Wednesday 20 June 2018

ലോക രാഷ്ട്രീയത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രി മിസിസ് ബി എന്ന് അറിയപ്പെട്ടിരുന്ന സിരിമാവോ ബണ്ഡാരനായകെ.





ലോക രാഷ്ട്രീയത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രി മിസിസ് ബി എന്ന് അറിയപ്പെട്ടിരുന്ന സിരിമാവോ ബണ്ഡാരനായകെ.
 ----------------------------------------------------------------------------------------------------------------------------------------------------------
1916 ഏപ്രില്‍ 17നാണ് അന്ന് സിലോണ്‍ എന്നറിയപ്പെട്ടിരുന്ന ശ്രീലങ്കയില്‍ സിരിമാവോ ജനിച്ചത്. ബുദ്ധമത അനുയായികളായിരുന്നു സിരിമാവോയുടെ കുടുംബം. ആറുമക്കളില്‍ മൂത്തയാളായിരുന്ന അവര്‍ കൊളംബോയിലെ കോണ്‍വെന്റ് സ്‌കൂളില്‍നിന്നാണ് സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്.
1940-ല്‍ ഇരുപത്തിനാലാമത്തെ വയസ്സില്‍ അവര്‍ സോളമന്‍ ബണ്ഡാരനായകെയെ വിവാഹം ചെയ്തു. നാഷണലിസ്റ്റ് ശ്രീലങ്കന്‍ ഫ്രീഡം പാര്‍ട്ടിയുടെ സ്ഥാപകനായിരുന്നു അദ്ദേഹം. 1956-ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിയാണ് അധികാരത്തിലെത്തിയത്. എന്നാല്‍ 1959-ല്‍ ഒരു ബുദ്ധസംന്യാസി നടത്തിയ വെടിവെപ്പില്‍ ബണ്ഡാരനായകെ വധിക്കപ്പെട്ടു. ഭര്‍ത്താവിന്റെ മരണത്തെത്തുടര്‍ന്ന് സിരിമാവോ പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കുകയായിരുന്നു. ബണ്ഡാരനായകെയുടെ നയങ്ങളില്‍നിന്ന് അണുവിട വ്യതിചലിക്കാതെ അവര്‍ പാര്‍ട്ടിയെ നയിച്ചുപോന്നു.
'തളരാത്ത പോരാളിയാണവര്‍. അവര്‍ സ്വയം അതിജീവിക്കുകയല്ല ചെയ്തത്. തകര്‍ന്നുപോകുമായിരുന്ന ഒരു പാര്‍ട്ടിയെയും തന്റെ കുടുംബത്തെത്തന്നെയും അവര്‍ കരകയറ്റി. ശ്രീലങ്കന്‍ രാഷ്ട്രീയത്തിലെ നിറസാന്നിധ്യമാക്കി മാറ്റി' - സരിമാവോയെക്കുറിച്ച് ശ്രീലങ്കന്‍ ചരിത്രകാരന്‍ കെ.എ.ഡി സില്‍വ ഒരിക്കല്‍ അഭിപ്രായപ്പെട്ടിരുന്നു.
1960-ലെ തിരഞ്ഞെടുപ്പില്‍ സിരിമാവോ നയിച്ച പാര്‍ട്ടി ചരിത്രവിജയം രേഖപ്പെടുത്തി. ലോകത്തെ ഉരുക്കുവനിതയായി മാര്‍ഗരറ്റ് താച്ചര്‍ അറിയപ്പെടുന്നതിനും മുന്‍പ്, ഇന്ദിരാഗാന്ധിയും ഗോള്‍ഡാ മെയറും സ്വന്തം രാജ്യത്തിന്റെ ഭരണചക്രം തിരിക്കുന്നതിനും മുന്‍പ് തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ ആദ്യ വനിതാ പ്രധാനമന്ത്രിയായി സിരിമാവോ ബണ്ഡാരനായകെ. എന്നാല്‍ ഭരണകാലഘട്ടത്തില്‍ ഏറെ പ്രശ്‌നങ്ങള്‍ അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു. ഇംഗ്ലീഷില്‍നിന്ന് ഭരണഭാഷ സിംഹളയാക്കിമാറ്റാനുള്ള അവരുടെ തീരുമാനം ശ്രീലങ്കയില്‍ വന്‍ വിപ്ലവം സൃഷ്ടിച്ചു. അവിടെയുണ്ടായിരുന്ന തമിഴ് വംശജര്‍ ഇതിനെതിരെ ശക്തമായ പ്രക്ഷോഭവുമായി പുറത്തുവന്നു. ഇതെത്തുടര്‍ന്ന് സിരിമാവോക്ക് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടിവന്നു.
1964-ല്‍ സിരിമാവോ ഭരണകൂടത്തിനെതിരെ നടന്ന അവിശ്വാസപ്രമേയം പാസായതിനെത്തുടര്‍ന്ന് പുതിയ തിരഞ്ഞെടുപ്പ് നടന്നു. അതില്‍ അവരുടെ പാര്‍ട്ടി പരാജയപ്പെട്ടു. എന്നാല്‍ 1970-ല്‍ വീണ്ടും ശക്തയായി തിരിച്ചെത്തിയ അവര്‍ രണ്ടാംവട്ടം പ്രധാനമന്ത്രിപദത്തിലേറി. അവരുടെ കാഴ്ചപ്പാടുകള്‍ ഇടതുപക്ഷ രാഷ്ട്രീയത്തിന്റേതായി മാറിക്കഴിഞ്ഞിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുമായി അവര്‍ നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. ചൈനയുമായും സിരിമാവോ അടുത്ത ബന്ധം പുലര്‍ത്തി. 1972-ല്‍ അവര്‍ സിലോണിനെ ഒരു സ്വതന്ത്ര റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു. അന്നാണ് സിലോണിന് ശ്രീലങ്ക എന്ന പേര് കൈവന്നത്.
അന്താരാഷ്ട്ര ബന്ധങ്ങള്‍ സൂക്ഷിക്കുന്നതില്‍ മിടുക്കുകാണിച്ചെങ്കിലും രാജ്യത്തുണ്ടായ അഴിമതി ആരോപണങ്ങളും തകര്‍ന്ന സമ്പദ്‌വ്യവസ്ഥയും ശ്രീലങ്കയില്‍ സിരിമാവോയുടെ പിന്‍ബലം കുറച്ചു. 1977-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കനത്ത പരാജയമായിരുന്നു നാഷണലിസ്റ്റ് ശ്രീലങ്കന്‍ ഫ്രീഡം പാര്‍ട്ടിക്ക് കൈവന്നത്. സ്ഥാനം ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് ഭരണപക്ഷം 1980-ല്‍ പാര്‍ലമെന്റില്‍നിന്നും സിരിമാവോയെ ഏഴു വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്തു. 1986-ലാണ് അവരുടെ പൗരാവകാശങ്ങള്‍ പുനസ്ഥാപിച്ചുകിട്ടിയത്. 1988-ല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് സിരമാവോ മത്സരിച്ചെങ്കിലും നേരിയ ഭൂരിപക്ഷത്തിന്റെ വ്യത്യാസത്തില്‍ പിന്തള്ളപ്പെട്ടു.
1994ല്‍ സിരമാവോയുടെ മകള്‍ ചന്ദ്രിക കുമാരതുംഗെയുടെ നേതൃത്വത്തില്‍ പാര്‍ട്ടി ശക്തമായ തിരിച്ചുവരവു നടത്തി. ചന്ദ്രിക ശ്രീലങ്കയുടെ പ്രസിഡന്റായി ബണ്ഡാരനായകെ കുടുംബത്തിന്റെ മഹിമ നിലനിര്‍ത്തി. സിരിമാവോയുടെ മകന്‍ അനൂര ആദ്യം സ്പീക്കര്‍ പദവിയും പിന്നീട് മന്ത്രിപദവിയും അലങ്കരിച്ചു. അപ്പാഴേക്കും ആലങ്കാരിക പദവിമാത്രമായി മാറിയ പ്രധാനമന്ത്രിപദത്തില്‍ ചന്ദ്രിക കുമാരതുംഗെ തന്റെ അമ്മയെ അവരോധിച്ചു. അങ്ങനെ മൂന്നാംതവണയും സിരിമാവോ ഭണ്ഡാരനായകെ പ്രധാനമന്ത്രിപദത്തില്‍ എത്തിച്ചേര്‍ന്നു.
മൂത്തമകള്‍ സുനേത്രയോടൊപ്പം റോസ്‌മെഡ് പാലസിലാണ് സരിമാവോ അവസാന കാലത്ത് ജീവിച്ചിരുന്നത്. 2000 ഒക്ടോബര്‍ 10-ന് നടന്ന പൊതു തിരഞ്ഞെടുപ്പില്‍ സമ്മതിദാനം രേഖപ്പെടുത്തി തിരിച്ചുവരുന്നവഴിയാണ് സിരിമാവോ ബണ്ഡാരനായകെ എന്ന ചരിത്രവനിതയുടെ ജീവിതം അവസാനിക്കുന്നത്. തന്റെ അവസാന ദിനവും രാഷ്ട്രം ഓര്‍ത്തുവെക്കുന്ന വിധത്തില്‍... ചരിത്രത്തിലേക്കുള്ള യാത്ര...

No comments:

Post a Comment