Wednesday 20 June 2018

രോമങ്ങളുള്ളതിനാൽ യെതി ക്രാബ് എന്ന പേരുകിട്ടി



    രോമങ്ങളുള്ളതിനാൽ യെതി ക്രാബ് എന്ന പേരുകിട്ടി



                            നീളൻ കാലുകൾ നിറയെ രോമങ്ങളുള്ള, മഞ്ഞുപോലെ വെളുത്ത ഈ ഞണ്ടുകളെ കണ്ടെത്തിയിട്ട് വെറും 11 വർഷമേ ആയിട്ടുള്ളൂ. 2005 ൽ തെക്കൻ ശാന്തസമുദ്രത്തിലാണ് ഇവയെ ആദ്യം കണ്ടത്. 15 സെന്റീമീറ്ററോളം നീളമുള്ള ഇവയുടെ കാലുകളിലും ഇറുക്കാനുപയോഗിക്കുന്ന ഭാഗത്തും നിറയെ പട്ടുപോലെ മിനുസമുള്ള രോമങ്ങളുള്ളതിനാൽ യെതി ക്രാബ് എന്ന പേരുകിട്ടി. തെക്കുകിഴക്കൻ ശാന്ത സമുദ്രത്തിൽ ഈസ്റ്റർ ദ്വീപുകൾക്ക് 1,500 കിലോമീറ്റർ തെക്കുമാറിയാണ് ഇവയെ കണ്ടത്. ഒന്നുകൂടി വ്യക്തമാക്കിയാൽ അന്റാർട്ടിക്കയോടടുത്ത കടൽഭാഗങ്ങളിൽ 2,200 മീറ്ററിലേറെ ആഴത്തിൽ. ഇവിടെ വെള്ളം പൊതുവെ ഐസുപോലെ തണുത്തതായിരിക്കും. എന്നാൽ കടലിനടിത്തട്ടിൽ ധാതുലവണങ്ങൾ നിറഞ്ഞ ഉഷ്ണജലം ഒഴുകിവരുന്ന ചില പ്രത്യേക ഭാഗങ്ങളുണ്ട്. ഇവിടെയാണ് യെതി ക്രാബുകളുടെ താമസം.
ഇത്രയും ആഴത്തിൽ കഴിയുന്നതിനാൽ ഈ ജീവിക്ക് കണ്ണ് തീരെ കാണില്ല. ശരീരത്തിന്റെ പ്രത്യേകതകളും തന്മാത്രാഘടനയും വച്ചുനോക്കിയാൽ ഇന്ന് ലോകത്തിലുള്ള ഒരു ജീവിവർഗത്തിലും ഉൾപ്പെടുത്താനാവാത്ത ഇവയെ കിവ എന്ന പുതിയ കുടുംബത്തിലാണ് ശാസ്ത്രജ്ഞർ ചേർത്തിരിക്കുന്നത്. ഈ കുടുംബത്തിലെ മൂന്നിനം ഞണ്ടുകളെ കണ്ടെത്തിക്കഴിഞ്ഞു. 2005–ൽ കണ്ടെത്തിയ Kiwa hirsuta, 2006–ൽ കണ്ടെത്തിയ Kiwa puravida, 2010–ൽ കണ്ടെത്തിയ Kiwa tyleri എന്നിവയാണവ. ഇവയിൽ അന്റാർട്ടിക് സമുദ്രത്തിൽ കഴിയുന്ന ഒരേയൊരംഗം Kiwa tyleri ആണ്. അന്റാർട്ടിക് യെതി ക്രാബ് എന്നും ഇതിന് പേരുണ്ട്.
യെതി ക്രാബുകളുടെ രോമക്കുപ്പായം നിറയെ പ്രത്യേകതരം ബാക്ടീരിയകൾ നിറഞ്ഞിരിക്കുകയാണ്. വെള്ളത്തിലുള്ള വിഷകരമായ വസ്തുക്കൾ അരിച്ചെടുത്ത് ശുദ്ധിയാക്കുന്ന ബോഡിഗാർഡ്സ് കൂടിയാണ് ഈ ബാക്ടീരിയകൾ. ഗതികെട്ടാൽ ഇവയെ തിന്ന് വിശപ്പകറ്റുകയും ചെയ്യാം. ഇങ്ങനെ രണ്ടു കാര്യങ്ങളുണ്ട് യെതി ക്രാബുകളുടെ ബാക്ടീരിയകൃഷിക്കു പിന്നിൽ! 

No comments:

Post a Comment