday 19 June 2018

ടിപ്പുസുൽത്താൻ- 4 ഒന്നാം ആംഗ്ലോമൈസൂർയുദ്ധം




ടിപ്പുസുൽത്താൻ- 4
ഒന്നാം ആംഗ്ലോമൈസൂർയുദ്ധം
........................................................
ഒന്നാം ആംഗ്ലോ മൈസൂർ യുദ്ധം പൊട്ടി പുറപ്പെട്ടവേളയിൽ (1767-69) മൈസൂറിനെതിരായി ഇംഗ്ലീഷ് - മറാത്ത -നൈസാം ത്രികക്ഷി സഖ്യം രൂപം കൊണ്ടു. പക്ഷേ, ഹൈദറിന്റെ സമർത്ഥമായ നയതന്ത്രജ്ഞത, ആദ്യം മറാത്തരെയും പിന്നീട് നൈസാമിനെയും ഇംഗ്ലീഷ് പക്ഷത്തുനിന്നും അടർത്തിമാറ്റുന്നതിൽ വിജയം കാണുകതന്നെ ചെയ്തു .1767 ജൂൺ 11 ന് ചന്ന പട്ടണയിൽ ക്യാമ്പ് ചെയ്ത നൈസാമിന്റെ അടുക്കലേക്ക് കൂടിയാലോചനക്കായി ടിപ്പുവിനെ അയക്കപ്പെട്ടു. മെഹ്ഫൂസ് ഖാനും മിർ അലി റാസയും സുൽത്താനെ അകമ്പടി സേവിച്ചു. നൈസാമിനുള്ള കാഴ്ചദ്രവ്യങ്ങളായി പണവും രത്നങ്ങളും ഒപ്പം ലക്ഷണമൊത്തഅഞ്ച് ആനകളും ചന്തമുള്ള പത്ത് കുതിരകളും ഉണ്ടായിരുന്നു.
പതിനേഴ് വയസ്സുകാരനായ ടിപ്പുവിനെയും സംഘത്തെയും നൈസാം ഊഷ്മളമായി സ്വീകരിച്ചു. സുൽത്താനെ നസീബ്- ഉദ്-ദൗല (രാഷട്രത്തിന്റെ സൗഭാഗ്യം) എന്ന് വിശേഷിപ്പിച്ച അദ്ദേഹo ബഹാദൂർ ബിരുദം നൽകി. നൈസാമുമായുള്ള വിലപേശൽ കൈയ്യൊതുക്കത്തോടെ നിർവ്വഹിച്ച ടിപ്പു അദ്ധേഹത്തെ ബ്രിട്ടീഷ് പക്ഷത്ത് നിന്ന് മാറ്റുക മാത്രമല്ല മൈസൂർ സഖ്യത്തിൽ ചേർക്കുകയും ചെയ്തു. മടക്കയാത്രയിൽ രാജകീയ ഉടയാടകളും രത്നാഭരണങ്ങളും സുൽത്താന് സമ്മാനമായി ലഭിച്ചു.ദൗത്യം വിജയിച്ച സംഘം ശ്രീരംഗപ്പട്ടണത്തേക്ക് തിരിച്ചു. 
ശ്രീരംഗപ്പട്ടണത്തിൽ എത്തിച്ചേർന്ന ഉടനെ ജുൺ 19 ന് ടിപ്പുവിന് ഖാസി ഖാനുമൊത്ത് ദക്ഷിണേന്ത്യയിലെ ബ്രിട്ടീഷ്ശക്തികേന്ദ്രമായ മദ്രാസിനു നേരെ തന്റെ സൈന്യത്തെ നയിക്കാൻ ആജ്ഞ ലഭിച്ചു. മിർ അലി റസാഖാൻ ,മഖ്ദൂം സാഹബ്, മുഹമ്മദലി തുടങ്ങിയ പ്രമുഖർ അദ്ദേഹത്തെ അനുഗമിച്ചു. കാര്യമായ ഭീഷണികൾ നേരിടാതെ മൈസൂർ പട മദ്രാസിനു സമീപമെത്തി .മദ്രാസ് കൗൺസിലർമാരുടെ ഭവനങ്ങളും നഗരവും, ബ്രിട്ടീഷ്കുടിയിരിപ്പ് കേന്ദ്രങ്ങളുമെല്ലാം ടിപ്പുവിന്റെ കുതിരപ്പടയുടെ ആക്രമണങ്ങളിൽ തകർന്നു.കനത്ത ആക്രമണം അവരെ സംഭീതരാക്കി. ഒരു വേളദക്ഷിണ ദേശത്തെ ബ്രിട്ടീഷ്ശക്തികേന്ദ്രം മൈസൂറിന്റെ കൈയ്യിൽ അമരുമെന്ന ഘട്ടത്തിൽ ഹൈദറിൽനിന്നും ലഭിച്ച സന്ദേശം ടിപ്പുവിനെ ഒരു സമ്പൂർണ്ണ വിജയത്തിന്റെ പടിക്കൽ നിന്നും മടങ്ങാൻ നിർബ്ബന്ധിതനാക്കി. തിരുവില്ലാ മലയിൽ ഹൈദറിന്റെ സൈന്യം സ്മിത്തിന്റെ സൈന്യത്തോട് പരാജയമടഞ്ഞതായിരുന്നു കാരണം .പിതാവിന്റെ രക്ഷക്കായി ടിപ്പു തിടുക്കത്തിൽ മദ്രാസിൽ നിന്നും പിൻവലിഞ്ഞു. മേജർ ഫിറ്റ്സ്ജറാൾഡിന്റെയും, കേണൽ റ്റോഡിന്റെയും സേന ടിപ്പു ഹൈദറുമായി ചേരുന്നത് തടയാൻ കിണഞ്ഞു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഒടുവിൽ വാണിയമ്പാടിയിൽ നിന്നും പത്ത് മൈൽ അകലെ ക്യാമ്പ് ചെയ്ത പ്രധാന സേനയുമായി സുൽത്താൻ സന്ധിച്ചു . സ്മിത്തിനോട് പരാജിതനായ ഹൈദറിന് വിജയഭേരി മുഴക്കി വന്ന പുത്രന്റെ ആഗമനം പുതുജീവൻ നൽകി .പതിനേഴ് വയസുകാരനായ പുത്രനെ ഒരു നായകനെ പോലെ ആ പിതാവ് സ്വീകരിച്ചു.
തിരുവില്ലാമലയിലെ പരാജയത്തിന്റെ നിരാശ ടിപ്പുവിന്റെ ആഗമനത്തോടെ കഴുകി കളഞ്ഞ ഹൈദർ വെറുതെയിരുന്നില്ല. മൺസൂണിന്റെ ആഗമനത്തോടെ അടുത്ത ആക്രമണങ്ങൾക്കുള്ള ശ്രമം ഊർജിതമാക്കി .നവമ്പർ ആദ്യത്തോടെ കാവേരി പട്ടണത്ത് നിന്നും അദ്ദേഹം ടിപ്പുവുമൊത്ത് സൈനിക നീക്കം പുനരാരംഭിച്ചു.തിരുപ്പത്തൂരും വാണിയമ്പാടിയും മൈസൂറിന് കീഴൊതുങ്ങി. ഹൈദറിന്റെ പ്രധാന സൈന്യം അമ്പുർ ഉപരോധിച്ചു. ഒരു മാസത്തോളം നീണ്ട ഉപരോധം ക്യാപ്റ്റൻ കാൾ വെർട്ടിന്റെ ധീരമായ ചെറുത്തുനിൽപ്പിനു മുന്നിൽ ലക്ഷ്യം കാണാതെ പോയി. ഡിസംബർ ആറിന് കേണൽ സ്മിത്തിന്റെ കീഴിൽ പോഷക സൈന്യം എത്തിചേർന്നതോടെ ഹൈദർ പിൻവലിഞ്ഞു. തൊട്ടടുത്ത ദിവസം സ്മിത്ത് വാണിയമ്പാടിയിൽ ക്യാമ്പ് ചെയ്ത ഹൈദറിനെതിരെ നീങ്ങി. വാണിയമ്പാടിയിൽ നിന്നും ശത്രുവിനെ തുരത്തുന്നതിൽ സ്മിത്ത് വിജയം കണ്ടെങ്കിലും സന്ദിഗ്ധ ഘട്ടത്തിൽ പാഞ്ഞെത്തിയ ടിപ്പുവിന്റെ കുതിരപ്പട തുടർന്നുള്ള മുന്നേറ്റത്തിന് തടയിട്ടു .പുത്രനൊരുക്കിയ പ്രതിരോധത്തിൽ പിതാവിന്റെ കീഴിലുള്ള പ്രധാന സേന സുരക്ഷിതമായി കാവേരി പട്ടണത്തേക്ക് പിൻവാങ്ങി.
1767 ഡിസംബർ 14 ന് വീണ്ടും ടിപ്പു ഖാസി ഖാനുമൊത്ത് മലബാർ തീരത്തേക്ക് തന്റെ സൈന്യത്തെ നയിച്ചു. അവിടെ ബ്രിട്ടീഷുകാരുമായി എതിരിട്ട ലുതുഫ് അലി ബേഗിനെ സഹായിക്കുന്നതിന് വേണ്ടിയായിരുന്നു ഈ നീക്കം .1768 മാർച്ച് 1 ന് സുൽത്താൻ ബദനുരിൽ ക്യാംപ് ചെയ്യവേ കമ്പനിപ്പട മേജർ ഗാർവിനെറെയും ക്യാപ്റ്റൻ വാട്സന്റെയും നേതൃത്വത്തിൽ മംഗലാപുരം പിടിച്ചടക്കി .ഉടനെ ആയിരം കുതിരകളും 3000 കാലാളുകളും അടങ്ങിയ മൈസൂർ സൈന്യം ടിപ്പുവിന്റെ കീഴിൽ മംഗലാപുരത്തേക്ക് നീങ്ങി.മാർച്ച് 7 ന് ബ്രിട്ടീഷ് സൈന്യവുമായി 'ഉരസിയ' ടിപ്പു താൽകാലികമായി പിൻവാങ്ങി.മാർച്ച് 15, 16 തീയതികളിൽ വീണ്ടും കടന്നാക്രമണം നടത്തി തിരിച്ചടി നേരിട്ടെങ്കിലും മെയ് രണ്ടിന് അദ്ധേഹം നഗരം പിടിച്ചടക്കി. അപ്പോഴും കോട്ട കമ്പിനി സൈന്യത്തിന്റെ കൈയ്യിൽ അവശേഷിച്ചു.അത് കൈക്കലാക്കുനുള്ള മൈസൂർ ട്രൂപ്പിന്റെ പരിശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ സുൽത്താൻ കോട്ട ഉപരോധിച്ചു.കോട്ടക്കുള്ളിലെ ബ്രിട്ടീഷ് സൈനികരുടെ നില ദിവസങ്ങൾ കഴിയവെ കൂടുതൽ പരിതാപകരമായി.ഹൈദർരണ്ടായിരം കുതിരകളും നാലായിരം കാലാളുകളും പീരങ്കി നിരകളു മടങ്ങിയ സൈന്യവുമായി മംഗലാപുരത്തെത്തുന്ന വാർത്ത കൂടി കേട്ടതോടെ ഗത്യന്തരമില്ലാതെ ഇംഗ്ലീഷുകാർ പരിക്കേറ്റ 80 യൂറോപ്യൻമാരെയും 180 ശിപായിമാരെയും വിധിക്ക് വിട്ടുകൊടുത്ത് പടക്കോപ്പുകളും വെടിമരുന്നുകളുമെല്ലാം ഉപേക്ഷിച്ച് കോട്ട വിട്ടു.അനന്തരം ടിപ്പു കോട്ടപിടിച്ചു.ഹൈദറിന്റെ വരവോടെ കമ്പിനി സൈന്യം കയ്യടക്കിയ അവശേഷിച്ച മലബാർ തീരങ്ങളിൽ നിന്നും (തലശ്ശേരി ഫാക്ടറി ഒഴികെ)അവർ പുറന്തള്ളപ്പെട്ടു.ഈ സംരംഭങ്ങളിലെല്ലാം ടിപ്പു പിതാവിന്റെ ഇരു പാർശ്വങ്ങൾക്കും സംരക്ഷണം തീർത്തു. മലബാർ മൈസൂറിന് അധീനമായതോടെ ഹൈദർ വീണ്ടും മദ്രാസിനു നേരെ തിരിഞ്ഞു. യുദ്ധം ഇനിയും നീട്ടിക്കൊണ്ട് പോയാൽ തങ്ങളെ കാത്തിരിക്കുന്നത് സമ്പൂർണ്ണ വിനാശമായിരിക്കുമെന്ന് തിരിച്ചറിഞ്ഞ കമ്പിനി അധികാരികൾക്ക് 1769 മാർച്ച് അവസാനത്തോടെ ഹൈദർ കൽപ്പിച്ച സന്ധിവ്യവസ്ഥകൾക്ക് വഴങ്ങി യുദ്ധം അവസാനിപ്പിക്കേണ്ടി വന്നു.

No comments:

Post a Comment