Wednesday 20 June 2018

വീട്ടിലെ തെർമോമീറ്റർ ആകസ്മികമായി താഴെ വീണു പൊട്ടി, എങ്ങിനെയാണ് ക്ലീൻ ചെയ്യുക?"






വീട്ടിലെ തെർമോമീറ്റർ ആകസ്മികമായി താഴെ വീണു പൊട്ടി, എങ്ങിനെയാണ് ക്ലീൻ ചെയ്യുക?"

[ഇപ്പോൾ ഡിജിറ്റൽ തെർമോമീറ്റർ ആയിരിക്കും പലർക്കും എന്നിരുന്നാലും കുറച്ചു പേരെങ്കിലും ഇപ്പോളും മെർക്കുറി തെർമോമീറ്റർ ഉപയോഗിക്കുന്നുണ്ടാവുമല്ലോ?]
മെർക്കുറി ക്ലീൻ ചെയ്യുന്നതിനെപ്പറ്റി വർഷങ്ങൾക്ക് മുൻപ് ആദ്യമായി പറഞ്ഞു തന്നത് എന്റെ ഗവേഷണ സൂപ്പർവൈസർ ആയിരുന്ന പ്രൊഫെസ്സർ ജോൺ കെല്ലി ആയിരുന്നു. 1
1999 ൽ ആണെന്നാണ് ഓർമ്മ, ഒരിക്കൽ ലാബിൽ നിന്നും (ഡബ്ലിനിലെ ട്രിനിറ്റി കോളേജ്) പുറത്തേക്കു വരുമ്പോൾ എന്റെ കയ്യിലിരുന്ന തെർമോമീറ്റർ താഴെ വീണു പൊട്ടി.
ഞാൻ ഒരു ചൂലുമായി ക്ലീൻ ചെയ്യാൻ വരികആയിരുന്നു, അപ്പോളാണ് അദ്ദേഹം എതിരെ വരുന്നത്.
എന്റെ കയ്യിലെ ചൂലും (broom) താഴെ പൊട്ടിക്കിടക്കുന്ന തെർമോമീറ്ററും കണ്ട് അദ്ദേഹം പറഞ്ഞു.
"നോ.......വെയിറ്റ്...മെർക്കുറി ചൂലു കൊണ്ട് ഒരിക്കലും ക്ലീൻ ചെയ്യരുത്"
പിന്നെ അദ്ദേഹം മെർക്കുറി എങ്ങിനെയാണ് ക്ലീൻ ചെയ്യുന്നത് എന്ന് വിശദമായി പറഞ്ഞു തന്നു.
അന്ന് പറഞ്ഞതും, ഞാൻ വായിച്ചറിഞ്ഞ കാര്യങ്ങളും (US EPA യുടെ What to Do if a Mercury Thermometer Breaks?) താഴെ വിശദമാക്കുന്നു. CFL (compact fluorescent light bulb) അല്ലെങ്കിൽ മെർക്കുറിയുള്ള വേറെ ഉപകരണങ്ങൾ പൊട്ടിയാലും ഇതേ ക്ലീനിങ് രീതികൾ ഉപയോഗിക്കാം.
മെർക്കുറി മാരക വിഷമായ വസ്തുവാണ്. ചെറിയ അളവിൽ പോലും ഉള്ളിൽ ചെന്നാൽ തലച്ചോറിനും, ഹൃദയത്തിനും, ശ്വാസകോശത്തിനും, കരളിനും, വൃക്കയ്ക്കും ഒക്കെ തരാറുണ്ടാക്കാൻ ഹേതുവാണ്‌.
വീട്ടിലെ CFL (compact fluorescent light bulb) അല്ലെങ്കിൽ തെർമോമീറ്റർ പൊട്ടിയാൽ ചെയ്യരുതാത്ത കാര്യങ്ങൾ.
1. ബ്രഷ്, ചൂൽ ഇവയൊന്നും ഉപയോഗിക്കരുത്. ചൂല് കൊണ്ട് തൂക്കുമ്പോൾ മെർക്കുറി ചെറിയ കണങ്ങളായി മാറി അവിടം മുഴുവൻ വ്യാപിക്കും. പിന്നീട് ക്ലീനിങ് പ്രയാസം ആകും.
2. ഉടുത്തിരിക്കുന്ന വസ്ത്രത്തിൽ വീണാൽ, ആ വസ്ത്രം വീണ്ടും കഴുകി ഉപയോഗിക്കരുത്. അത് മെർക്കുറി യുടെ വേസ്റ്റ് കളയുന്ന പോലെ ഉപേക്ഷിച്ചേക്കുക.
3. ഒരിക്കലും മെർക്കുറി വാക്വം ക്ലീനർ ഉപയോഗിച്ചു ക്ലീൻ ചെയ്യരുത്. ഇത് അന്തരീക്ഷ വായുവിൽ കലരാൻ കാരണമാകും.
4. തുണി/പേപ്പർ ഉപയോഗിച്ച് ഒരിക്കലും നിലം തുടയ്ക്കരുത്. ഇത് കൂടുതൽ സ്ഥലങ്ങളിലേക്ക് മെർക്കുറി വ്യാപിപ്പിക്കും.
5. ഓവുചാല് (drain) വഴി ഒരിക്കലും മെർക്കുറി/ അല്ലെങ്കിൽ അത് അടങ്ങിയ ഘടകങ്ങൾ ഒഴുക്കി വിടരുത്. ഇത് മണ്ണിനെയും, വെള്ളത്തെയും മലിനമാക്കും.
എങ്ങിനെ ക്ലീൻ ചെയ്യാം
മുൻകരുതലുകൾ
1. ആദ്യമായി കുട്ടികളെയും, വളർത്തു മൃഗങ്ങളെയും മെർക്കുറി വീണ അല്ലെങ്കിൽ CFL (compact fluorescent light bulb) പൊട്ടിവീണ ഭാഗത്തു നിന്നും മാറ്റി നിർത്തുക. മുതിർന്ന ഒരാളോ രണ്ടു പേരോ മാത്രം ക്ലീൻ ചെയ്യുന്ന ജോലിയിൽ ഏർപ്പെടുക.
2. വായു സഞ്ചാരം ഉണ്ടാക്കാനായി പുറത്തേക്കുള്ള വാതിലുകൾ തുറന്നിടുക. മറ്റു മുറികളിലേക്ക് തുറക്കുന്ന ജനലുകളും വാതിലുകളും അടയ്ക്കുക. (CFL ആണെങ്കിൽ അഞ്ച് മിനിറ്റ് വാതിലുകൾ തുറന്നിട്ട ശേഷമേ ക്ലീനിങ് തുടങ്ങാവൂ. അന്തരീക്ഷത്തിലുള്ള മെർക്കുറി പൊടികൾ താഴെ വരാനാണിത്.)
3. ഫാൻ എയർ കണ്ടിഷൻ ഇവ ഓൺ ആണെങ്കിൽ ഇവയുടെ പ്രവർത്തനം അവസാനിപ്പിക്കുക.
വേണ്ട സാധനങ്ങൾ
1. ഗ്ലൗസ് (rubber, nitrile or latex )
2. 5 zipper ഉള്ള പ്ലാസ്റ്റിക് ബാഗുകൾ (Ziplock etc)
2. ട്രാഷ് ബാഗുകൾ (2 to 6 mm thick)
4. പേപ്പർ ടൗവലുകൾ (പേപ്പർ കിച്ചൻ ടവൽ/ ന്യൂസ് പേപ്പർ)
5. കാർഡ്ബോർഡ്
6. കണ്ണിൽചെവിയിൽ മരുന്നൊഴിക്കാൻ ഉപയോഗിക്കുന്ന eye dropper
7. ഷേവിങ് ക്രീം
8 പെയിന്റ് ബ്രഷ്
9. ടോർച്ച് ലൈറ്റ്
10. സോപ്പു വെള്ളം മുക്കിയ തുണി (അവസാന ക്ലീനിങ്ങിന്)

ക്ലീൻ ചെയ്യേണ്ട വിധം.
1. റബ്ബർ ഗ്ലൗസ് കയ്യിൽ ധരിക്കുക.
2. പൊട്ടിയ ഗ്ലാസ്സുകൾ ഉണ്ടെങ്കിൽ അത് എടുത്ത് ഒരു പേപ്പറിൽ വയ്ക്കുക. ഇവയെല്ലാം കൂടി zipper ഉള്ള പ്ലാസ്റ്റിക് ബാഗിൽ നിക്ഷേപിക്കുക, എന്നിട്ട് zip ലോക്ക് ചെയ്യുക.
3. കാർഡ്ബോർഡ് കയ്യിൽ പിടിക്കാവുന്ന രീതിയിൽ മുറിച്ച്, പതിയെ മെർക്കുറി ആ കാർഡ്ബോർഡ് പീസിൽ എടുക്കുക. CFL ന്റെ പൊടികളും ഇങ്ങനെ എടുക്കാം. ഇതു കൂടാതെ തെർമോ മീറ്ററിലെ മെർക്കുറി എടുക്കുവാനായി കണ്ണിൽ/ചെവിയിൽ മരുന്നൊഴിക്കാൻ ഉപയോഗിക്കുന്ന eye dropper ഉം ഉപയോഗിക്കാം. മുകളിൽ പറഞ്ഞ പോലെ, ഇവയെല്ലാം കൂടി zipper ഉള്ള പ്ലാസ്റ്റിക് ബാഗിൽ നിക്ഷേപിക്കുക, എന്നിട്ട് zip ലോക്ക് ചെയ്യുക.
4. ഇനിയും കണ്ണു കൊണ്ട് കാണാൻ പറ്റാത്ത മെർക്കുറി ഉള്ള ചെറിയ അംശങ്ങൾ താഴെ കാണും. ഇവ മാറ്റുവാനായി, ഷേവിങ് ക്രീം താഴെ ആവശ്യത്തിന് നിലത്ത് ഒഴിച്ചിട്ട് ഒരു ചെറിയ പെയിന്റ് ബ്രഷ് കൊണ്ട് പതിയെ വ്യാപിപ്പിക്കുക, അതിനു ശേഷം പെയിന്റ് ബ്രഷ് ഉപയോഗിച്ച് ഒരു പേപ്പറിലേക്ക് ഇവ തുടച്ചു മാറ്റുക. ഇത് രണ്ടോ, മൂന്നോ പ്രാവശ്യം ആവർത്തിക്കുക. ഇവയെല്ലാം കൂടി മറ്റൊരു zipper ഉള്ള പ്ലാസ്റ്റിക് ബാഗിൽ നിക്ഷേപിക്കുക, എന്നിട്ട് zip ലോക്ക് ചെയ്യുക.
5. ഗ്ലൗസ് ഊരി zipper ഉള്ള പ്ലാസ്റ്റിക് ബാഗിൽ നിക്ഷേപിക്കുക, എന്നിട്ട് zip ലോക്ക് ചെയ്യുക. മുറിയിലെ ലൈറ്റുകൾ ഓഫ് ചെയ്യുക, അതിനു ശേഷം ടോർച്ചുലൈറ്റ് ചരിച്ചു പിടിച്ചു തറയിൽ എവിടെ എങ്കിലും ഗ്ലാസ് മുറികളോ, മെർക്കുറിയോ ഉണ്ടോ എന്ന് നോക്കുക. ഉണ്ടെങ്കിൽ മുകളിൽ പറഞ്ഞ രീതിയിൽ അവ ക്ലീൻ ചെയ്യുക.
6. മെർക്കുറി ഇല്ല എന്ന് ഉറപ്പാക്കിയ ശേഷം, തറ മുഴുവൻ സോപ്പു വെള്ളം മുക്കിയ തുണി കൊണ്ട് നന്നായി തുടയ്ക്കുക, തുടച്ച തുണി, . ഗ്ലൗസ് ഇവ മറ്റൊരു zipper ഉള്ള പ്ലാസ്റ്റിക് ബാഗിൽ നിക്ഷേപിക്കുക, എന്നിട്ട് zip ലോക്ക് ചെയ്യുക.
7 . മുകളിൽ ശേഖരിച്ച എല്ലാ സിപ് ലോക്കുകളും കൂടി ഒരു ട്രാഷ് ബാഗിൽ (2 to 6 mm thick) നിക്ഷേപിക്കുക. നന്നായി കെട്ടുക. ഇവയെല്ലാം കൂടി വേറെ ഒരു ട്രാഷ് ബാഗിൽ നന്നായി വിരിഞ്ഞു കെട്ടുക. വീടിനു പുറത്ത് സൂക്ഷിക്കുക. ഇതിനു ശേഷം പുറത്ത് 'മെർക്കുറി അടങ്ങിയ വേസ്റ്റ്' എന്ന് എഴുതി പുറത്ത് മുന്സിപ്പാലിറ്റി വേസ്റ്റ് എടുക്കുന്നവരെ ഏൽപ്പിക്കുക. ഗ്രാമ പ്രദേശങ്ങളിൽ ഉള്ളവർ ഇവ അടുത്ത് നഗരത്തിൽ ഉള്ള വേസ്റ്റ് എടുക്കുന്ന സ്ഥലങ്ങളിൽ എത്തിക്കുക.
അടിക്കുറിപ്പ്:
എന്തിനാണ് CFL ലാമ്പിൽ മെർക്കുറി ഉപയോഗിക്കുന്നത്?
CFL ലാമ്പുകളിൽ ആർഗോൺ എന്ന ഗ്യാസും, മെർക്കുറിയും (four milligrams), phosphor coating ഉം ഉണ്ട്. രണ്ട് ഇലെക്ട്രോഡുകളുടെ ഇടയിൽ കൂടി കറന്റ് പാസ് ചെയ്യുമ്പോൾ, മെർക്കുറി മോളിക്യൂളുകൾ അതിന്റെ ഉയർന്ന ഊർജ്ജ സ്ഥിതിയിലേക്ക് പോകും (excited ആകും). ഈ പ്രതിഭാസം UV ലൈറ്റ് ഉണ്ടാക്കും. ഈ UV ലൈറ്റിനെ CFL ലാമ്പിനു അകത്തു പുരട്ടിയിരിക്കുന്ന phosphor coating ഇവയെ ദൃശ്യ പ്രകാശം ആക്കി മാറ്റും. ഒരു, കാര്യം കൂടി പൊട്ടാത്ത CFL ലാമ്പുകളിൽ നിന്ന് മെർക്കുറി ഒരു കാരണവശാലും പുറത്തു വരില്ല, ഇവ സേഫ് ആണ്. പേടിക്കേണ്ട കാര്യമേ ഇല്ല.

No comments:

Post a Comment