Friday 22 June 2018

മൂത്തേടത്തുകാവ് ഭഗവതിക്ഷേത്രം.


മൂത്തേടത്തുകാവ് ഭഗവതിക്ഷേത്രം.


മൂത്തേടത്തുകാവ് ഭഗവതിക്ഷേത്രം. ഇടതുകയ്യിൽ നാന്ദകം വാളും വലതുകയ്യിൽ അമൃത് നിറച്ചപാത്രവുമായി കുടികൊള്ളുന്ന സർവ്വൈശ്വര്യ പ്രദായനിയായ ഭദ്രകാളിയാണ് ഇവിടത്തെ പ്രധാന ദേവത. കണ്ണകി - കോവിലൻ കഥകളിൽ അധിഷ്ഠിതമാണ് ഇവിടുത്തെ ആചാരങ്ങൾ. തിരുവാലൂർ വാഴുന്ന കണ്ണകി തന്റെ കാൽച്ചിലമ്പ് വിറ്റ് പണം വാങ്ങുവാൻ ഭർത്താവായ കോവിലനെ അയക്കുന്നു. കോവിലൻ ചോഴവൻ തട്ടാനെ സമീപിച്ച് ചിലമ്പ് മാറ്റി വിലതരുവാൻ ആവശ്യപ്പെട്ടു തട്ടാനാകട്ടെ ഇത് വളരെ വിലപിടിപ്പുള്ള ചിലമ്പാണെന്നും ഇതു വാങ്ങുവാൻ കഴിവുള്ളവർ ആരും ഈ നാട്ടിൽ ഇല്ലെന്നും പാണ്ടിനാട്ടിൽ വന്നാൽ ചിലമ്പ് വിറ്റു വില വാങ്ങാമെന്നും പറഞ്ഞ് തട്ടാൻ കോവിലനെയും കൂട്ടി പാണ്ടിനാട്ടിലെത്തി. പാണ്ടിരാജാവിന്റെ ഭാര്യ പെരുന്തേവിയുടെ ഒരു കാൽച്ചിലമ്പ് തട്ടാൻ മുൻപ് മോഷ്ടിച്ചിരുന്നു. കോവിലന്റെ കൈവശമുള്ള ചിലമ്പ് പെരുംന്തേവിയുടെ നഷ്ടപ്പെട്ട ചിലമ്പാണെന്നും ഇത് മോഷ്ടിച്ചത് കോവിലനാണെന്നും തട്ടാൻ പാണ്ടിരാജാവിനെ തെറ്റിദ്ധരിപ്പിച്ചു. രാജാവ് കോവിലനെ ശൂലത്തിലേറ്റി കൊന്നു.
വിവരം അറിഞ്ഞ കണ്ണകി മൂത്തേടത്തുകാവിൽ എത്തി കുളിച്ച് ഈറനോടെ ക്ഷേത്രനടയിലെത്തി അലമുറയിട്ട് കരഞ്ഞ് തിരുനടയിൽ നമസ്ക്കരിച്ചു. കാവിലമ്മ പ്രത്യക്ഷപ്പെട്ടു. പാണ്ടിനാട്ടിലെത്തി രാജാവിനെ കൊല്ലുവാനും ഭർത്താവായ കോവിലനെ പുനർജ്ജനിപ്പിക്കുവാനും ദേവി കണ്ണകിയോട് പറഞ്ഞു. എന്നാൽ ഇതുരണ്ടിനും തനിക്ക് ശക്തിയില്ല എന്ന് കണ്ണകി ദേവിയോട് പറഞ്ഞു. ദേവി കണ്ണകിയുടെ ശരീരത്തിൽ പ്രവേശിക്കുകയും മധുരാനഗരി ചുട്ടുചാമ്പലാക്കുകയും, മധുരയിലെ തട്ടാന്മാരുടെ വംശം ഇല്ലായ്മ ചെയ്യുകയും ചെയ്തു. ഇതിന്റെ ഓർമ്മകുറിക്കുന്ന ചടങ്ങാണ് വിഷുവിൻ നാളിലെ എരിതേങ്ങാ കത്തിക്കൽ എന്നാണ് വിശ്വാസം. കേരളത്തിൽ രണ്ട് കൈകളോടുകൂടിയുള്ള ഭദ്രകാളീരൂപം എഴുതുന്ന ഏകദേവീക്ഷേത്രം മൂത്തേടത്തുകാവ്.
കോവിലൻ വംശപരമ്പരയിൽ പെട്ടവരാണ് വിൽപ്പാട്ട് നടത്തുന്നത്. തമിഴ്, മലയാളം കലർത്തി ദാരികവധം, കണ്ണകിചരിതം എന്നിവയാണ് കഥാസാരം. വിഷുവിൻ നാളിൽ അത്താഴപൂജയ്ക്കും അരിയേറിനും ശേഷം നടയടച്ചാൽ പിന്നീട് കർക്കിടകം 1ന് മാത്രമാണ് ക്ഷേത്രത്തിൽ പൂജാകർമ്മങ്ങൾ പുനരാരംഭിക്കുന്നത്. ഈ മൂന്ന് മാസം ക്ഷേത്രത്തിനുള്ളിൽ ആർക്കും തന്നെ പ്രവേശനമില്ല എന്നതും ഈ ക്ഷേത്രചടങ്ങുകളുടെ പ്രത്യേകതയാണ്

No comments:

Post a Comment