Tuesday 19 June 2018

ഹാസ്യനടൻ ബഹദൂര്‍ (പി.കെ. കുഞ്ഞാലു (പടിയത്ത്)


ഹാസ്യനടൻ ബഹദൂര്‍ (പി.കെ. കുഞ്ഞാലു (പടിയത്ത്)


ബഹദൂറിൻ്റെ 18-ാം ചരമവാർഷിക ദിനം, ഇന്ന്
സ്മരണാഞ്ജലികൾ!
മലയാള സിനിമ കണ്ട പ്രതിഭാധനന്മാരായ നടന്മാരിരിൽ ഒരാളായിരുന്ന ബഹദൂര്‍; മിക്കവാറും ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചതിനാൽ 'ഹാസ്യനടൻ' എന്നറിയപ്പെട്ടിരുന്നുവെന്നു മാത്രം. യഥാർത്ഥ പേര്: പി.കെ. കുഞ്ഞാലു (പടിയത്ത് കൊച്ചുമൊയ്തീൻ കുഞ്ഞാലു). ഇന്ന് ബഹദൂറിന്‍റെ പതിനെട്ടാം ചരമ ദിനമാണ്.
അരനൂറ്റാണ്ടു കാലത്തോളം ഹാസ്യനടന്‍റെയും, സഹനടന്‍റെയും നായകന്‍റെയും ഒക്കെ വേഷം കെട്ടി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്ത മലയാളത്തിന്‍റെ പ്രിയപ്പെട്ട ബഹദൂര്‍ മലയാളി മനസ്സിൽ അമരനായി ഇന്നും നിലനിക്കുന്നു.
1935-ല്‍ ( 01/12/1931) കൊടുങ്ങല്ലൂർ പടിയത്ത് ബ്ലാങ്ങാച്ചാലിൽ കൊച്ചുമൊയ്തീന്റെയും കോട്ടപ്പുറത്ത് നമ്പൂരിമഠത്തിൽ കൊച്ചുഖദീജയുടെയും ഒമ്പത് മക്കളിൽ ഒരാളായ കുഞ്ഞാലു, ദാരിദ്ര്യത്തിന്റെ പിടിയിലേക്കാണ് ജനിച്ചു വീണത്‌. എട്ടു സഹോദരങ്ങളില്‍ ഏഴും സഹോദരിമാരായിരുന്നു. കഷ്ടപാടുകള്‍ നിറഞ്ഞ ബാല്യത്തിലും വിദ്യാഭ്യസകാലത്തും കുഞ്ഞാലുവിന്‍റെ മനസ്സുനിറയെ നാടകവും സിനിമയും ആയിരുന്നു. കുഞ്ഞാലു എന്ന ബഹദൂർ എറിയാട് കേരളവർമ്മ ഹൈ സ്കൂളിൽ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോളാണ് ആദ്യമായി മുഖത്ത് ചായം തേയ്ക്കുന്നത്. “കല്യാണ കണ്ട്രോൾ ഇൻസ്പെക്ടർ” എന്ന നാടകത്തിലെ പ്യൂണീന്റെ വേഷമായിരുന്നു ആദ്യത്തേത്. എന്നാൽ ഹൈസ്കൂളിൽ പഠിക്കുമ്പോൾ അവതരിപ്പിച്ച പൊൻകുന്നം വർക്കിയുടെ “പൂജ” എന്ന നാടകത്തിലെ വേലു എന്ന കഥാപാത്രം ബഹദൂർ എന്ന നടനെ സ്കൂളിനു മാത്രമല്ലാ, നാടിനും പ്രിയങ്കരനാക്കി.
കുഞ്ഞാലു പഠിത്തത്തിലും അഭിനയത്തിലും മിടുക്കന്‍കുട്ടിയായിരുന്നു. പത്താംക്ളാസ് പരീക്ഷയില്‍ ഫസ്റ്റ് ക്ളാസ് നേടുകയും കോഴിക്കോട് ഫറോക്ക് കോളജില്‍ ഇന്‍റര്‍മീഡിയറ്റിന് ചേരുകയും ചെയ്തു.
സാമ്പത്തിക പ്രശ്നങ്ങള്‍ നിരന്തരം വേട്ടയാടിക്കൊണ്ടിരുന്നതിനാല്‍ പഠനം തുടരാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. കുടുംബ പ്രാരാബ്ധം മൂലം പഠിത്തം ഉപേക്ഷിച്ച്, സ്വകാര്യ ബസ്സില്‍ കണ്ടക്ടറായത് അപ്പോഴാണ്. അപ്പോഴും നാടകനടനാകണമെന്ന മോഹമാണ് മനസ്സിലുണ്ടായിരുന്നത്.
എന്നാൽ അഭിനയം മനസ്സിനെ അവേശിച്ച കുഞ്ഞാലു ചുറ്റിത്തിരിഞ്ഞെത്തിയത് തിരുവനന്തപുരത്തായിരുന്നു. അവിടെ മെഡിക്കൽ കോളേജിൽ പഠിക്കുകയായിരുന്ന ആത്മസുഹൃത്ത് ഡോ. സിദ്ദിഖിന്റെ വീട്ടിലായിരുന്നു അഭയം. തിരുവനന്തപുരത്തെത്തിയ ആദ്യകാലങ്ങളിൽ ചില അമെച്വർ നാടകങ്ങളിൽ അഭിനയിക്കാനുള്ള അവസരങ്ങൾ കിട്ടിയിരുന്നു. അങ്ങനെയിരിക്കെ ഒരു ബന്ധു വഴിയാണ് തിക്കുറിശ്ശിയെ പരിചയപ്പെടുന്നത്.
ഫിലിംകോ പ്രൊഡക്ഷൻസിന്റെ 'പുത്രധർമ്മം' എന്ന ചിത്രത്തിന്റെ പ്രാരംഭപ്രവർത്തനങ്ങൾ നടക്കുന്ന കാലം. (സംവിധാനം വിമൽകുമാറും നിർമ്മാണം കെ വി കോശി) ചിത്രത്തിൻ്റെ പൊതുവെയുള്ള മേൽനോട്ടമാകട്ടെ തിക്കുറിശ്ശിയ്ക്കും. ‘പുത്രധർമ്മ’ത്തിൽ ആദ്യാവസാനം നിറഞ്ഞു നിൽക്കുന്ന 'ബുദ്ദു' എന്ന ബുദ്ധിശൂന്യനായ വേലക്കാരന്റെ കഥാപാത്രം ആദ്യം ചെയ്യാൻ ഉദ്ദേശിച്ചിരുന്നത് അന്നത്തെ ഹാസ്യസാമ്രാട്ടായിരുന്ന എസ്. പി. പിള്ളയായിരുന്നു. എന്നാൽ ചില പ്രത്യേകസാഹചര്യങ്ങളിൽ ആ വേഷം ചെയ്യാൻ കുഞ്ഞാലു നിയുക്തനാവുകയായിരുന്നു. തിക്കുറിശ്ശിയാണ് കുഞ്ഞാലുവിനെ 'ബഹദൂറാ'ക്കി പുത്രധർമ്മത്തിലൂടെ അവതരിപ്പിച്ചത്.
തുടർന്ന് വലുതും ചെറുതുമായ നിരവധി വേഷങ്ങൾ അദ്ദേഹത്തെ തേടിയെത്താൻ തുടങ്ങി. ഇതിനിടയിൽ ബഹദൂറിന്റെ നേതൃത്വത്തിൽ നാഷണൽ തിയെറ്റേഴ്സ് എന്ന പേരിൽ ഒരു നാടക കമ്പനിയും തുടങ്ങി.’ബല്ലാത്ത പഹയൻ’, ‘മാണിക്യക്കൊട്ടാരം’, ‘ബർമ്മാബോറൻ’, ‘അടിയന്തരാവസ്ഥ’ തുടങ്ങിയ നാടകങ്ങൾ നാഷണൽ തിയെറ്റേഴ്സ് അവതരിപ്പിക്കുകയുണ്ടായി.
1970-ൽ എറണാകുളത്ത് ഇതിഹാസ് പിക്ചേഴ്സ് എന്ന പേരിൽ ഒരു ചലച്ചിത്ര വിതരണ സ്ഥാപനം തുടങ്ങി.യൂസഫലി കെച്ചേരിയുടെ സിന്ദൂരച്ചെപ്പ്, മരം എന്നീ ചിത്രങ്ങൾക്കും അസീസിന്റെ മാൻപേട എന്ന ചിത്രത്തിനും സാമ്പത്തിക സഹായം നൽകിയതോടൊപ്പം അമിതാബ് ബച്ചനും മധുവും അഭിനയിച്ച സാത് ഹിന്ദുസ്ഥാനി എന്ന ചിത്രം തിയെറ്ററുകളിൽ എത്തിച്ചു. പക്ഷേ ഇതിഹാസ് പിക്ചേഴ്സ് നഷ്ടത്തിൽ കലാശിച്ചു.
പിന്നീട് ചലച്ചിത്ര നിർമ്മാണരംഗത്തേയ്ക്കിറങ്ങിയ ഇദ്ദേഹം ഭരതന്റെ ആരവം,പി.എ ബക്കറിന്റെ 'മാൻപേട' എന്നീ ചിത്രങ്ങൾ നിർമ്മിച്ചു. എന്നാൽ ഈ സംരംഭവും സാമ്പത്തികമായി പരാജയപ്പെട്ടു. പിന്നീട് അദ്ദേഹം തിരുവനന്തപുരം നേമത്ത് ഒരു റെക്കോർഡിംഗ് സ്റ്റുഡിയോയും ലാബും തുടങ്ങി. മലയാള സിനിമ കളറിലാവുകയും ബ്ലാക് ആന്റ് വൈറ്റ് ലാബിന്റെ പ്രസക്തി നഷ്ടപ്പെടുകയും ചെയ്തതോടെ അതും പൊളിഞ്ഞു.
അവസാന സിനിമ 'ജോക്കർ' (2000).
400 ചിത്രങ്ങൾ പൂർത്തിയാക്കിയതിന് കൊടുങ്ങല്ലൂരിലെ പൗരാവലി 1977 ഫെബ്രുവരി 2ആം തിയതി കൊടുങ്ങല്ലൂരിൽ ഒരു ഗംഭീര സ്വീകരണമൊരുക്കിയിരുന്നു.അര നൂറ്റാണ്ടിനുള്ളിൽ എണ്ണൂറിലധികം ചിത്രങ്ങളിലഭിനയിച്ച ഈ മഹാനടൻ 2000 മെയ് 22-നു തലച്ചോറിലെ അമിത രക്തസ്രാവം മൂലം മരണമടഞ്ഞു.
_____________
അവലംബം:; വിക്കിപീഡിയ.

No comments:

Post a Comment