Wednesday 20 June 2018

ഹെന്‍‌ട്രി ഫോര്‍ഡ്


ഹെന്‍‌ട്രി ഫോര്‍ഡ് 

അയര്‍ലണ്ടില്‍ നിന്നും അമേരിക്കയിലെ മിഷിഗണിലേക്ക് കുടിയേറുമ്പോള്‍ വില്യം ഫോര്‍ഡിന്റെ മനസ്സില്‍ കൃഷി മാത്രമേ ഉണ്ടായിരുന്നുള്ളു. ബെല്‍ജിയത്തില്‍ നിന്നും മിഷിഗണിലേക്ക് കുടിയേറിയ ഒരു കര്‍ഷകകുടുംബത്തില്‍ പിറന്ന മേരി ഫോര്‍ഡിനെയാണ് വില്യം വിവാഹം ചെയ്തത്. വില്യത്തിന്റെ അഞ്ചുമക്കളില്‍ ആദ്യത്തെ കണ്മണിയായിരുന്നു പില്‍ക്കാലത്ത് വാഹനപ്രേമികളുടെ ദൈവമായി വാഴ്ത്തപ്പെട്ട ഹെന്‍ട്രി ഫോര്‍ഡ്. കൃഷിയിടത്തില്‍ പണിയെടുക്കുമ്പോഴും ഹെന്‍ട്രിക്ക് താല്‍പര്യം അവിടത്തെ വാട്ടര്‍ വീലുകളെപ്പറ്റി അറിയുന്നതിനും ആവി എഞ്ചിനുകളുടെ പ്രവര്‍ത്തനം പഠിക്കുന്നതിനുമൊക്കെയായിരുന്നു. ആവി എഞ്ചിനുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന ചേട്ടന്മാര്‍ക്കൊപ്പം സമയം ചെലവിട്ട് അവയുടെ പ്രവര്‍ത്തനം എങ്ങേനയും പഠിച്ചെടുക്കാനായിരുന്നു അവന്റെ ശ്രമം. ഇതിനു പുറമേ മറ്റൊരു ഹോബി കൂടി ഉണ്ടായിരുന്നു ഹെന്‍ട്രിക്ക് വാച്ച് റിപ്പയറിങ്. വാച്ചുകള്‍ അഴിച്ചെടുത്ത് അതിലെ ഭാഗങ്ങള്‍ കൂട്ടിയിണക്കുന്നത് പഠിച്ചതിലൂടെയാണ് വാസ്തവത്തില്‍ ഹെന്‍ട്രി പില്‍ക്കാലത്ത് താന്‍ ഉണ്ടാക്കിയ യന്ത്രങ്ങളെക്കുറിച്ചുള്ള ബാലപാഠം പഠിക്കുന്നത്. പ്രദേശത്തെ സമര്‍ത്ഥനായ വാച്ച് റിപ്പയറര്‍ എന്ന പേര് വൈകാതെ തന്നെ ഹെന്‍ട്രിക്ക് ചാര്‍ത്തിക്കിട്ടുകയും ചെയ്തു.
ഹെന്‍ട്രിയുടെ പതിനഞ്ചാം വയസ്സിലായിരുന്നു അമ്മ മേരിയുടെ മരണം. തനിക്ക് കൃഷിയുമായി ഉണ്ടായിരുന്ന ഏക ബന്ധം അമ്മയിലൂടെയായിരുന്നുവെന്ന് നന്നായി അറിയാമായിരുന്ന ഹെന്‍ട്രി അമ്മയുടെ മരണശേഷം റെയില്‍റോഡ് കാറുകള്‍ നിര്‍മ്മിച്ചിരുന്ന ഡെട്രോയിറ്റിലെ മിഷിഗണ്‍ കാര്‍ കമ്പനിയില്‍ അപ്രന്റീസായി ജോലി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഏതാണ്ട് രണ്ടര വര്‍ഷത്തോളം അവിടേയും അതുപോലുള്ള മറ്റു പല കമ്പനികളിലുമൊക്കെ തൊഴിലെടുത്ത് അത്യാവശ്യം ആവി എഞ്ചിനുകള്‍ റിപ്പയര്‍ ചെയ്യാനുള്ള കഴിവ് ഹെന്‍ട്രി ആര്‍ജിച്ചതിനുശേഷമാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്. പക്ഷേ അവിടെ കൃഷി ചെയ്ത് കൂടുന്നതിനു പകരം കര്‍ഷകരുടെ യന്ത്രങ്ങളുടെ തകരാറുകള്‍ പരിഹരിക്കുന്നതിലായിരുന്നു അവനു കമ്പം.
1879ല്‍ ഫ്ളവര്‍ ബ്രദേഴ്സ് കമ്പനിയില്‍ മെക്കാനിക്ക് സഹായിയായി ചേര്‍ന്നു. 1882ല്‍ ഡിയര്‍ ബോണിലേക്ക് മടങ്ങിയെത്തി സ്വന്തം കമ്പനിയില്‍ പണിയെടുത്തു. അവിടെ വികസിപ്പിച്ചെടുത്ത വലിപ്പം കുറഞ്ഞ ബസ്റ്റിംഗ് ഹൗസ് ആവിയന്ത്രം ഫോര്‍ഡിന് പുതിയ തുടക്കം നല്‍കി.
1888ല്‍ ക്ളാരാ ബ്രയന്‍റിനെ ഫോര്‍ഡ് വിവാഹം കഴിച്ചു. 1891ല്‍ എഡിസണ്‍ ഇല്യൂമിനേറ്ററിംഗ് കമ്പനിയില്‍ എഞ്ചിനീയറായി ചേര്‍ന്ന ഫോര്‍ഡ് രണ്ടു വര്‍ഷത്തിനകം കമ്പനിയുടെ ചീഫ് എഞ്ചിനീയറായി ഉയര്‍ന്നു. 1896ല്‍ സ്വയം പ്രവര്‍ത്തിക്കുന്ന ക്വാഡര്‍ സൈക്കിള്‍ യന്ത്രം ഫോര്‍ഡ് പരീക്ഷിച്ചു. കുറെ നിക്ഷേപകരെ ചേര്‍ത്ത് ഡിറ്ററോയിറ്റ് ഓട്ടോമൊബൈല്‍ കമ്പനി തുടങ്ങിയ ഫോര്‍ഡിന്‍റെ തുടക്കം തന്നെ വിജയമായിരുന്നു. കാറോട്ട കമ്പക്കാരനായ ഫോര്‍ഡ്, ഹെന്‍ട്രി ഫോര്‍ഡ് കമ്പനി എന്ന പേരില്‍ മറ്റൊരു കമ്പനി കൂടി തുടങ്ങി.
1903ല്‍ കുറെ നിക്ഷേപകരെ കൂടി ചേര്‍ത്ത് 28,000 ഡോളര്‍ മൂലധനത്തില്‍ ഫോര്‍ഡ് മോട്ടോര്‍ കമ്പനി രൂപീകരിച്ചു. വേഗതയില്‍ പുതിയ റെക്കോര്‍ഡിട്ട ഫോര്‍ഡിന്‍റെ പുതിയ മോഡല്‍ 999 പൂര്‍ണ വിജയം കണ്ടു.
1913ല്‍ പുറത്തിറക്കിയ മോഡല്‍ ടി എസ് വില്പനയില്‍ ചലനം സൃഷ്ടിച്ചു. 1918ല്‍ അമേരിക്കയിലെ കാറുകളില്‍ പകുതിയിലധികം ടി എസ് മോഡലിന്‍റേതായിരുന്നു. 15 ദശലക്ഷം കാറുകളാണ് ഈ മോഡലില്‍ ലോകമെങ്ങും വിറ്റു പോയത്. 1920 കളുടെ ഒടുവിലെത്തിയതോടെ ഫോര്‍ഡ് വിപണി പിടിച്ചു.
1931ല്‍ മോഡല്‍ എ വിജയചരിത്രം ആവര്‍ത്തിച്ചു. കാര്‍ഷിക ഉത്പന്നങ്ങളില്‍ നിന്ന് കാര്‍ നിര്‍മ്മാണത്തിനാവശ്യമായ പ്ളാസ്റ്റിക്കും മറ്റ് അസംസ്കൃത വസ്തുക്കളും നിര്‍മ്മിക്കാനുള്ള പരീക്ഷണങ്ങളും വിജയം കണ്ടു. വ്യാവസായിക രംഗത്തു മാത്രമല്ല ഫോര്‍ഡിന്‍റെ പ്രവൃത്തി വിജയങ്ങള്‍. 1919ല്‍ ദ ഡര്‍ബോണ്‍ ഇന്‍ഡിപെന്‍ഡന്‍റ് എന്ന പത്രം തുടങ്ങി. ഹിറ്റ്ലറുടെ ജൂത വിരോധത്തിന് അനുകൂല നിലപാടായിരുന്നു ഫോര്‍ഡിന്‍റേത്.
ഹിറ്റ്ലര്‍ക്ക് യന്ത്രസഹായങ്ങളും ഫോഡ് നല്‍കിയതായി ചരിത്രം. 1938ല്‍ ദ് ഗ്രാന്‍റ് ക്രോസ് ഓഫ് ദ ഓഥര്‍ ഓഫ് ദ ജര്‍മ്മന്‍ ഈഗിള്‍ പുരസ്കാരം ഹിറ്റ്ലര്‍ നല്‍കിയത് ഒരര്‍ത്ഥത്തില്‍ ഉപകാര സ്മരണയായിരുന്നു. ഈ പുരസ്കാരം നേടുന്ന ആദ്യ അമേരിക്കക്കാരനാണ് ഫോര്‍ഡ്.
തൊഴിലാളികളോട് അനുകൂല നിലപാട് സ്വീകരിച്ച ഫോര്‍ഡ് അഞ്ചു ദിവസം 40 മണിക്കൂര്‍ ജോലി സമയം എന്ന തൊഴില്‍ ക്രമം 1926ല്‍ തന്‍റെ കമ്പനിയില്‍ നടപ്പാക്കി മറ്റുള്ളവര്‍ക്ക് മാതൃകയായി. 1945ല്‍ റൂസ് വെല്‍റ്റ് ഫെഡറല്‍ ബാലറ്റിലൂടെ അധികാരമേറ്റപ്പോഴേക്കും ഫോര്‍ഡ് കമ്പനിയില്‍ നിന്ന് പിന്‍വാങ്ങി. ഫോര്‍ഡിന്‍റെ ചെറുമകന്‍ ഹെന്‍ട്രി ഫോര്‍ഡ് രണ്ടാമന്‍ അപ്പോഴേക്കും കമ്പനിയെ നിയന്ത്രിക്കാന്‍ പ്രാപ്തനായിരുന്നു.
1936ല്‍ തുടങ്ങിയ ഫോര്‍ഡ് ഫൗണ്ടേഷന്‍ ഇന്ന് ലോകം മുഴുവനുമുള്ള സേവന സംഘടനയാണ്. ഹോട്ടല്‍ വ്യവസായ രംഗത്തും ഫോര്‍ഡിന്‍റെ പേരുകളുണ്ട്. 1947 ഏപ്രില്‍ ഏഴിനാണ് ഹെന്‍‌ട്രി ഫോര്‍ഡ് മരണത്തിന് കീഴടങ്ങിയത്.

No comments:

Post a Comment