Tuesday 19 June 2018

കേരളത്തിൽ വൈശ്യരുണ്ടായിരുന്നോ ?

കേരളത്തിൽ വൈശ്യരുണ്ടായിരുന്നോ ?
------------------------------------------------------------
ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ, അവർണർ അഥവാ ചാതുർ വർണ്യത്തിനും പുറത്തുള്ളവർ.... ഇന്ത്യയിലെ ജാതി സമ്പ്രദായം അനുസരിച്ചു നില നിന്നിരുന്ന വിവിധ വിഭാഗങ്ങൾ ഇവയായിരുന്നു. പക്ഷെ കേരളത്തിൽ പ്രധാനമായും നില നിന്നിരുന്നത് ബ്രാഹ്മണരും,ചില ക്ഷത്രിയ രാജവംശങ്ങളും, പിന്നെ നായന്മാർ ഉൾപ്പെടുന്ന ശൂദ്ര വിഭാഗങ്ങളും, വർണ്ണമില്ലാത്ത അവർണ വിഭാഗങ്ങളും മാത്രമായിരുന്നു.
കേരളത്തിൽ ക്ഷത്രിയ രാജാക്കന്മാർ ഉണ്ടായിരുന്നുവെങ്കിലും വിരളമായിരുന്നു.അവരിൽ പലരെയും ക്ഷത്രിയന്മാരായി ബ്രാഹ്മണർ അംഗീകരിച്ചിട്ടുമുണ്ടായിരുന്നില്ല. അതായത് ബ്രാഹ്‌മണ വിശ്വാസപ്രകാരം ക്ഷത്രിയ നിഗ്രഹം പൂർത്തിയാക്കിയ ശേഷമാണ് പരശുരാമൻ ബ്രാഹ്മണരെ കേരളത്തിൽ കുടിയിരുത്തിയത്. അതിനാൽ തന്നെ ക്ഷത്രിയർക്ക് വംശനാശം സംഭവിച്ചു എന്ന ധാരണ വെച്ച് പുലർത്തിയിരുന്നവരായിരുന്നു ബ്രാഹ്മണർ. ഇത് കൂടാതെ കേരളത്തിലെ പല രാജാക്കന്മാരും, സാമന്തന്മാരും നായർ സമുദായത്തിൽ നിന്നുമുള്ളവരായിരുന്നു. സാമൂതിരിയും, വേണാട്ടടികളും, കോലത്തിരിയും എല്ലാം ഇതിൽ ഉൾപ്പെടുന്നു.
പോസ്റ്റിൽ പറയാൻ ഉദ്ദേശിക്കുന്നത് വൈശ്യരെക്കുറിച്ചാണ്. കേരളത്തിൽ വൈശ്യ വിഭാഗം തീരെ ഇല്ല എന്നാണ് പൊതുവെയുള്ള ധാരണ. കാരണം ബ്രാഹ്‌മണ -ക്ഷത്രിയ, അമ്പലവാസികളും, നായന്മാരും, ഈഴവരുൾപ്പെടുന്ന അവര്ണരുമായിരുന്നു കേരള ജനത. ഇവർക്കെല്ലാം കുലത്തൊഴിലുകളും ഉണ്ടായിരുന്നു. അമ്പലവാസികൾ അമ്പലത്തെ ചുറ്റിപറ്റി ഉപജീവനം കഴിച്ചവരായിരുന്നു. വാര്യരും,മാരാരും എല്ലാം അമ്പലവാസികളിൽ ഉൾപ്പെടുന്നു. പിന്നെയുള്ള ഭൂരിപക്ഷമായിരുന്ന നായർ വിഭാഗം ഒന്നിലധികം തൊഴിലുകളിൽ വ്യാപൃതരായിരുന്നു. പട നായന്മാർ പടയാളികളും, രാജ്യത്തെ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നവരുമായിരുന്നു. ഇതല്ലാത്തവർ കളരി അഥവാ മേയ്ക്കളരി ഗുരുക്കന്മാരായിരുന്നു. ഏഴുശൻ എന്ന് വിളിക്കപ്പെട്ടിരുന്ന എഴുത്തച്ഛന്മാർ എഴുത്തുകളരി വാധ്യാന്മാരായിരുന്നു(അടിസ്ഥാന ശാസ്ത്രവും, ഗണിതവും, അല്പം വേദാന്തവുമായിരുന്നു എഴുത്തു കളരികളിൽ പാഠ്യവിഷയം ).ബാക്കിയുള്ള നായന്മാർ നമ്പൂതിരി ഇല്ലങ്ങളിൽ കാര്യസ്ഥന്മാർ അടക്കമുള്ള സേവനങ്ങൾ അനുഷ്ഠിച്ചിരുന്നു. നായന്മാരിൽ തന്നെയുള്ള താഴ്ന്ന വിഭാഗങ്ങൾക്കുമുണ്ടായിരുന്നു കുലത്തൊഴിലുകൾ. ചക്കാലക്കൽ നായന്മാർക്ക് ചാക്കാട്ടി എണ്ണ ഉത്പാദിപ്പിക്കുക, വെളുത്തേടൻമാർക് വസ്ത്രങ്ങൾ അലക്കുക പോലുള്ളവ. ഈഴവ -തിയ്യ വിഭാഗം തെങ്ങുമായി ബന്ധപ്പെട്ടു ഉപജീവനം കണ്ടെത്തി. ദളിതർ മണ്ണിൽ പണിയെടുത്തു. കൊല്ലന്മാർ -ആശാരി -പൂശാരി അടക്കമുള്ള വിശ്വകർമ്മജർ അവരുടെ വേലകൾ ചെയ്തു. ഇതായിരുന്നു വർണ -തൊഴിൽ ക്രമം.
പറഞ്ഞു വന്നത് വൈശ്യന്മാരെക്കുറിച്ചാണ്. ഈ വിഭാഗത്തിൽ ഒന്നിലും കച്ചവടം തൊഴിലാക്കിയവർ ഇല്ല. പക്ഷെ അങ്ങനൊരു വിഭാഗം കേരളത്തിൽ ഉണ്ടായിരുന്നില്ലേ ?
ചെട്ടിയാർ എന്നൊരു വിഭാഗമുണ്ട് കേരളത്തിൽ. വാണിയർ എന്നും ഇവർ അറിയപ്പെടാറുണ്ട്. ജാതീയമായി നോക്കുമ്പോൾ നായർ സ്റ്റാറ്റസ് ഉള്ള സമുദായമായിരുന്നു വാണിയർ. ഇവർ പാരമ്പര്യമായി കച്ചവടക്കാരാണ്. കാലിക്കച്ചവടം മുതൽ എണ്ണ -ഗൗളി കച്ചവടങ്ങൾ വരെ ചെയ്തിരുന്ന വർ ചെട്ടിയാർ വിഭാഗത്തിൽ നിന്നുണ്ടായിട്ടുണ്ട്..ഇന്നും കേരളത്തിലെ പല പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനങ്ങളും ചെട്ടിയാർ സമുദായാംഗങ്ങളുടേതാണ്.
മറ്റൊരു വിഭഗമാണ് ശാലിയ.തുണി നെയ്താണ് കുലത്തൊഴിലെങ്കിലും പുരാതന കാലത്തു വസ്ത്രവ്യാപാരികൾ പലരും ശാലിയ സമുദായക്കാരായിരുന്നു.
ഇവരല്ലാതെ കച്ചവടം ഉപജീവനമാക്കിയ വിഭാഗങ്ങൾ കേരളത്തിലുണ്ടായിരുന്നോ ?

1 comment:

  1. വൈക്കം ക്ഷേത്രവും വിശ്വബ്രാഹ്മണരും.

    വൈക്കത്ത് ആഭരണ നിർമ്മാണം ചെയ്യുന്നവർ ആരാണ്?
    ഇവർക്കു എങ്ങനെ ആണ് തമിഴ് ബ്രാഹ്മണ ആചാരങ്ങൾ ഉണ്ടായത്?

    പ്രിയ വൈക്കം നിവാസികളെ വൈക്കം ശ്രീകോവിൽ ശില്പങ്ങൾ, തിടമ്പുകൾ, തിരുവാഭരണങ്ങൾ ഇവ നിർമിച്ചത് വടക്കുംകൂർ മഹാ രാജാവ് വിളിച്ചു വരുത്തിയ ബ്രാഹ്മണ ശില്പികളായ ഞങ്ങളുടെ മുൻ തലമുറയാണ്.വൈക്കം പ്രദേശത്ത് ആഭരണനിർമ്മാണം ചെയ്യുന്നവർ ആണ് ഇത്. വിശ്വബ്രാഹ്മണരെ കൊണ്ട് ശില്പങ്ങളും തിരുവാഭരണങ്ങളും നിർമ്മിക്കുന്നത് അക്കാലത്ത് വലിയ അന്തസ്സ് ആയി രാജാക്കൻമാർ കരുതിയിരുന്നു.

    ദശാബ്ദങ്ങൾക്കു മുൻപ് തമിഴ്നാട്ടിലെ ശങ്കരൻകോവിൽ തിരുനെൽവേലി, മധുര എന്നിവിടങ്ങളിൽ നിന്നും കേരളത്തിലെ തെക്കുംകൂർ രാജാക്കന്മാരുടെയുംവടക്കും കൂർ നാടുവാഴികളുടെയും ക്ഷണം സ്വീകരിച്ചു വന്നവരാണ് തമിഴ് വംശജരായ വിശ്വബ്രാഹ്മണർ. സ്വർണം- വെള്ളി, ആഭരണ നിർമാണം, ദേവശില്പ നിർമാണം എന്നിങ്ങനെ കുലത്തൊഴിലുകൾ ഉപജീവനത്തിനായി ചെയ്തുപോന്ന ഇവർ കുലദേവതകളെ പോകുന്ന ഇടങ്ങളിൽ കൂടെ കൊണ്ടുപോകുകയും വാസ സ്ഥലങ്ങളിൽ സ്ഥാപിച്ച് ആരാധിച്ചും വന്നിരുന്നു. കേരളത്തിൽ എഴുപത്തിയാറരക്കരകളിലാണ് വിശ്വബ്രഹ്മണർ ഉള്ളത്. ഇതിൽ ആചാര വ്യത്യാസങ്ങളുടെ പേരിൽ നൽപ്പത് കരകളും മുപ്പത്തിയാറരക്കരകളുമായി രണ്ടായിപിരിഞ്ഞു.തമിഴ് വിശ്വബ്രാഹ്മണ സമൂഹം, തമിഴ് വിശ്വബ്രഹ്മ സമാജം എന്നിങ്ങനെ പ്രധാനമായും അറിയപ്പെട്ടിരുന്നത്. ഇപ്പോൾ കേരള വിശ്വബ്രാഹ്മണ ഏകോപന സമിതി എന്ന പേരിൽ ഒന്നിച്ചു പ്രവർത്തിക്കുന്നു.തമിഴ് ബ്രാഹ്മണ ആചാരങ്ങൾ പിന്തുടരുന്നു. വിവാഹത്തിനു ശിവലിംഗ താലിയും ലക്ഷ്മി താലിയും ഉപയോഗിക്കുന്നു.
    മുപ്പത്തിയാറരക്കരക്കാരുടെ മൂലസ്ഥാനം വൈക്കം ആയി പരിഗണിക്കുന്നു. വൈക്കം ക്ഷേത്രത്തിൽ അഷ്ടമിക്ക്
    സമൂഹ സന്ധ്യാവേല നടത്തുന്നുണ്ട്.

    വൈക്കത്തഷ്ടമിക്കു മുന്നോടിയായി പ്രദേശവാസികളായ ബ്രാഹ്മണ സമുദായത്തിൽപ്പെട്ടവർ വൈക്കത്തപ്പന് സമർപ്പിക്കുന്ന ഏറ്റവും വിശേഷപ്പെട്ട വഴിപാട് ആണ് " സമൂഹ സന്ധ്യാവേല ". ആഭരണ നിർമ്മാണം ചെയ്യുന്ന തമിഴ് വിശ്വബ്രാഹ്മണർ,നമ്പൂതിരി സമാജം(യോഗ ക്ഷേമ സഭ ), തെലുങ്ക് ബ്രാഹ്മണർ, തമിഴ് ബ്രാഹ്മണ സമൂഹം എന്നിവരാണ് സന്ധ്യാവേല വഴിപാട് അർപ്പിക്കുന്നത്.
    വൈക്കം കാളിയമ്മ നട ക്ഷേത്രം വിശ്വബ്രാ ഹ്മണരുടെ കുല ദേവത ക്ഷേത്രം ആണ്. കുലശേഖരമംഗലത്തു വിശ്വബ്രാഹ്‌മണ കുടുംബം ആയ മരവട്ടിക്കൽ തറവാട്ടിൽ നിന്നും വൈക്കത്തുള്ള പഴയപറമ്പിൽ വീട്ടിലേക്കു മകളെ വിവാഹം കഴിച്ചയച്ചപ്പോൾ അച്ഛൻ മകൾക്കു അനുഗ്രഹിച്ചു നൽകിയതാണ് കുടുംബ ദൈവമായി ആരാധിച്ചിരുന്ന കാളിയമ്മ ദേവിയെ. അത് പറമ്പിലെ വൃക്ഷച്ചുവട്ടിൽ വെച്ച് നിത്യവും വിളക്കു കൊളുത്തി പൂജിക്കുമായിരുന്നു.ആ ദേവി ചൈതന്യം ആണ് ഇന്ന് കാണുന്ന കാളിയമ്മ ദേവി.മഠാധിപതി ആയിരുന്ന ശ്രീ ശിവ ഷണ്മുഖ ഞ്ജാനാചാര്യ ഗുരു സ്വാമികൾ സമാധി ആയതിനു ശേഷം ഇപ്പോൾ ഞങ്ങളുടെ മഠാധിപതി ശ്രീ ശിവശ്രീ ശിവ രാജ ഗുരു സ്വാമികൾ ആണ്.
    Sunish K Acharya
    8156819803(whatsapp)
    Maravanthuruthu

    ReplyDelete