Tuesday 19 June 2018

ഇന്ത്യയുടെ ചീറ്റിപ്പോയ ആറ്റംബോംബ് -





ഇന്ത്യയുടെ ചീറ്റിപ്പോയ ആറ്റംബോംബ്
----------------------------------------------------------------

പൊക്രാൻ ദിനത്തിൻറെ ഇരുപതാം വാർഷികം ചരിത്രാന്വേഷികൾ വളരെ വിശദമായി ആഘോഷിച്ചു . എന്നാൽ വെടിവട്ടം പറഞ്ഞിരിക്കുന്നതിൽനിന്ന് ചരിത്രാന്വേഷണത്തിലേക്ക് പുരോഗമിക്കാൻ ചില പരാജയത്തിന്റെ കഥകൾ കൂടി നമ്മൾ അറിയേണ്ടതും അംഗീകരിക്കേണ്ടതുമുണ്ട്. പൊക്രാനിൽ നടത്തിയ ഹൈഡ്രജൻ ബോംബ് പരീക്ഷണം പൂർണ പരാജമായിരുന്നു എന്നതിന് തങ്ങളുടെ പക്കൽ വ്യക്തമായ തെളിവുകൾ ഉണ്ട് എന്നാണ് 2009ൽ ഹിന്ദു ദിനപ്പത്രം പ്രസിദ്ധീകരിച്ച ലേഖനം വിശദമാക്കുന്നത്. ഇതിന് ഉപോൽബലകമായി നൽകിയിരിക്കുന്ന വിവരങ്ങളും മറ്റും തെറ്റാണെന്ന് തെളിയിക്കാൻ പരീക്ഷണം സംവിധാനം ചെയ്യുകയും ഉപകരണം നിർമിക്കുകയും ചെയ്ത BARC ( ഭാഭ ആറ്റോമിക് റിസർച്ച് സെന്റർ) നു് ഇതുവരെ സാധിച്ചിട്ടുമില്ല.
1. എന്താണ് ഹൈഡ്രജൻ ബോംബ് ?
ന്യൂക്ലിയർ ബോംബുകളിൽ ഏറ്റവും ശക്തി കൂടിയ ബോംബാണ് ഹൈഡ്രജൻ ബോംബ് . അണു കേന്ദ്രങ്ങളെ സംയോജിപ്പിച്ചുകൊണ്ട് സൂര്യനിലും മറ്റു ഊർജ്ജം ഉത്പാദിപ്പിക്കുന്ന സമാനമായ രീതിയാണ് ഹൈഡ്രജൻ ബോംബിൽ ഉപയോഗിക്കുന്നത്. ലോകത്തിൽ ഇതുവരെ നിർമിച്ചതിൽ ഏറ്റവും ശക്തി കൂടിയ റഷ്യൻ നിർമ്മിത ആറ്റംബോംബായ സാർ ബോംബ (Tsar Bomba) അടക്കം ഏറ്റവും ശക്തി കൂടിയ ബോംബുകളെല്ലാം ഈ വിഭാഗത്തിൽപ്പെട്ടവയാണ്.
സൗര കേന്ദ്രത്തിന് സമാനമായ രീതിയിൽ ഉയർന്ന മർദ്ദവും താപവും ഉള്ള സാഹചര്യങ്ങളിലേ അണുകേന്ദ്ര സംയോജനം (nuclear fusion) സംഭവിക്കൂ. ഒരു അണു വിഭജനബോംബ് (Nuclear Fission device ) ഉപയോഗിച്ച് ഈ സാഹചര്യങ്ങൾ സൃഷ്ടിച്ചെടുത്ത ശേഷമാണ് അണുസംയോജനം ആരംഭിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരം ബോംബുകളുടെ നിർമാണം സാങ്കേതികമായി വളരെ ബുദ്ധിമുട്ടേറിയതാണ്. എന്നാൽ ഹിരോഷിമയിൽ ഉപയോഗിച്ച തരത്തിലുള്ള അണുവിഘടന ബോംബുകളുടെ ശേഷി കിലോ ടണ്ണുകളിൽ ഒതുങ്ങുമെങ്കിൽ ഹൈഡ്രജൻ ബോംബുകളുടെ ശേഷി അളക്കുന്നത് മെഗാടണ്ണുകളിലാണ്. ഹിരോഷിമയിൽ നാശംവിതച്ച അണുബോംബിന്റെ 5000 ഇരട്ടി ശേഷിയുണ്ട് ലോകത്തിൽ ഇതുവരെ നിർമിച്ചതിൽ ഏറ്റവും ശക്തിയേറിയ ഹൈഡ്രജൻ ബോംബ് ആയ സാർ ബോംബയ്ക്ക്. അണുബോംബുകളുടെ ഉപയോഗം ഭയന്ന് മറ്റൊരു രാജ്യം നമ്മുടെ രാജ്യത്തെ ആക്രമിക്കുന്നത് തടയുന്നതിൽ ഹൈഡ്രജൻ ബോംബു കൾക്കുള്ള പ്രാധാന്യം എത്രയാണ് എന്ന് ഇതിൽനിന്ന് ഊഹിക്കാമല്ലോ.
2. പൊക്രാനിൽ ഇന്ത്യ ഒരു ഹൈഡ്രജൻ ബോംബ് പൊട്ടിച്ചില്ലേ ? ഇന്ത്യക്ക് ഹൈഡ്രജൻ ബോംബ് നിർമിക്കാനുള്ള ശേഷിയുണ്ട് എന്നല്ലേ ഇതിൽ നിന്നും മനസ്സിലാക്കേണ്ടത് ?
ഇവിടെയാണ് നമ്മൾക്ക് വിശദാംശങ്ങളിലേക്ക് കടക്കേണ്ടത് . DRDO, BARC എന്നിവ ചേർന്ന് 5 ന്യൂക്ലിയാർ പരീക്ഷണങ്ങളാണ് 1998ലെ പൊക്രാനിൽ വച്ചു നടത്തിയത് . ഭൂമിക്കടിയിൽ വച്ച് അണുബോംബുകൾ പൊട്ടിക്കാൻ ആയിരുന്നു പദ്ധതി . പൊട്ടിയ ശേഷം അണുബോംബിന്റെ ശേഷി അളക്കുന്നതിന് സ്ഫോടനം മൂലം ഉണ്ടായ ഭൂകമ്പം മാപിനികൾ ഉപയോഗിച്ച് അളക്കും . ഡോക്ടർ എപിജെ അബ്ദുൾ കലാമിന്റെ സംഘത്തിനായിരുന്നു ഇതിനുള്ള ചുമതല . പരീക്ഷണം നടക്കുന്നതിന്റെ രണ്ടര കിലോമീറ്റർ ചുറ്റളവിൽ അനേകം സെൻസറുകൾ സ്ഥാപിച്ച് തങ്ങൾക്ക് കൃത്യമായ ഡാറ്റ ലഭിക്കുമെന്ന് ഇവർ ഉറപ്പു വരുത്തിയിരുന്നു .
അണുവിഘടനം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആദ്യത്തെ ബോംബ് പ്രതീക്ഷിച്ച പോലെ തന്നെ പ്രവർത്തിച്ചു ( ഇന്ദിരാഗാന്ധിയുടെ കാലത്ത് നടത്തിയ പരീക്ഷണത്തിലും ഈ ബോംബ് പ്രവർത്തിച്ചിരുന്നു ) ഹിരോഷിമയിലെ ആറ്റംബോംബിനു സമാനമായ ശേഷിയായിരുന്നു ഈ ബോംബിന് ഉണ്ടായിരുന്നത് . ഈ ബോംബ് സ്ഥാപിക്കാൻ ഭൂമിക്കടിയിലേക്ക് തുരന്ന തുരങ്കം തകർന്ന് തരിപ്പണമാവുകയും അവിടെ ഇരുപതു മീറ്റർ വ്യാസമുള്ള ഒരു ഗർത്തം രൂപപ്പെടുകയും ചെയ്തു . ഈ ബോംബിനേക്കാൾ മൂന്നിരട്ടി പ്രഖ്യാപിത ശേഷിയുള്ളതായിരുന്നു ഇന്ത്യ നിർമ്മിച്ച ഹൈഡ്രജൻ ബോംബ് . എന്നാൽ ഹൈഡ്രജൻ ബോംബ് സ്ഫോടനം നടത്തിയതിന് ശേഷം അത് സ്ഥാപിച്ച ഭൂഗർഭ തുരങ്കത്തിൽനിന്ന് അല്പം മണലും കല്ലും പുറത്തേക്കുതെറിച്ചതല്ലാതെ ഗർത്തമൊന്നും രൂപപ്പെട്ടില്ല . തുരങ്കത്തിന് കാര്യമായൊന്നും സംഭവിക്കുകയും ചെയ്തില്ല . 70 മീറ്റർ വ്യാസമുള്ള ഗർത്തം പ്രതീക്ഷിച്ചിരുന്ന സ്ഥലത്താണ് ഇങ്ങനെ സംഭവിച്ചത് . ഭൂകമ്പമാപിനികളിലും സ്ഫോടനശേഷമുള്ള ഐസോടോപ്പുകളുടെ വിശകലനത്തിലും നിന്നു സ്വീകരിച്ച വിവരങ്ങളും ഹൈഡ്രജൻ ബോംബ് പരീക്ഷണം പരാജയമായിരുന്നു എന്ന സംശയമാണ് നൽകിയത് . തുടർന്ന് നാഷണൽ സെക്യൂരിറ്റി അഡ്വൈസർ ബ്രജേഷ് മിശ്രയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ഹൈഡ്രജൻ ബോംബിന്റെ പരീക്ഷണം വിജയം ആണ് എന്ന് പ്രഖ്യാപിക്കാൻ തീരുമാനിക്കുകയായിരുന്നു . പൊക്രാൻ പരീക്ഷണത്തിന്റെ പ്രോജക്ട് ലീഡർ ആയിരുന്ന കെ സന്താനം ഈ തീരുമാനങ്ങളെ നിശിതമായി വിമർശിച്ച് 2009 ലെ ഹിന്ദു പത്രത്തിൽ എഴുതിയ ലേഖനത്തിന്റെ ലിങ്ക് താഴെ കമന്റിൽ കൊടുക്കുന്നു .
3. ഹൈഡ്രജൻ ബോംബ് ഇല്ലെങ്കിലും ഫിഷൻ ബോംബ് ഉണ്ടല്ലോ ? അതുപോരേ ?
പോരല്ലോ. ന്യൂക്ലിയർ ബോംബുകൾ ഒന്നും രാജ്യങ്ങൾ പ്രയോഗിക്കാൻ വേണ്ടിയല്ല ഉണ്ടാക്കുന്നത്. അവ കാണിച്ച് മറ്റു രാജ്യങ്ങളെ ഭീഷണിപ്പെടുത്തുകയും അങ്ങനെ ഒരു യുദ്ധം തടയുകയും ചെയ്യുകയാണ് ഉദ്ദേശം. ഇതിനാണ് അണുപ്പേടി അഥവാ ന്യൂക്ലിയർ ഡിറ്ററൻസ് എന്നു പറയുന്നത്. നാം നിർമ്മിച്ചിരിക്കുന്ന ദീർഘദൂര ബാലിസ്റ്റിക് മിസൈലുകളുടെ ഉദ്ദേശവും ഇതുതന്നെയാണ്. മൂവായിരവും അയ്യായിരവും മറ്റും കിലോമീറ്റർ റേഞ്ചുള്ള അഗ്നി ബാലിസ്റ്റിക് മിസൈലുകൾ നമുക്കുണ്ട് . ഇവയിൽ 20 കിലോടണ്ണിൻറെ അണുബോംബ് പിടിപ്പിച്ച് അയയ്ക്കുന്നത് എ.കെ 47 തോക്കിൽ ചെറുപയർ ഇട്ട് വെടിവെയ്ക്കുന്നതു പോലെയാണ് . മെഗാടൺ ശേഷിയുള്ള അണുബോംബുകൾ വഹിക്കുന്നതിനാണ് ഇത്തരം ദീർഘദൂര ബാലിസ്റ്റിക് മിസൈലുകൾ പ്രയോജനപ്പെടുന്നത്. മെഗാടൺ ബോംബുകളും അവ വിതരണം ചെയ്യാനുള്ള സംവിധാനങ്ങളും ഉണ്ടെങ്കിൽ മാത്രമേ ഒരു രാജ്യത്തിന് അണുപ്പേടിയിൽ നിന്ന് മുക്തമാകാനാവൂ . ഇതിന് ക്രെഡിബിൾ മിനിമം ഡിറ്ററൻസ് എന്നാണ് പറയുന്നത്. നമ്മുടെ രാജ്യത്തിന് ഇത് നേടാൻ സാധിച്ചിട്ടില്ല എന്നാണ് മനസ്സിലാക്കേണ്ടത്.
4. നമ്മൾ അപ്പോൾ കൂടുതൽ അണു പരീക്ഷണങ്ങൾ നടത്തുകയും ബോംബുകൾ നിർമ്മിക്കുകയും ചെയ്യണം എന്നാണോ പറഞ്ഞു വരുന്നത് ?
ഒരിക്കലുമല്ല. ലോകമൊട്ടാകെ അണുവായുധങ്ങളിൽ നിന്ന് പിന്നോട്ട് പോകുകയും 2030ഓടെ അണുവായുധങ്ങൾ ഏതാണ്ട് പൂർണമായും ഇല്ലാതാക്കാനുള്ള ആലോചനകൾ മുറുകുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിൽ പുതിയ അണുവായുധം നിർമ്മിക്കുകയും പരീക്ഷിക്കുകയും ചെയ്യുന്നത് ഒരിക്കലും ഉത്തരവാദിത്വമുള്ള ഒരു രാജ്യത്തിനു ചേർന്നതല്ല. എന്നാൽ പ്രതിരോധ രംഗത്തെ നമ്മുടെ സ്ഥാനത്തെക്കുറിച്ച് നാം യാഥാർഥ്യബോധമുള്ളവരായിരിക്കണം. മലയാളത്തിലെ ചില മുത്തശ്ശിപ്പത്രങ്ങൾ എഴുതുന്ന പൈങ്കിളി ഫീച്ചറുകൾ വായിച്ചാൽ യാഥാർത്ഥ്യബോധം ഉണ്ടാകില്ല എന്നു നാം മനസ്സിലാക്കുന്നത് നല്ലതാണ്.

No comments:

Post a Comment