Tuesday 19 June 2018

ഡേവിഡ് ലിവിങ്സ്റ്റൺ






ഡേവിഡ് ലിവിങ്സ്റ്റൺ
കൊടുങ്കാടുകളും ഭീകര ജന്തുക്കളും കാട്ടുമനുഷ്യരും നിറഞ്ഞ പേടിപ്പെടുത്തുന്ന വൻകര! പത്തൊൻപതാം നൂറ്റാണ്ടുവരെ ആഫ്രിക്കയെകുറിച്ച് പുറംലോകത്തുള്ളവർ കരുതിയിരുന്നത് ഇങ്ങനെയാണ്. അവർ ആഫ്രിക്കയെ വെറുക്കുകയും ഭയപ്പെടുകയും ചെയ്തിരുന്നു. പുറത്തുനിന്ന് വരുന്നവരെ സ്വീകരിക്കുവാൻ ആഫ്രിക്കക്കാരും തയ്യാറായിരുന്നില്ല...... എന്നാൽ, ഡേവിഡ് ലിവിങ്സ്റ്റൺ എന്ന സഞ്ചാരിക്ക് ഈ ഇരുണ്ട വൻകരയും അവിടുത്തെ ആളുകളും ഒരുപോലെ പ്രിയപ്പെട്ടതായിരുന്നു. ആഫ്രിക്കക്കാരെ ഉള്ളഴിഞ്ഞു സ്നേഹിക്കുകയും അവരുടെ സ്നേഹവും വിശ്വാസവും നേടിയെടുക്കുകയും ചെയ്ത ആ മഹാ സഞ്ചാരിയെക്കുറിച്ച് കേട്ടോളു
സ്കോട്ലൻഡിൽ 1813 മാർച്ച്‌ 19-നാണ് ലിവിങ്സ്റ്റൺ ജനിച്ചത്.. വീട്ടിലെ ദാരിദ്രം കാരണം ചെറുപ്പത്തിലേ ഒരു പരുത്തിമില്ലിൽ ജോലിക്ക് ചേർന്നു.. പുതിയ കാര്യങ്ങൾ പഠിക്കാൻ തല്പരനായിരുന്ന ലിവിങ്സ്റ്റൺ കിട്ടാവുന്നിടത്തോളം പുസ്‌തകങ്ങൾ തേടിപ്പിടിച്ച് വായിച്ചു. ഇതിനിടയിൽ ലാറ്റിൻ ഭാഷയും വശമാക്കി. ലണ്ടൻ മിഷൻ സൊസൈറ്റിയുടെ പ്രവർത്തനങ്ങളിൽ താല്പര്യം തോന്നിയ അദ്ദേഹം അതിൽ ചേർന്നു. അവർ ലിവിങ്‌സ്റ്റണ് ഉയർന്ന വിദ്യാഭ്യാസം നേടാനുള്ള അവസരം ഉണ്ടാക്കിക്കൊടുത്തു.
1840-ൽ ഡോക്ടർ ബിരുദം നേടി ലിവിങ്സ്റ്റൺ നേരെ തെക്കേ ആഫ്രിക്കയിലേക്ക് കപ്പൽ കയറി
മറ്റാരും കടന്നുചെല്ലാത്ത ആഫ്രിക്കൻ പ്രദേശങ്ങളിൽ പര്യവേഷണം നടത്താനാണ് ലിവിങ്സ്റ്റൺ തന്റെ സമയം ചെലവഴിച്ചത്. കൊടുങ്കാടുകൾ അദ്ദേഹത്തെ ഭയപെടുത്തിയില്ല.. ഒരിക്കൽ കാട്ടിൽ വെച്ച് ലിവിങ്‌സ്റ്റണെ സിംഹം ആക്രമിച്ചു. സിംഹത്തിന്റെ പിടിയിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും അദ്ധേഹത്തിന്റെ ഇടതുകൈയുടെ ചലനശേഷി നഷ്ടപ്പെട്ടു. പക്ഷെ ഇത്തരം അപകടങ്ങളൊന്നും ലിവിങ്‌സ്റ്റണെ തളർത്തിയതേയില്ല.
1849-ൽ, കലഹാരി മരുഭൂമിയും അതിന് വടക്കുവശത്തുള്ള വലിയ തടാകവും സാംബസി മഹാനദിയും ലിവിങ്സ്റ്റൺ കണ്ടുപിടിച്ചു. അപകടങ്ങൾ വകവെയ്ക്കാതെ 1853മുതൽ 1856വരെ ആഫ്രിക്കയുടെ കൊടുങ്കാടുകളിൽ അദ്ദേഹം പര്യവേഷണം നടത്തി, അതും ഒറ്റക്ക്.
ലോകപ്രസിദ്ധമായ വിക്ടോറിയ വെള്ളച്ചാട്ടവും ന്യാസ തടാകവും കണ്ടുപിടിച്ചശേഷം നാട്ടിലേക്ക് തിരിച്ചുപോയ ലിവിങ്സ്റ്റൺ നൈൽ നദിയുടെ ഉദ്‌ഭവം തേടിയാണ് തിരിച്ചെത്തിയത്. ഒരു സമയത്ത് കാട്ടുമൃഗങ്ങൾ ലിവിങ്‌സ്റ്റണെ കൊലപ്പെടുത്തിയിട്ടുണ്ടാകും എന്നു തന്നെ പുറംലോകം വിശ്വസിച്ചു. എന്നാൽ ന്യൂയോർക് ഹെറാൾഡിന്റെ പ്രത്യേക ലേഖകനും സാഹസിക സഞ്ചാരിയുമായ ഹെൻറി സ്റ്റാൻലി ദീർഘനാളത്തെ അന്വേഷത്തിനൊടുവിൽ ലിവിങ്‌സ്റ്റണെ കണ്ടെത്തി. അവർ ഒന്നിച്ച് കുറച്ച് നാൾ യാത്ര ചെയ്തു. 1873-ൽ കൊടുങ്കാടിലൂടെയുള്ള യാത്രക്കിടയിൽ മനുഷ്യസ്നേഹിയായ ആ സാഹസികൻ അന്തരിച്ചു. (ലിവിങ്സ്റ്റൺ അടിമവ്യാപാരത്തെ ശക്തിയായി എതിർത്തിരുന്നു. അതുകൊണ്ട് അടിമകച്ചവടക്കാർ പല സ്ഥലത്തുവെച്ചും അദ്ദേഹത്തെയും സംഘത്തെയും നേരിട്ടു. എന്നാൽ, ലിവിങ്സ്റ്റൺ അതിനെയൊക്കെ അനായാസം ചെറുത്തു തോൽപിച്ചു )

No comments:

Post a Comment