Tuesday 19 June 2018

കുഞ്ഞാലിമാരുടെ ചരിത്രം കുഞ്ഞാലി ഒന്നാമൻ - കുട്ടി ആലി




കുഞ്ഞാലിമാരുടെ ചരിത്രം
കുഞ്ഞാലി ഒന്നാമൻ - കുട്ടി ആലി
കുഞ്ഞാലിമരക്കാരുടെ ഉത്ഭവത്തെകുറിച്ചു
വ്യക്തമായ അറിവൊന്നുമില്ല . അവർ കൊച്ചിയിലെ കടൽ കച്ചവടക്കാർ ആയിരുന്നുവെന്നും പോർട്ടുഗീസുകാർ കൊച്ചിയിൽ വരുകയും കൊച്ചിരാജാവിന്റെ ആനുകൂല്യം തേടുകയും ചെയ്തപ്പോൾ അവർ കൊച്ചിവിട്ടു സാമൂതിരിയുടെ നാട്ടിലെ പൊന്നാനിയിലേക്ക് പോയെന്നുമാണ് ഐതിഹ്യം. സാമൂതിരി അവരുടെ സേവനം പ്രയോജനപ്പെടുത്തുകയും അവർ ക്രമേണ അദ്ദേഹത്തിന്റെ നാവികപ്പടയുടെ നായാകന്മാരായിത്തീരുകയും ചെയ്തു.ഏറ്റവും മികച്ചവരെ മാത്രമേ കുഞ്ഞാലിമാർ നാവികസേനയിൽ ചേർത്തിരുന്നുള്ളൂ. അങ്ങനെ തെരഞ്ഞെടുക്കപ്പെട്ടവരിൽ ഏറ്റവും ധീരനായിരുന്നു. കുട്ടി ആലി.
1524-ൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കോഴിക്കോട്ടു നാവികസൈന്യം പോർട്ടുഗീസുകാർക്കു ഭീമമായ നഷ്ടമുണ്ടാക്കി. മിന്നിപ്പായുന്ന ഭാരം കുറഞ്ഞ സായുധ നൗകകളാണ് ഭാരമേറിയ പോർട്ടുഗീസ് കപ്പലുകളെ ആക്രമിക്കാൻ അദ്ദേഹം ഉപയോഗിച്ചത്.
കടലിൽ ഒളിപ്പോർ നടത്താനുള്ള സ്വന്തം തന്ത്ര ശൈലികളും അദ്ദേഹത്തിനുണ്ടായിരുന്നു. 'അടിച്ചിട്ട് കടന്നുകളയുക' എന്ന അദ്ദേഹത്തിന്റെ സമരതന്ത്രം പോർച്ചുഗീസുകാരുടെ കപ്പലുകൾക്കും വാണിജ്യത്തിനും സംഭ്രാന്തി ജനിപ്പിച്ചു. ഹെൻട്രിക് ഡി മെനെനസ്സ് കുട്ടി ആലി ക്കെതിരായി സുശക്തമായ ഒരാക്രമണം സംഘടിപ്പിക്കുകയും പൊന്നാനി തുറമുഖത്തു വച്ച് അദ്ദേഹത്തിൻറെ ഒട്ടേറെ കപ്പലുകൾ നശിപ്പിക്കുകയും ചെയ്തു. മെനെനസ്സ് 1525-ൽ കുഞ്ഞാലിമാരുടെ താവളമായിരുന്ന പന്തലായനി കൊല്ലം ആക്രമിച്ചു . പോർച്ചുഗീസുകാരുടെ ബന്ധുവായി ആ ആക്രമണത്തിൽ പങ്കെടുത്ത പുറക്കാട്ട് അരയനെ അവിശ്വാസനെന്നു സംശയിച്ച് പോർച്ചുഗീസ് ഭരണാധികാരി വെടിവെച്ചു മുറിവേൽപ്പിച്ചു. അതിനെത്തുടർന്ന് പുറക്കാട്ടു രാജാവ് പോർച്ചുഗീസുകാർക്ക് എതിരാവുകയും അവരുടെ ശത്രുക്കളെ ഭാവി യുദ്ധങ്ങളിൽ പല വഴിക്ക് സഹായിക്കുകയും ചെയ്തു.
ഇതിനിടയിൽ കരയ്ക്കു വച്ചു സാമൂതിരിയുടെ സൈന്യത്തിന്റെ കനത്ത പ്രഹരം ഏൽക്കേണ്ടിവന്ന പോർച്ചുഗീസുകാർ അവരുടെ കോഴിക്കോട്ടു കോട്ട പൊളിച്ചിട്ട് അവിടെനിന്നു പോയി. കുട്ടി ആലിയുടെ നാവിക സൈന്യം അവരെ പിന്തുടർന്ന് ആക്രമിച്ചു. മെനസസ്സിനു ശേഷം ഗവർണറായ ലോപ്പോ വാസ് ഡി സമ്പായോ(1526-1529) കുട്ടി ആലിയുടെ ശല്യം ഇല്ലാതാക്കാൻ ശക്തമായ നടപടികൾ കൈക്കൊണ്ടു.
1528- ൽ പോർച്ചുഗീസ് നാവികപ്പട വീണ്ടുമൊരു യുദ്ധത്തിൽ ഏർപ്പെടുകയും ബാർകൂറിനടുത്തു വച്ച് കുട്ടി ആലിയെ തടവിലാക്കുകയും ചെയ്തു. സാമൂതിരി കുട്ടി ആലിയുടെ ബന്ധുവായ പച്ചാച്ചി മരയ്ക്കാരുടെയും കയ്‌റോവിലെ ഒരു വ്യാപാരിയായ ആലി അബ്രഹാമിന്റെയും കുട്ടി ആലിയുടെ മകനായ കുഞ്ഞാലി രണ്ടാമന്റെയും നേതൃത്വത്തിൽ നാവികസൈന്യത്തെ പുനഃസംഘടിപ്പിച്ചു. കുഞ്ഞാലിമാർ ശ്രീലങ്കയുടെ കിഴക്കേതീരത്തുള്ള പോർച്ചുഗീസ് പ്രദേശങ്ങൾ ആക്രമിക്കുക എന്ന ധീരമായ പരിപാടി സ്വീകരിച്ചു. മരയ്ക്കാർമാരുടെ പ്രവർത്തനങ്ങളുടെ ഫലമായി ഇന്ത്യൻ സമുദ്രത്തിലെ പോർച്ചുഗീസ് വാണിജ്യം മിക്കവാറും നിശ്ചലമായി തീർന്നു. അതോടെ ഗവർണർ സമ്പയോവിനെ പോർച്ചുഗീസ് ഗവൺമെൻറ് തിരിച്ചുവിളിക്കുകയും പകരം1529 ഒക്ടോബറിൽ നൂനോ ഡാ കുൻഹയെ നിയമിക്കുകയും ചെയ്തു. പുതിയ ഭരണാധികാരി ചാലിയത്ത് ഒരു കോട്ട കെട്ടി അവിടെ പോർച്ചുഗീസ് സൈന്യങ്ങളെ പാർപ്പിച്ച്, ഇന്ത്യൻ സമുദ്രത്തിലെ പോർച്ചുഗീസ് ആധിപത്യം പുനസ്ഥാപിച്ചു. ചാലിയം വെട്ടത്ത് (താനൂർ) രാജാവിന്റെ ദേശത്ത് ആയതുകൊണ്ടു അദ്ദേഹത്തിന്റെ അനുവാദത്തോടു കൂടിയാണ് പോർച്ചുഗീസുകാർ 1531-ൽ അവിടെ പുതിയ കോട്ട നിർമിച്ചത്. ചാലിയം കൈവശം ആയതുകൊണ്ട് പോർച്ചുഗീസുകാർക്ക് എപ്പോൾ വേണമെങ്കിലും സാമൂതിരിയുടെ കടൽപ്പടയെ ആക്രമിക്കാമായിരുന്നു. സാമൂതിരിയുമായി യുദ്ധം ഉണ്ടാകുമ്പോൾ അദ്ദേഹത്തിൻറെ രാജ്യത്തിന്റെ ഹൃദയഭാഗത്ത് കടന്നുചെല്ലാനുള്ള ഒരു ചവിട്ടുപടിയായിരുന്നു ചാലിയം. സാമൂതിരിയുടെ 'കണ്ഠത്തിലേക്ക് നീട്ടിയ പീരങ്കി' പോലെയായിരുന്നു ചാലിയം കോട്ട. പോർച്ചുഗീസുകാർ ചാലിയത്ത് അടിസ്ഥാനം ഉറപ്പിച്ചത് കുഞ്ഞാലിമാരെ ഭയപ്പെടുത്തിയില്ല എന്നാൽ സാമൂതിരിയുടെ നാവിക സൈന്യത്തിന്റെ പ്രമുഖനായ കുട്ടിയലി മരക്കാരെ ചതിയിൽപ്പെടുത്തി പിടിക്കുകയും1531-ൽ വധിക്കുകയും ചെയ്തു.
അനുബന്ധം
1.കുഞ്ഞാലിമരക്കാരെ കുറിച്ച് ആദ്യമായി വെള്ളിത്തിരയിൽ അവതരിപ്പിച്ചത് 1967-ൽ ചന്ദ്രതാരാ പ്രൊഡക്ഷൻസിന്റെ ബാനറിൽ എസ്സ്.എസ്സ് .രാജനാണ്‌ .അതിൽ കുഞ്ഞാലി മരക്കാരായി അഭിനയിച്ചത് കൊട്ടാരക്കര ശ്രീധരൻ പിള്ളയാണ്.
2.കുഞ്ഞാലിമരയ്ക്കാർ നാലാമനെ കുറിച്ച് മോഹൻലാലും മമ്മൂട്ടിയും നായകരായി രണ്ടു ചിത്രങ്ങളുടെ അണിയറ പ്രവർത്തനങ്ങൾ
നടന്നുവരുന്നു.
3. കുഞ്ഞാലി മരക്കാരോടുള്ള സ്മരണാർത്ഥം
കേന്ദ്രസർക്കാർ 2000-ൽ ഡിസംബർ 17ആം പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറക്കി.
കടപ്പാട് : കേരളചരിത്രം
ചിത്രങ്ങൾക്ക് കടപ്പാട് : ഗൂഗിൾ

കൂടുതൽ പ്രതികരണങ്ങൾ കാണിക്കുക

No comments:

Post a Comment